Site iconSite icon Janayugom Online

മനുഷ്യൻ, വസ്ത്രം, മതം…

മനുഷ്യൻ എന്നു മുതലാണ് വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് നരവംശ ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ കൃത്യമായ ഉത്തരമില്ല. ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറാൻ ആരംഭിച്ചത് ഒരു ലക്ഷത്തി എഴുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് എന്നും അത് പ്രാണികളുടെ പരിണാമത്തിന്റെ പശ്ചാത്തലത്തിലാണ് എന്നും ഫ്ലോറിഡാ യൂണിവേഴ്സിറ്റിയിലെ പണ്ഡിതന്മാർ പറയുന്നു. എന്നാൽ മറ്റു ചിലരുടെ അഭിപ്രായം ഇതിന് വളരെക്കാലത്തിന് ശേഷമാണ് എന്നും, എഴുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് അത് സംഭവിച്ചത് എന്നുമാണ്. മനുഷ്യൻ തണുപ്പേറിയ നാടുകളിലേക്ക് കുടിയേറിയതാണ് അതിന് കാരണം എന്ന് അവർ നിർദ്ദേശിക്കുന്നു. മറ്റൊരു നിർദ്ദേശം മനുഷ്യന്റെ ശരീര രോമം നഷ്ടപ്പെടാൻ തുടങ്ങിയതോടെ ഒരു സംരക്ഷണവലയം ആവശ്യമായി വന്നതാണ് വസ്ത്രത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത് എന്ന് വാദിക്കുന്നവരുണ്ട്. ഐസ് ഏജിലേക്ക് പ്രവേശിച്ചതാണ് ഈ സാഹചര്യം സൃഷ്ടിക്കപ്പെടാൻ ഇടയായത് എന്നാണ് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പഠനം. അതാകട്ടെ ഒരു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾക്ക് മുൻപായിരുന്നിരിക്കണം എന്നും അവർ കണ്ടെത്തിയിരിക്കുന്നു.

ഈ ചർച്ചയുടെ ഗതി മനസിലാക്കുമ്പോൾ ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം എന്നാരംഭിച്ചു എന്നതിനെക്കാൾ എന്തിനാരംഭിച്ചു എന്നതായി തീരുന്നു. മനുഷ്യൻ തന്റെ ശരീരത്തെ ബാഹ്യമായ പ്രതികൂലാവസ്ഥയിൽ നിന്നും സംരക്ഷിക്കാൻ വസ്ത്രധാരണം ആരംഭിച്ചു എന്നതാണ് ഉത്തരം. ഇത് വളരെ ലളിതവും എന്നാൽ നിർണായകമായ കാര്യവുമാണ്. പ്രാരംഭത്തിൽ ഏറ്റവും ലളിതമായ ശൈലിയിൽ ആയിരിക്കണം തന്റെ ശരീരത്തെ സംരക്ഷിക്കാനുള്ള വസ്ത്രം ഉണ്ടാക്കിയത്. ബൈബിളിൽ മനുഷ്യൻ ആദ്യം ഇലകൾ കൊണ്ടാണ് വസ്ത്രമുണ്ടാക്കിയത് എന്നും പിന്നീട് ദൈവീക ഇടപെടൽകൊണ്ട് തുകൽ വസ്ത്രം ഉപയോഗിച്ചു എന്നുമാണ് വിശദീകരണം. രണ്ടായാലും നാണം മറയ്ക്കാൻ എന്നാണ് അവിടെ നൽകുന്ന വിശദീകരണം. ഈ രേഖയുടെ പശ്ചാത്തലത്തിൽ നാണം എന്നത് ബന്ധവിശ്ചേദനം എന്നാണ് വിവക്ഷിക്കുന്നത്. സ്വന്തം അവകാശമുള്ള വൃക്ഷത്തിനെതിരെയുള്ള അതിക്രമം മനുഷ്യനെ പ്രകൃതിയിൽ നിന്നും അതുമൂലം ഈശ്വരനിൽ നിന്നും അകറ്റി എന്നും അത് സംരക്ഷണമില്ലായ്മയെ സൃഷ്ടിച്ചു എന്നുമാണ് ആധുനിക ബൈബിള്‍ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം. ഇക്കാര്യത്തിലും ശരീരത്തിന്റെ അഥവാ തന്റെ സംരക്ഷണമാണ് ലക്ഷ്യം. ഇപ്പറഞ്ഞതുപോലെ ഇലകൾ, തുകൽ എന്നിവയോടൊപ്പം, നാരുകൾ ഇഴചേർത്തും രോമം ഉപയോഗിച്ചും ആദിമ മനുഷ്യൻ വസ്ത്രം നിർമ്മിച്ചിരിക്കണം.


ഇതുകൂടി വായിക്കു; സംഘ്പരിവാറിന് വേണ്ടി വാദിക്കുന്ന ഇന്ദു മല്‍ഹോത്ര


വ്യവസായ വിപ്ലവം വസ്ത്ര നിർമ്മാണത്തിൽ വിപ്ലവകരമായ പരിവർത്തനമാണ് വരുത്തിയത്. അതുവരെ ഏറെ ശ്രമകരമായിരുന്ന നാരുകളുടെയും രോമത്തിന്റെയും ഇഴചേർക്കൽ വ്യവസായ വിപ്ലവത്തിന്റെ സൃഷ്ടിയായ യന്ത്രങ്ങൾ കൊണ്ട് അയത്നലളിതമാക്കി. രോമത്തോടൊപ്പം പരുത്തിയും ഇലകളിൽ നിന്നും മരവുരിയിൽ നിന്നും ലഭിക്കുന്ന നാര് നൂലുകളാക്കാനും അവ നെയ്ത് വസ്ത്രരൂപത്തിലാക്കാനും യന്ത്രം സഹായിച്ചു. അതുവരെ ശരീരത്തിൽ ചുറ്റിയോ ലളിതമായി കൈകൊണ്ട് തുന്നിച്ചേർത്ത് രൂപ പരിണാമം വരുത്തിയോ മാത്രമേ വസ്ത്രം നിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ. ശരീരത്തിനിണങ്ങുന്ന വിധത്തിലും കാലാവസ്ഥയെ പരിഗണിച്ചും ആയിരുന്നിരിക്കണം ആദ്യകാല വസ്ത്ര നിർമ്മാണം. അതായത് അത് ജീവിക്കുന്ന സാഹചര്യത്തെ ഗൗരവമായി പരിഗണിച്ചുകൊണ്ടായിരുന്നു എന്ന് കരുതണം. ഇവിടെയൊന്നും മനുഷ്യനും മനുഷ്യന്റെ ചുറ്റുപാടുമല്ലാതെ മതം ഒരു പരിഗണനാ വിഷയമായിത്തീർന്നതിന് തെളിവില്ല. തീർച്ചയായും മത നേതാക്കളും ആചാര്യന്മാരും ചില പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം മതം ഇക്കാര്യത്തിൽ ഒരു നിർണായക വിഷയമായിരുന്നില്ല. ഒരു പക്ഷെ കാലഗതിയിൽ വസ്ത്രധാരണത്തിൽ സ്ത്രീയും പുരുഷനും വെവ്വേറെ ശൈലികളിലുള്ള വസ്ത്രവും ധരിച്ചിരിക്കാം. എന്നാൽ ആദ്യഘട്ടത്തിൽ അതും ഉണ്ടായിരുന്നിരിക്കാനിടയില്ല.


ഇതുകൂടി വായിക്കു; മനുഷ്യവിരുദ്ധരുടെ ‘സത്യാനന്തര കാലം’


 

കാലം മുന്നേറിയപ്പോൾ വസ്ത്രധാരണത്തിൽ പുതിയ പ്രവണതകൾ കടന്നുവന്നതായി കാണാം. ഫാഷൻ ഡിസൈനിങ് എന്ന മേഖല ഇന്ന് വലിയ വ്യവസായമാവുകയും അത് വസ്ത്രത്തിന്റെ രൂപഭാവങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു ശ്രദ്ധേയമായ വ്യതിയാനം ജീൻസും ഷർട്ടും ബനിയനും ലിംഗ വ്യത്യാസം കൂടാതെ ഉപയോഗിക്കാൻ ആരംഭിച്ചു എന്നതാണ്. തീർച്ചയായും ലിംഗവ്യത്യാസം പരിഗണിച്ചുതന്നെ ധാരാളം വസ്ത്രരൂപങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ലിംഗ വ്യത്യാസം പരിഗണിക്കാതെ ഒരേശൈലിയിലുള്ള വസ്ത്രം ധരിക്കുന്ന രീതിയും ഉരുത്തിരിഞ്ഞിട്ടുണ്ട്. ചില തൊഴിലിടങ്ങളിൽ തീർച്ചയായും ഈ വ്യത്യാസം വസ്ത്രധാരണത്തിൽ പരിഗണിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ മിക്കയിടത്തും മതമോ, മതാനുബന്ധ രാഷ്ടീയമോ ഇക്കാര്യത്തിൽ ഒരു നിർണായക സ്വാധീനമായിട്ടില്ല. മതപരമായി സ്ത്രീകളെ പരിഗണിക്കുന്ന മധ്യേഷ്യൻ രാജ്യങ്ങളിൽ ചിലതിൽ പോലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വസ്ത്രധാരണം ഉണ്ട്. തീർച്ചയായും നമ്മുടെ നാട്ടിൽ ചില മതവിഭാഗങ്ങൾ തങ്ങളുടെ വിശ്വാസികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ അതേ മതവിഭാഗങ്ങൾ തന്നെ മറ്റ് രാജ്യങ്ങളിൽ അത്തരം നിർബന്ധങ്ങളൊന്നും അടിച്ചേല്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മനുഷ്യൻ കെട്ടുപാടുകളിൽ നിന്നും അതിർ വരമ്പുകളിൽ നിന്നും മുക്തമായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ വസ്ത്രധാരണത്തിൽ മതപരമായി നിയമങ്ങൾക്ക് എത്രത്തോളം പ്രസക്തി ഉണ്ട് എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഓരോവ്യക്തിക്കും ലിംഗവ്യത്യാസം കൂടാതെ തന്റെ സാഹചര്യവും അഭിരുചിയും അനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നതിനും പൊതു ഇടങ്ങളിൽ പെരുമാറാനും സാധിക്കേണ്ടതാണ്. അങ്ങനെ ഉള്ളപ്പോഴാണ് സാമാന്യം ആധുനിക വിദ്യാഭ്യാസം ലഭിക്കുകയും പൊതു ഇടങ്ങളിൽ അതനുസരിച്ചുള്ള ഇടപെടലുകൾ സാധിക്കുന്നതുമായ ഒരു വ്യക്തി മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് തികച്ചും പ്രതിലോമപരമായ ചില പരാമർശങ്ങൾ വസ്ത്രധാരണ വിഷയത്തിൽ പുറപ്പെടുവിച്ചതായി കാണുന്നത്. സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനുള്ള സാധ്യത ഉണ്ട് എന്ന സ്ഥിരീകരിക്കാത്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഒന്നാമത് അത് പൊതുവെ ഔദ്യോഗികമായി തീരുമാനിക്കപ്പെട്ട വിഷയമല്ല. രണ്ടാമത് അങ്ങനെ പ്രാദേശികമായി നടപ്പാക്കിയ ഇടത്തെ പെൺകുട്ടികളുടെ സന്തോഷ പ്രകടനം മാധ്യമങ്ങളിലൂടെ ഏവരും കണ്ടതുമാണ്. ആൺകുട്ടികളും പെൺകുട്ടികളും പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ വരുന്നു എന്നതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുത എന്ന് മനസിലാക്കാൻ പ്രയാസമാണ്. ഏത് വിധത്തിലുള്ളതായാലും വേർപിരിവുകളും വിഭജനങ്ങളും മനുഷ്യനിൽ നിന്നും ദൂരീകരിക്കാൻ ചുമതലപ്പെട്ട രാഷ്ട്രീയ നേതാക്കൾ, അതും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയവർ, പക്ഷേ ഏറ്റവും പിന്തിരിപ്പൻ ശൈലി അവലംബിക്കുന്നത്, അതും അത്ര നല്ലതല്ലാത്ത ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ, സമൂഹത്തിന്റെ ഭാവിയെ ഏറെ അപകടത്തിലാക്കും എന്നതിന് സംശയമില്ല. വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ശരീരത്തെ മറയ്ക്കുക എന്നതാണെന്നും അത് ഏറ്റവും അയത്നതയോടെ ഉള്ളതായിരിക്കുന്നതാണ് സൗകര്യപ്രദം എന്നുമുള്ളപ്പോൾ മുൻപറഞ്ഞ പെൺകുട്ടികൾ പ്രകടിപ്പിച്ച ആശ്വാസവും സന്തോഷവും തല്ലിക്കെടുത്തി അവരെ ബുദ്ധിമുട്ടിക്കണം എന്നാർക്കാണ് നിർബന്ധം? മത നേതൃത്വത്തെ പിന്തുണച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യമേ അതിൽ കാണാൻ കഴിയൂ. അതാകട്ടെ ഉന്നതവിദ്യഭ്യാസം നേടിയ ഒരാളിൽനിന്നും തീരെ പ്രതീക്ഷിക്കാത്തതുമാണ്. സമൂഹം മുന്നോട്ടാണ്, വിമോചനത്തിലേക്കാണ് സഞ്ചരിക്കേണ്ടത്, തടവറകളിലേക്കല്ല. വസ്ത്രം ഉണ്ടായ ലക്ഷ്യത്തിൽ ലിംഗ വ്യത്യാസവുമില്ല, മതവുമില്ല. പിന്നെന്തിന് വസ്ത്രത്തെ അവയുടെ തടവിൽ തളക്കുന്നു?

Exit mobile version