ഇന്ത്യയുടെ വൈവിധ്യങ്ങളിലെ ഏകത്വത്തില്‍ എന്നുമെന്നും അഭിമാനിച്ചിരുന്ന മഹാനുഭാവനായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. ‘ആര്യന്‍’ എന്ന പദത്തിന് അര്‍ത്ഥം മാന്യന്‍ (ശ്രേഷ്ഠന്‍) എന്നാകുന്നു. അവര്‍ വലിയ സ്വാതന്ത്ര്യപ്രിയന്മാരായിരുന്നു. ധൈര്യശൂന്യന്മാരും തങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള സ്വാതന്ത്ര്യ നാശത്തെപ്പറ്റി ബോധമില്ലാത്തവരുമായി ഇന്ത്യയില്‍ ഇന്നുള്ള അവരുടെ സന്തതികളെപ്പോലെയല്ലായിരുന്നു ഈ ആര്യന്മാര്‍. പഴയകാലത്തെ ആര്യന്മാര്‍ക്ക് മാനഹാനിയും ദാസ്യവും അനുഭവിക്കുന്നതിനെക്കാള്‍ മരണമായിരുന്നു സ്വീകാര്യം. ആര്യന്മാര്‍ക്ക് തങ്ങളെക്കുറിച്ച് വളരെ അഭിമാനമുണ്ടായിരുന്നു. മറ്റ് ജനങ്ങളുമായി കൂടിക്കലരുന്നതിനെ അവര്‍ ഭയന്നു. അതുകൊണ്ട് അവര്‍ വര്‍ണ സങ്കരമുണ്ടാകാതിരിക്കാനായി നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കി. തല്‍ഫലമായി ആര്യന്മാര്‍ക്ക് മറ്റ് വര്‍ഗക്കാരുമായി വിവാഹബന്ധം പാടില്ലെന്ന് വച്ചു. പിന്നീട് ഈ ഏര്‍പ്പാട് നാം ഇന്ന് കാണുന്ന ജാതിവ്യവസ്ഥയായി പരിണമിച്ചു. ഇപ്പോള്‍ അത് തികച്ചും പരിഹാസ്യയോഗ്യമായി തീര്‍ന്നിട്ടുണ്ട്. ചിലര്‍ മറ്റുള്ളവരെ തൊടുന്നതിനും അവരൊരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും ഭയപ്പെടുന്നു. സാമൂഹ്യ അസമത്വത്തെയും ഉച്ചനീചത്വ വെറികളെയും കുറിച്ച് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളില്‍’ നെഹ്രു തന്റെ പുത്രിയായ ഇന്ദിരയ്ക്ക് എഴുതിയിട്ടുണ്ട്.
1889 നവംബര്‍ 14ന് സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ നെഹ്രുവിന്റെയും സ്വരുപ്റാണിയുടെയും പുത്രനായി ജനിച്ച ജവഹര്‍ലാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഭൂമിയിലെ വീരയോദ്ധാവായി. 1964 മേയ് 27ന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുന്നതിന് മുമ്പ് സ്വാതന്ത്ര്യസമര പോരാളി, അതുല്യ ഭരണാധികാരി, മികച്ച പ്രഭാഷകന്‍, ചരിത്രാന്വേഷകനായ എഴുത്തുകാരന്‍ എന്ന നിലകളിലെല്ലാം പോകാത്ത ഉജ്ജ്വല അധ്യായങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാംസ്കാരിക ചരിത്രത്തിലും നെഹ്രു എഴുതിച്ചേര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി നെഹ്രു ഇന്നും ശോഭ പുലര്‍ത്തി ശിരസുയര്‍ത്തി നില്ക്കുന്നു. അലഹബാദിലെ സമ്പന്ന കുടുംബത്തില്‍ പിറന്ന നെഹ്രു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം പറന്നിറങ്ങിയത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര ഭൂമിയിലേക്കാണ്. ബ്രിട്ടീഷ് മേധാവിത്വത്തെ ആട്ടിപ്പായിക്കുവാന്‍ ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഒപ്പം ജവഹര്‍ലാല്‍ നെഹ്രുവുമുണ്ടായിരുന്നു. ഭഗത്‌സിങ്ങിന്റെയും സുഖ്ദേവിന്റെയും രാജ്ഗുരുവിന്റെയും തൂക്കിലേറ്റലിനെതിരെയും ചന്ദ്രശേഖര്‍ ആസാദിന്റെ കൊലയ്ക്കെതിരെയും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെയും കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയഗതിക്കാരുടെ ഒപ്പമുണ്ടായിരുന്ന പുരോഗമനവാദിയായ കോണ്‍ഗ്രസ് നേതാവാണ് ജവഹര്‍ലാല്‍ നെഹ്രു.
ഇതുകൂടി വായിക്കൂ:ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതര വിദേശ വിനിമയ പ്രതിസന്ധിയിലേക്ക്
ഇന്ത്യ സമത്വത്തിന്റെയും സമഭാവനയുടെയും രാഷ്ട്രമാകണമെന്ന് തന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം സമര്‍ത്ഥിച്ചു. കോണ്‍ഗ്രസിലെ പിന്തിരിപ്പന്‍ ആശയഗതിക്കാരെയും ജാതി മത ചിന്താഗതിക്കാരെയും തുറന്നെതിര്‍ക്കുവാന്‍ നെഹ്രുവിന് തെല്ലും മടിയുണ്ടായിരുന്നില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലും പുരുഷോത്തം ഠണ്ഡനും രാജേന്ദ്രപ്രസാദുമുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുവാനുള്ള കരുത്തും ദീര്‍ഘവീക്ഷണവുമുണ്ടായിരുന്ന ദാര്‍ശനിക പ്രതിഭയായിരുന്നു നെഹ്രു. മതനിരപേക്ഷതയുടെ പതാക ഇന്ത്യന്‍ സാംസ്കാരിക പെെതൃകത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അയോധ്യ രാമജന്മഭൂമി തര്‍ക്കവിഷയമായപ്പോള്‍ അത് താഴിട്ടു ബന്ധിച്ച് അതിന്റെ താക്കോല്‍ രാമന്‍ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയൂ എന്നു പറയാന്‍ ആര്‍ജ്ജവമുണ്ടായിരുന്ന മതനിരപേക്ഷ ഭരണാധികാരിയായിരുന്നു നെഹ്രു. ഗോള്‍വാള്‍ക്കര്‍ നയിച്ച സംഘ്പരിവാര ഭൂരിപക്ഷ വര്‍ഗീയതയെയും മറ്റു ന്യൂനപക്ഷ വര്‍ഗീയതയെയും നെഹ്രു ഒന്നുപോലെ എതിര്‍ത്തു. ആത്മകഥയായ ‘ടു വേള്‍ഡ് ഫ്രീഡം’ എന്നതില്‍ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുകള്‍ വായിച്ചറിയാം.
‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ഗ്രന്ഥം ഇന്ത്യയുടെ സാംസ്കാരിക പെെതൃകവും ചരിത്ര മഹിമയും വിളിച്ചോതുന്നു. ആദിമനുഷ്യന്‍ മുതല്‍ മനുഷ്യന്റെ ആവിര്‍ഭാവം, മൃഗങ്ങളുടെ ആവിര്‍ഭാവം, വിവിധ വര്‍ഗങ്ങള്‍ എങ്ങനെ ജനിച്ചു, പ്രാചീനകാലവും സവിശേഷതകളും ആര്യന്മാര്‍ ഇന്ത്യയിലേക്ക് വരുന്നത് എല്ലാം അദ്ദേഹത്തിന്റെ പഠനവിഷയങ്ങളായിരുന്നു. അവയെ എല്ലാം കുറിച്ച് അദ്ദേഹം പഠനാര്‍ഹമായ കുറിപ്പുകളെഴുതി. സ്വാതന്ത്ര്യസമരഭൂമിയില്‍ ഗാന്ധിജിയുടെ ഉറ്റ അനുയായിയായിരുന്ന നെഹ്രു ആത്മത്യാഗം ചെയ്ത ദേശാഭിമാനിയായിരുന്നു. ആത്മകഥയില്‍ നെഹ്രു ബ്രിട്ടീഷ് കല്പന പ്രകാരം ഇന്ത്യന്‍ പതാക താഴ്ത്തിക്കെട്ടിയവരെക്കുറിച്ച് ഹൃദയവേദനയോടെ ഇങ്ങനെ കുറിക്കുന്നു.
‘ഈ ആദ്യ മാസങ്ങളുടെ ഒരു സവിശേഷ സ്വഭാവം എന്നെ വല്ലാതെ വേദനിപ്പിച്ചു. പല മുനിസിപ്പാലിറ്റികളും പൊതുസ്ഥാപനങ്ങളും വിശേഷിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഭൂരിപക്ഷമുള്ളതെന്നു പറയപ്പെടുന്ന കല്‍ക്കട്ടാ കോര്‍പറേഷനും നമ്മുടെ ദേശീയ കൊടി പിടിച്ചുതാഴ്ത്തിയതാണ് ആ സവിശേഷ സ്വഭാവം. അങ്ങനെ ചെയ്തില്ലെങ്കില്‍ കഠിന നടപടികളെടുക്കുമെന്ന് പേടിപ്പെടുത്തിയ പൊലീസിന്റെയും ഗവണ്‍മെന്റിന്റെയും നിര്‍ബന്ധം നിമിത്തമാണ് കൊടി താഴ്ത്തിയത്. ഒരുപക്ഷെ അവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കുക അനിവാര്യമായിരിക്കാം. എങ്കിലും അത് വേദനിപ്പിച്ചു. നമുക്ക് പ്രിയപ്പെട്ട പലതിന്റെയും പ്രതിബിംബമായിരിക്കുകയാണ് ആ കൊടി. അതിന്റെ നിഴലില്‍ നിന്നുകൊണ്ട് അതിന്റെ അഭിമാനം പാലിക്കുവാന്‍ നാം പലവുരു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നമ്മുടെ സ്വന്തം കെെകള്‍കൊണ്ട് അത് പിടിച്ചുതാഴ്ത്തുക, അഥവാ നമ്മുടെ ആജ്ഞാനുസരണം താഴ്ത്തിക്കുക എന്നത് ആ പ്രതിജ്ഞയുടെ ലംഘനം മാത്രമല്ല, പാവനമായ ഒന്നിനെ ഏതാണ്ട് അശുദ്ധിപ്പെടുത്തുകയാണെന്നു കൂടി തോന്നി. അത് ആത്മചെെതന്യത്തിന്റെ പരാജയസമ്മതവും അവനവനിലുള്ള സത്യത്തിന്റെ നിഷേധവുമാണ്’ ഈ വരികളില്‍ നെഹ്രുവിന്റെ ദേശാഭിമാനബോധവും വ്യക്തിത്വവും വായിച്ചെടുക്കാം.
ഇതുകൂടി വായിക്കൂ: വെറുമൊരു പേരല്ല പേരറിവാളന്‍
സ്വതന്ത്ര ഇന്ത്യയില്‍ 17 വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയായി ജനപിന്തുണയോടെ തുടര്‍ന്ന നെഹ്രു നവീന ഇന്ത്യയെ കെട്ടിപ്പടുക്കുവാന്‍ ഭാവനാസമ്പന്നമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. അഖണ്ഡഭാരതം കെട്ടിപ്പടുക്കുവാന്‍ സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ രൂപീകരിക്കുന്നതിനും മുന്‍കയ്യെടുത്തതും നെഹ്‌റുതന്നെ. സര്‍ദാര്‍ വല്ലഭായ് പട്ടേലും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. നിയമജ്ഞനായ ഫസ്‌ല്‍ അലി, ചരിത്രകാരനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ കെ എം പണിക്കര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് എന്‍ കുന്‍സ്രു എന്നിവരടങ്ങിയ സമിതിയുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുവാന്‍ നെഹ്രുവിന്റെ ഭരണ നേതൃത്വ മികവിനായി ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുവാന്‍ കശ്മീര്‍ രാജാവിനെ അനുനയിപ്പിക്കുവാന്‍ നെഹ്രു വി പി നായരെ നിയോഗിച്ചുകൊണ്ട് നടത്തിയ കഠിനപ്രയത്നവും അവിസ്മരണീയമാണ്.
പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കിയും അണക്കെട്ടുകള്‍ നിര്‍മ്മിച്ചും കാര്‍ഷിക ജലസേചന പദ്ധതികള്‍ വിഭാവനം ചെയ്തും ഉരുക്ക് വ്യവസായശൃംഖല ആരംഭിച്ചും നെഹ്രു നവീന ഇന്ത്യയെ ലക്ഷ്യമിട്ടു. നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ബി ആര്‍ അംബേദ്കറെ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ച് സ്വതന്ത്ര ഭാരത റിപ്പബ്ലിക്കിന്റെ ശില്പിയാകുവാനും നെഹ്രുവിന് കഴിഞ്ഞു. ശീതയുദ്ധത്തിന്റെ കാലത്ത് ചേരിചേരാ നയത്തിലൂടെ വിദേശകാര്യ നയതന്ത്രത്തിലും നെഹ്രു പ്രാഗത്ഭ്യം തെളിയിച്ചു. ഇന്ന് നെഹ്രുവിയന്‍ ദര്‍ശനങ്ങളെ മതനിരപേക്ഷ സനാതന ചിന്തകളെ കോണ്‍ഗ്രസ് കൈവെടിഞ്ഞിരിക്കുന്നു. നെഹ്രു ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും ജനാധിപത്യ ബോധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മാനവിക ബോധമുയര്‍ത്തുന്ന പതാക കോണ്‍ഗ്രസ് നിലത്തുവച്ചുകഴിഞ്ഞു. നെഹ്രുവിനെയും അദ്ദേഹത്തിന്റെ ആദര്‍ശബോധത്തെയും ഇന്നത്തെ കോണ്‍ഗ്രസ് എന്നന്നേക്കുമായി വിസ്മരിച്ചുകഴിഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഏക മതമേധാവിത്വത്തിന്റെ മണ്ണായി ഇന്ത്യയെ മാറ്റാന്‍ പരിശ്രമിക്കുമ്പോള്‍ നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ക്കുമ്പോള്‍, ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ കുഴലൂത്തുകാരായി നെഹ്രുവിന്റെ പിന്മുറക്കാര്‍ അധഃപതിച്ചുവെന്നതാണ് വര്‍ത്തമാനകാല കോണ്‍ഗ്രസുകാര്‍ നെഹ്രുവിനോടും ‘സബ്കോ സന്‍മതി ദേ ഭഗവാന്‍’ എന്ന് പാടി നടന്ന ഗാന്ധിജിയോടും നടത്തിയ ക്രൂരത.
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളില്‍ ഇന്ദിരയ്ക്കായി നെഹ്രു ഇങ്ങനെ കുറിച്ചു; “ദേവന്മാര്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ ഉണ്ടായി. ക്ഷേത്രത്തിനകത്ത് ‘ശ്രീകോവില്‍’ അല്ലെങ്കില്‍ ‘ഗര്‍ഭഗൃഹം’ എന്ന പേരോടുകൂടിയ പ്രത്യേകം ഒരു മുറിയുണ്ടായിരുന്നു. അവിടെയാണ് അവര്‍ ആരാധിക്കുന്ന ദേവന്റെ വിഗ്രഹം വച്ചിരുന്നത്. ദൃഷ്ടിക്ക് വിഷയമല്ലാത്ത ഒരു വസ്തുവിനെ ആരാധിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ചെറിയ കുട്ടിക്ക് താന്‍ കാണുന്ന വസ്തുവിനെപ്പറ്റി മാത്രമെ സാധാരണമായി വിചാരിക്കുവാന്‍ കഴിയൂവെന്ന് നിനക്കറിയാമല്ലോ. ആദിമനുഷ്യന്‍ ഏതാണ്ട് കുട്ടികളെപ്പോലെയായിരുന്നു. വിഗ്രഹങ്ങള്‍ കൂടാതെ ആരാധന നടത്തുവാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ തങ്ങളുടെ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ഈ വിഗ്രഹങ്ങള്‍ ചിലപ്പോള്‍ മൃഗരൂപത്തിലും ചിലപ്പോള്‍ മൃഗമാനുഷ രൂപത്തിലും (പകുതി മനുഷ്യനും പകുതി മൃഗവും) ഉള്ളവയും ഭയങ്കരമാംവണ്ണം വിരൂപങ്ങളായിരുന്നതും എന്തു കാരണത്താലെന്ന് ഊഹ്യമല്ല”.
ഊഹിക്കാനാവാത്ത കാരണങ്ങളാല്‍ ശേഷിയില്ലായ്മയാല്‍, ചിന്താശക്തിയില്ലാത്തതിനാല്‍ നെഹ്രുവിന്റെ പിന്മുറക്കാര്‍, നെഹ്രുവിനെ മറന്നവര്‍ മൃഗരൂപ, മൃഗമാനുഷ രൂപങ്ങളുടെ മുന്നില്‍ മുഖമടച്ചുവീഴുന്നു. ഹാ! കഷ്ടം. എന്നല്ലാതെ നെഹ്രു ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍ എന്തുപറയാന്‍?