Site iconSite icon Janayugom Online

ഉക്രെയ്നിലെ സംഭവവികാസങ്ങള്‍

ഉക്രെയ്‌നിലെ സംഭവവികാസങ്ങള്‍ ലോകത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. ലോകത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ അമേരിക്ക നേതൃത്വം നല്കുന്നു. ആഗോള ധനമൂലധനത്തിന്റെ താല്പര്യത്തിനായി നിലകൊള്ളുന്ന നാറ്റോയും നാറ്റോയുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി റഷ്യ സ്വീകരിച്ച നിലപാടുകളുമാണ് ഇന്നത്തെ യുദ്ധത്തിന്റെ കാരണമെന്ന് വ്യക്തമാണ്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍, തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് എപ്പോഴും ഉന്നയിക്കാറുള്ളത്‍. യുദ്ധത്തിലൂടെ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടാറില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തേണ്ടത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി ഉക്രേനിയന്‍ സംഭവവികാസം സംബന്ധമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞത് “ഉക്രെയ്‌നിലും പരിസരത്തുമുള്ള സൈനിക സംഘര്‍ഷങ്ങളില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ദുഃഖവും ആശങ്കയും രേഖപ്പെടുത്തുന്നു. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഭൗമ രാഷട്രീയ ഭിന്നതയ്ക്ക് യുദ്ധം പരിഹാരം അല്ല എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാര്‍ട്ടി ആവര്‍ത്തിക്കുന്നു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും അര്‍ത്ഥവത്തായ സംഭാഷണങ്ങളിലൂടെയും മാത്രമേ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളൂ.”
“ലോകത്തിന്റെ കിഴക്കന്‍ മേഖല ഉള്‍പ്പെടെ ഏത് ഭാഗത്തേക്കും നാറ്റോയെ വ്യാപിപ്പിക്കുവാനുള്ള അമേരിക്കയുടെ നീക്കം ലോക സമാധാനത്തില്‍ ഭീഷണിയാകും” എന്നായിരുന്നു പാര്‍ട്ടി നിലാട്.

ലോകത്തെ തങ്ങളുടെ കൈപ്പിടിയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് അമേരിക്കയും നാറ്റോയും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്ര പരമാധികാരമുള്ള രാജ്യങ്ങളെ പട്ടാള അട്ടിമറികളിലൂടെ മാറ്റുകയും സ്വന്തം പാവഗവണ്മെന്റുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും പതിവ് പദ്ധതി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങളെ ഭീകര രാജ്യങ്ങളായി ചിത്രീകരിച്ച് അട്ടിമറി സാധ്യമാക്കുക എന്നതാണ് അമേരിക്ക അനുവര്‍ത്തിച്ചുവരുന്ന ‘രാഷ്ട്ര തന്ത്രം’. ഇറാഖില്‍ അമേരിക്ക അധിനിവേശം നടത്തിയത് സമ്പത്ത് കൈവശപ്പെടുത്താനും അധീശത്വം സ്ഥാപിക്കാനുമായിരുന്നു. ഇറാഖി നിയമ വ്യവസ്ഥയെയും ഭരണസംവിധാനത്തെയും ഇല്ലായ്മ ചെയ്താണ് അമേരിക്ക ഇറാഖില്‍ പാവഗവണ്മെന്റിനെ പ്രതിഷ്ഠിച്ചത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം പല തലത്തില്‍ ഇപ്പോഴും നിലനില്ക്കുന്നു. ചിലിയില്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സോഷ്യലിസ്റ്റ് നേതാവ് അലന്‍ഡെയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെ അട്ടിറിച്ച് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ പിനോഷെയെ അധികാരത്തില്‍ വാഴ്ത്തിയത് അമേരിക്കന്‍-നാറ്റോ താല്പര്യത്തിനായിരുന്നു. ആയിരക്കണക്കായ കമ്മ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകാരേയും കൂട്ടത്തോടെ വധിച്ചു. അലന്‍ഡെയെയും നേതാക്കളെയും വെടിവച്ചു കൊന്നു. ചിലിയില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനുമായി നിരന്തരമായ പോരാട്ടമാണ് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ജനാധിപത്യവാദികളും തുടര്‍ന്നു നടത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ചിലിയില്‍ കമ്മ്യൂണിസ്റ്റ് — സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുടെ കൂട്ടുകക്ഷി ഗവണ്മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയുടെ ഏകാധിപത്യ നിലപാടിനെതിരായി ചിലിയന്‍ ജനത നടത്തിയ പ്രക്ഷോഭം വിജയപ്രദമാകുകയായിരുന്നു.


ഇതുകൂടി വായിക്കാം;കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും


ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അട്ടിമറിക്കുന്നതിനായി നിരന്തരമായ ശ്രമമാണ് അമേരിക്കയും സഖ്യശക്തികളും നടത്തുന്നത്. ക്യൂബ അമേരിക്കയുടെ കണ്ണിലെ കരടാണ്. ഇത് അവര്‍ക്ക് സഹിക്കുന്നില്ല. ക്യൂബണ്‍ ഗവണ്മെന്റിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും എതിരായി പണവും ആയുധവും നല്കി വിഘടനശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. സൈന്യത്തിലും ജനങ്ങളിലും ഭിന്നിപ്പുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. ക്യൂബൻ‍ ജനതയും സൈന്യവും ഒരുമിച്ച് നിന്ന് അതിനെതിരായ പോരാട്ടം തുടരുകയാണ്. ബ്രസീലില്‍ ബോള്‍സോനാരോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്മെന്റിനെ വാഴിച്ചത് അമേരിക്കയാണ്. ആ ഗവണ്മെന്റിനെതിരായി നടന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ അമേരിക്ക എല്ലാ സഹായങ്ങളും നല്കി. ജനാധിപത്യ ധാരകളെ ഉന്മൂലനം ചെയ്യാന്‍ ബോള്‍സോനാരോ ഗവണ്മെന്റിന് അമേരിക്ക എല്ലാ പിന്തുണയും നല്കുന്നു. വെനസ്വേലയെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമമാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്- ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് വെനസ്വേലയിലെ ജനങ്ങള്‍ മുന്നോട്ടുപോകുന്നത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയത്തെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ ഇസ്രയേലിനെ കൂട്ടുപിടിക്കുകയാണ് അമേരിക്കയും നാറ്റോയും ചെയ്യുന്നത്. ഇറാനെതിരായി ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമേഷ്യയില്‍ തങ്ങളുടെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നു. ചൈനയ്ക്കും ക്യൂബയ്ക്കും മറ്റ് സാമ്രാജ്യത്വവിരുദ്ധ ഗവണ്മെന്റുകള്‍ക്കും എതിരായി കടുത്ത നിലപാട് സ്വീകരിക്കുകയാണ് അമേരിക്കയും നാറ്റോ ശക്തികളും. നാറ്റോയെ കൂടാതെ പുതിയ സൈനിക‑രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിച്ച് ലോകത്തിന്റെ മുകളിലുള്ള തങ്ങളുടെ മേധാവിത്വം കൂടുതല്‍ ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ അടങ്ങിയ ക്വാഡിന്റെ രൂപീകരണവും അതിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും അമേരിക്കയുടെ മേധാവിത്വം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഇന്ത്യയും അതിന്റെ ഭാഗമായി മാറിയപ്പോള്‍ അമേരിക്കയുടെ താല്പര്യസംരക്ഷണം എളുപ്പമാകുമെന്ന് അവര്‍ കരുതുന്നുണ്ട്. ക്വാഡ് കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നതിനായി ഓസ്ട്രേലിയ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സൈനിക‑രക്ഷാ കൂട്ടുകെട്ടിനും അമേരിക്ക രൂപം നല്കുിയിട്ടുണ്ട്.

ഉക്രെയ്‌ന്‍ എന്ന രാജ്യത്തെ കേന്ദ്രമാക്കി റഷ്യയെ വളഞ്ഞുപിടിക്കുന്നതിനും ഉക്രെയ്‌നിലെ പ്രകൃതി സമ്പത്ത് കൈവശപ്പെടുത്തുന്നതിനും അമേരിക്കയും നാറ്റോയും ചേര്‍ന്ന് നടത്തിയ സൈനിക‑രാഷ്ട്രീയ നീക്കങ്ങളെ തുടര്‍ന്ന് ഉണ്ടായതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
സോവിയറ്റ് യൂണിയന്റെ ഭീഷണി തടയുന്നതിനായി 1949 ഏപ്രില്‍ നാലിനാണ് നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീനി ഓര്‍ഗനൈസേഷന്‍) രൂപീകൃതമാകുന്നത്. നാറ്റോ ഒരു സൈനിക സഖ്യമാണ്. തങ്ങളുടെ താല്പര്യത്തിന് എതിരാകുന്നവരെ സൈനികമായി ആക്രമിക്കുക, അത്തരം ഗവണ്മെന്റുകളെ അട്ടിമറിക്കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം തന്നെ. തുടക്കത്തില്‍ 12 രാജ്യങ്ങളാണ് നാറ്റോയില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. ഇപ്പോള്‍ നാറ്റോയിലെ അംഗരാജ്യങ്ങള്‍ മുപ്പത് ആണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ നാറ്റോയിലെ അംഗങ്ങളാണ്. ലോകത്തെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം. അനുസരിക്കാത്തവരെ അനുസരിപ്പിക്കാന്‍ യാതൊരു മടിയും നാറ്റോ കാട്ടാറില്ല. വാഴ്സാ സൈനിക സഖ്യവും സോവിയറ്റ് യൂണിയന്റെയും ഭീഷണി നേരിടാനാണ് രൂപീകരിച്ചത് എന്നാണ് രൂപീകരണ സമയത്ത് നാറ്റോ രാജ്യങ്ങള്‍ വിശദീകരിച്ചത്. സോവിയറ്റ് യൂണിയനും വാഴ്സാ സഖ്യവും ഇപ്പോള്‍ ഇല്ല. പിന്നെ എന്തിന് നാറ്റോ തുടരുന്നു? കൂടുതല്‍ രാജ്യങ്ങളെ ചേര്‍ത്ത് നാറ്റോ സഖ്യത്തെ വിപുലീകരിക്കുന്നതിന്റെ ലക്ഷ്യം എന്താണ്? ചോദ്യത്തിന് അമേരിക്കക്കോ നാറ്റോയ്ക്കോ ഉത്തരമില്ല. ഭീഷണിയുടെ സ്വരം മാത്രം. സോവിയറ്റ് യൂണിയന്റെ സഖ്യ രാജ്യങ്ങളായിരുന്ന ബള്‍ഗേറിയ, റുമേനിയ, പോളണ്ട്, ഹങ്കറി, അമേരിക്ക, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളെ നാറ്റോയില്‍ അംഗങ്ങളാക്കി, റഷ്യക്കെതിരെ ഭീഷണി ഉയര്‍ത്തുന്ന സൈനിക‑രാഷട്രീയ തന്ത്രമാണ് നാറ്റോയും അമേരിക്കയും സ്വീകരിച്ചത്.

 


ഇതുകൂടി വായിക്കാം; യുദ്ധ വെറി: ചേരിചേരാനയം സ്വീകരിക്കാം; പക്ഷെ കീഴടങ്ങില്ല


 

സോവിയറ്റ് തകര്‍ച്ചയ്ക്കു ശേഷം വാഴ്സാ സഖ്യത്തില്‍ ഉണ്ടായിരുന്ന രാജ്യങ്ങളെ നാറ്റോയില്‍ അംഗങ്ങളാക്കുവാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞത് അവരുടെ സൈനിക‑രാഷ്ട്ര തന്ത്രത്തിന്റെ നേട്ടമാണ്. സോവിയറ്റ് യൂണിയനില്‍ നിന്നും വിഘടിച്ചുപോയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നാറ്റോയെ കൂടുതല്‍ വിപുലപ്പെടുത്തുക എന്ന തന്ത്രമാണ് അമേരിക്കയും നാറ്റോയും ആവിഷ്കരിച്ചത്. അതിന്റെ അപകടം തിരിച്ചറിഞ്ഞുകൊണ്ടാണ് വ്ലാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യ ഇപ്പോള്‍ നിലപാട് സ്വീകരിച്ചത്. യുഎസ്എസ്ആറിലെ രണ്ടാമത്തെ ജനസംഖ്യയുള്ള പ്രവിശ്യ ആയിരുന്നു ഉക്രെയ്‌ന്‍. നാലര കോടിയില്‍ അധികമാണ് രാജ്യത്ത് ജനസംഖ്യ. പ്രകൃതി സമ്പത്ത് ഏറെയുള്ള ഭൂപ്രദേശം. ഉക്രെയ്‌ന്‍ സോവിയറ്റ് യൂണിയനില്‍ നിന്നും സ്വയം പിരിഞ്ഞ് 1991ല്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. ഉക്രെയ്‌നിലെ പ്രകൃതി സമ്പത്ത് കൈവശപ്പെടുത്തുക എന്നതാണ് അമേരിക്കയുടെയും നാറ്റോ സഖ്യ രാഷ്ട്രങ്ങളുടെയും ലക്ഷ്യം. ഒപ്പം റഷ്യക്കെതിരെ ഭീഷണി ഉണ്ടാക്കുക എന്നതും.

നാറ്റോ അംഗരാജ്യമാക്കുന്നതില്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉക്രെയ്‌ന്‍ ജനങ്ങളില്‍ ഉണ്ടാക്കുവാനുള്ള വലിയ പരിശ്രമം സമീപകാലത്ത് ശക്തിപ്പെടുത്തി. ഉക്രെയ്‌ന്‍ ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലും അമേരിക്കയ്ക്കും നാറ്റോയ്ക്കും വലിയ സ്വാധീനമുണ്ടാക്കി. സാംസ്കാരിക‑മാധ്യമ രംഗത്ത് പാശ്ചാത്യശക്തികളും അമേരിക്കയും മേല്‍ക്കൈ നേടി. റഷ്യന്‍ വിരുദ്ധ വികാരം ഉക്രെയ്‌നില്‍ ആളിക്കത്തിച്ചു. ഇത്തരം ഒരു ഘട്ടത്തിലാണ് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത്. നാറ്റോയില്‍ അംഗമാകുവാന്‍ ഉക്രെയ്‌ന്‍ തീരുമാനിച്ചതോടെ ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള അകല്‍ച്ചയും സംഘര്‍ഷവും രൂക്ഷമാകുകയായിരുന്നു. ലോക ജനതയുടെമേല്‍ അധീശത്വം സ്ഥാപിക്കുന്നതിനായി അമേരിക്കയും നാറ്റോയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ലോക സമാധാനത്തിന് അത് ഭീഷണിയാണ്. നാറ്റോ സൈനിക സഖ്യത്തിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കുവാന്‍ അമേരിക്കക്കും നാറ്റോ രാജ്യങ്ങള്‍ക്കും കഴിയുന്നില്ല. ആയുധ ശക്തിയിലൂടെ ലോകത്തിന്റെ മേധാവിത്വം നേടുന്നതിനായി നടത്തുന്ന ശ്രമങ്ങളാണ് ലോകത്ത് നടന്ന യുദ്ധങ്ങള്‍. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ലോകമേധാവിത്വത്തിനായി സാമ്പത്തിക ശക്തികള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്. യുദ്ധങ്ങളിലൂടെ ലോകത്തിന്റെയോ ജനങ്ങളുടേയോ മുകളില്‍ മേധാവിത്വം സ്ഥായിയായി സ്ഥാപിക്കാന്‍ കഴിയില്ല. സമാധാനചര്‍ച്ചകള്‍, ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയണം. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതി ജാഗ്രതയോടെ തങ്ങളുടെ ചുമതല നിര്‍വഹിക്കണം. സൈനിക ശക്തിയിലൂടെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഇതിനകം ലോകം മനസിലാക്കിയതാണ്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുവാന്‍ ഇനിയും വൈകരുത്. വെടിനിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകണം. ലോകത്ത് സമാധാനം നിലനിര്‍ത്തിക്കൊണ്ട് മാത്രമേ രാജ്യങ്ങളും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയു.

റബലാറൂസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ കഴിയണം. ഉക്രെയ്‌നില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിലെ നിരവധി പേര്‍ ഏറെ ദുരിതത്തിലാണ്. കേരളത്തില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉക്രെയ്‌നിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നവരായിട്ടുണ്ട്. അവരില്‍ നല്ലൊരു ഭാഗം പെണ്‍കുട്ടികളാണ്. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ അയയ്ക്കുന്ന വീഡിയോ സന്ദേശങ്ങളിലൂടെ ദുരിതങ്ങളെക്കുറിച്ച് കേരളീയ സമൂഹത്തിന് നന്നായി അറിയാം. അതിനെല്ലാം പരിഹാരം ഉണ്ടാകണം. ഭക്ഷണവും വെള്ളവും കിട്ടാതെ നമ്മുടെ കുട്ടികള്‍ അവിടെ പ്രയാസമനുഭവിക്കുന്നു. ബങ്കറുകളില്‍ ദിവസങ്ങളായി അവര്‍ ഉറക്കമില്ലാതെ ഭയന്ന് കഴിയുകയാണ്. സംസ്ഥാന ഗവണ്മെന്റ് ഇതിനകം തന്നെ കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചുസംസാരിച്ചു. കേന്ദ്ര ഗവണ്മെന്റ് ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ ഉക്രെയ്‌നിലുള്ള നമ്മുടെ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി ഇതിനകം ശ്രമം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്നുതന്നെ എല്ലാവരേയും നമ്മുടെ നാട്ടില്‍ എത്തിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഇതിനകം സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ത്വരിതപ്പെടുത്തണം. നമ്മുടെ കുട്ടികളെയെല്ലാം നാട്ടിലേക്ക് വൈകാതെ തിരിച്ചുകൊണ്ടുവരണം. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം.

Exit mobile version