5 May 2024, Sunday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

യുദ്ധ വെറി: ചേരിചേരാനയം സ്വീകരിക്കാം; പക്ഷെ കീഴടങ്ങില്ല

വത്സൻ രാമംകുളത്ത്
February 27, 2022 5:07 am

ലോകം ആശങ്കയോടെ വീക്ഷിക്കുന്ന ഉക്രെയ്‌ന്‍ യുദ്ധം സമാധാനത്തില്‍ തീരും എന്നാണ് പ്രതീക്ഷ. റഷ്യക്കുമുന്നില്‍ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറയുന്നു. ഒപ്പം ചേരിചേരാ നയം സ്വീകരിക്കണമെന്ന റഷ്യയുടെ ആവശ്യത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും സമ്മതിച്ചിരിക്കുന്നു. വീറും വാശിയും യുദ്ധമുഖത്ത് അനിവാര്യമാണ്. ഉക്രെയ്‌നുപക്ഷെ ഉള്‍ഭയം ഇല്ലാതില്ലെന്ന് നിസംശയം പറയാം.
198 ഉക്രെയ്‌നികള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാണനുമായി നെട്ടോട്ടമാണ് ആ നാടെങ്ങും. അതില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളുമുണ്ട്. ഏകദേശം 20,000 ഇന്ത്യക്കാര്‍ അവിടെ ഉണ്ടെന്നാണ് കണക്ക്. ഉക്രെയ്‌നിലെ വെടിമുഴക്കം നെഞ്ചിലേക്കേല്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട്. ആശങ്കയുടെ ആ സൈറന്‍ അതിവേഗം നിലയ്ക്കുമെന്നാണ് നയതന്ത്രതലത്തി­ലെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ 24നാണ് റഷ്യ ഉക്രെയ്‌നിലേക്കുള്ള സൈനിക നീക്കം ആരംഭിച്ചത്. 1.20 ലക്ഷത്തോളം പേര്‍ ഇതിനകം ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തുകഴിഞ്ഞു.


ഇതുകൂടി വായിക്കൂ:  യൂറോപ്പിനു മുകളില്‍ ശീതയുദ്ധത്തിന്റെ കരിനിഴല്‍


രണ്ട് തീരുമാനങ്ങളാണ് റഷ്യ ഉക്രെയ്‌നില്‍ നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ‘നാറ്റോയില്‍ ചേരില്ല’ എന്നും രണ്ടാമത്തേത്, ചേരിചേരാ നയം സ്വീകരിക്കാം എന്നതുമാണ്. രണ്ടാമത്തേതില്‍ ചര്‍ച്ചയാവാമെന്ന് ഇതിനകം തന്നെ ഉക്രെയ്‌ന്‍ സമ്മതിച്ചുകഴിഞ്ഞു. ബലാറൂസിന്റെ തലസ്ഥാനമായ മിന്‍സ്കില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉക്രെയ്‌ന്‍-റഷ്യ ചര്‍ച്ചയില്‍ ഒരുപക്ഷെ ആദ്യ വിഷയവും അജണ്ടയായേക്കും. പ്രശ്നങ്ങള്‍ തീര്‍ക്കുക എന്നത് ഇന്ന് ഉക്രെയ്‌നിന്റെയും റഷ്യയുടെയും ആവശ്യമാണ്. റഷ്യയാണ് യുദ്ധവീഥിയില്‍ മുന്നേറുന്നത് എന്ന കാരണത്താല്‍ ഏതാനും വന്‍കിട രാഷ്ട്രങ്ങള്‍ ഉക്രെയ്‌നുവേണ്ടി ആയുധം ഇറക്കിത്തുടങ്ങിയെന്ന വാര്‍ത്ത ഭീതിപരത്തുന്നുണ്ട്. അതുവരെ ആരുമില്ലെന്നും തനിച്ചാണ് റഷ്യയോട് പൊരുതുന്നതെന്നും ആവര്‍ത്തിക്കുന്ന സെലന്‍സ്‌കി, ആയുധംകൊണ്ടുള്ള പിന്തുണയില്‍ അതിരുവിടുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഫ്രാന്‍സാണ് ഉക്രെയ്‌നില്‍ ആയുധം എത്തിക്കാമെന്ന് ആദ്യമായി പറഞ്ഞത്. ഇക്കാര്യം ഉക്രെയ്‌നിന്റെ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ സ്ഥിരീകരിച്ചു. റഷ്യയുടെ അധിനിവേശം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന്റെ മൂന്നാമത്തെ പാക്കേജ് ഉടനെ അവതരിപ്പിക്കാന്‍ ഈ ഘട്ടത്തില്‍ ഫ്രാന്‍സിനോട് ദിമിത്രോ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സഖ്യത്തിലുള്ള മറ്റു രാജ്യങ്ങളും ഉക്രെയ്‌നിലേക്ക് ആയുധം എത്തിക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. നാളുകള്‍ നീണ്ടേക്കാവുന്ന യുദ്ധത്തിന് ലോകം ഒരുങ്ങണമെന്ന് ഫ്ര‍ഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചതും ആശങ്കയുണ്ടാക്കുന്നതാണ്.


ഇതുകൂടി വായിക്കൂ: പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്ന യുദ്ധോത്സുക അന്തരീക്ഷം


ഉക്രെയ്‌നിന്റെ മണ്ണിലേക്ക് ആയുധങ്ങളെത്തിത്തുടങ്ങുമ്പോള്‍‍ സ്ഥിതി വഷളാവുമെന്നതില്‍ തര്‍ക്കമില്ല. അമേരിക്ക വാഗ്ദാനം ചെയ്ത ഒളിത്താവളം പോലും വേണ്ടെന്ന് വച്ച സെലന്‍‍സ്‌കി, സഖ്യരാജ്യങ്ങളുടെ ബലത്തില്‍ ശക്തമായ തിരിച്ചടിക്ക് കോപ്പുകൂട്ടുകയാണോ എന്ന നിരീക്ഷണവും പല കോണുകളില്‍ നിന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ബങ്കറിലാണ് സെലന്‍സ്‌കി ഉള്ളത്. ഇന്നലെ പക്ഷെ ജനങ്ങളെ അഭിസംബോധന ചെയ്തത് കീവിലെ ഔദ്യോഗിക വസതിക്കുമുന്നില്‍ നിന്നാണ്. ആയുധം താഴെവയ്ക്കില്ലെന്നും ആര്‍ക്കും കീഴടങ്ങില്ലെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറില്ലെന്നും താന്‍ കീവിലുണ്ടെന്നും പ്രസിഡന്റ് പറയുന്നു. ‘ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കുവേണ്ടി രാജ്യത്തെ കാത്തുവയ്ക്കും’- സെലന്‍സ്‌കിയുടെ ഈ വാക്കുകളെ റഷ്യ നിഷേധിച്ചു. ഉക്രെയ്‌ന്‍ പ്രസി‍ഡന്റ് കീവ് വിട്ടെന്നാണ് റഷ്യയുടെ പ്രതികരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോരും ഇതോടെ തുടരുകയാണ്. 3,500 റഷ്യന്‍ സൈനികരെ ഇതിനകം വധിച്ചെന്നാണ് ഉക്രെയ്ന്റെ അവകാശവാദം. 14 റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും 102 ടാങ്കറുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തതായും അവര്‍ പറയുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുത്തുനിര്‍ത്തിക്കഴിഞ്ഞെന്നും കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രസിഡന്റ് വൊളോ‍ഡിമര്‍ സെലന്‍സ്‌കി അവകാശപ്പെടുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിക്കുന്നുമുണ്ട്. ഉക്രെയ്‌നിലെ തന്ത്രപ്രധാനമായ കീവ് വിമാനത്താവളം ഉള്‍പ്പെടെ പിടിച്ചെടുത്തതായാണ് അവര്‍ അവകാശപ്പെടുന്നത്. പടിഞ്ഞാറന്‍ ഉക്രെയ്‌ന് കീവുമായുള്ള ബന്ധം പോലും വിച്ഛേദിക്കപ്പെട്ടെന്നാണ് റഷ്യന്‍ സൈന്യം പറയുന്നത്.


ഇതുകൂടി വായിക്കൂ: റഷ്യൻ നടപടിയെ പിന്തുണച്ച് ചെെന


എന്തുതന്നെയായാലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കീവിലുള്‍പ്പെടെ ശക്തമായ സ്ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യന്‍ ആക്രമണം നടക്കുന്നുണ്ട്. ഒഡേസയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വലിയ പാര്‍പ്പിട സമുച്ചയങ്ങളെല്ലാം തകര്‍ന്നതിന്റെ ചിത്രങ്ങള്‍ ലോക മാധ്യമങ്ങള്‍ കാണിക്കുന്നു. ജനജീവിതമാകെ ദുസഹമാണ്. ഇവിടങ്ങളില്‍ ഉക്രെയ്‌ന്‍ ചെറുത്തുനില്‍ക്കുന്നതായും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്‌ന്‍ പാര്‍ലമെന്റംഗങ്ങളുള്‍പ്പെടെ തോക്കെടുത്തതായാണ് വാര്‍ത്തകള്‍. എംപിയായ കിരാ റൂഡിക് ആണ് തോക്കുമായുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കീവ് മേയറും ബോക്സിങ് താരവുമായ വിറ്റലി ക്ലിറ്റ്ഷ്‌കോയും റഷ്യന്‍ സൈന്യത്തിനെതിരെ നേരിട്ടിറങ്ങിയെന്നും വാര്‍ത്തവന്നിരിക്കുന്നു.
യുദ്ധവാര്‍ത്തകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് ഉക്രെയ്‌നിലെ പ്രാദേശിക മാധ്യമങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പുകള്‍ നല്‍കിയെന്നാണ് ഒടുവിലത്തെ വിവരം. 10 പ്രാദേശിക മാധ്യമങ്ങള്‍ക്കെതിരെ റഷ്യ നടപടിയെടുത്തതായും പറയുന്നു. ഉക്രെയ്‌നിലേത് പ്രത്യേക സൈനിക നടപടിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ അതിനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്ന് കാണിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കം. ഉക്രെയ്‌ന്‍ ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റേഡിയോ ആയ എക്കോ മോസ്‌ക്‌വിക്കെതിരെയും റഷ്യ നോട്ടീസ് നല്‍കിയെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴി‍ഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ദിമിത്രി മുറാറ്റോവ് എഡിറ്റര്‍ ഇന്‍ ചീഫ് ആയ റേഡിയോ സ്റ്റേഷനാണ് എക്കോ മോസ്‌ക്‌വി.


ഇതുകൂടി വായിക്കൂ: കുടുങ്ങിയത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍


യുദ്ധ ഭൂമിയില്‍ നിന്ന് മരണത്തിന്റെ കണക്കുകളെയല്ല ലോകം കാതോര്‍ക്കുന്നത്, സമാധാനത്തിന്റെ സന്ദേശങ്ങളാണ്. ഭയപ്പാടിനിടയിലും ഉക്രെയ്‌നില്‍ നിന്ന് വരുന്ന മറ്റനേകം വാര്‍ത്തകളുണ്ട്. മാരിയോപോള്‍ റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യുദ്ധത്തിനെതിരെ നടത്തിയ സംഗീതപരിപാടി ലോകം ശ്രദ്ധിച്ചു. സാമൂഹമാധ്യമങ്ങളിലൂടെ അതിന്റെ വീഡിയോ കോടിക്കണക്കിനാളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. റയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാതെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം നടക്കുന്നുണ്ട്. ബോംബുകളുടെ ഭയാനകമായ ശബ്ദവും. അതിനിടയിലാണ് മാരിയോപോളില്‍ കുടുങ്ങിയ കുട്ടികള്‍ ഗിറ്റാര്‍ വായിച്ചും പാട്ടുപാടിയും യുദ്ധവെറിക്കെതിരെ തങ്ങളുടെ പ്രതിഷേധം അവതരിപ്പിച്ചത്. കീവ് ലക്ഷ്യമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ റയില്‍വേ സ്റ്റേഷനിലെത്തിയത്. ആക്രമണം ശക്തമായതോടെ റയില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുന്നു. ഇനിയങ്ങോട്ടുള്ള യാത്ര എങ്ങനെ എന്നുപോലും നിശ്ചയമില്ലാത്ത സ്ഥിതിയിലാണ് ഈ കുട്ടികള്‍. തങ്ങളുടെ ആത്മസംഘര്‍ഷവും മാനസിക പിരിമുറുക്കവും കൂടി സംഗീതത്തിലൂടെ അലിയിച്ചുകളയുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.