Site iconSite icon Janayugom Online

പ്രൊഫ.നബീസാ ഉമ്മാൾ — അമ്മയും ഗുരുനാഥയും

ന്ദ്രബിംബം പോലെ ഉരുണ്ട മുഖം. തടിച്ച ശരീരം. വാത്സല്യത്തോടെയുള്ള പെരുമാറ്റം. പുതുതലമുറയെ അംഗീകരിക്കാനുള്ള മഹാമനസ്കത. പുതുകവികളുടെ കവിതകൾ പോലും ഓർത്തു പറയാനുള്ള അസാധാരണമായ കഴിവ്. പ്രസംഗവേദിയിൽ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹം. നബീസാ ഉമ്മാൾ ടീച്ചർ, ആരും ആഗ്രഹിച്ചുപോകുന്ന മഹതിയായ അമ്മയുടെ പ്രതിരൂപമായിരുന്നു. നിയമസഭാംഗമായിരുന്ന കാലത്താണ് നബീസാ ഉമ്മാൾ, കോടിയേരി ദേശീയ വായനശാലയിൽ പ്രസംഗകയായി എത്തിയത്. അന്നവർ സന്ദർശകഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു. “കുറ്റാക്കുറ്റിരുട്ടിനെ പഴിക്കുന്നതിനെക്കാൾ ഭംഗി, കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ഒരു ചെറിയ നെയ്ത്തിരി കൊളുത്തി ആ പ്രഭാനാളത്തിൽ ഇരുട്ടിനെ മറികടക്കാൻ ശ്രമിക്കുകയാണ്”. ഇത് അവർ ജനങ്ങൾക്ക് നല്കിയ സന്ദേശം മാത്രമല്ല, സ്വന്തം ജീവിതത്തിൽ നടപ്പാക്കിയ പ്രകാശ പദ്ധതികൂടി ആയിരുന്നു. പഠിക്കാൻ സമർത്ഥയായ ഒരു പെണ്‍കുട്ടി, സാമ്പത്തിക പരാധീനതകളെയും മതപരമായ വിലക്കുകളെയും അതിജീവിച്ച് ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ കഥ പ്രൊഫ. നബീസാ ഉമ്മാൾ ടീച്ചറുടെ ജീവിതമാണ്. മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി എംഎ പാസാകുന്ന സ്ത്രീയെന്ന ബഹുമതി അവർ നേടി. കേരളത്തിലെ വിവിധ സര്‍ക്കാർ കോളജുകളിൽ മലയാളം പഠിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിൻസിപ്പാളുമായി. വിദ്യാർത്ഥികളുമായി ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി അസാധാരണവും സ്നേഹത്തിലധിഷ്ഠിതവുമായ ഒരു ഗുരുശിഷ്യ ബന്ധം രൂപപ്പെടുത്തിയെടുത്തു. കഴക്കൂട്ടത്തുനിന്നും ഹൃദയപക്ഷ സാരഥിയായി ടീച്ചർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നെടുമങ്ങാട് നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച ടീച്ചർ നഗരസഭാ അധ്യക്ഷയുമായി. ഉജ്ജ്വലപ്രസംഗകയായിരുന്നു നബീസാ ഉമ്മാൾ.


ഇത് കൂടി വായിക്കൂ: സമരങ്ങളുടെ അനിവാര്യത


കേരളത്തിലെവിടെയുമുള്ള സാംസ്കാരിക വേദികൾ അവരുടെ സാന്നിധ്യത്താൽ സമ്പന്നമായി. തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തിൽ ശൂദ്രരിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കാത്ത കാലം ഉണ്ടായിരുന്നല്ലോ. ഒരു ബദൽ സംവിധാനം എന്ന നിലയിൽ നാരായണഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലും അയിത്തമുണ്ടായിരുന്നു. തീയർക്കപ്പുറമുള്ളവരെ പുതിയമ്പലത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഗുരു തന്നെയാണ് അതിനു പരിഹാരമുണ്ടാക്കിയത്. ആ ക്ഷേത്രസന്നിധിയിലെ നബീസാ ഉമ്മാൾ ടീച്ചറുടെ പ്രസംഗം മനുവാദികളെ പ്രകോപിപ്പിച്ചു. അവർ, ക്ഷേത്രത്തിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചു. ഗുരുവിന്റെ ഉത്തമശിഷ്യനായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ സത്യഗ്രഹത്തോടെയാണ് മനുഷ്യവിഭജനത്തിന്റെ മലിനചിഹ്നമായ ആ ഫലകം അവിടെനിന്നും മാറ്റപ്പെട്ടത്. മനുഷ്യത്വത്തിന്റെ മണ്ണിൽ ചുവടുറപ്പിച്ചുകൊണ്ട്, മനുഷ്യവിരുദ്ധതയ്ക്കെതിരെ വാക്കുകളുടെ പട നയിക്കുന്നതായിരുന്നു നബീസാ ഉമ്മാൾ ടീച്ചറുടെ പ്രസംഗങ്ങൾ. കഴക്കൂട്ടത്തെയും നെടുമങ്ങാട്ടെയും തെരഞ്ഞെടുപ്പുകാലം. ശിഷ്യരായ യുവതീയുവാക്കളാണ് ടീച്ചർക്കുവേണ്ടി പ്രചാരണത്തിറങ്ങിയത്. ഗുരുശിഷ്യ ബന്ധം, സമൂഹത്തിലേക്ക് പരന്നൊഴുകിയ ദിവസങ്ങളായിരുന്നു അത്. വോട്ട് അഭ്യർത്ഥിക്കുന്നതിനിടയ്ക്ക് ഒപ്പമുള്ള ശിഷ്യരോട് വിശപ്പായോ എന്തെങ്കിലും കഴിക്കേണ്ടെ എന്ന് അന്വേഷിക്കുന്ന അമ്മയായിരുന്നു അവിടെയും നബീസാ ഉമ്മാൾ ടീച്ചർ.


ഇത് കൂടി വായിക്കൂ: ഫാസിസം ചൂഷണത്തെ പൈതൃകമാക്കുന്നു


ശിഷ്യരെയൊക്കെ മോനെയെന്നും മോളെയെന്നും വിളിച്ച് ചേർത്തു നിർത്തിയ മഹാഗുരുനാഥ. നബീസാ ഉമ്മാൾ ടീച്ചറുടെ ക്ലാസിൽ ഇരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടില്ല. എന്നാൽ നിരവധി പ്രസംഗവേദികളിൽ അവരുടെ ശ്രോതാവായി പുരോഗമന ആശയങ്ങളുടെ പതാകാവാഹകരായ വാക്കുകളുടെ പടയോട്ടം അനുഭവിച്ചിട്ടുമുണ്ട്. രാഷ്ട്രീയക്കാരിയായ കോളജ് അധ്യാപികയെന്ന അസാധാരണ ബിരുദം ആദ്യം നേടിയവരുടെ മുൻനിരയിലാണ് സ്നേഹനിധിയായ നബീസാഉമ്മാൾ ടീച്ചർ നിലകൊള്ളുന്നത്. ടീച്ചറുടെ ഓർമ്മയ്ക്ക് മുന്നിൽ ശിരസ് നമിക്കുന്നു.

Exit mobile version