നമ്മുടെ ഇതിഹാസ പുരാണങ്ങൾ പുരുഷപ്രധാനമാണ്. സ്ത്രീ, പുരുഷന് സമശീർഷയല്ലെന്നും അവള്‍ക്കൊരിക്കലും അതിന് ആവില്ലെന്നുമാണ് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംവേദനം ചെയ്തു പോന്നത്. പൗരോഹിത്യം ഭാരത സംസ്കാരത്തിൽ പിടിമുറുക്കുകയും രാജാധികാരം സ്ത്രീയെ അടിമയാക്കുകയും ചെയ്തു. പൗരോഹിത്യാധിപത്യം സ്ത്രീയുടെ പദവി വളരെ താഴ്ന്ന നിലയിലേക്ക് മാറ്റി. പുരുഷന് അവകാശം ജന്മസിദ്ധമായി ലഭിക്കുന്നതാണ് എന്ന് വരുത്തിത്തീർക്കുകയും ചെയ്തു. ആ അധികാരം സമഗ്രവും സർവതലസ്പർശിയുമാക്കാൻ നൂറുകണക്കിന് വർഷങ്ങൾ കൊണ്ട് പുരുഷന് കഴിഞ്ഞു. പൗരോഹിത്യം വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും വളർത്തി. എല്ലാവിധ നിയമങ്ങളും ലംഘിച്ചുകൊണ്ട് പുരുഷമേധാവിത്വം കാലാകാലങ്ങളായി പ്രവർത്തിക്കുന്നു. ബ്രാഹ്മണ്യം അതിന് നേതൃത്വം നൽകുന്നു. മനുഷ്യനെ ഭയപ്പെടുത്തി ഒറ്റപ്പെടുത്തുക എന്നതാണ് ബ്രാഹ്മണ്യവും അതിനെ പിന്താങ്ങുന്ന ഭരണകൂടവും ചെയ്യുക. ‘മനുഷ്യനെ ഒറ്റപ്പെടുത്തിയും ഏകാന്തതയിൽ തളച്ചിട്ടുമാണ് സ്വേച്ഛാധിപത്യം വളരുന്നത് എന്ന് ഹന്നാ ആരന്റ് പറഞ്ഞത് ഓർക്കുക. കാലം പിന്നിട്ടപ്പോൾ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സ്ത്രീകൾക്ക് കുറച്ചൊക്കെ നേടിയെടുക്കാനായിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും, ജന്മിത്ത‑സാമ്രാജ്യത്വ ഭരണങ്ങൾക്കെതിരെ നടന്ന അസന്ദിഗ്ധ പോരാട്ടങ്ങളും ആണ് അവ നേടിക്കൊടുത്തത്.
ഐക്യരാഷ്ട്രസഭ പറയുന്നു സ്ത്രീകളെ രണ്ടാംകിടക്കാരായി നിലനിർത്തുന്ന മുഴുവൻ സംവിധാനങ്ങളും പൊളിച്ചെഴുതി നൂതനമായ ഒരു അവബോധം വരുത്തിക്കൊണ്ടു മാത്രമേ എല്ലാ മേഖലകളിലും 50 ശതമാനം സംവരണം നേടാൻ കഴിയൂ. 1995ൽ ഐക്യരാഷ്ട്രസഭാ നേതൃത്വത്തിലുള്ള ബീജിങ് കോൺഫറൻസ് സ്ത്രീയുടെ എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് പ്രഖ്യാപിച്ചു. സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കാൻ 2030ഓടെ എല്ലാ രംഗത്തും 50 ശതമാനം പ്രാതിനിധ്യം സ്ത്രീകൾക്ക് വേണമെന്നും പറഞ്ഞു. ഇതിന് ലോകരാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇപ്പോഴും ഈ കാര്യത്തിൽ എത്രയോ പിറകിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളല്ലാതെ മറ്റൊരിടത്തും മൂന്നിലൊന്നു സംവരണം പോലും നടപ്പിലാക്കിയിട്ടില്ല സ്ത്രീകളുടെയും പ്രകൃതിയുടെയുംമേൽ ഇന്നു നടക്കുന്ന ചൂഷണം പൂർണമായും ഇല്ലാതായാൽ മാത്രമേ ലോകത്ത് സുസ്ഥിര വികസനം നടപ്പാവുകയുള്ളു. ഈ ലക്ഷ്യം സാധിതമാക്കുന്നതിന് നിയമവ്യവസ്ഥയിൽത്തന്നെ കർശനമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. കർക്കശവും പഴുതുകൾ ഇല്ലാത്തതുമാക്കിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാവുകയുള്ളു. സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികൾ ഇന്നും ബാലാരിഷ്ടതിയിലാണ്. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലെല്ലാം പുരുഷമേധാവിത്തമാണ് എന്നതാകാം ഒരു കാരണം. നിയമവ്യവസ്ഥയുടെ പരിഷ്കരണത്തിലും തീരുമാനമെടുക്കൽ പ്രക്രിയയിലും പദ്ധതി രൂപീകരണത്തിലും സ്ത്രീ-പുരുഷ തുല്യത എന്ന ആശയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഓരോ സ്ത്രീയും തങ്ങളുടെ സാന്നിധ്യം വ്യക്തമായി അടയാളപ്പെടുത്തിയാൽ മാത്രമേ തുല്യതയെന്ന ആശയം സജീവമായി നിലനിൽക്കുകയുള്ളൂ.
സ്ത്രീകൾക്ക് അവരുടെ ഇടങ്ങളിൽത്തന്നെ പ്രത്യേക സംരക്ഷണം നൽകണം. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതും സാമ്പത്തികാന്തരം കുറയ്ക്കുന്നതുമായ നയം ഉണ്ടാകണം. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യമാണ് ഏതൊരു സ്ത്രീ നയരൂപീകരണത്തിനും വിഘാതമായി നിൽക്കുന്നത്. ഇവരെ രക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവരെ മുഖ്യധാരയിലെത്തിച്ച് സ്ഥായിയായ വികസനത്തിൽ പങ്കാളികളാക്കുന്നതിന് ഐക്യരാഷ്ട്ര സഭ ഒരു നയരേഖ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ അധികവും പരമ്പരാഗത തൊഴിൽ ചെയ്യുന്നവരാണ്. നൂതന സാങ്കേതിക വിദ്യകൾ അവരെ പരിചയപ്പെടുത്തി ജോലിഭാരം ലഘൂകരിക്കണം. സ്ത്രീകൾക്ക് അന്തസോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. തൊഴിലിടങ്ങളിൽ അവർക്കെതിരെ യാതൊരു അതിക്രമങ്ങളും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്ത്രീകൾക്കിടയിലുള്ള ദാരിദ്ര്യത്തെ നിർമ്മാർജനം ചെയ്താൽ മാത്രമേ അന്തസുള്ള സമൂഹത്തിലേക്ക് അവരെ നയിക്കാനാകൂ. പുരുഷമേധാവിത്തം മൂലം സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന എല്ലാവിധ പീഡനങ്ങളും ഉന്മൂലനം ചെയ്യണം. ഏതുതരം തുല്യതയ്ക്കും വിഘാതമായി നിൽക്കുന്ന പ്രധാന ഘടകം സാമ്പത്തികമാണ്. അതുകൊണ്ട് സ്ത്രീകളുടെ പ്രതിശീർഷ വരുമാനം വർധിപ്പിക്കണം. തൊഴിൽ വരുമാനത്തിൽ തുല്യത കൈവന്നാൽ മറ്റുരംഗങ്ങളിൽ തുല്യത സാർവത്രികമാക്കാൻ കഴിയും എന്ന് യുഎൻ പറയുന്നു. സാമ്പത്തിക തുല്യതയും ജീവന തുല്യതയും കൈവന്നാൽ സാംസ്കാരിക തുല്യത കൈവരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും ബ്രാഹ്മണ്യം പഠിപ്പിച്ച മനുഷ്യസങ്കല്പത്തിനകത്ത് സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകൾ ധാരാളം. നിലനിന്ന യാഥാസ്ഥിതിക സമൂഹം അതേപടി നിലനിൽക്കണമെന്ന ദുഃശാഠ്യങ്ങൾ ഉള്ളവരാണ് അവയിൽ ഭൂരിഭാഗം കഥാപാത്രങ്ങളും. സ്ത്രീയുടെ ചിന്തയെ മാനിച്ചിരുന്നില്ല അക്കാലത്ത്. ഇപ്പോഴും സ്ത്രീകളുടെ അഭിപ്രായത്തെ, ചിന്തയെ മാനിക്കാൻ സമൂഹം തയ്യാറാകുന്നില്ല. നീതി വിഭിന്നമാണെന്ന് സീത, ശ്രീരാമനോട് പറയുന്നു. നീതി എന്നു പറയുന്നത് തട്ടിപ്പാണെന്ന് സീത കൂടെക്കൂടെ രാമനെ ഓർമ്മപ്പെടുത്തുന്നു, സ്ത്രീയെ വസ്തുതുല്യമായി കണ്ട ഒരു കാലത്തിന്റെയും വ്യവസ്ഥിതിയുടെയും നേരെ സർഗാത്മക ബോധം ചൂണ്ടുന്ന ഒരു വിരലായി. അന്ന് സീതയ്ക്ക് അത് സാധിക്കുമെങ്കിൽ ഇന്ന് എത്രയോ സീതമാർക്ക് അത് സാധിക്കും. അതാണ് സംഭവിക്കേണ്ടത്. ക്ഷുഭിതേന്ദ്രിയയെന്ന് തന്നെതന്നെ സീത മഹാകാവ്യത്തിൽ വിളിക്കുന്നുണ്ട്. ക്ഷുഭിതരാകേണ്ട കാലമാണിത്. സഹധർമ്മിണി എന്ന പദം തന്നെ ശ്രദ്ധിക്കണം. മറ്റൊരാളുടെ ധർമ്മത്തിലുള്ള പങ്കാളിത്തം മാത്രമാണ്. സ്വന്തമായൊരു ധർമ്മം സ്ത്രീക്കുണ്ട് എന്ന് പുരാണം സമ്മതിക്കുന്നില്ല. ഇന്നത്തെ സമൂഹത്തിൽ പലയിടങ്ങളിലും അത് സമ്മതിക്കുന്നില്ല. രാമായണത്തിൽ ഭാര്യയെ കാട്ടിൽ പറഞ്ഞുവിട്ട് ഈശ്വര സന്നിധിയിൽ അവൾക്കു പകരം സ്വർണപ്രതിമ വയ്ക്കുന്നതിലെ അനൗചിത്യം സീതയും ചിന്തിച്ചു. നമ്മളും ചിന്തിക്കണം. ഭാര്യക്ക് പകരം പ്രതിമ മതിയെന്നു പറയുന്നതരത്തിൽ അധഃപതിച്ച ധാർമ്മിക ബോധത്തെ ഇതിഹാസ കാലം മുതൽ നാം ചുമക്കുന്നു.
ചിന്താവിഷ്ടയായ സീതയിൽ രാമന്റെ പ്രവൃത്തിയെ സീത എതിർക്കാതിരിക്കുന്നില്ല. തന്നോട് ഒരു വാക്കും പറയാതെ കാട്ടിൽത്തള്ളിയതും, രാജാവായിരിക്കാൻ ധർമ്മം വെടിയുന്നതും, കാഞ്ചനസീതയെ ഉണ്ടാക്കി യാഗത്തിനിരിക്കുന്നതും, ശംബൂകനെ വധിച്ചതുമടക്കം രാമന്റെ പ്രവൃത്തികളെ വിമർശിക്കുന്നു. അതേസമയം സീത രാമനെതിരല്ല. രാമന്റെ കൂടെയുള്ള കൊട്ടാരത്തിലെ കുടിലതകളെയും അധികാരത്തിന്റെ ഉപജാപങ്ങളെയും പുരുഷാധിപത്യ വ്യവസ്ഥിതിയെയും തന്റെ കാന്തനിൽ നിന്ന് വേര്‍പെടുത്തി ചിന്തിച്ചു സീത. യജ്ഞശാലയിൽ രാമന്റെ പൂർണതയാകേണ്ട സീതയ്ക്കു പകരം സ്വർണപ്രതിമ ഉണ്ടാക്കിവയ്ക്കുന്ന ആചാര ബോധത്തിന്റെ നീതിരാഹിത്യം സീതയിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രതിമയെ വയ്ക്കുന്നതിലൂടെ മനുഷ്യത്വത്തെ പ്രത്യേകിച്ച് സ്ത്രീയെ വസ്തുവായി കാണുന്ന നീതിശാസ്ത്രത്തിലെ അധമബോധത്തെ കാവ്യത്തിലൂടെ ആശാൻ വിചാരണ ചെയ്തു. ഇന്ന് അത്തരം വിചാരണകൾ വേണം.
ജാതിബ്രാഹ്മണ്യം ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ധർമ്മനിഷ്ഠയും നീതിബോധവും രൂപപ്പെടുത്താൻ ഉപയോഗിച്ച ഇത്തരം പ്രയോഗങ്ങൾ പൊതുവിൽ സ്ത്രീവിരുദ്ധവും സ്വയം അടിമത്തം സ്വീകരിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതുമായിരുന്നു. ധൃതരാഷ്ട്രരുടെ അന്ധതയ്ക്കൊപ്പം കണ്ണുമൂടിക്കെട്ടിയ ഗാന്ധാരി മുതൽ അഞ്ച് പേർക്ക് ഭാര്യയാകുന്ന പാഞ്ചാലിയും വനത്തിൽ രാമനൊപ്പം പോകുന്ന സീതയുമെല്ലാം പെണ്ണായാൽ ഇങ്ങനെയാകണം എന്ന സാമാന്യ നീതിബോധം കൊണ്ട് സ്ത്രീയെ തളയ്ക്കുന്നതായിരുന്നു. പാതിവ്രത്യവും സഹനസ്വരൂപവുമായി സ്ത്രീയെ അവതരിപ്പിച്ച വരേണ്യവർഗ പെരുമയുടെ കഥാപാത്രങ്ങൾ പാടിപ്പതിഞ്ഞ മനസിലേക്ക് അഭിനവ സീതയും പാഞ്ചാലിയും ചിന്തിക്കുന്നവരായി, ആത്മബോധമുയർന്നവരായി, ചോദ്യംചെയ്യുന്നവരായി വിമർശനഭാവംപൂണ്ടവരായി കടന്നു വരണം. സീതയെപ്പോലെ പാഞ്ചാലിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കണം.
സ്ത്രീകളെ ഓർക്കാൻ സമൂഹത്തിന് മടിയാണ്. ഭരണഘടനയുടെ ‘ഫൗണ്ടിങ് ഫാദേഴ്സ്’ ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ്, സർദാർ പട്ടേൽ, കെ എം മുൻഷി തുടങ്ങിയവരാണെന്നറിയാം. എവിടെപ്പോയി ‘ഫൗണ്ടിങ് മദേഴ്സ്’. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ബീഗം അയിസാസ് റസൂൽ, ദുർഗാബായ് ദേശ്‌മുഖ്, ഹൻസ ജീവ്രാജ് മേത്ത, കമല ചൗധരി, ലീല റോയ്, മാലതി ചൗധരി, പൂർണിമ ബാനർജി, രാജ കുമാരി അമൃതകൗർ, രേണുക റായ്, സരോജിനി നായിഡു, സുചേത കൃപാലിനി, വിജയലക്ഷ്മി പണ്ഡിറ്റ്. ഇവരാരും ഏതെങ്കിലും പുരുഷന്റെ തണലിൽ വളർന്നവരോ ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിന്റെ പേരിൽ ഭരണഘടനാ സമിതിയിൽ എത്തിയവരോ ആയിരുന്നില്ല. എല്ലാവരും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ. പ്രാചീന ആൺകോയ്മയുടെ മതങ്ങളും ദൈവങ്ങളും സ്ത്രീക്ക് സമ്മാനിച്ച പീഡനത്തിന്റെയും ബന്ധനത്തിന്റെയും മുറിവുകൾ വികൃതമായ വടുക്കളായി അവളുടെ ശരീരത്തിൽ പതിഞ്ഞിരിക്കുന്നു. ഇന്നത്തെ ആൺകോയ്മ പുതിയ വസ്ത്രങ്ങൾ കൊണ്ട് അതിനെ മറയ്ക്കാൻ ശ്രമിക്കുന്നു. ഈ വടുക്കളിൽ നിന്ന് സൂര്യരശ്മി പോലെ അണയാത്ത ജ്വാലയായി സ്ത്രീ ഉയരണം. പുരുഷാധിപത്യത്തിനെതിരെ, ഫാസിസത്തിനെതിരെ മനുഷ്യ ജീവിതത്തിന്റെ വ്യഥയിൽ നിന്നൂറിവരുന്ന ഒരോ കണികയും ഒരുമിച്ചുചേർത്ത് പ്രക്ഷോഭ സമുദ്രം ഉണ്ടാകണം. അസന്ദിഗ്ധമായ പോരാട്ടമാണ് വഴി. അതിനുള്ള അസാമാന്യ ശക്തി സ്ത്രീകൾക്കുണ്ട്.