Site icon Janayugom Online

ജനകീയ വിഷയങ്ങള്‍ മറയ്ക്കാന്‍ ക്ഷേത്രം

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തുന്നതോടെ രാജ്യത്ത് ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന പ്രതീക്ഷയോടുകൂടിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണമായും മതപരമായ വിഷയങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ബിജെപി ചെയ്യുന്നത്. 2014 മുതല്‍ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിക്ക് ജനങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിച്ച് 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പില്‍വരുത്തിയില്ല. 2019ല്‍ രണ്ടാമതും അധികാരത്തില്‍ വന്നതോടെ ജനകീയ വിഷയങ്ങളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയ പരിശ്രമമാണ് നടത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, ഓരോ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍, സ്ത്രീകളുടെ അവശതകള്‍ക്ക് പരിഹാരം, തൊഴിലാളികളുടെ ക്ഷേമം, ഗ്രാമീണ ഇന്ത്യയുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയ തങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ നരേന്ദ്ര മോഡി തയ്യാറായില്ല. പൂര്‍ണമായും കോര്‍പറേറ്റ് അജണ്ട നടപ്പിലാക്കുവാനുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. അഡാനി, അംബാനി തുടങ്ങി കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ താല്പര്യത്തിനായി രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ പൂര്‍ണമായും അടിയറവച്ചു. ജനങ്ങളുടെ ദുരിതങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതാണ് രാജ്യം കണ്ടത്. ഇതിനെതിരായി ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നു.

 


ഇതുകൂടി വായിക്കൂ; ക്ഷേത്ര ധ്വജം കോടതികള്‍ക്ക് ഊര്‍ജമാകുമ്പോള്‍ മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു


കര്‍ഷകരും തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ ശക്തമായ ഇടപെടലുകളായിരുന്നു. യുവാക്കളും വിദ്യാര്‍ത്ഥികളും വിവിധ ജനവിഭാഗങ്ങളും തെരുവിലിറങ്ങി. വളര്‍ന്നുവന്ന ജനകീയ സമരങ്ങളെ നേരിടാന്‍ മത‑ജാതി-ഗോത്ര അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മണിപ്പൂരില്‍ നടന്ന വംശഹത്യ അതിന്റെ ഭാഗമാണ്. വംശഹത്യ നടന്നപ്പോള്‍ പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ല. തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ സമയം കണ്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മണിപ്പൂരില്‍ ജനങ്ങളെ കണ്ട് ആശ്വാസം പകരാന്‍ സമയം ഉണ്ടായില്ല. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും സമയം കണ്ടെത്തിയ മോഡി, മണിപ്പൂര്‍ സംസ്ഥാനരൂപീകരണ ദിനത്തിന് ആശംസ നേര്‍ന്നുകാെണ്ട് സംസ്ഥാനത്തെ ജനതയെ പരിഹസിക്കുകയും ചെയ്തു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. 142 പാര്‍ലമെന്റ് അംഗങ്ങളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത് ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ പാസാക്കിയത് രാജ്യം കണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണമായും തമസ്കരിച്ചുകൊണ്ട് നടത്തുന്ന നീക്കങ്ങള്‍ അനുദിനം ശക്തിപ്പെടുത്തുകയാണ്. ഇതിനെതിരായി ശക്തമായ ജനകീയ പ്രതിരോധം വളര്‍ന്നുവരുന്നുണ്ട്. അതിനെ തടയുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യണമെങ്കില്‍ ഹിന്ദുത്വ വികാരം ശക്തിപ്പെടുത്തുകയാണ് മാര്‍ഗമെന്നാണ് സംഘ്പരിവാര്‍ കണ്ടെത്തിയത്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പില്‍ വരുത്തുന്നതിനാണ് രാമക്ഷേത്ര നിര്‍മ്മാണം ശക്തിയായ രാഷ്ട്രീയ പ്രചാരണമാക്കി മാറ്റിയത്.

നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പുതന്നെ ക്ഷേത്രത്തില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കാനുള്ള തീരുമാനത്തിനെതിരായി ഹിന്ദു സന്യാസി സമൂഹം രംഗത്തുവന്നിട്ടുണ്ട്. ശൃംഗേരി മഠാധിപന്മാര്‍ നടത്തിയ വിമര്‍ശനം അതാണ് വ്യക്തമാക്കുന്നത്. ഹിന്ദുമതത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുത് എന്നാണ് അവര്‍ നല്‍കിയ സന്ദേശം. രാമവിഗ്രഹം പ്രതിഷ്ഠിക്കുന്ന ഇന്നേ ദിവസം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പൂജകള്‍ നടത്താനും എല്ലാ വീടുകളിലും രാമനാമം ജപിക്കാനും സംഘ്പരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് 2024ലെ തെരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പ്രചരണമാക്കി മാറ്റുക എന്നതാണ്. അതിലൂടെ ജനകീയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ കഴിയും എന്നാണ് സംഘ്‌പരിവാര്‍ സംഘടനകള്‍ കരുതുന്നത്.

 


ഇതുകൂടി വായിക്കൂ; ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും മോഡിയുടെ അയോധ്യാ പ്രതിഷ്ഠയും


 

പ്രധാനമന്ത്രിയും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ഏറെ വെെകിയാണ് രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ വ്യക്തിപരമായി വിഗ്രഹ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് ഏറെക്കാലമായി ചെയ്തുവരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മൃദുഹിന്ദുത്വ നിലപാടില്‍ തന്നെയാണ്.  രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അജണ്ടയെ ഹിന്ദുത്വാടിസ്ഥാനത്തില്‍ രൂപപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ജനകീയ വിഷയങ്ങളെ അതിലൂടെ മറച്ചുവയ്ക്കാം എന്നവര്‍ കരുതുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിഷയങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്താല്‍ നരേന്ദ്ര മോഡിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് സംഘ്പരിവാറിന് അറിയാം. അതിനുവേണ്ടിയാണ് പൂര്‍ത്തിയാകാത്ത അയോധ്യയിലെ രാമക്ഷേത്രത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നേതന്നെ രാമവിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്.

Exit mobile version