12 April 2024, Friday

ക്ഷേത്ര ധ്വജം കോടതികള്‍ക്ക് ഊര്‍ജമാകുമ്പോള്‍ മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു

അബ്ദുൾ ഗഫൂർ
January 20, 2024 4:45 am

ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഒരാഴ്ച മുമ്പ് നടത്തിയ പരാമര്‍ശം ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടാതെ പോയി. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. രാജ്യത്ത് മോഡി സ്തുതിപാഠകരായ മടിത്തട്ട് മാധ്യമങ്ങളാണ് കൂടുതല്‍ എന്നതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമാക്കപ്പെട്ടില്ല. എങ്കിലും അതിന്റെ ശരിതെറ്റുകള്‍ പ്രമുഖ എഴുത്തുകാരുടെയും ജനാധിപത്യ മാധ്യമങ്ങളുടെയും ചര്‍ച്ചാ വിഷയമായി. ക്ഷേത്ര പതാകകള്‍ കോടതികള്‍ക്ക് ഊര്‍ജം പകരുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗുജറാത്തിലെ രാജ്കോട്ട് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പറഞ്ഞത്. ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളിലും അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്നു. ക്ഷേത്രങ്ങളും ധ്വജങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ക്ഷേത്ര പതാക നിയമമാണെന്നും ക്ഷേത്ര പതാകയുടെ മഹത്വം ജില്ലാ ജഡ്ജിമാര്‍ ഉള്‍ക്കൊള്ളണമെന്നും എല്ലാവരും തുല്യരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമുക്കുമുകളില്‍ അഭൗമമായ ദൈവികശക്തി നിലനില്‍ക്കുന്നുണ്ട്. അഭിഭാഷകര്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവരും ആ ശക്തിക്ക് കീഴിലാണ് ജീവിക്കുന്നതെന്ന് വിശദീകരിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, സോമനാഥ് ക്ഷേത്രത്തിലെ മാലിന്യനീക്കം മാതൃകപരമായ ഒന്നാണെന്നും കോടതികള്‍ ഈ മാര്‍ഗം അവലംബിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവര്‍ക്കും ബാധകമായ തത്വങ്ങളുടെ ലംഘനമാണ് ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായത് എന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടിനെതിരെ ഉയര്‍ന്നു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ആധാരശില ഭരണഘടനയാണ് എന്ന സാമാന്യതത്വം വിസ്മരിച്ചാണ് അഭിപ്രായ പ്രകടനമെന്നായിരുന്നു പ്രധാന വിമര്‍ശനം. പ്രാര്‍ത്ഥനയും ക്ഷേത്ര ദര്‍ശനവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി സ്ഥാനത്തിന്റെ ഔന്നത്യം ഉള്‍ക്കൊള്ളാതെ നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിനിടയാക്കിയത്. രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാരും കരണ്‍ ഥാപ്പര്‍ പോലുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെ ബിജെപി ഉന്നതരും തീവ്രഹിന്ദുത്വ ശക്തികളുടെ നേതാക്കളും ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്തും അഭിപ്രായ പ്രകടനം നടത്തി. ഇത്തരം ആളുകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റുക എന്നത് പുതിയ കാലത്തെ പ്രതിഭാസമായി മാറിയിരിക്കുകയാണല്ലോ. മഹാത്മജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നുവെന്നാണ് ചന്ദ്രചൂഡ് പറയാറുള്ളതെങ്കിലും തന്റെ ക്ഷേത്ര സന്ദര്‍ശനവും അതിന്റെ പടമെടുപ്പും മാധ്യമങ്ങളോടുള്ള സംസാരവും ഗാന്ധിജി എങ്ങനെയാണ് കാണുകയെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ ചോദ്യം. ക്ഷേത്രം എല്ലാവരെയും ഒരുമിപ്പിക്കുന്നുവെന്ന വാദത്തെയും ഗുഹ ഖണ്ഡിക്കുന്നു. അതിന് ഉപോദ്ബലകമായി ചരിത്ര വസ്തുതകളും ഗുഹ വിശദീകരിക്കുന്നുണ്ട്. ‘രേഖപ്പെട്ട ചരിത്രങ്ങളിലെല്ലാം ക്ഷേത്രങ്ങൾ ദളിതരോടും സ്ത്രീകളോടും വിവേചനം കാട്ടുന്നു. യാഥാസ്ഥിതിക ഹിന്ദുത്വ ആദർശങ്ങളും നമ്മുടെ ഭരണഘടന അടിവരയിടുന്ന ആദർശങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്’ എന്നും ഗുഹ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യചരിത്രത്തിലെ ഈ പ്രത്യേക ഘട്ടത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ചീഫ് ജസ്റ്റിസ് തന്റെ ക്ഷേത്ര സന്ദർശനം പരസ്യമാക്കുന്നതും ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നുവെന്നും ഗുഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ:സാര്‍വത്രിക മതസഹിഷ്ണുതയെ അട്ടിമറിക്കുന്ന പ്രാണപ്രതിഷ്ഠ


രാമചന്ദ്ര ഗുഹയും കരണ്‍ ഥാപ്പറും ഉന്നയിക്കുന്നതുപോലെ നിരവധി ചോദ്യങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ മതേതര വിശ്വാസികളായ സാധാരണക്കാരുടെ മനസിലും ഉയര്‍ത്തുന്നുണ്ട്. മുംബൈ സ്വദേശിയായ സാധാരണക്കാരനായിരുന്നു ഡി വൈ ചന്ദ്രചൂഡെങ്കില്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് വലിയ പ്രസക്തി ഉണ്ടാകുമായിരുന്നില്ല. അങ്ങനെയൊരാള്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ആഘോഷമാക്കാന്‍ ഗോദി മീഡിയ സന്നദ്ധവുമാകയില്ല. അവിടെത്തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാകുന്നു. ക്ഷേത്ര ദര്‍ശനമെന്നത് വ്യക്തിപരമായ കാര്യമാണെന്നിരിക്കെ ഫോട്ടോഗ്രാഫര്‍മാരെയും മാധ്യമങ്ങളെയും കൂട്ടി അത് നടത്തി എന്നിടത്തുതന്നെ ചീഫ് ജസ്റ്റിസിന്റെ നടപടി തെറ്റാകുന്നു. മതേതര ജനാധിപത്യ അടിത്തറയുള്ള ഒരു രാജ്യത്ത് ഭരണഘടനാ സ്ഥാനത്തുള്ള ഒരാള്‍ വ്യക്തിപരമായ വിശ്വാസം ഇങ്ങനെ കൊണ്ടാടിയത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ക്ഷേത്ര (രാമക്ഷേത്രം) ത്തിന്റെ പേരില്‍ രാജ്യത്ത് സംഘ്പരിവാറും വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയ പ്രചരണവും സാമുദായിക ധ്രുവീകരണ പ്രയത്നങ്ങളും നടത്തുന്ന വേളയില്‍ തന്നെ ചന്ദ്രചൂഡിന്റെ ഈ പ്രസ്താവമുണ്ടായി എന്നത് ദുരൂഹതകളുമുണ്ടാക്കുന്നു. ഇപ്പോഴത്തെ ക്ഷേത്ര ദര്‍ശനവും പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ മുന്‍കാല വിധിപ്രസ്താവങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. എങ്കിലും ക്ഷേത്ര ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം തന്നെ തന്റെ ചില വിധികളെ വിലയിരുത്തി വാര്‍ത്താ ഏജന്‍സിക്ക് അഭിമുഖം നല്‍കിയത്.

അതില്‍ അദ്ദേഹം അയോധ്യ കേസ് വിധിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നതുകൊണ്ട് ആ അഭിമുഖവും പ്രസക്തമാകുന്നു. ‘വിധിയെഴുതിയ ജഡ്ജിയുടെ പേര് വെളിപ്പെടുത്തേണ്ട എന്നത് ഭരണഘടനാ ബെഞ്ചിലെ ഏകകണ്ഠമായ തീരുമാനമായിരുന്നു. വിധിയോട് യോജിച്ച് തനിക്ക് കൂടുതലായി പറയാനുണ്ടെന്ന് അനുബന്ധമെഴുതിയ ജഡ്ജിയുടെ പേരും പുറത്തുവിട്ടില്ല. പതിവുകള്‍ ലംഘിച്ചുള്ള ഒരു തീരുമാനമായിരുന്നു അത്’ എന്നായിരുന്നു ചന്ദ്രചൂഡ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 2019 നവംബര്‍ ഒമ്പതിനാണ് അയോധ്യാ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. രഞ്ജന്‍ ഗൊഗോയിക്കും ചന്ദ്രചൂഡിനും പുറമെ എസ് എ ബോബ്‌ഡെ, അശോക് ഭൂഷന്‍, എസ് എ നസീര്‍ എന്നിവരായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍. തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയും സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചുമുള്ള ഉത്തരവാണ് അന്ന് പുറപ്പെടുവിച്ചത്. ആരായാലും, എന്ത് ചെയ്യുമ്പോഴും സന്ദര്‍ഭത്തിന് പ്രാധാന്യമുണ്ട്. അതുകൊണ്ടുകൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ക്ഷേത്രസന്ദര്‍ശനവും പരാമര്‍ശങ്ങളും സംശയാസ്പദമാകുന്നതും ചോദ്യങ്ങള്‍ ഉയരുന്നതും. ക്ഷേത്ര പതാകകള്‍ ഒരു ചീഫ് ജസ്റ്റിസിനാല്‍ മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ മതേതരരാജ്യ സങ്കല്പം വെല്ലുവിളിക്കപ്പെടുന്നുവെന്നത് വസ്തുതയായി അവശേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.