Site iconSite icon Janayugom Online

നാസികള്‍ ചരിത്രത്തില്‍ മറഞ്ഞിട്ടില്ല

അഡോള്‍ഫ് ഹിറ്റ്ലറുടെ പിതാവ് അലോയ്സ് ഹിറ്റ്ലര്‍, മരിയ ഷിക്കല്‍ ഗ്രൂബര്‍ എന്ന അവിവാഹിതയായ സ്ത്രീയുടെ പുത്രനായിരുന്നു. അലോയ്സിന്റെ പിതാവ് ജൂതനായ ലിയോ പോള്‍സ് ഫ്രാങ്കെന്‍ ബര്‍ഗറായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. അഡോള്‍ഫിന്റെ മാതാവ് ക്ലാര ഹിറ്റ്ലര്‍ റോമന്‍ കാത്തലിക്കും പിതാവ് ഒരു സ്വതന്ത്ര വിശ്വാസി, അഥവാ ക്രിസ്ത്യന്‍ പള്ളികളിലൊന്നും ചേരാത്ത മതത്തില്‍ വിശ്വസിക്കുന്നയാളുമായിരുന്നു. 1904ല്‍ അഡോള്‍ഫ് ജന്മസ്ഥലമായ ആസ്ത്രിയയിലെ ലിന്‍സില്‍ മാമ്മോദീസ നടത്തി റോമന്‍ കാത്തലിക് മതവിഭാഗത്തിലെ അംഗമായി മാറി. നാസി പാര്‍ട്ടിയുടെ നേതാവായി ഉയരുന്ന കാലഘട്ടത്തിലാണ് ഹിറ്റ്ലര്‍ താന്‍ ഒരു കാത്തലിക്കല്ല, ജര്‍മ്മന്‍ ക്രിസ്ത്യാനിയാണ് എന്ന് സ്വയം വിശേഷിപ്പിച്ചത്. വംശീയമായി ഒരു അര്‍ധ ജൂതനും മതപരമായി റോമന്‍ കാത്തലിക്കനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ‘ആര്യന്‍ ദേശീയത’ എന്ന കപട വംശീയഘടനയെക്കുറിച്ച് നിരന്തരം പ്രസംഗിച്ച് വെയ്മര്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ പൗരദേശീയതയെ തകര്‍ത്ത് അധികാരത്തില്‍ വരുന്നതാണ് 1930കളിലെ ജര്‍മ്മനിയില്‍ നാം കാണുന്നത്. ഹിറ്റ്ലറും അയാളുടെ പ്രചാരകരും ആര്യവംശത്തിന്റെ ഉറവിടമായി ഒരു പ്രത്യേക പ്രദേശത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഹിറ്റ്ലര്‍ വിവിധ ജര്‍മ്മന്‍ പ്രവിശ്യകളിലൊന്നിനെ ആര്യവംശത്തിന്റെ ഉത്ഭവസ്ഥാനമായി ഉയര്‍ത്തിക്കാണിക്കാതിരുന്നത്? ജര്‍മ്മനി 16 ഫെഡറല്‍ സംസ്ഥാനങ്ങളടങ്ങിയ രാജ്യമാണ്. ബവേറിയ, ബെര്‍ലിന്‍, ബ്രണ്ടന്‍ ബര്‍ഗ്, ബ്രീമെന്‍, ഹെഡ്ഡെ, ഹാംബര്‍ഗ് തുടങ്ങി 16 സംസ്ഥാനങ്ങള്‍ ജര്‍മ്മനിയിലുണ്ട്. ഹിറ്റ്ലര്‍ കിഴക്കന്‍ സ്ലാവിക് രാജ്യങ്ങളും ഓസ്ത്രിയ, ഹംഗറി, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളും ആര്യവംശത്തിന്റെ ദേശങ്ങളായി കണക്കാക്കുന്നു. ചുരുക്കത്തില്‍ അറിയപ്പെടുന്ന മനുഷ്യവംശ ചരിത്രത്തില്‍ എവിടെയും നമുക്ക് വേര്‍തിരിച്ച് കണ്ടെത്താനാവാത്ത ഒരു വ്യാജനിര്‍മ്മിതിയായിരുന്നു ഹിറ്റ്ലറുടെ ആര്യവംശ മാഹാത്മ്യത്തെക്കുറിച്ചുള്ള കള്ളക്കഥകള്‍. ഈ കപട ചരിത്രാഭാസത്തിന് പ്രചരണം നല്‍കിയവര്‍ക്കെല്ലാം ഇതൊക്കെ നുണയാണ് എന്ന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു. നാസി പാര്‍ട്ടിയുടെയും എസ്എസിന്റെയും തലപ്പത്തുണ്ടായിരുന്നവര്‍ പലപ്പോഴും തമ്മിലുള്ള കിടമത്സരങ്ങളില്‍ പോലും ‘ശുദ്ധമായ ആര്യന്‍മാരാണ്’ എന്ന നുണ ഉപയോഗിക്കാറുണ്ടായിരുന്നു.

 


ഇതുകൂടി വായിക്കൂ; ഗാന്ധിജിയിൽ നിന്ന് മോഡിയിലേക്കും അയോധ്യയിൽ നിന്ന് മഥുരയിലേക്കും


എന്തിനാണ് ഒരു അര്‍ധ ജൂതന്‍ ആര്യന്‍ വംശമാഹാത്മ്യത്തെക്കുറിച്ചുള്ള ഈ കള്ളക്കഥകള്‍ സൃഷ്ടിച്ചത്? മറ്റ് മനുഷ്യവര്‍ഗങ്ങള്‍ ഈ സാങ്കല്പിക വര്‍ഗത്തെക്കാള്‍ അധമമാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി; അശുദ്ധമായ മറ്റെല്ലാ വംശങ്ങളില്‍ നിന്നും രാഷ്ട്രത്തെ ശുദ്ധീകരിക്കുവാന്‍ വേണ്ടി. അപ്പോള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട അധമവംശങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം വംശീയമായി വ്യതിരിക്തമായി കുറേയെങ്കിലും വേര്‍തിരിച്ച് കാണുവാന്‍ സാധിക്കുന്ന ജനവിഭാഗം അന്ന് പ്രായേണ ദരിദ്രരായ, ഗെട്ടോകളില്‍ ഒരുമിച്ച് താമസിക്കുന്ന, വ്യത്യസ്തമായ വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്ന ജൂതമതക്കാരായിരുന്നു. എന്നാല്‍ ഇത്തരം ഭ്രാന്തന്‍ ആശയങ്ങള്‍ ജര്‍മ്മനിയെപ്പോലെ ഒരു പരിഷ്കൃത സമൂഹത്തില്‍ വേരോടിക്കുവാന്‍ എങ്ങനെയാണ് ഹിറ്റ്ലറിന് സാധിച്ചത് എന്ന കാര്യമാണ് പരിശോധിക്കപ്പെടേണ്ടത്. 1918ല്‍ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ജര്‍മ്മനിയില്‍ സ്ഥാപിതമായ വെയ്മര്‍ റിപ്പബ്ലിക് എന്ന ജനാധിപത്യ ഭരണകൂടത്തിന്, ഒന്നാം ലോകമഹായുദ്ധത്തിലെ തോല്‍വിക്ക് ഐക്യകക്ഷികള്‍ക്ക് ജര്‍മ്മനി നല്‍കേണ്ടിവന്ന വലിയ നഷ്ടപരിഹാരത്തുകയും വ്യാപാര നിരോധനങ്ങളും അപമാനവും എല്ലാം ചേര്‍ന്ന് ആ രാജ്യത്ത് സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് കരകേറ്റാനായില്ല. ഈ സന്ദര്‍ഭം മുതലെടുത്തുകൊണ്ടാണ് ഹിറ്റ്ലര്‍ സ്വന്തം ആശയം വ്യാപകമായി പ്രചരിപ്പിക്കാന്‍ ഒരുങ്ങിയത്. വേഴ്‌സാലിസ് ഉടമ്പടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ആരംഭിച്ച ഹിറ്റ്ലര്‍ പാന്‍-ജര്‍മ്മനിസം, കമ്മ്യൂണിസം, സോഷ്യലിസം ഇവയ്ക്കെല്ലാമെതിരെ കപട വംശീയതയിലൂന്നിയ തത്വശാസ്ത്രം പ്രചരിപ്പിക്കുകയും യഹൂദ വംശജര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഹിറ്റ്ലറുടെ പ്രചരണങ്ങളെ ആദ്യം പരിഹസിച്ച് തള്ളുകയും 1932 നവംബറില്‍ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ നാസി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പോലും ആ പാര്‍ട്ടിക്കെതിരെ ഒരുമിച്ച് ഒരു കൂട്ടുകക്ഷി സഖ്യമെങ്കിലും രൂപീകരിക്കാനാവാതെ ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ പരസ്പരം പോരടിച്ച സാഹചര്യം മുതലാക്കിയാണ് ഹിറ്റ്ലര്‍ യാഥാസ്ഥിതിക നേതാക്കളുടെ പിന്തുണയോടെ തന്നെ ചാന്‍സലറാക്കാന്‍ പ്രസിഡന്റ് ഹിന്‍ഡന്‍ ബര്‍ഗിനെ നിര്‍ബന്ധിക്കുന്നത്.

1933 ജനുവരി 30ന് ജര്‍മ്മന്‍ ചാന്‍സലറായി നിയമിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്ലര്‍ ഫെബ്രുവരി 27ന് സ്വന്തം ഗുണ്ടാപ്പടയെ ഉപയോഗിച്ച് ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീവയ്ക്കുകയും ആ കുറ്റകൃത്യം കമ്മ്യൂണിസ്റ്റുകളുടെമേല്‍ ചാര്‍ത്തുകയും ചെയ്തു. ഈ അവസരം ഉപയോഗിച്ച് വെയ്മര്‍ ഭരണഘടനയെ അപ്രസക്തമാക്കിക്കൊണ്ട് ചാന്‍സലറുടെ ഉത്തരവുകളെല്ലാം 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ നിയമമാവുമെന്ന ‘ഇനേബളിങ് ആക്ട്’ കൊണ്ടുവന്നു. വ്യാപകമായ അക്രമങ്ങളിലൂടെ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫിസുകള്‍ ഗുണ്ടാപ്പടയെ ഉപയോഗിച്ച് തകര്‍ത്തു. കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി. എന്നിട്ടും 1933 മാര്‍ച്ച് അഞ്ചിന് നടത്തിയ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജര്‍മ്മന്‍കാരും നാസി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല എന്നുകൂടി നമ്മള്‍ മനസിലാക്കണം. ഭീഷണിയും, കൃത്രിമവും കെെക്കൂലിയും വഴി യാഥാസ്ഥിതിക കക്ഷിയെയും ദേശീയവാദികളെയും കയ്യിലെടുത്താണ് നാസികള്‍ അധികാരത്തിലേറുന്നതും മാര്‍ച്ച് പകുതിയോടെ, ട്രേഡ് യൂണിയന്‍ നേതാക്കളെയും കമ്മ്യൂണിസ്റ്റുകളെയും മറ്റ് ജനാധിപത്യ വാദികളെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നതും.
1933 മാര്‍ച്ച് 23ന് ധൃതിയില്‍ ‘ജര്‍മ്മന്‍ ജനതയുടെ വെെഷമ്യങ്ങള്‍ അകറ്റാനുള്ള നിയമം’ എന്ന പേരില്‍ ഇനേബളിങ് ആക്ട് പാര്‍ലമെന്റില്‍ പാസാക്കി. ജൂലെെ മാസത്തോടെ ജര്‍മ്മനിയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായി നാസി പാര്‍ട്ടിയെ പ്രഖ്യാപിച്ചു. 1945ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി കീഴടങ്ങുന്നതുവരെ ഈ നിയമം തുടര്‍ന്നു. 1933 മുതല്‍ 45 വരെയുള്ള കാലത്ത് നാസികള്‍ കൊന്നൊടുക്കിയത് ആറ് ദശലക്ഷം ജൂതന്‍മാരെയും 15 ലക്ഷം റൊമാനികളെയും രണ്ട് ദശലക്ഷം പോളണ്ടുകാരെയും മൂന്ന് ദശലക്ഷം സോവിയറ്റ് യുദ്ധത്തടവുകാരെയും എണ്ണം തിട്ടപ്പെടുത്താത്ത ജിപ്സി നാടോടികളെയുമാണ്. ഇതിന് പുറമെയാണ് കമ്മ്യൂണിസ്റ്റുകള്‍, രാഷ്ട്രീയ എതിരാളികള്‍, യഹോവാ സാക്ഷികള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, അഡ്‌വെന്റിസ്റ്റുകള്‍, ശാരീരികമായും മാനസികമായും വെെകല്യമുണ്ടായിരുന്നവര്‍ തുടങ്ങിയവര്‍. നാസികളുടെ ദൃഷ്ടിയില്‍ ആര്യന്മാരല്ലാതിരുന്ന എല്ലാവര്‍ക്കും പൗരത്വം നിഷേധിക്കപ്പെട്ടു. ജിപ്സികളെയും കറുത്തവരെയും വിവാഹം കഴിച്ചവര്‍ക്കും പൗരത്വം നിഷേധിക്കപ്പെട്ടു.

 


ഇതുകൂടി വായിക്കൂ; വേണ്ടത് ചരിത്ര ബോധവൽക്കരണം


ഓരോ ദിവസവും അരങ്ങേറിയ പുതിയ വെെകൃതങ്ങളിലൂടെ കടന്നുപോയ പേടിസ്വപ്നമായിരുന്നു 1933 മുതല്‍ 45 വരെയുള്ള ഹിറ്റ്ലറുടെ ഭരണകാലം. നാസികള്‍ കൊന്നൊടുക്കിയ നിരപരാധികളുടെ കണക്ക് ഒരിക്കലും പൂര്‍ണമാവുന്നില്ല. ഹിറ്റ്ലര്‍ എന്ന വ്യക്തി ജര്‍മ്മന്‍ ജനതയ്ക്ക് മുന്നില്‍ സൃഷ്ടിച്ച വ്യക്തിപരമായ പ്രതിച്ഛായ, രാഷ്ട്രത്തിനുവേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച കുടുംബജീവിതമില്ലാത്ത, സസ്യഭുക്കായ, മദ്യപിക്കാത്ത ആഡംബരങ്ങളില്‍ ആര്‍ത്തിയില്ലാത്ത ബ്രഹ്മചാരി എന്നതായിരുന്നു എന്നുകൂടി നമ്മളോര്‍ക്കണം. ജര്‍മ്മനിയിലെ കോടീശ്വരന്മാരായ വ്യവസായികളാണ് ഹിറ്റ്ലറെയും നാസി പാര്‍ട്ടിയെയും സാമ്പത്തികമായി സഹായിച്ചത്. പകരമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ച മനുഷ്യരെ മരണംവരെ ഈ വ്യവസായികളുടെ ഫാക്ടറികളില്‍ കൂലിയില്ലാതെ ജോലി ചെയ്യാന്‍ നാസികള്‍ വിട്ടുകൊടുത്തു. അവര്‍ മരണംവരെ കൂലിയില്ലാതെ ചെയ്ത ജോലിയുടെ ഫലമായി ഉല്പാദിപ്പിക്കപ്പെട്ട ഉല്പന്നങ്ങളാണ് അന്ന് ജര്‍മ്മനിയുടെ വ്യാവസായിക വളര്‍ച്ചയായി മുദ്രകുത്തപ്പെട്ടത് എന്നുകൂടി നമ്മളറിയണം. ലോകത്തെവിടെയും ഫാസിസത്തിന്റെ വളര്‍ച്ച, യോജിച്ചെതിര്‍ത്ത് തോല്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ആ ജനതയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളായിരിക്കും എന്നാണ് ജര്‍മ്മനിയിലെ നാസി ഭരണകാലം നമ്മെ വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. മറ്റൊരു കാര്യംകൂടി വളരെ പ്രസക്തമാണ്. ജര്‍മ്മനിയിലെ ഭൂരിപക്ഷം ജനങ്ങളും ഹിറ്റ്ലറെയോ നാസികളെയോ അംഗീകരിച്ചിരുന്നില്ല. എന്നും ഉന്നതതലങ്ങളില്‍ ഹിറ്റ്ലര്‍ നടത്തിയ ഉപജാപങ്ങളിലൂടെയും ഭീഷണികളിലൂടെയും കെെക്കൂലിയിലൂടെയും കൃത്രിമങ്ങളിലൂടെയും ജര്‍മ്മനിയിലെ കോര്‍പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെയാണ് ഹിറ്റ്ലര്‍ അധികാരത്തിലെത്തിയത്. ജര്‍മ്മന്‍ ജനതയ്ക്ക് തീരാത്ത ദുരിതം സമ്മാനിച്ച, അവര്‍ ആഗ്രഹിക്കാത്ത നാസി ഭരണത്തിന്റെ ഗുണങ്ങള്‍ ലഭിച്ചത് മനുഷ്യത്വം തൊട്ടുതീണ്ടാത്ത കുറേ ഗുണ്ടകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രമായിരുന്നു. നാസികളുടെ അധികാരത്തിലേക്കുള്ള ആരോഹണത്തിന്റെ ഉത്തരവാദിത്തം ജര്‍മ്മന്‍ ജനതയ്ക്കായിരുന്നില്ല, ഹിറ്റ്ലര്‍ ഉയര്‍ത്തിയ ഭീഷണി നിസാരമായി കണ്ട് പരസ്പരം പോരടിക്കുന്നതില്‍ മുഴുകിയ ജര്‍മ്മനിയിലെ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ക്ക് തന്നെ ആയിരുന്നു എന്ന വസ്തുത ഏതൊരു ജനാധിപത്യ രാജ്യത്തെയും മതനിരപേക്ഷ കക്ഷികള്‍ക്ക് പാഠമാവേണ്ടതാണ്. നാസികള്‍ ചരിത്രത്തില്‍ മറഞ്ഞുപോയിട്ടില്ല.

Exit mobile version