5 March 2024, Tuesday

വേണ്ടത് ചരിത്ര ബോധവൽക്കരണം

അജിത് കൊളാടി
വാക്ക്
February 10, 2024 4:15 am

ങ്ങേയറ്റം ദുഷ്കരമായ ഒരു കാലത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്നത്. പരമാധികാരം എന്ന സങ്കല്പത്തെ ഭരണഘടനയുടെ തന്നെ സൗകര്യത്തിൽ ദുർനയങ്ങൾക്കുള്ള മറയാക്കുന്ന ഒരു മൃത്യുരാഷ്ട്രീയം (നിക്രോ പൊളിറ്റിക്സ് ) ഒരു വശത്ത് ആൾക്കൂട്ട നീതിയിലൂടെയും മറുവശത്ത് മനുഷ്യവിരുദ്ധ നിയമനിർമ്മാണങ്ങളിലൂടെയും രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കർഷകസമരത്തിൽ നിരവധി പേർ ജീവത്യാഗം ചെയ്യേണ്ടിവന്നതും, വംശഹത്യയിലൂടെയും, വർഗീയ കലാപങ്ങളിലൂടെയും മനുഷ്യരുടെ ജീവൻ അപഹരിക്കപ്പെടുന്നതും, ഒരു മതം മറ്റെല്ലാ മതത്തിനെക്കാളും മേലെയാണ് എന്ന് ഉദ്ഘോഷിക്കുന്നതും ഭരണകൂടത്തിന്റെ മനുഷ്യവിരുദ്ധ നയങ്ങളെ കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്നു എന്നതു തന്നെ മൃത്യുരാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തിന്റെ തെളിവാണ്.
പരമാധികാരം കോളനിക്കാലം മുതൽ പുലർത്തിപ്പോന്നിട്ടുള്ളത് ജൈവരാഷ്ട്രീയത്തെക്കാളധികം ഒരു മൃത്യുരാഷ്ട്രീയം തന്നെയാണെന്ന് ഫ്രഞ്ച് ചരിത്രകാരനും തത്വചിന്തകനുമായ മൈക്കിൾ ഫൂക്കോയെയും, ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബനെയും വസ്തുനിഷ്ഠമായി പഠിച്ച് കാമറൂണിയൻ ചരിത്രകാരനായ അഷീൽ മെംമ്പേ ചൂണ്ടിക്കാട്ടിയുണ്ട്. ഈ സമീപനത്തിന്റെ വിശകലനപരവും രാഷ്ട്രീയവുമായ പ്രസക്തി കൂടുതൽ ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ ഇന്ത്യൻ അവസ്ഥ എന്നത് അവിതർക്കിതമാണ്.
അപരരെ സൃഷ്ടിക്കുകയും ക്രമേണ അവരുടെ പൗരത്വം ചോദ്യം ചെയ്യുകയുമാണ് മൃത്യു രാഷ്ട്രീയത്തിന്റെ പ്രാഥമിക പ്രവണത. പൗരത്വം ആധുനിക ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന ആവശ്യമാണ്. പൗരത്വത്തിന്റെ ഉറപ്പിലാണ് ആളുകൾ ഉണരുന്നതും ഉറങ്ങുന്നതും. അതിനുമേൽ സംശയം സൃഷ്ടിക്കുക എന്നുപറഞ്ഞാൽ ജൈവികാസ്തിത്വത്തിൽ അരക്ഷിതാവസ്ഥ സംജാതമാക്കലാണ്. അതോടെ വ്യക്തി ആരുമല്ലാതാകുന്നു. ഒരാൾ ആരാണ് എന്നതു തന്നെ അപ്രധാനമാകുന്നു. നിയമപരമായ കർതൃത്വം റദ്ദ് ചെയ്യപ്പെടുന്നു. അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്ത, നിയമ പ്രാബല്യമില്ലാത്ത ഒരു ജീവിതത്തിന്റെ അസ്ഥിരത്വം വ്യക്തിയുടെ നിത്യാനുഭവമാക്കുക എന്നതാണ് പൗരത്വ രാഹിത്യത്തിന്റെ മുഖമുദ്ര. ഇതൊക്കെ ഭരണാധികാരികൾ അനുവർത്തിക്കുന്ന മൃത്യുരാഷ്ട്രീയത്തിന്റെ തെളിവുകളാണ്.


ഇതുകൂടി വായിക്കൂ;  ഒരു ചരിത്രം അവസാനിക്കുന്നു


ഇത്തരം ഭയാനകമായ സാഹചര്യത്തിൽ ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിച്ചേ മതിയാകൂ. ചരിത്രം മുഴുവൻ വികൃതമാക്കപ്പെടുമ്പോള്‍ സത്യം ഉറക്കെ വിളിച്ചു പറയണം. അതാകണം ഒരു ഇടതുപക്ഷ മതേതര മനസിന്റെ പ്രഥമ ഉത്തരവാദിത്തം. മൗനം ഭൂഷണം എന്ന് കരുതുന്നത് ഭയാനകമായ അപകടം വരുത്തും. മുഗൾ രാജവംശത്തിന്റെ ചരിത്രവും, ഗാന്ധി വധത്തെ കുറിച്ചുള്ള ഭാഗവും ചരിത്ര പാo പുസ്തകങ്ങളിൽ നിന്ന് നീക്കപ്പെട്ടു കഴിഞ്ഞ കാലത്ത്, നെഹ്രു ചരിത്രത്തിൽ നിന്ന് തിരസ്കരിക്കപ്പെടുമ്പോൾ, സർദാർ പട്ടേലിനെ വെറും ഒരു പ്രതിമയാക്കിയപ്പോൾ, ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗങ്ങൾ പുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ, ടിപ്പു സുൽത്താന്റെ ചരിത്രം ദുർവ്യാഖ്യാനിക്കപ്പെടുമ്പോൾ, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പാഠ്യവിഷയമാക്കണ്ട എന്നു തീരുമാനിക്കപ്പെടുമ്പോൾ, സയൻസ് കോൺഗ്രസിൽ വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് ഭരണപുംഗവന്മാർ പ്രസ്താവിക്കുമ്പോൾ, ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി ഉരുവിടുമ്പോൾ, നാം ത്രേതായുഗത്തിൽ തിരിച്ചെത്തി എന്ന് ഒരു മുഖ്യമന്ത്രി പറയുമ്പോൾ, ശ്രീരാമൻ തിരിച്ചുവന്നുവെന്ന് രാജ്യഭരണാധികാരി പറയുമ്പോൾ, മണിപ്പൂരിൽ അതിക്രൂരമായ മനുഷ്യ വേട്ട നടക്കുമ്പോൾ, ഓരോ പള്ളിക്കടിയിലും ക്ഷേത്രങ്ങളാണെന്ന് പ്രഖ്യാപിക്കുമ്പോള്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോൾ, ഭരണഘടനയെ തകർത്തെറിയുമ്പോൾ, ചെങ്കോൽ പിടിച്ച് പ്രധാനമന്ത്രി പാർലമെന്റിലേക്ക് പ്രവേശിക്കുമ്പോൾ, പ്രധാനമന്ത്രി പ്രധാന പൂജാരിയാകുമ്പോൾ, സാമൂഹിക സാമ്പത്തിക അസമത്വം ക്രമാതീതമായി വർധിക്കുമ്പോൾ, ലോക വിശപ്പ് സൂചികയില്‍ ദാരിദ്ര്യം വർധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുമ്പോൾ, പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് അന്താരാഷ്ട്ര ഏജൻസികൾ പറയുമ്പോൾ, സ്ത്രീ സ്വാതന്ത്ര്യം അതിക്രൂരമായി ചവിട്ടിമെതിക്കപ്പെടുമ്പോള്‍, തൊഴിലില്ലായ്മ ഉയരുമ്പോള്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത, ബ്രിട്ടീഷ് സാമ്രാജ്യത്തിന് മാപ്പെഴുതിക്കൊടുത്ത ഹിന്ദുത്വ ശക്തികൾ അപ്രമാദിത്വം നേടുന്നത് ചരിത്രത്തെയും സംസ്കാരത്തെയും ദുർവ്യാഖ്യാനിച്ചുകൊണ്ടാണ്. അതുകൊണ്ട് ചരിത്ര സത്യങ്ങൾ ഉറക്കെ വിളിച്ചു പറയണം. ഗഹനമായ ചിന്തകളെ പ്രവഹിപ്പിക്കണം. അതാണ് ഇടതുപക്ഷത്തിന്റെ കടമ.
ഭൂതകാലത്തിന്റെ സംഭരണശാലകളിൽ നിന്ന് അഗ്നിയും വെളിച്ചവും വർത്തമാന കാലത്തിനു വേണ്ടി വീണ്ടെടുക്കണം. അപ്പോൾ നമ്മൾ ചരിത്രബോധത്തിന്റെ കാവൽക്കാരായി തീരും. സാമൂഹ്യജീവിയായ മനുഷ്യൻ എന്തു ചെയ്തു എന്നതിനെക്കാൾ എന്ത് ചിന്തിച്ചു എന്നതായിരിക്കണം ചരിത്രാന്വേഷണത്തിന്റെ പ്രധാന മേഖല. എന്ത് ചിന്തിച്ചു എന്നതു കൊണ്ട് എന്ത് ചെയ്തു എന്നർത്ഥമാകുന്നില്ല. പക്ഷെ, അത് മനുഷ്യ സമൂഹത്തിന്റെ ക്രിയാത്മക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. ചിന്തയാണ് പ്രമുഖ ഘടകം. ആശയങ്ങളാണ് മുന്നോട്ടു നയിക്കുക. ആശയങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനവും, മാനവ വിമോചനത്തിന്റെ ആശയങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുമാണ് മുന്നോട്ടു ഗമിക്കാനുള്ള ശക്തി പകരുന്നത്.


ഇതുകൂടി വായിക്കൂ;  തോട്ടികളുടെ ചരിത്രം തിരുത്തിയാൽ ചോദിക്കാനൊരു പുസ്തകമുണ്ട്


ഇന്നിപ്പോൾ നടക്കുന്നത് ചരിത്രത്തില്‍ കല്പിത കഥകളുടെ പ്രവാഹമാണ്. ഇതിനെ പ്രതിരോധിക്കാൻ യുക്തിബോധം കൊണ്ടേ സാധിക്കൂ. മധ്യവർഗത്തിന്റെ ഭയാശങ്കകളാണ് ഫാസിസ്റ്റ് ഭരണത്തിന്റെ മുതൽക്കൂട്ട്. അവരെ ഒരർത്ഥത്തിൽ ഫാസിസ്റ്റുകൾ തടങ്കലിലിടുന്നു. അവരുടെ അത്യാർത്തിയെയും ഭരണാധികാരികൾ തടവു പുള്ളികളാക്കുന്നു. ഇന്നത്തെ ഭരണാധികാരികൾ അധികാരത്തിന്റെ കേന്ദ്രീകരണത്താൽ മാത്രമാണ് ചലിക്കപ്പെടുന്നത്. മാനുഷിക തലത്തിൽ ഇത്തരം വ്യക്തികൾക്ക് യാതൊരു ഭൂതദയയുമില്ല. അധികാരം നിലനിർത്തുക എന്നതു മാത്രം ലക്ഷ്യമുള്ളതുകൊണ്ട്, അതിനു വേണ്ടി അവർ ചരിത്രത്തെ വളച്ചൊടിക്കും. ചിലരുടെ ചരിത്രം പൂർണമായും തള്ളിക്കളയും. മിത്തുകളെ സത്യങ്ങളായി വിളമ്പും. ചരിത്രവും ഭൂമിശാസ്ത്രവും തിരുത്തും. ശ്രീരാമാന്റെ നാമത്തിൽ ഇന്ത്യൻ സമൂഹത്തിൽ വർഗീയവല്‍ക്കരണമാണ് ഇപ്പോൾ നടക്കുന്നത്. ശ്രീരാമ നാമം ഇന്ത്യൻ മനസിനെ വെട്ടിമുറിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ദുരന്തം.
ഈ രാജ്യത്തിൽ ഒഴുകി വരുന്ന ഗംഗയുടെയും ബ്രഹ്മപുത്രയുടെയും ഗോദാവരിയുടെയും കാവേരിയുടെയും ഭാരതപ്പുഴയുടേതുമായ ഒരു ജീവിതമുണ്ട്. വളഞ്ഞും തിരിഞ്ഞും പോയിട്ട് അവസാനം അതിവിപുലമായ സാഗരത്തിൽ ചെന്ന് വിലയം പ്രാപിക്കുന്ന ഒരു മഹാജീവിതം. ആ മഹാജീവിതം ഇല്ലാതാക്കാനാണ് ചരിത്രം വികൃതമാക്കുന്നതും പാഠപുസ്തകങ്ങളിൽ നിന്ന് ഭ്രഷ്ട് കല്പിക്കുന്നതും. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള വേർതിരിവിനെ അപ്രസക്തമാക്കിക്കൊണ്ടാണ് സംസ്കാര വ്യവസായം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ത്യയെപ്പോലെ കൊളോണിയൽ അനുഭവത്തിലൂടെ കടന്നുപോകുന്ന സമൂഹത്തിൽ സംസ്കാര വ്യവസായം പുതിയ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ജാതീയവും മതപരവുമായ മൂല്യങ്ങളാൽ നിർണയിക്കപ്പെട്ട പാരമ്പര്യ സമൂഹങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയെ എല്ലാം സാംസ്കാരിക വ്യവസായത്തിന്റെ ഭാഗമാക്കാൻ മൂലധന ശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു.


ഇതുകൂടി വായിക്കൂ;  ചരിത്രം സാക്ഷി


ഹിന്ദുത്വ വാദികളുടെ താല്പര്യങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതാൻ കഴിയുന്ന ഒരു പുസ്തകമല്ല ചരിത്രം. അത് മനുഷ്യനെ ഭാവിയിൽ വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും നടുവിൽ സഞ്ചരിക്കുന്ന വർത്തമാനകാലത്തിന്റെ ഇടനാഴിയാണ്. ചരിത്രം നിശ്ചലവുമല്ല. അതിന് കാലാകാലങ്ങളിൽ വ്യാഖ്യാനങ്ങളും പാഠഭേദങ്ങളും ഉണ്ടാകാറുണ്ട്. ചരിത്രം എപ്പോഴും കൈകാര്യം ചെയ്യുന്നത് അധീശ ശക്തികളാണ്. അവരുടെ താല്പര്യങ്ങൾക്കനുസൃതമായി ചരിത്രം രചിക്കാനും അതിനായുള്ള പശ്ചാത്തലം ഒരുക്കുവാനുമുള്ള ബുദ്ധിജീവികളെ അവർ സൃഷ്ടിക്കും. ഇതിനൊക്കെ എതിരായി കനത്ത ജാഗ്രത പുലർത്തണം മതേതര ജനാധിപത്യ ഇടതുപക്ഷ പ്രവർത്തകർ.
ചരിത്രം രചിച്ചിട്ടുള്ളത് രാജാക്കന്മാരോ ഭരണാധികാരികളോ ഫാസിസ്റ്റുകളോ ആണെന്നുള്ള വാദം തെറ്റാണ്. പ്രസിദ്ധ ചരിത്രകാരൻ ഡി ഡി കൊസംബിയുടെ ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. “നിങ്ങൾ ചരിത്രത്തെ സമീപിക്കുമ്പോൾ രാജാവിന്റെ കിരീടത്തിൽ എത്ര രത്നങ്ങളുണ്ട് എന്നല്ല നോക്കേണ്ടത്, മറിച്ച് ആ നാട്ടിലെ കർഷകൻ ഉഴുന്ന കലപ്പയുടെ രീതി എന്താണെന്ന് നോക്കണം”. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ് എന്നാണ് ഈ നിരീക്ഷണത്തിന്റെ സാരം. ജനങ്ങളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ചരിത്രവും ലോകത്തില്ല. ചരിത്രത്തിന്റെ ജീവവായു ജനങ്ങളും ജനപഥങ്ങളും ജീവിത വ്യാപാരങ്ങളുമാണെന്ന സത്യം നിഷേധിച്ചുകൊണ്ട് ചരിത്രത്തെ സമീപിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സത്യം ഉറക്കെ വിളിച്ചു പറയുക. ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുക, പഠിപ്പിക്കുക. അതാണ് ഫാസിസത്തിനെതിരെയുള്ള ശക്തമായ പ്രതിരോധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.