Site iconSite icon Janayugom Online

നിന്റെ അമ്മ വന്യമൃഗമോ!

തിരുവനന്തപുരത്തെ പോത്തന്‍കോട് രണ്ടു സഹോദരന്മാരുണ്ടായിരുന്നു. സത്യനും സുധാകരനും. തികഞ്ഞ നാടക പ്രതിഭകളായ സഹോദരന്മാര്‍. ഇടയ്ക്കിടെ ഇരുവരും ചേര്‍ന്ന് നാടകങ്ങള്‍ എഴുതി അവതരിപ്പിക്കും. നാടകം കാണാന്‍ വന്‍ ജനക്കൂട്ടവുമായിരിക്കും. ഒരു നാടകത്തില്‍ സത്യന്‍ പിതാവും സുധാകരന്‍ പുത്രനുമായാണ് വേഷങ്ങള്‍. പുത്രന്‍ പിതാശ്രീയോടു പറഞ്ഞു. ‘അച്ഛാ അമ്മ അത്ര ശരിയല്ല.’ അന്നും ഇന്നും വേദിയില്‍ മറഞ്ഞുനിന്ന് സംഭാഷണം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞുകൊടുക്കുന്ന പ്രോംപ്റ്റര്‍ എന്നൊരു കക്ഷിയുണ്ടാകും. കഥാപാത്രങ്ങള്‍ സംഭാഷണം മറന്നുപോകുമ്പോള്‍ ഈ പ്രോംപ്റ്റര്‍ ആയിരിക്കും തുണ. പുത്രന്‍ അമ്മയെപ്പറ്റി മോശമായി പറഞ്ഞപ്പോള്‍ ക്രൂദ്ധനായ പിതാവ് സത്യന്‍ മറുപടി സംഭാഷണം മറന്നുപോയി. അമ്മ അത്ര ശരിയല്ല എന്ന് മകന്‍ പറഞ്ഞതിനു മറുപടിയായി പറയേണ്ട വാചകമാണ് മറന്നുപോയത്. ഉടന്‍ പ്രോംപ്റ്റര്‍ സംഭാഷണം പറഞ്ഞുകൊടുത്തു; ‘നിന്റെ അമ്മ അന്യവളോ.’ സത്യന്‍ ഉടന്‍ വിളിച്ചു പറഞ്ഞു; ‘എടാ മോനേ സുധാകരാ നിന്റെ അമ്മ വന്യമൃഗമോ! അന്യവളല്ലാത്ത അമ്മയെ അങ്ങനെ ഭര്‍ത്താവ് വന്യമൃഗമാക്കി എന്നാണ് സംഭവകഥ.

 


ഇതുകൂടി വായിക്കു; കോഴി മൃഗമായാലും മനുഷ്യരെല്ലാം മനുഷ്യരാകണം


ഗുജറാത്തിലെ ഒരു കോടതിയില്‍ നടക്കുന്ന ഒരു കേസിലെ വിസ്താരം കേട്ടപ്പോഴാണ് അന്യവള്‍ വന്യമൃഗമായി മാറിയ കഥ ഓര്‍മ്മവന്നത്. കോഴി ഗുജറാത്തിലെ നിയമമനുസരിച്ച് മൃഗമാണെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഉറുമ്പിനെയും മൂട്ടയെയും വന്യമൃഗങ്ങള്‍ എന്നു ചാപ്പകുത്താന്‍ ബിജെപിക്കാര്‍ക്കല്ലാതെ ഈ ദുനിയാവില്‍ ആര്‍ക്കുകഴിയും. കോഴി മൃഗമായതിനാല്‍ അവയെ അറവുശാലകളില്‍ മാത്രമേ കശാപ്പു ചെയ്യാവൂ എന്നാണ് സര്‍ക്കാരിന്റെ വാദം. പ്രാവിനെ ഭക്ഷിക്കുന്നവരുണ്ടല്ലോ എന്ന് കോടതിയുടെ ചോദ്യം. പ്രാവും മൃഗമായതിനാല്‍ അവയെയും അറവുശാലകളിലേ കശാപ്പു ചെയ്യാവൂ എന്ന് സര്‍ക്കാര്‍ വക്കീല്‍. വളര്‍ത്തുകോഴി നിയമമനുസരിച്ച് കശാപ്പു ചെയ്യാത്തതിന് വീട്ടുകാരനെതിരെ കേസെടുത്ത് അകത്താക്കാമെന്ന മട്ടില്‍ നീണ്ടുപോയി ബിജെപി വക്കീലിന്റെ വാദം. ബിജെപിക്കാര്‍ക്കല്ലാതെ ബ്രഹ്മാണ്ഡത്തില്‍ മറ്റാര്‍ക്കു കഴിയും ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍.
ഭൂലോകത്ത് കോടാനുകോടി ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമുണ്ട്. ഡോക്ടറേറ്റുള്ളവരും ലക്ഷക്കണക്കിന്. പണ്ട് ഡിഗ്രി പാസാകുന്നത് കേരളത്തില്‍ ഒരു മഹാകാര്യമായിരുന്നു. ബിരുദമെടുക്കുന്നവരുടെ ചിത്രം സഹിതം പത്രങ്ങളില്‍ വാര്‍ത്തവരാറുമുണ്ടായിരുന്നു.

പിന്നീടങ്ങോട്ട് ഡിഗ്രി എന്നല്ല ഡോക്ടറേറ്റ് ലഭിക്കുന്നതുപോലും വാര്‍ത്തയല്ലാതായി. പക്ഷേ ഒരാള്‍ ഡിഗ്രിയും ബിരുദാനന്തര ബിരുദവും പാസായിട്ടുണ്ടെന്ന് മറ്റു ചിലര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞാലോ! നമ്മുടെ പ്രധാനമന്ത്രി മോഡി ‘78ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്ന് പണ്ട് കേന്ദ്രമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും ‘83ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രി അമിത് ഷായും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി വെളിപ്പെടുത്തിയപ്പോള്‍ ജനത്തിന് സംശയം മൂക്കുന്നു. ഇന്നസെന്റ് ശൈലിയില്‍ ജനം ചോദിക്കുന്നു, മോഡി അളിയോ അളിയന്റെ ഡിഗ്രി സ്വപ്നയുടേതു പോലെയോ മറ്റോ ആണോ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണെങ്കില്‍ സത്യമറിഞ്ഞേ പറ്റു. ഗുജറാത്തില്‍ത്തന്നെ ഇതറിയാന്‍ കേസു കൊടുത്തു. അതും വിവരാവകാശ നിയമപ്രകാരം. വിവരാവകാശ നിയമമനുസരിച്ച് മോഡിയുടെ ബിരുദം ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് കോടതി. പോരാഞ്ഞ് കാല്‍ലക്ഷം പിഴയും. മോഡിയുടെ ഡിഗ്രി സ്വകാര്യതയെങ്കില്‍ മാധ്യമ സമ്മേളനം വിളിച്ച് സ്വകാര്യത ലംഘിച്ച അരുണ്‍ ജെയ്റ്റ്ലിക്കും അമിത് ഷായ്ക്കുമെതിരെ കേസില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ല പിതൃശൂന്യതയെന്നല്ലേ വിളിക്കേണ്ടത്.


ഇതുകൂടി വായിക്കു; ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


 

പണ്ടൊരു നമ്പൂതിരി യാത്രയ്ക്കിടെ അമേധ്യത്തില്‍ ചവിട്ടി. ചവിട്ടിയതെന്താണെന്നറിയാന്‍ കയ്യില്‍ തൊട്ട് വാസനിച്ചു. അയ്യേ എന്നു പറയുമ്പോഴേക്കും മൂക്കിലും മുഖത്തും അമേധ്യം. മോശം മോശം എന്ന് അരുളിചെയ്ത് കൈപ്പത്തിയില്‍ തുടച്ചു. പിന്നെ കാലിലേക്ക്. ദേഹമാസകലം അമേധ്യം. കഥയിലെ നമ്പൂതിരിയെപ്പോലായി നമ്മുടെ കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖിലാ എസ് നായര്‍ നവവത്സരപ്പിറവിദിനത്തില്‍ യൂണിഫോമില്‍ ‘ശമ്പളരഹിതദിനം 41-ാം ദിവസം’ എന്ന കുഞ്ഞു ബാഡ്ജ് കുത്തി ജോലി ചെയ്തു. മാസം മൂന്നു കടന്നപ്പോള്‍ ഐതിഹാസികമായ വൈക്കം സത്യഗ്രഹവാര്‍ഷികദിനത്തില്‍ അഖിലയെ പാലായിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കി. ഗതാഗത വകുപ്പില്‍ നിശബ്ദ പ്രതിഷേധം പോയിട്ട് പ്രചണ്ഡ പ്രതിഷേധം പോലും നിരോധിച്ചിട്ടില്ല. ശമ്പള നിഷേധമെന്ന ബാഡ്ജിലെ വാക്കുകളും അക്ഷരംപ്രതി ശരി. ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കണം. അത് ഏത് രാഷ്ട്രീയകക്ഷിയില്‍പ്പെട്ട തൊഴിലാളിയായാലും എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. അര്‍ബുദ രോഗവിമുക്തയാണ് അഖില. തുടര്‍ചികിത്സയ്ക്കും ആഹാരത്തിനും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ഏക ആശ്രയം ശമ്പളമാണ്. ശമ്പളം കിട്ടാതെ വന്നാല്‍ ശമ്പളം കിട്ടി, എല്ലാം സുഭിക്ഷം എന്ന ബാഡ്ജ് ധരിക്കണോ. ബാഡ്ജ് കുത്തിയത് മൂന്നു മാസം കഴിഞ്ഞപ്പോള്‍ അധിക്ഷേപിക്കലാണെന്ന ഉള്‍വിളിയുണ്ടാകുന്നതെങ്ങനെ. നാടാകെ കക്ഷിവ്യത്യാസം മറന്ന് അഖിലയ്ക്ക് പിന്നില്‍ അണിനിരന്നപ്പോള്‍ ആ സ്ഥലംമാറ്റം പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം ഹൃദയദ്രവീകരണശക്തിയുള്ള ഒരു ചിത്രം കാണാനിടയായി. തേയിലത്തോട്ടത്തിലെ നടപ്പാതയില്‍ ശാന്തനായി ഉറങ്ങുന്ന കൊലയാളിയായ അരിക്കൊമ്പന്‍ എന്ന കാട്ടാന. നമ്മുടെ വനങ്ങളില്‍ 2017ല്‍ 5706 കാട്ടാനകളാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 6,000 കടന്നിട്ടുണ്ടാവും. കാട്ടാനകളെ കൊലയാളികളാക്കുന്നതും മനുഷ്യരല്ലേ. അവന്റെ സഞ്ചാരപഥങ്ങള്‍ മനുഷ്യനു പതിച്ചുകൊടുത്തു. വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ തകര്‍ത്തു. ഉള്‍ക്കാട്ടില്‍ പാര്‍ക്കുന്ന മുള്ളന്‍പന്നി ഈയിടെ തലസ്ഥാനത്തെ കടലോരഗ്രാമമായ കണിയാപുരം ചാന്നാങ്കരയിലെ സ്കൂളില്‍പ്പോലും എത്തി. തങ്ങളുടെ വഴിത്താരകളും ആവാസവ്യവസ്ഥകളും മനുഷ്യന്‍ കവര്‍ന്നെടുത്തതിന്റെ സന്തതികളാണ് അരിക്കൊമ്പനും മുറിക്കൊമ്പനും ധോണിയുമെല്ലാം. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അരിക്കൊമ്പന്റെ അമ്മയെ മനുഷ്യര്‍ വെടിവച്ചുകൊന്നു. എന്നിട്ടും അവന്‍ അതിജീവനത്തിനുവേണ്ടി ശാന്തമായി പോരടിച്ചു. മനുഷ്യന്‍ അവന്റെ വഴികളെല്ലാം മുട്ടിച്ചു. ഗതിയില്ലാഞ്ഞ് അവന്‍ തിരിച്ചടിച്ചു. കോടതി ഇടപെട്ടതോടെ അവന്റെ കാലില്‍ തല്‍ക്കാലം ചങ്ങലവീഴില്ലെന്നുറപ്പായി. അവനെ മനുഷ്യന്‍ കാടുകടത്തുന്നു. കോളര്‍ എന്ന ബഹുമതിപ്പട്ടം ചാര്‍ത്തി. പക്ഷേ, അരിക്കൊമ്പന്‍ ഒരുനാള്‍ അവന്റെ കാട്ടില്‍ തിരിച്ചെത്തും.

Exit mobile version