Site iconSite icon Janayugom Online

ചെങ്കോല്‍ നാടകം അരങ്ങേറുമ്പോള്‍ ദില്ലി തെരുവുകളില്‍ സംഭവിച്ചത്

2023 മേയ് 28 ഞായറാഴ്ച മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോലുമായി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യുമ്പോള്‍ ആദ്യമായി ഇന്ത്യക്കുവേണ്ടി വനിതാഗുസ്തിയില്‍ ‍ ഒളിമ്പിക്സ് മെഡല്‍ നേടിയ സാക്ഷി മാലിക് എന്ന അഭിമാനതാരത്തെ ഡല്‍ഹി പൊലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. 2022ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലും 2014ല്‍ വെള്ളിയും 2018ല്‍ വെങ്കലവും ഇന്ത്യക്കായി സാക്ഷി മാലിക് നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് തവണയും കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണയും അവര്‍ ഇന്ത്യക്ക് മെഡല്‍ നേടിത്തന്നു. സാക്ഷി‍ മാത്രമല്ല, 2020 ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ബജ്റംഗ് പുനിയെയും സമാനമായ രീതിയില്‍ കസ്റ്റഡിയിലെടുത്തു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം മെഡല്‍ നേടിയ അഭിമാനതാരമാണ് പുനിയ. വനിതാ താരങ്ങള്‍ക്ക് നേരെയുണ്ടായ ലെെംഗിക അതിക്രമം ചോദ്യം ചെയ്തതിനാണ് ഇവര്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടത്. റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയാണ് വനിതാ താരങ്ങള്‍ ലെെംഗികപീഡന പരാതി ഉന്നയിച്ചത്. ആരാണ് ബ്രിജ്ഭൂഷണ്‍‍ ശരണ്‍ സിങ്? ആറ് തവണ യുപിയില്‍ നിന്നും ലോക്‌സഭയിലെത്തി. അഞ്ച് തവണ ബിജെപിയില്‍ നിന്നും ഒരു തവണ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും. പൊലീസ് രേഖകള്‍ പ്രകാരം ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ 1974നും 2007നും ഇടയില്‍ മാത്രം 38 ക്രമിനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും മോഷണം, കൊള്ള, കൊലപാതകം, ക്രിമിനല്‍ ഭീഷണി, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കുള്ള മിക്ക കേസുകളിലും കുറ്റവിമുക്തനായി എന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തില്‍ കാണുന്നത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ബോംബെയില്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സഹായിച്ചുവെന്ന ആരോപണത്തിലും മാസങ്ങളോളം ജയിലില്‍ കിടന്നു. യുപിയില്‍ യോഗി ആദിത്യനാഥിനു പിറകില്‍ ഏറ്റവും ശക്തനായ ബിജെപി നേതാവ്. 2004ല്‍ മൂത്ത പുത്രന്‍ ശക്തി ശരണ്‍സിങ് 23-ാം വയസില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഇപ്പോള്‍ റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. 2021ല്‍ ഒരു ഗുസ്തി താരത്തെ പരസ്യമായി സ്റ്റേജില്‍ വച്ച് തല്ലുന്നത് കാമറയില്‍ കുടുങ്ങി, വിവാദങ്ങളുണ്ടായി. ഒന്നും സംഭവിച്ചില്ല.

 


ഇതുകൂടി വായിക്കു; സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക


ഇക്കഴിഞ്ഞ ജനുവരി 18ന് വനിതാ ഗുസ്തിതാരങ്ങളെ ലെെംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഒളിമ്പിക് മെഡല്‍ ജേതാക്കളും ലോക ചാമ്പ്യന്മാരുമുള്‍പ്പെട്ട ഗുസ്തി താരങ്ങള്‍ ന്യൂഡല്‍ഹിയില്‍ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുക, റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ധര്‍ണ ആരംഭിച്ചു. നേതൃത്വം നല്കിയത് വിനേഷ് ഫോഗട്ട് എന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി സ്വര്‍ണം നേടിയ വനിതാ ഗുസ്തിതാരമായിരുന്നു. ഗുസ്തിക്കാരുടെ കുടുംബത്തില്‍ നിന്ന് വരുന്ന വിനേഷ് ഫോഗട്ട് പ്രശസ്ത ഗുസ്തിതാരം രാജ്പാല്‍ ഫോഗട്ടിന്റെ മകളും അന്താരാഷ്ട്ര മെഡലുകള്‍ നേടിയ ഗീതാ ഫോഗട്ടിന്റെയും ബത്സിതാ ഫോഗട്ടിന്റെയും ബന്ധുവുമാണ്. അവര്‍ രണ്ടുപേരും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടിയവരാണ്. മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ ജന്തര്‍മന്ദറില്‍ ധര്‍ണ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് നല്കിയ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. നീണ്ടുനീണ്ടുപോയ കമ്മിറ്റി റിപ്പോര്‍ട്ട് 2023 ഏപ്രില്‍ അഞ്ചിന് കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞില്ല. വീണ്ടും ഏപ്രില്‍ 23ന് വനിതാതാരങ്ങള്‍ക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവന്നു.

ഏപ്രില്‍ 21ന് ന്യൂഡല്‍ഹിയിലെ കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനില്‍ ബ്രിജ്ഭൂഷണെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ പരാതി നല്കി. ഇവരില്‍ പ്രായപൂര്‍ത്തിയാവാത്തവരുമുണ്ട്. പരാതിക്കാര്‍ ലെെംഗികപീഡനത്തിനിരയായ എട്ടോളം സംഭവങ്ങള്‍ ഉന്നയിച്ചു. കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിജ്ഭൂഷണെതിരെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ പരാതി നല്കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 25ന് പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ‘ഗുരുതരമാണ്’ എന്ന് നിരീക്ഷിച്ചു. കേസ് ഏപ്രില്‍ 28ന് ലിസ്റ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ് ഏപ്രില്‍ 28ന് ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. ഒന്ന് പോക്സോ നിയമപ്രകാരവും മറ്റൊന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും എന്നാല്‍ ഈ പ്രഥമ വിവര റിപ്പോര്‍ട്ടുകളിലെ അന്വേഷണം എങ്ങുമെത്തിയില്ല. ഇതേത്തുടര്‍ന്നാണ് മേയ് ഏഴിന് പീഡിതര്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും മേയ് 21ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അന്ത്യശാസനം നല്കുകയും ചെയ്തത്. ഒരു നടപടിയുമുണ്ടായില്ല.  സമയപരിധി കഴിഞ്ഞതോടെ വനിതാ പഞ്ചായത്ത് നടത്തുമെന്ന് കമ്മിറ്റി തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് മഹിളകളുടെ മഹാപഞ്ചായത്തിനെ തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായാണ് 28ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നീ ഒളിമ്പിക് ജേതാക്കളുടെ നേതൃത്വത്തിലുള്ള ജാഥയെ ഡല്‍ഹി പൊലീസ് തടഞ്ഞതും ഇന്ത്യയുടെ അഭിമാന താരങ്ങളെ നിരത്തില്‍ വലിച്ചിഴച്ചതും.


ഇതുകൂടി വായിക്കു; പുതിയ പാര്‍ലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടനവും


 

കേരളത്തില്‍ നിന്നുള്ള വനിതാ അത്‌ലറ്റും നിലവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷ ഇടക്കാലത്ത്, ‘സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്ന്’ വിചിത്രമായ പ്രതികരണവുമായി രംഗത്തുവന്നു. അര്‍ജുന അവാര്‍ഡും പത്മശ്രീയുമൊക്കെ ലഭിച്ച ഉഷയുടെ ഒളിമ്പിക്സിലെ പ്രകടനം ഒരു നാലാം സ്ഥാനത്തിലൊതുങ്ങുന്നു. എന്നാല്‍ ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച വനിതാ താരങ്ങളാണ് നീതിക്കായി കേഴുന്നത് എന്ന് മനസിലാക്കാനുള്ള മനസ് പി ടി ഉഷ എന്ന അന്താരാഷ്ട്ര വനിതാ അത്‌ലറ്റിനുണ്ടായില്ല. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, സാനിയ മിര്‍സ, ശിവകേശവന്‍, നിഖത് സരിന്‍, ഹര്‍ഭജന്‍സിങ്, കപില്‍ദേവ്, വീരേന്ദര്‍ സേവാഗ്, ശിഖപാണ്ഡെ തുടങ്ങിയ കായികരംഗത്തെ പ്രമുഖരും ബുക്കര്‍ പ്രെെസ് ജേതാവ് ഗീതാഞ്ജലി ശ്രീ, അരുന്ധതി റോയി എന്നിവരും ഇരകള്‍ക്കായി രംഗത്തുവന്നു. രാജ്യാന്തര വേദികളില്‍ നിന്ന് സ്വര്‍ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഈ രാഷ്ട്രത്തിന്റെ സുവര്‍ണബാലികമാര്‍ തെരുവിലൂടെ വലിച്ചിഴക്കപ്പെടുമ്പോഴാണ് ദ്രവിച്ച പൂണൂല്‍ ചുറ്റിയ ബ്രാഹ്മണ്യത്തിന്റെ ചെങ്കോലുമായി ഇന്ത്യന്‍ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ചത്. അവിടെ ഈ ആചാരനാടകം കാണാനെത്തിയ ക്ഷണിക്കപ്പെട്ടവരില്‍ പ്രമുഖ സ്ഥാനത്തുതന്നെ ലെെംഗിക ആരോപണത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട, രാജ്യത്തെ പരമോന്നത കോടതി തന്നെ ‘ഗുരുതരമായ’ ആരോപണങ്ങള്‍ നേരിടുന്നു എന്ന് പരാമര്‍ശിച്ച, അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍സിങ് ആസനസ്ഥനായിരുന്നു.
ചെങ്കോലും പൂര്‍ണകുംഭവും മന്ത്രധ്വനികളുമായി മന്ദംമന്ദം നീങ്ങുന്ന മനുവാദികളോട് പറയാനുള്ളത് മനുസ്മൃതിയില്‍ത്തന്നെ പറഞ്ഞുവച്ചിട്ടുണ്ട്.
‘യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ
യ ത്രെെതാസ്തു ന പൂജ്യന്തേ
സര്‍വാസ്തത്രഫലാഃ ക്രിയാ’
എവിടെ സ്ത്രീകളെ പൂജിക്കുന്നുവോ അവിടെ ദേവതമാര്‍ അനുഗ്രഹവും പ്രസാദവും വര്‍ഷിക്കും. എവിടെയാണോ സ്ത്രീകളെ പൂജിക്കാതിരിക്കുന്നത് അവിടെ എല്ലാ കര്‍മ്മങ്ങളും നിഷ്ഫലമാകും.

Exit mobile version