Site iconSite icon Janayugom Online

നിര്‍ണായകമാവുന്ന സുപ്രീം കോടതി നിരീക്ഷണം

‘ജനാധിപത്യപരമായ നിയമനിർമ്മാണത്തിനുള്ള നിയമസഭകളുടെ സ്വാഭാവിക അവകാശത്തെ ധ്വംസിക്കാൻ ഗവർണറുടെ അധികാരം ഉപയോഗിക്കാനാവില്ലെ‘ന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച്, കേരളമടക്കം സംസ്ഥാനങ്ങളും ഗവർണർമാരും തമ്മിലുള്ള തർക്കത്തിൽ നിർണായകമാവുകയാണ്. കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിന്മേൽ തീരുമാനമെടുക്കുന്നതിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ വരുത്തിയ അസാധാരണ കാലതാമസം ചോദ്യംചെയ്ത് കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതി കേൾക്കവേയാണ് ഗവർണറും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അധികാരത്തർക്കത്തിൽ നിർണായകമായേക്കാവുന്ന നിരീക്ഷണം സുപ്രീം കോടതിയിൽനിന്നും ഉണ്ടായത്. നേരത്തെ പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുണ്ടായ തർക്കത്തിൽ പുറപ്പെടുവിച്ച വിധി പഠിക്കാൻ കേരളാ ഗവർണറുടെ കാര്യാലയത്തോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന്, ഇന്നത്തെ കോടതിനടപടികൾക്ക് മുന്നോടിയായി ‘പൊതുജനാരോഗ്യ ബിൽ 2021’ ഗവർണർ ചൊവ്വാഴ്ച അംഗീകരിക്കുകയും തടഞ്ഞുവച്ചിരുന്ന ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയുമുണ്ടായി. ബില്ലുകൾ വച്ചുതാമസിപ്പിക്കാതെ അവയിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ പ്രസക്തമായ നിരീക്ഷണത്തോടെ അവ തിരിച്ചയയ്ക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചിരുന്നു. പഞ്ചാബ് കേസിലെ വിധിപ്രകാരം ബില്ലുകൾ തിരിച്ചയയ്ക്കുന്നതിനുപകരം അവ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ദുരുപദിഷ്ടവും ജനാധിപത്യവിരുദ്ധവും പരമോന്നത കോടതിയോടുള്ള അവഹേളനവുമാണ്. അത് ഭരണഘടനയോടുള്ള അനാദരവും അധികാര ധാർഷ്ട്യത്തിന്റെ പ്രകടനവുമാണ്.

 


ഇതുകൂടി വായിക്കു; ഇന്ന് ഭരണഘടനാ ദിനം ; ഭരണഘടനയെന്ന പ്രത്യാശ


നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം തീരുമാനം കൈക്കൊള്ളാൻ ആവശ്യമായ സമയം സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തദനുസൃതമായി നിലവിലുള്ള പരാതി ഭേദഗതിചെയ്യാൻ അപേക്ഷ സമർപ്പിക്കാൻ കോടതി സംസ്ഥാനത്തിന്റെ അഭിഭാഷകനോട് നിർദേശിക്കുകയുമുണ്ടായി. ഗവർണർ ഖാൻ അംഗീകാരം നൽകിയ ഒരു ബില്ലിന് പുറമെയുള്ള ഏഴ് ബില്ലുകളാണ് മതിയായ കാരണം വ്യക്തമാക്കാതെ രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുള്ളത്. അവ ഭരണഘടനയുടെ അനുച്ഛേദം 254 അനുസരിച്ച് കേന്ദ്ര‑സംസ്ഥാന നിയമങ്ങൾക്ക് പൊരുത്തപ്പെടാത്തതോ യൂണിയൻ പട്ടികയിൽ കടന്നുകയറുന്നതോ എന്ന് വ്യക്തമാക്കാതെയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്. അവയ്ക്ക് പുറമെ ഒരു ധനബില്ലും ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്നുണ്ട്. മൂന്ന് സർവകലാശാലാ ഭേദഗതിബില്ലുകളടക്കം അടിയന്തര പ്രാധാന്യമുള്ളവയാണ് ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത്. ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മര്യാദകളെയും കാറ്റില്‍പ്പറത്തിയാണ് തികഞ്ഞ ധാർഷ്ട്യത്തോടെയും നീതിപീഠത്തോടുള്ള അവജ്ഞയോടെയും അവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്. ഗവർണർമാരുടെ ഈ അധികാര ദുർവിനിയോഗത്തിന് അറുതിവരുത്താൻ ബില്ലുകളിൽ തീർപ്പുകല്പിക്കുന്നതിന് വ്യവസ്ഥാപിതവും നിയമപ്രാബല്യവുമുള്ള മാർഗരേഖ അനിവാര്യമാണ്. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ബില്ലുകളിന്മേൽ തീരുമാനം കൈക്കൊള്ളുന്നതിനും അത്തരം ഒരു മാർഗരേഖ ആവശ്യമാണ്. അത് ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്ക് അനുരോധവും കേന്ദ്രഭരണം കയ്യാളുന്ന പാർട്ടിയുടെയും വ്യക്തിയുടെയും അവരുടെ പിണിയാളുകളായി പ്രവർത്തിക്കുന്ന ഗവർണർമാരുടെയും തന്നിഷ്ടങ്ങൾക്കും സ്വേച്ഛാധിപത്യ പ്രവണതകൾക്കും കടിഞ്ഞാണിടാൻ അനിവാര്യമായി വന്നിരിക്കുന്നു.

 


ഇതുകൂടി വായിക്കു;സാധാരണക്കാരന്റെ അവസാന പ്രതീക്ഷ


 

കേന്ദ്രസർക്കാരിനോട് രാഷ്ട്രീയമായും നയപരമായും വിധേയത്വം പുലർത്താൻ വിസമ്മതിക്കുന്ന സംസ്ഥാനങ്ങൾക്ക്, ഭരണഘടന അനുവദിച്ചുനൽകുന്ന ഫെഡറൽ സ്വയംഭരണാവകാശങ്ങൾ നിഷേധിക്കാനും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ജനോപകാരപ്രദമായ നിയമനിർമ്മാണം നടത്താനും ജനക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള ഉപകരണവും സ്ഥാപനവുമായി രാജ്ഭവനുകൾ മാറിയിരിക്കുന്നു. മോഡിഭരണത്തിൽ അത് അങ്ങേയറ്റം നിഷേധാത്മകവും വിധ്വംസകവുമായി പരിണമിച്ചിരിക്കുന്നു. ഭരണഘടനാനിർമ്മാണ സഭയിൽത്തന്നെ എതിർക്കപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗവര്‍ണര്‍പദവി ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യം അർത്ഥപൂർണമാവണമെങ്കിൽ രാഷ്ട്രശരീരത്തിലെ ഈ അനാവശ്യ അവയവം നിഷ്കരുണം മുറിച്ചുനീക്കേണ്ടതുണ്ട്. അത്തരം ഒരാവശ്യത്തെ സാധൂകരിക്കുന്ന വസ്തുതകളാണ് ഗവർണർമാർക്കെതിരെ സുപ്രീം കോടതിയിൽ നടന്നുവരുന്ന വ്യവഹാരങ്ങൾ അനാവരണം ചെയ്യുന്നത്. ഈ വ്യവഹാരങ്ങളിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടുകളും അന്തിമവിധിയും ആ ദിശയിൽ സുപ്രധാനമായ ചുവടുവയ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version