27 April 2024, Saturday

Related news

January 26, 2024
November 26, 2023
September 20, 2023
September 20, 2023
September 12, 2023
May 10, 2023
March 10, 2023
January 26, 2023
September 21, 2022
August 14, 2022

ഇന്ന് ഭരണഘടനാ ദിനം ; ഭരണഘടനയെന്ന പ്രത്യാശ

സഫി മോഹന്‍ എം ആര്‍
November 26, 2023 4:45 am

നവംബർ 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുമ്പോൾ 1949ലെ ഇതേദിവസം നിലവിൽവന്ന ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ജനങ്ങൾക്കു നൽകുന്ന സന്ദേശം എന്താണ്? ഭരണഘടന ജനാധിപത്യ ബോധത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍, അതു സംരക്ഷിക്കേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഭരണഘടനാ അസംബ്ലി രാജ്യത്തിന് സമർപ്പിച്ച ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുവാനുള്ള അവകാശം ഇന്ത്യൻ പാർലമെന്റിനും ഭരണഘടനയെ വ്യാഖ്യാനിക്കുവാനുള്ള അവകാശം സുപ്രീം കോടതിയിലും നിക്ഷിപ്തമാണ്. രാജ്യത്ത് അധികാരത്തില്‍ വന്ന സർക്കാരുകൾ കാലാകാലമായി അതില്‍ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഭരണഘടനയുടെ അടിസ്ഥാനശിലയെ നശിപ്പിച്ചുകൊണ്ടുള്ള മാറ്റങ്ങൾ അനുവദനീയമല്ലെന്ന് സുപ്രീംകോടതി കേശവാനന്ദ ഭാരതി വിധിന്യായത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെ ഒരു യഥാർത്ഥ ജനാധിപത്യ രാഷ്ട്രമായി നിലനിർത്തുവാൻ ആവശ്യമായ എല്ലാ ഘടകങ്ങളും വിവിധ വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി ഉറപ്പിച്ചിട്ടുണ്ട്.

സ്ഥിതിസമത്വ രാഷ്ട്രം, മതനിരപേക്ഷത, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം, സ്വതന്ത്രമായി പ്രവർത്തിക്കുന്ന കോടതികൾ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും, ജനങ്ങൾ തമ്മിലുള്ള സാഹോദര്യം, മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ്. സ്ഥിതിസമത്വ‑മതനിരപേക്ഷ ആശയങ്ങൾ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മതന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത രാഷ്ട്രമായി ഇന്ത്യയെ ആക്കിത്തീർക്കുവാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരുന്നു. മതന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും രണ്ടാംതരം പൗരൻമാരായി കാണുന്ന പ്രത്യയശാസ്ത്രം തികച്ചും ഭരണഘടനാ വിരുദ്ധം തന്നെ. വിവേചനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കേണ്ട സ്ഥിതിസമത്വ രാഷ്ട്രമെന്ന ആശയം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നു. രാജ്യത്തെ കർഷകരും തൊഴിലാളികളുമായിരിക്കും പ്രധാന ഇരകൾ. രാജ്യത്ത് നിലവിൽ വന്നിട്ടുള്ള കർഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിയമങ്ങൾ സ്ഥിതിസമത്വ സങ്കല്പത്തിനെതിരാണ്. മതനിരപേക്ഷ ഭരണഘടനയെ സംരക്ഷിക്കേണ്ട ഇന്ത്യൻ പാർലമെന്റിന്റെ അവസ്ഥയും മറിച്ചല്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ രാജ്യത്തിന്റെ പ്രഥമപൗരയായ രാഷ്ട്രപതിക്ക് സ്ഥാനം കിട്ടാതെ പോയതും പ്രത്യേക മതാചാരപ്രകാരം ചടങ്ങുകൾ നടന്നതും ഭരണാധികാരികൾ എത്രമാത്രം ഭരണഘടനാ മൂല്യങ്ങളെ വെറുക്കുന്നു എന്നതിന് ഉദാഹരണമാണ്.


ഇതുകൂടി വായിക്കൂ: ഇല്ലാത്ത അധികാരം കൈയാളുന്നവര്‍


രാജ്യത്തിന്റെ പേര് മാറ്റുവാനുള്ള ശ്രമവും മതാധിഷ്ഠിത രാജ്യം സ്വപ്നം കാണുന്ന ഇവരുടെ പുതിയ തന്ത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ ലോക്‌സഭാ സ്പീക്കറും ഉപരാഷ്ട്രപതിയും ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ മാറ്റി എഴുതണമെന്ന് മുറവിളി കൂട്ടുന്നു. മറ്റൊരു അടിസ്ഥാനശിലയായ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാരുകൾക്ക് വെല്ലുവിളിയാകുന്ന ഗവർണർമാർ നിയമ നിർമ്മാണസഭകൾ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സർക്കാരുകൾ കൊണ്ടുവരുന്ന നിയമങ്ങൾക്ക് അനുമതി കൊടുക്കാത്ത ഗവർണർമാരുടെ തീരുമാനത്തിൽ സുപ്രീം കോടതി അസംതൃപ്തി രേഖപ്പെടുത്തുകയും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ പ്രവൃത്തിയാണ് ഓപ്പറേഷൻ ലോട്ടസ്. ജനങ്ങൾ തെരഞ്ഞെടുത്ത പല ജനാധിപത്യ സര്‍ക്കാരുകളെയും പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിക്കുകയാണ് ഓപ്പറേഷൻ ലോട്ടസിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് വരുന്ന വിധിന്യായങ്ങൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നതും ഈ ഭരണഘടനാ ദിനത്തിൽ ചിന്തനീയം തന്നെ. ഹിജാബ് കേസിലും, ഇഡബ്ല്യുഎസ് കേസിലും, നോട്ട് നിരോധനം, ആധാർ കേസുകളിലും, സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ട കേസിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് സുപ്രീം കോടതി ന്യായാധിപൻമാരുടെ ഭാഗത്തുനിന്ന് വരുന്നത്. നീതിന്യായ വ്യവസ്ഥയിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ കടന്നുകയറുന്നു എന്നതിന് ഉദാഹരണമാണ് വിധിന്യായങ്ങളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ.

ഭരണഘടന രാജ്യത്തെ പൗരനു നൽകുന്ന മനുഷ്യാവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കുവാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ല എന്നതിന് ഉദാഹരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ. തികച്ചും അശാസ്ത്രീയവും മതാധിഷ്ഠിതവുമായ ഈ നിയമങ്ങൾ രാജ്യസഭാ സബ്ക്ട് കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കൊണ്ടുവന്ന് സർക്കാരിന് എതിരായ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഈ നിയമങ്ങളിലൂടെ ശ്രമം നടത്തുന്നു. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് വളരെ കുറവായതുകൊണ്ട്, ജനങ്ങളുടെ മുകളിൽ അധികാരം നിലനിർത്താൻ ഭരണകൂടങ്ങൾക്ക് കഴിയുന്നു എന്നതാണ് വാസ്തവം. ഭരണഘടനാ സാക്ഷരതയുടെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം മാറിയപ്പോൾ സമാന രീതിയിൽ മറ്റു ജില്ലകളും ഭരണഘടനാ സാക്ഷരതയുമായി മുന്നോട്ടു പോകുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അതിനുവേണ്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭരണഘടനാ സാക്ഷരതയിലൂടെ സാമൂഹികസേവനത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഈ ഭരണഘടനാദിനത്തിൽ ഏറെ പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.