Site iconSite icon Janayugom Online

മരണാസന്നമായ ദേശീയ തൊഴിലുറപ്പ് പദ്ധതി

2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, പ്രസ്തുത സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് രൂപം നല്‍കിയ ജനകീയ സംവിധാനമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി, കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗ്രാമീണ മേഖലയില്‍ പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യുകയായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യം വച്ചിരുന്നത്. മതിയായ ബജറ്റ് വിഹിതം നീക്കിവച്ചിരുന്നതിനാല്‍ ഒരു പരിധിവരെ പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് അക്കാലത്ത് സാധിച്ചിരുന്നു. 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പൂര്‍ണമായും വിജയിക്കാനായില്ലെങ്കിലും 30 കോടിയോളം പേര്‍ക്ക് തൊഴിലും വേതനവും ലഭ്യമാക്കുക വഴി അത്രയും കുടുംബങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിന് തൊഴിലുറപ്പ് പദ്ധതി കാരണമായി. 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പരിപാടികള്‍ 2014ല്‍ ബിജെപി അധികാരത്തിലെത്തിയതോടെ തുടങ്ങി. പദ്ധതി വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയും പുതിയ ഉപാധികള്‍ മുന്‍വച്ചും പദ്ധതിയെ തകര്‍ക്കുന്ന സമീപനങ്ങളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ ദളിത്, അതിദാരിദ്ര്യ മേഖലകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്തണമെന്ന് 2015ല്‍ തന്നെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ ശക്തമായ എതിര്‍പ്പാണുണ്ടായത്. തുടര്‍ന്ന് പദ്ധതി നിലവിലുള്ള അതേ സ്ഥിതിയില്‍ തുടരുന്നതിന് തീരുമാനിക്കുകയായിരുന്നു. എങ്കിലും പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള വിവിധ തീരുമാനങ്ങള്‍ പിന്നീടും ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടു. 100 ദിന തൊഴിലെന്നത് 150 ആക്കണമെന്നും വേതനം പരിഷ്കരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവെങ്കിലും അതൊന്നും അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന സമീപനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പദ്ധതിയില്‍ അംഗങ്ങളായി ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് പേരെ പുറത്താക്കുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു.
വിഹിതം കുറച്ച് കൊണ്ടുവന്ന്, നടപ്പു സാമ്പത്തിക വര്‍ഷം കേവലം 60,000 കോടി രൂപയാണ് നീക്കിവച്ചത്. അതില്‍ത്തന്നെ മുന്‍വര്‍ഷത്തെ കുടിശിക കഴിച്ചാല്‍ പിന്നെയും വിഹിതം കുറയുന്ന സ്ഥിതിയായി. ഈ സാഹചര്യത്തില്‍ പുതുക്കിയ ബജറ്റ് പ്രകാരം 89,400 കോടിയായി വിഹിതം ഉയര്‍ത്തുകയായിരുന്നു. നേരത്തെ ഒന്നേകാല്‍ ലക്ഷം കോടിയിലധികമായിരുന്നു ശരാശരി ബജറ്റ് വിഹിതം. ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള 10വര്‍ഷത്തോളമായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി ) പരിശോധന പോലും നടത്തിയിട്ടില്ല. അത്തരം പരിശോധന നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ ചെലവും ചെലവിനത്തിലെ പോരായ്മകളും കണ്ടെത്താന്‍ സാധിക്കൂ എന്നിരിക്കെയാണ് ഈ സമീപനം.

 


ഇതുകൂടി വായിക്കൂ; തൊഴിലില്ലായ്മാ വര്‍ധനവും ഘടനാപരമായ പ്രതിസന്ധിയും


പദ്ധതി നടത്തിപ്പില്‍ സാങ്കേതികവല്‍ക്കരണം, ഡിജിറ്റല്‍ വിദ്യയെ ആശ്രയിക്കല്‍ എന്നീ പേരുകളില്‍ നടപ്പിലാക്കിയ വിവിധ പരിഷ്കരണങ്ങളിലൂടെ എട്ട് കോടിയോളം പേരാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പദ്ധതിയില്‍ നിന്ന് പുറത്തായത്. മൊബെെല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനത്തില്‍ ഹാജരും ആധാറുമായി ബന്ധിപ്പിച്ച് വേതന വിതരണവും ഏര്‍പ്പെടുത്തി രണ്ടരക്കോടിയോളം പേരെ ഒഴിവാക്കി. ഇതിനുപുറമേ വ്യാജ തൊഴില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വേതനം കൈപ്പറ്റിയെന്നും മറ്റുമുള്ള ആരോപണമുന്നയിച്ച് 5.48 കോടി പേരുകള്‍ നീക്കിയതായി ഡിസംബര്‍ 12ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെ വേതനം വിതരണം ചെയ്യുന്ന നടപടി പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി മാറ്റിയിരിക്കുകയാണ്. തൊഴില്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കള്‍ പദ്ധതിക്ക് പുറത്താകും. 2023 ജനുവരി മാസം നടപ്പിലാക്കാന്‍ തീരുമാനിച്ച പരിഷ്കാരം വ്യാപക വിമര്‍ശനവും ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതില്‍ വന്ന കാലതാമസവും കാരണം പലതവണ നീട്ടിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ രീതിയില്‍ മാത്രമേ വേതനം നല്‍കാവൂ എന്ന് കേന്ദ്ര ഗ്രാമീണ മന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. പരിഷ്കാരം ഭാഗികമായി നടപ്പിലാക്കിയതുമുതലാണ് വിവിധ കാരണം പറഞ്ഞ് ഏകദേശം എട്ടു കോടിയോളം പേര്‍ ഒഴിവാക്കപ്പെട്ടതെങ്കില്‍ ഇനിയും എണ്ണം കൂടുന്ന സ്ഥിതിയാണുണ്ടാവുക. ഹാജര്‍ രേഖപ്പെടുത്തുന്നതിന് മുഖം തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്തയും ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവരികയുണ്ടായി. ഇതിലൂടെയും കൂടുതല്‍ പേര്‍ പുറത്താകും. ഉപജീവനത്തിനായി കോടിക്കണക്കിന് പേരാണ് ദാരിദ്ര്യ ലഘൂകരണത്തിനായി നടപ്പിലാക്കിയ പദ്ധതിയെ ആശ്രയിക്കുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും വലിയൊരു വിഭാഗത്തിന്റെ അത്താണിയായിരുന്നു തൊഴിലുറപ്പ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിരുന്നതാണ്. അതിനെ ജനകീയവും വിപുലവുമാക്കുന്നതിന് പകരം സാങ്കേതികത്വവും സങ്കീര്‍ണതകളും സൃഷ്ടിച്ച് തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫലത്തില്‍ തൊഴിലുറപ്പ് പദ്ധതിതന്നെ മരണാസന്നമായ അവസ്ഥയിലാണിപ്പോള്‍.

Exit mobile version