28 April 2024, Sunday

തൊഴിലില്ലായ്മാ വര്‍ധനവും ഘടനാപരമായ പ്രതിസന്ധിയും

Janayugom Webdesk
December 17, 2023 5:00 am

ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്ത് കൃഷിയിലും ഉല്പാദനമേഖലയിലും തൊഴിൽലഭ്യതയിൽ സ്ഥായിയായ കുറവാണുണ്ടായിരിക്കുന്നത്. നിർമ്മാണ ജോലികളുടെ വളർച്ചയും മന്ദഗതിയിലാണ്. 2004–05ന് ശേഷം ശക്തിപ്രാപിച്ച ഘടനാപരമായ പരിണാമം 2016 മുതൽ ഏതാണ്ട് നിലച്ചമട്ടാണെന്ന് പറയാം. വിദ്യാസമ്പന്നരായ യുവാക്കളുടെ പ്രതീക്ഷയില്‍ ഇരുള്‍വ്യാപിച്ചിരിക്കുന്നു. കാരണം നിയമനങ്ങളിലെ സ്തംഭനാവസ്ഥ തന്നെ. നിര്‍മ്മിതബുദ്ധിയിലും അനുബന്ധ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ താരതമ്യേന മന്ദഗതിയിലാണെങ്കിലും വർധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പ്രത്യേക ശാഖകളില്‍ വിദ്യാഭ്യാസം നേടുന്നതിന് വളരെയേറെ സമയവും വിഭവങ്ങളും ചെലവഴിച്ചിട്ടും, ഗുണനിലവാരമുള്ള കാർഷികേതര ജോലികളുടെ അഭാവമാണ് പ്രകടമാകുന്നത്. ഈ യാഥാർത്ഥ്യം നിരാശരായ ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ പ്രതീക്ഷകളിലും കരിനിഴല്‍ വീഴ്ത്തുന്നു. ഔപചാരികമോ രേഖാമൂലമോ ആയ തൊഴിൽവ്യവസ്ഥകളില്ലാതെ, അസംഘടിത മേഖലകളിലെ സൂക്ഷ്മ‑ചെറുകിട യൂണിറ്റുകളിലെ തൊഴിലുകള്‍ മാത്രമാണ് അല്പം ആശ്വാസം നല്‍കുന്നത്. സർക്കാർ‑സ്വകാര്യ മേഖലകളിൽ, 2015–17 മുതൽ കരാർ ജോലികളുടെ എണ്ണം (ഒരു വർഷത്തിൽ താഴെയുള്ള കരാർ) വർധിച്ചുവരികയാണ്.

ഗ്രാമങ്ങളിലോ നഗരങ്ങളിലോ അടിസ്ഥാനവേതനം വർധിച്ചിട്ടില്ലെന്നതിലും അതിശയമില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ പരിവർത്തനത്തിന്റെ അതിപ്രധാനമായ ഒരു ഘട്ടമാണിത്. കാർഷികേതര മേഖലകളിലെ തൊഴിലവസരം കുറയുന്നതിനനുസരിച്ച് കാർഷിക മേഖലയിലെ തൊഴില്‍ വിഹിതവും എണ്ണവും 2016 മുതൽ കുറഞ്ഞുവരികയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാർഷികേതര മേഖലകളിലെ തൊഴിലവസരങ്ങളുടെ വളർച്ച കേവലം സേവനമേഖലയില്‍ മാത്രമാണ്. നിർമ്മാണമേഖലയുടെ വളർച്ച കുറഞ്ഞു. 2017–18 മുതൽ ഈ മേഖലയിലെ തൊഴില്‍ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. തൊഴിലവസരങ്ങളിലെ മന്ദഗതിയിലുള്ള വളര്‍ച്ച തൊഴിൽ വിപണിയെയും അസന്തുലിതമാക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും നേടിയ യുവാക്കളുടെ തൊഴിലില്ലായ്മ, സ്ഥിതി കൂടുതൽ വഷളാക്കി. ഇതുമൂലം ഇച്ഛാശക്തി നഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള കഴിവ് ഇല്ലാതാകും. യുവാക്കൾക്കിടയിൽ ആത്മഹത്യാനിരക്ക് വർധിച്ചുവരുന്നത് ഈ ദയനീയാവസ്ഥയില്‍ നിന്നാണ്. 2018–22ന് ശേഷം കാർഷികേതര മേഖലകളിലെ സംഘടിത വിഭാഗം തൊഴിലവസരങ്ങള്‍ 34.5 നിന്ന് 29.5 ശതമാനമായി കുറഞ്ഞു. നൈപുണ്യ വികസനം ഉണ്ടായിട്ടും, സജീവമായി ജോലി അന്വേഷിക്കാത്തവരും തുടർവിദ്യാഭ്യാസത്തിനോ പരിശീലനത്തിനോ പോകാത്തവരും ഇതിൽപ്പെടുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യത്തിന് മരണമണി


ഉന്നതവിദ്യാഭ്യാസവും പരിശീലനവും ലഭിച്ച യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മാനിരക്ക് അഭൂതപൂർവമായ തരത്തില്‍ ഉയരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നുവരുന്നു. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷൻ കോഡ് (എൻഐസി), സംരംഭം ഉള്‍പ്പെടുന്ന വിഭാഗം, തൊഴിലാളികളുടെ എണ്ണം, തൊഴിൽക്കരാറിന്റെ തരം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ചാണ് തൊഴിൽമേഖലയെ സംഘടിതം-അസംഘടിതം, സ്ഥിരം-താല്‍ക്കാലികം എന്ന് കണക്കാക്കുന്നത്. ഈ കണക്കുകളെല്ലാം സെൻസസ് രേഖകളിലും ക്രമീകരിക്കാറുണ്ട്. 2010-11, 2015–16 കാലയളവിൽ നടത്തിയ സംരംഭക സർവേ, രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ സംരംഭങ്ങളുടെ എണ്ണം കണക്കാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. 2015–16 മുതൽ 2017–18 വരെ കാലയളവില്‍ അഭൂതപൂർവമായ രീതിയില്‍ തൊഴിലവസരം കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. അതിപ്പോഴും തുടരുന്നു. കൃഷി, ഉല്പാദനം, നിർമ്മാണ ജോലികള്‍ എന്നിവയിലെ മന്ദഗതിയിലുള്ള വളർച്ച കാരണമാണ് 2004–05ന് ശേഷം ശക്തിപ്രാപിച്ച തൊഴില്‍ഘടനയിലെ മാറ്റം 2017 മുതൽ സ്തംഭിച്ചത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും കാർഷികേതര ജോലികളുടെ ഗുണനിലവാരമില്ലായ്മയും നിരാശരായ തൊഴിലാളികളുടെ വർധനവിന് കാരണമായി. ഇപ്പോഴും മിക്ക തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത് അസംഘടിത മേഖലയിലെ സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ്. സർക്കാർ/പൊതുമേഖലയിൽ, ജോലികളുടെ എണ്ണവും വിഹിതവും ഗണ്യമായി കുറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിൽ കരാർ ജോലികളും സ്ഥിരതയില്ലാത്ത ജോലികളുമാണ് വർധിച്ചത്. ഒരു ദശാബ്ദത്തിലേറെയായി ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും വേതനം വർധിച്ചിട്ടില്ല. കാർഷിക മുന്നേറ്റത്തിനും ഗ്രാമീണ മേഖലയില്‍ വേതനം വർധിപ്പിക്കുന്നതിനും വ്യാവസായിക വികസനം ഉറപ്പാക്കുന്നതിനും വ്യാവസായിക നയവുമായി ബന്ധപ്പെട്ട സമഗ്രമായ തൊഴിൽ നയം ആവശ്യമാണ്.

കാർഷികേതര തൊഴിലുകളുടെ വളർച്ചയിലെ മന്ദതയും (ദൗർലഭ്യവും) വർധിച്ചുവരുന്ന തൊഴിലില്ലായ്മയും ഈ വ്യവസ്ഥിതിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു. 2015–16, 2018–20 വർഷങ്ങളിൽ തൊഴിൽസേനയിലും വിദ്യാഭ്യാസ‑പരിശീലനങ്ങളിലും പെടാത്ത യുവാക്കളുടെ വര്‍ധന പ്രതിവർഷം രണ്ട് ദശലക്ഷം വീതമായിരുന്നു. ഇത് 2020–21 വര്‍ഷത്തില്‍ ഏകദേശം മൂന്ന് ദശലക്ഷമായി. തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനങ്ങളിൽ, ‘തൊഴിൽ സേനയിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ’ ഉള്‍പ്പെടാത്ത നിരാശരായ തൊഴിൽശക്തിയും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2015–18 കാലഘട്ടത്തിൽ ആരംഭിച്ച തൊഴിലവസരങ്ങളിലെ ഇടിവ് ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈയവസ്ഥ. കാർഷിക മേഖലയിലെ തൊഴിലുകളില്‍ 2015–16, 2017–18 വർഷങ്ങളിൽ പ്രതിവര്‍ഷം 4.5 ദശലക്ഷം (ആകെ 27 ദശലക്ഷം) എന്ന തോതിൽ കുറവ് രേഖപ്പെടുത്തി. ഇക്കാലയളവിൽ നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങള്‍ 3.5 ദശലക്ഷം ഇടിഞ്ഞു. ഈ മേഖലയിലെ മൊത്തം തൊഴിൽവിഹിതം 12.6 ൽ നിന്ന് 12.1 ശതമാനമായും കുറഞ്ഞു. ഉല്പാദനമേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തിനും വിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.