പത്തുവര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെ പ്രകടന പത്രിക ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയത്. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി പറഞ്ഞത് 10 വര്‍ഷം ഒരു പരീക്ഷണമായിരുന്നു ഇനിയുള്ളതാവും യഥാര്‍ത്ഥമെന്നാണ്. അതായത് 10 വര്‍ഷക്കാലയളവില്‍ തങ്ങള്‍ പൂര്‍ണ പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗവും പ്രകടനപത്രികയും അടയാളപ്പെടുത്തുന്നത്. സ്ത്രീശാക്തീകരണം, യുവാക്കളുടെയും പാവപ്പെട്ടവരുടെയും ഉന്നമനം എന്ന കേന്ദ്ര മുദ്രാവാക്യത്തിനു കീഴില്‍ ദരിദ്രർ, യുവജനങ്ങൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കുള്ള പദ്ധതികളിലൂന്നിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ നാലു വിഭാഗങ്ങള്‍ക്കൊപ്പം വയോജനക്ഷേമവും എടുത്തുപറയുന്നുണ്ട്. 10 വര്‍ഷത്തെ അവകാശവാദങ്ങള്‍ കടലാസിലൊതുങ്ങിയെന്ന കുറ്റസമ്മതമാണ് യഥാര്‍ത്ഥത്തില്‍ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. മൂന്നു കോടി വീടുകൾ നിർമ്മിക്കുമെന്നും എല്ലാ വീടുകളിലും കുറഞ്ഞ നിരക്കിൽ പൈപ്പ്‌ലൈൻ വാതകം ലഭ്യമാക്കുമെന്നും വാഗ്ദാനം നല്‍കുന്നുണ്ട്. 2014ല്‍ അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പാര്‍പ്പിട പ്രശ്നം പരിഹരിക്കുമെന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022ഓടെ ഭവന പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2024 ആയിട്ടും പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ലെന്നാണ് ഇനി അധികാരത്തിലേറിയാല്‍ മൂന്നുകോടി ഭവനം കൂടി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം വ്യക്തമാക്കുന്നത്. 70 വയസ് പിന്നിട്ട പൗരന്മാരെയും ഭിന്നലിംഗ സമൂഹത്തെയും ആയുഷ്മാൻ ഭാരത് യോജനയുടെ പരിധിയിൽ കൊണ്ടുവരുമെന്നും മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം. അധികാരത്തിലിരുന്ന 10 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വയോജന സമൂഹത്തോട് കാട്ടിയ വഞ്ചന പരിശോധിച്ചാല്‍ ഈ പ്രഖ്യാപനത്തിന്റെ കാപട്യം മനസിലാക്കാനാകും. മോഡി അധികാരത്തിലെത്തുന്നതിന് എത്രയോ മുമ്പ് നടപ്പിലാക്കിയതായിരുന്നു മുതിര്‍ന്ന പൗരന്മാര്‍ക്ക് തീവണ്ടികളില്‍ യാത്രാ നിരക്കില്‍ നല്‍കിയിരുന്ന ഇളവ്. 2020ല്‍ കോവിഡ് മഹാമാരിയുടെ പേര് പറഞ്ഞ് നിര്‍ത്തലാക്കിയ പ്രസ്തുത ഇളവ് പുനഃസ്ഥാപിക്കുവാന്‍ ഇതുവരെ മോഡി തയ്യാറായിട്ടില്ല. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി വിഹിതം ഒരുരൂപ പോലും പത്തുവര്‍ഷമായിട്ടും വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, അര്‍ഹതപ്പെട്ട വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിലും വിമുഖതയാണ് കാട്ടുന്നത്. 60 മുതല്‍ 79 വയസ് വരെയുള്ളവര്‍ക്ക് 200, 80ന് മുകളിലുള്ളവര്‍ക്ക് 500 രൂപവീതമാണ് കേന്ദ്രം വിഹിതമായി നല്‍കുന്നത്. ഇതിന്റെ കൂടെ യഥാക്രമം 1400, 1100 രൂപവീതം ചേര്‍ത്ത് 1600 രൂപ കേരളം പെന്‍ഷനായി നല്‍കുന്നുണ്ട്. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാന വിഹിതത്തില്‍ മൂന്ന് മടങ്ങിലധികമാണ് വര്‍ധന വരുത്തിയതെന്നോര്‍ക്കണം.
ഇതുകൂടി വായിക്കൂ: പരാജയം ഭയന്ന് വിദ്വേഷം വിതയ്ക്കുന്ന നരേന്ദ്ര മോഡി
കര്‍ഷകരെയും യുവജനങ്ങളെയും സ്ത്രീകളെയും പറ്റിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണയും പ്രകടന പത്രികയിലുണ്ട്. പ്രതിവര്‍ഷം രണ്ടുകോടി വീതം തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, സ്ത്രീശാക്തീകരണത്തിനായി ജനപ്രതിനിധി സഭകളില്‍ സംവരണം എന്നിങ്ങനെ മുന്‍കാല പ്രഖ്യാപനങ്ങള്‍ മറച്ചുപിടിച്ച് വീണ്ടും അവരെക്കുറിച്ചുള്ള മുതലക്കണ്ണീര്‍ പൊഴിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിച്ച 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുന്ന മോഡി, കര്‍ഷക വരുമാനം ഇരട്ടിയാക്കിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല. സ്ത്രീസംവരണ നിയമം പാസാക്കിയെന്നവകാശപ്പെട്ട സര്‍ക്കാര്‍ അത് എപ്പോള്‍ നടപ്പിലാകുമെന്ന് ഉറപ്പുപറയാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്നതിന്റെ കാപട്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ക്ക് മുമ്പില്‍ മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കുമെന്ന പുതിയ മോഹന വാഗ്ദാനം നല്‍കി കണ്ണ് മഞ്ഞളിപ്പിക്കുവാനുള്ള ശ്രമം നടത്തിയിരിക്കുന്നു. ദരിദ്രരുടെയും യുവാക്കളുടെയും ഉന്നമനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നുവെങ്കിലും സമൂര്‍ത്തമായ പദ്ധതികള്‍ ഒന്നുംതന്നെ മുന്നോട്ടുവയ്ക്കുന്നില്ല. ഏകീകൃത വ്യക്തിനിയമം, ലോകവ്യാപകമായി രാമായണ ഉത്സവങ്ങള്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഇന്ത്യയുടെ മതേതര, ജനാധിപത്യ ഘടനയെ തകര്‍ക്കുന്ന പതിവ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. 10 വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്തുവാനും സമ്പദ്ഘടനയെ ശക്തിപ്പെടുത്തുവാനും സാധിച്ചു എന്ന അവകാശവാദം പൊള്ളയാണ് എന്ന് വ്യക്തമാക്കുന്നതാണ് സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് തുടരുമെന്ന വാഗ്ദാനം. രാജ്യത്തെ 80 കോടി പേര്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുവെന്നാണ് കണക്ക്. അത്രയും പേര്‍, അതായത് ജനസംഖ്യയിലെ പകുതിയിലധികമാളുകള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുവാന്‍ ശേഷിയില്ലാത്തവരാണെന്ന വസ്തുത മോഡിയുടെ എല്ലാ അവകാശവാദങ്ങളെയും നോക്കി പല്ലിളിക്കുന്നുണ്ട്. മുദ്രാവായ്പ തുക ഉയര്‍ത്തും, വന്ദേഭാരത് തീവണ്ടികള്‍ കൂടുതലായി സര്‍വീസ് നടത്തും എന്നിങ്ങനെ നിലവിലുള്ള പദ്ധതികളും സേവനങ്ങളും പുതിയ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. 10 വര്‍ഷം ഭരിച്ചൊരു സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് സ്വയം സമ്മതിക്കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. പേരില്‍ത്തന്നെയുള്ളതുപോലെ വെറും സങ്കല്പം മാത്രമാണ് അതിലെ ഉള്ളടക്കങ്ങള്‍.