രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധ നിരയുടെ മുന്നണിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുമെന്ന ഉത്തമ ബോധ്യത്തിനും നിശ്ചയദാർഢ്യത്തിനും അടിവരയിട്ടാണ് സിപിഐ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 12 വെള്ളിയാഴ്ച ആലപ്പുഴയിൽ സമാപിച്ചത്. പാർട്ടിയേയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുക്കാൻ പാർട്ടി അംഗങ്ങളെയും വർഗ-ബഹുജന സംഘടനകളെയും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളന പ്രക്രിയ ആരംഭിച്ചതുമുതൽ ആശയപരവും രാഷ്ട്രീയവുമായ ഐക്യത്തെ ലക്ഷ്യംവച്ച് പാർട്ടിക്കെതിരായ പ്രചരണം കെട്ടഴിച്ചുവിട്ട മാധ്യമങ്ങളെയും കേന്ദ്രങ്ങളെയും ഏറെ നിരാശപ്പെടുത്തി. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം ഉയർത്തിപ്പിടിച്ച സമ്മേളനമായിരുന്നു പൂർത്തീകരിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിഭാഗീയതയും ഭിന്നതകളും പ്രവചിച്ചവരും സ്വപ്നംകണ്ടവരും സംസ്ഥാന സമ്മേളനം വിജയകരമായി പൂർത്തിയായതോടെ പുതിയ കഥകൾ മെനയാനുള്ള തത്രപ്പാടിലാണ്. അത്തരം കഥകളൊന്നും പാർട്ടിയെ തെല്ലും അസ്വസ്ഥമാക്കുന്നില്ല. സമ്മേളനത്തിൽ പ്രകടമായ ഐക്യവും സംഘാടനമികവും കേഡർ സമ്പത്തും ബഹുജന അടിത്തറയും വിളിച്ചറിയിച്ച ജനസേവാദൾ മാർച്ചും ആവേശത്തിന്റെ അലമാലകൾ ഉയർത്തിയ സമാപന റാലിയും അവഗണിക്കാൻ ദോഷൈകദൃക്കുകളായ മാധ്യമങ്ങൾക്കുപോലും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന വിമർശനാത്മകവും സ്വയം വിമർശനപരവുമായ ചർച്ചകളിൽനിന്ന് ചോർന്നുകിട്ടിയ വിവരശകലങ്ങളിൽ അഭിരമിക്കാനുള്ള ദുർബല ശ്രമങ്ങളിലാണ് അവരിൽ ചിലരെങ്കിലും ഏർപ്പെട്ടിട്ടുള്ളത്. പ്രതിനിധി സമ്മേളനത്തിൽ ഉയർന്നുകേട്ട വിമർശനങ്ങളെയും ഏതൊരു ജനാധിപത്യ സംഘടനയുടെയും പ്രസ്ഥാനത്തിന്റെയും ഐക്യത്തിന് അനിവാര്യമായ സമവായത്തെയും വാർത്താവിഭവങ്ങളാക്കി മാറ്റിയുള്ള ആത്മരതിയാണ് അവരുടെ ഇപ്പോഴത്തെ അഭയകേന്ദ്രം. മറ്റേതൊരു പൗരസംഘടനയും എന്നപോലെ, അഭിപ്രായ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളികളും കർഷകരും സ്ത്രീകളും യുവാക്കളുമടക്കം അടിസ്ഥാന ജനവിഭാഗങ്ങൾ ഉൾപ്പെട്ട, സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ ജനാധിപത്യവും സംഘടനാപരമായ ഐ ക്യവും ഊട്ടിയുറപ്പിക്കാൻ വിശാലമായ അഭിപ്രായ സമന്വയം അനിവാര്യമാണ്. അ തിലേക്ക് എത്തിച്ചേരാനുള്ള ജനാധിപത്യ രീതിശാസ്ത്രത്തെയാണ് സമവായം എന്ന് വിളിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയസമീപനങ്ങൾ പാർട്ടി ബാഹ്യമായ ഏതെങ്കിലും സംവിധാനങ്ങളിൽനിന്നും ഉരുത്തിരിയുന്നതോ അടിച്ചേല്പിക്കപ്പെടുന്നതോ അല്ല. അത് വ്യക്ത്യധിഷ്ഠിതമോ കുടുംബാധിഷ്ഠിതമോ അല്ല. മറിച്ച്, വ്യക്തമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, തികഞ്ഞ ലക്ഷ്യബോധത്തോടെ, വിപുലമായ ചർച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്ന സമന്വിത തീരുമാനങ്ങളാണ്. ആ രീതിശാസ്ത്രത്തെയാണ് അപഹസിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ പലതിനെയും നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും പാർട്ടിബാഹ്യങ്ങളായ ഘടകങ്ങളാണ്. അത്തരം സംവിധാനങ്ങൾ മാത്രം കണ്ടുശീലിച്ചവർക്ക് ജനാധിപത്യത്തിലും സംഘടനാപരമായ കെട്ടുറപ്പിലും സമവായത്തിന്റെ സ്ഥാനം എന്തെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം മാത്രം. അത്തരം സമവായമാകട്ടെ സംവാദങ്ങളിലൂടെയും വിമർശന സ്വയംവിമർശങ്ങളിലൂടെയും മാത്രമേ സാധ്യമാവൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ ഐക്യത്തിന്റെ ബലതന്ത്രം അതാണ്. പാർട്ടിയുടെ സമ്മേളനത്തിൽ പ്രകടമായത് ആ ജനാധിപത്യ പ്രക്രിയയാണ്. അതിൽ നേതൃത്വത്തിനും നേതൃഘടകങ്ങൾക്കുമെതിരായ വിമർശനമെന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിമർശന, സ്വയംവിമർശനം എന്നത് പരസ്പരപൂരകവും വൈരുധ്യാധിഷ്ഠിതവുമായ ജനാധിപത്യ പ്രക്രിയയാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ചിട്ടയായുള്ള ഗതാഗത സംവിധാനമാണ്. അത് ചേരിപ്പോരുകൾക്കും വിഭാഗീയ പ്രവണതകൾക്കും വിരാമമിടുന്ന ജനാധിപത്യ സംഘടനാ സംസ്കാരമാണ്. ഇനി, മാധ്യമങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നത് സമ്മേളനത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ ഉയർന്നതായി അവർ വ്യാഖ്യാനിക്കുന്ന വിമർശനങ്ങളാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലും ജനജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തി നിലനിൽക്കുന്ന, സുസ്ഥിര രാഷ്ട്രീയ സംവിധാനമാണ് എൽഡിഎഫ്. അത് ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉത്തമതാല്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുപോന്നിട്ടുണ്ട്. സമീപ ഭാവിയിൽ അതിന് എന്തെങ്കിലും മാറ്റമുണ്ടാവാനുള്ള വിദൂര സാധ്യതപോലും കേരള രാഷ്ട്രീയത്തിൽ ദൃശ്യമല്ല. അത് വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും മുൻഗണനകളുമുള്ള രാഷ്ട്രീയപാർട്ടികളുടെ സാമാന്യം സുദൃഢമായ കൂട്ടായ്മയാണ്. ഒരു പൊതു മിനിമം പരിപാടിയുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ആ മുന്നണി മുന്നേറുന്നത്. മനുഷ്യരാൽ നയിക്കപ്പെടുന്ന പാർട്ടികളും മുന്നണിയും എന്നനിലയിൽ അവയിൽ ചിലപ്പോളെങ്കിലും ചില അപഭ്രംശങ്ങളും വീഴ്ചകളും സംഭവിക്കുക സ്വാഭാവികവും മനുഷ്യസഹജവുമാണ്. അവ പരസ്പരം ചൂണ്ടിക്കാണിക്കുകയും പ്രവർത്തനത്തെ അതിന്റെ പ്രഖ്യാപിതവും ശരിയുമായ പാതയിലേക്ക് കൊണ്ടുവരാൻ മുന്നണിയിലെ ഘടകകക്ഷികൾ ശ്രമിക്കുന്നതും മുന്നണി ബലതന്ത്രത്തിന്റെ ഭാഗമാണ്. അതിലുപരി യാതൊന്നും ആലപ്പുഴ സമ്മേളനത്തിൽ സംഭവിച്ചിട്ടില്ല. മാത്രമല്ല, സത്യസന്ധമായ അത്തരം ഇടപെടലുകളിലൂടെ മുന്നണിയെ ശക്തിപ്പെടുത്താനും ഭരണത്തുടർച്ചയിലൂടെ കേരളത്തിന്റെയും ജനജീവിതത്തിന്റെയും വികാസം ഉറപ്പുവരുത്തുകയുമാണ് പാർട്ടിയുടെ ലക്ഷ്യം എന്നത് സമ്മേളനം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയുമുണ്ടായി. ആ ലക്ഷ്യപ്രഖ്യാപനവും അതിന്റെ സാക്ഷാൽക്കാരത്തിനുവേണ്ടിയുള്ള പ്രവർത്തനവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പ്രസക്തമാക്കുന്നത്.
ലക്ഷ്യവും,സാക്ഷാത്കാരത്തിനുള്ള പ്രവർത്തനവുമാണ് സിപിഐയെ പ്രസക്തമാകുന്നത്

