Site iconSite icon Janayugom Online

ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി തുടരണം

രാജ്യത്ത് മതിയായ കൂടിയാലോചനകളോ അഭിപ്രായ സമന്വയമോ തയാറെടുപ്പുകളോ കൂടാതെ നടപ്പാക്കിയ ചരക്ക്സേവന നികുതി (ജിഎസ്‌ടി) സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷത്തോടെ അഞ്ചു വര്‍ഷം പിന്നിടുകയാണ്. അത് കേന്ദ്ര ഭരണകൂടം പ്രതീക്ഷിച്ചതുപോലെ നികുതി വരുമാന സമാഹരണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയില്ലെന്നു മാത്രമല്ല സംസ്ഥാനങ്ങള്‍ക്ക് അര്‍ഹവും അവശ്യവും നീതിപൂര്‍വവുമായ വിഹിതം നിഷേധിക്കുന്നതിനും കാരണമായി. കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തേയും ലോകത്തേയും ഗ്രസിച്ച കോവിഡ് മഹാമാരി നികുതി സമാഹരണത്തെ മാത്രമല്ല സമ്പദ്ഘടനയെതന്നെ ഏറെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ രൂപമാറ്റംവന്ന ഒമിക്രോണ്‍ വ്യാപന ഭീഷണി നികുതി വരുമാന വളര്‍ച്ചയടക്കം സാമ്പത്തിക കണക്കുകൂട്ടലുകളെ അപ്പാടെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം‍ കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുമായുള്ള ബജറ്റ് പൂര്‍വ കൂടിയാലോചന വിലയിരുത്തപ്പെടാന്‍. ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ നികുതി വരുമാന വിഹിതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന കമ്മി നികത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചു വര്‍ഷത്തേക്ക് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്നു. അതുപ്രകാരമുള്ള നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചവരുത്തി എന്നു മാത്രമല്ല ലക്ഷ്യമാക്കിയ നഷ്ടപരിഹാര തുക തുലോം അപര്യാപ്തമാണെന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജിഎസ്‌ടി നികുതി വരുമാനം കേന്ദ്ര വിഹിതം അന്യായമായി ഉയര്‍ത്തുന്നതും സംസ്ഥാനങ്ങള്‍ക്ക് ന്യായമായ വിഹിതം നിഷേധിക്കുന്നതുമായി മാറി. ഈ പശ്ചാത്തലത്തില്‍ വേണം ഒമിക്രോണ്‍ തരംഗത്തിന്റെ ഭീഷണികൂടി കണക്കിലെടുത്ത് ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടി തുടരണമെന്ന കേരളമടക്കം സം­സ്ഥാനങ്ങളുടെ ആ­വശ്യം പരിഗണിക്കപ്പെടേണ്ടത്.

 


ഇതുംകൂടി വായിക്കാം;ജിഎസ്‍ടി: ഒടുവിൽ കേന്ദ്രം വഴങ്ങി; കടമെടുക്കും


 

സഹകരണാത്മക ഫെഡറലിസമെന്ന മോഡി സര്‍ക്കാരിന്റെ ആ­ശയം സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുക എന്ന ല­ക്ഷ്യ­ത്തോടെയാണെന്ന് കഴിഞ്ഞ ഏഴുവര്‍ഷത്തെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. നികുതി വരുമാനത്തിന്റെ വിഹിതം ആനുപാതികമായി കേന്ദ്രത്തിന് അനുകൂലമാക്കി മാറുകയാണ് ജിഎസ്‌ടി വഴി നടപ്പാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യക്ഷ നികുതി നേരത്തെതന്നെ കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ ജിഎസ്‌ടി നടപ്പായതോടെ പരോക്ഷ നികുതിക്കുമേലും കേന്ദ്രം പിടിമുറുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ സെസിന്റെ അനുപാതം ഉയര്‍ത്തുക വഴി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നികുതി വിഹിതത്തിന്മേല്‍ കടന്നുകയറ്റമാണ് നടക്കുന്നത്. ഡീസല്‍, പെട്രോള്‍ എന്നിവയുടെ സംസ്ഥാന നികുതി വിഹിതത്തിന്റെ ഏതാണ്ട് ഇരട്ടി തുകയാണ് കേന്ദ്ര വിഹിതം. അവ ഇപ്പോഴും ജിഎസ്‌ടിക്ക് പുറത്താണെന്നതും ഓര്‍ക്കണം. ജിഎസ്‌ടി സംവിധാനത്തിലെ നികുതി നിര്‍ണയത്തിന്റെ അസ്വഭാവികതയും യാഥാര്‍ത്ഥ്യബോധത്തിന്റെ അഭാവവും വെളിവാക്കുന്നതാണ് വസ്ത്രം, പാദരക്ഷകള്‍ എന്നിവയുടെ നിര്‍ദിഷ്ട നികുതി വര്‍ധനയില്‍ നിന്നും പിന്മാറാനുള്ള ജിഎസ്‌ടി കൗണ്‍സിലിന്റെ ഇന്നലത്തെ തീരുമാനം. കേന്ദ്രം പൂര്‍ണമായി നിയന്ത്രിക്കുന്ന പ്രത്യക്ഷ നികുതിയില്‍ സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ആനുകൂല്യങ്ങളും ഇളവുകളും നല്കുകയും ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളുടെമേല്‍ അമിത നികുതി ഭാരം അടിച്ചേല്പിക്കുകയുമാണ് ജിഎസ്‌ടി. അതാവട്ടെ സംസ്ഥാനങ്ങള്‍ക്ക് നികുതി സംഭരണത്തിലും വരുമാനത്തിലുമുള്ള എല്ലാ നിയന്ത്രണങ്ങളും കവര്‍ന്നെടുത്തുകൊണ്ടുമാണ്.

 


ഇതുംകൂടി വായിക്കാം;ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ നിലപാട് മാറ്റി കേന്ദ്രം; 1.1 ലക്ഷം കോടി വായ്പയെടുക്കും


 

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്പൂര്‍വ കൂടിയാലോചനയില്‍ ഉയര്‍ന്നുവന്ന മുഖ്യ പ്രശ്നങ്ങളാണ് അഞ്ചുവര്‍ഷം കൂടി ജിഎസ്‌ടി നഷ്ടപരിഹാരം തുടരുകയെന്നതും കേന്ദ്ര പദ്ധതികളില്‍ അവരുടെ വിഹിതം ഗണ്യമായി ഉയര്‍ത്തുക എന്നതും. അവ കൂടാതെ സംസ്ഥാനങ്ങള്‍ക്ക് പിടിച്ചുനില്ക്കാനാവാത്ത വിധം സമ്പദ്ഘടനയുടെ കേന്ദ്രീകരണമാണ് മോഡി വാഴ്ചയില്‍ നടന്നുവരുന്നത്. സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയ്ക്കു മേലെയും നികുതി വരുമാനത്തിന്റെ മേലെയും അര്‍ഹമായ അധികാര അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര ഭരണകൂട സമീപനം ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്.

 

You may also like this video;

Exit mobile version