നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2020ലെ വിവരങ്ങൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. ഏറ്റവും ഒടുവിൽവന്നത് 2020ൽ രാജ്യത്ത് ആത്മഹത്യാ നിരക്കിലുണ്ടായ വർധനയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമായിരുന്നു 2020ലെ ആത്മഹത്യാനിരക്കിലുണ്ടായ വർധനവെന്നത് ഞെട്ടിക്കുന്നതാണ്. 1,53,052 ആത്മഹത്യകളാണ് 2020ൽ രാജ്യത്തുണ്ടായത്. പ്രതിദിനം 418 ആത്മഹത്യകൾ നടന്നുവെന്നർത്ഥം. മുൻവർഷം രേഖപ്പെടുത്തിയ 1,39,123 എന്ന എണ്ണവുമായിതാരതമ്യപ്പെടുത്തുമ്പോൾ ഒന്നര ശതമാനത്തോളം വർധനയാണിത്. 2020ലെ ആത്മഹത്യാ നിരക്കിന്റെ തോത് 10. 4 ശതമാനമെന്ന മുൻവർഷത്തെ നിരക്കിൽ നിന്ന് 11.3 ശതമാനമായി ഉയർന്നു. ആത്മഹത്യകളുടെ പകുതിയിലധികവും മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ബംഗാൾ, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു. ഓരോ വിഭാഗത്തെകുറിച്ചുമുള്ള കണക്കുകൾ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയെകൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായത് പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നവരിൽ ഏറെയും ദിവസവേതനക്കാരും സ്വയം തൊഴിൽ മേഖലയിലുള്ളവരുമാണ് എന്നതാണ്. പ്രതിദിന വേതനക്കാരിൽ ആത്മഹത്യയെ അഭയം പ്രാപിച്ചവരിൽ ഏറെയും കുടിയേറ്റത്തൊഴിലാളികളായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 37,666 പേരാണ് ഈ വിഭാഗത്തിൽനിന്ന് ആത്മഹത്യചെയ്തവർ. ദിവസവേതനക്കാർ 33,164, സ്വയംതൊഴിൽ ചെയ്യുന്നവർ 15,990, തൊഴിൽരഹിതർ 12,893 എന്നിങ്ങനെയാണ് ഇവർക്കിടയിലെ വിഭാഗീകരണം. 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 12 ശതമാനമെന്ന തോതിൽ നിന്ന് 2020ൽ 24.6 ശതമാനമെന്ന തോതിൽ ഇരട്ടിയായാണ് ഈ മേഖലയിൽ ആത്മഹത്യ ചെയ്യുന്നവരിലുണ്ടായ വർധന. അതേസമയം കുട്ടികളിലെ ആത്മഹത്യാ നിരക്കിലാണ് ഏറ്റവും വലിയ വർധനയുണ്ടായത്, 21.2 ശതമാനം. 2019ൽ 10,335 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയതെങ്കിൽ 2020 ൽ 14,825 ആയി ഉയർന്നു.
ഇതുംകൂടി വായിക്കാം;രാജ്യത്ത് പ്രതിദിനം 31 കുട്ടികൾ ജീവനൊടുക്കുന്നു; കോവിഡ് മാനസികാഘാതം വർധിപ്പിച്ചതായി വിദഗ്ധർ
രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 24 ശതമാനമാണ് ഡൽഹിയിലെ ആത്മഹത്യാ നിരക്ക്. 22,372 വീട്ടമ്മമാരും ഈ വര്‍ഷം ആത്മഹത്യ ചെയ്തവരാണ്. ആകെ ആത്മഹത്യ ചെയ്തവരുടെ 63 ശതമാനവും (96,816) ഒരു ലക്ഷം രൂപയിൽതാഴെ വാർഷിക വരുമാനമുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്. ശതമാനക്കണക്കുകൾ പരിശോധിച്ചാൽ നഗരമേഖലകളിലെ ആത്മഹത്യകളുടെ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാൾ കൂടുതലാണ്. രാജ്യത്താകമാനമുള്ള മരണ നിരക്ക് 11.3 ശതമാനമാണെന്നിരിക്കെ നഗരങ്ങളിൽ ഇത് 14.8 ശതമാനമാണ്. കടം, സാമ്പത്തികത്തകർച്ച, മയക്കുമരുന്ന് ഉപഭോഗം, പ്രണയനൈരാശ്യം തുടങ്ങിയവയും മറ്റു പ്രധാന കാരണങ്ങളിൽ ഒന്നാണ്. കുട്ടികൾക്കിടയിലെ ആത്മഹത്യയുടെ പ്രധാനകാരണം മാനസികസമ്മർദ്ദമാണ് എന്നാണ് കണ്ടെത്തൽ. 2020ന്റെ പ്രത്യേകത കോവിഡ് പിടികൂടിയ കാലമാണെന്നതാണ്. നാലുകാരണങ്ങളിൽ കടബാധ്യത, സാമ്പത്തിക തകർച്ച എന്നിവ ഉൾപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ കണക്കുകളിലുണ്ടായ ഈ വർധനവിന് കോവിഡ് മഹാമാരിക്കാലത്തെ സാഹചര്യങ്ങളുമായി ബന്ധമുണ്ടോയെന്ന പഠനം വിപുലാർത്ഥത്തിൽ നടക്കേണ്ടതാണ്. എങ്കിലും കോവിഡ് കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചകൾ അവഗണിക്കാവുന്നതല്ലെന്നാണ് കണക്കുകളെ കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ വ്യക്തമാകുക. നഗരമേഖലകളിലെ ആത്മഹത്യകളുടെ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാൾ കൂടുതലാണെന്നതും രാജ്യത്താകമാനമുള്ള മരണ നിരക്ക് 11.3 ശതമാനമാണെന്നിരിക്കെ നഗരങ്ങളിൽ ഇത് 14.8 ശതമാനമാണെന്നതും പ്രത്യേക പരിഗണനയർഹിക്കുന്നു. തമിഴ്‌നാടാണ് കുടിയേറ്റത്തൊഴിലാളികൾ ആത്മഹത്യ ചെയ്തതിൽ മുന്നിൽ 6,495. മധ്യപ്രദേശ് 4,945, മഹാരാഷ്ട്ര 4,176, തെലങ്കാന 3,831, ഗുജറാത്ത് 2,745 എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള സംസ്ഥാനങ്ങളിലെ കണക്കുകൾ.
ഇതുംകൂടി വായിക്കാം;ഇന്ത്യയില്‍ ആത്മഹത്യ നിരക്ക് കുത്തനെ ഉയരുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
2020 മാർച്ച് മാസത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ നാം എറ്റവുമധികം കേട്ട നിലവിളികൾ കുടിയേറ്റത്തൊഴിലാളികളുടേതായിരുന്നു. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളും കുടുംബങ്ങളും നാടണയാൻ സൗകര്യങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ദുരിതത്തിലായതിന്റെ നേർക്കാഴ്ചകൾ. അങ്ങനെയൊരു പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ കേന്ദ്ര സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിൽ വരുത്തിയ വലിയ വീഴ്ചകൾ ആത്മഹത്യയിലുണ്ടായ വൻ വർധനയ്ക്ക് കാരണമായെന്നാണ് വിദഗ്ധ വിലയിരുത്തൽ. സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിത ബോധം സൃഷ്ടിച്ച് ജീവിക്കുവാനുള്ള സാഹചര്യമൊരുക്കിയാൽ തന്നെ ആത്മഹത്യാ പ്രവണത കുറയ്ക്കുവാൻ സാധിക്കും. അതിനാൽതന്നെ കേന്ദ്ര സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഫലമായി നേരിടേണ്ടിവരുന്ന ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളും കോവിഡ് കാലത്ത് സൃഷ്ടിക്കപ്പെട്ട പ്രത്യേക പ്രതിസന്ധികളും ആത്മഹത്യാ പ്രവണത വർധിക്കുവാൻ കാരണമായോ എന്നത് കൂടുതൽ പഠന വിധേയമാക്കി പരിഹാര മാർഗങ്ങളുണ്ടാകണമെന്നാണ് ഈ കണക്കുകൾ നല്കുന്ന സൂചന.
You may also like this video;