Site iconSite icon Janayugom Online

വിശപ്പെന്ന ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യം

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയെ കരുത്തുറ്റ ആഗോള സെെനികശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തെ 41 പ്രതിരോധ വ്യവസായശാലകളെ ഏഴ് പൊതുമേഖലാ പ്രതിരോധ ഉദ്യമങ്ങളായി പുനഃസംഘടിപ്പിച്ച് ഔപചാരികമായി സമാരംഭിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ ‘ഉന്നത ലക്ഷ്യ’­ പ്രഖ്യാപനം. രാഷ്ട്രവ്യവഹാരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന തീവ്രദേശീയതയെ ഈ പ്രഖ്യാപനം ഏറെ വിജൃംഭിതമാക്കും. എന്നാല്‍ അത് ഇന്ത്യന്‍ ജനജീവിതത്തിന്റെ ഘോര യാഥാര്‍ത്ഥ്യങ്ങളുമായി തെല്ലും പൊരുത്തപ്പെടുന്ന ലക്ഷ്യപ്രഖ്യാപനമല്ലെന്ന് തൊട്ടു മുന്‍ദിവസം പുറത്തുവന്ന 2021ലെ ആഗോള വിശപ്പ് സൂചിക (ജിഎച്ച്ഐ) സാക്ഷ്യപ്പെടുത്തുന്നു. സൂചിക പഠന വിധേയമാക്കിയ 116 രാജ്യങ്ങളില്‍ 101-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2020ല്‍ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏഴ് സ്ഥാനം പിന്നോട്ടടിക്കപ്പെട്ടു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ എന്നിവയെക്കാളും എത്രയോ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നത് ഭരണകൂട അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. അടുത്ത പത്ത് വര്‍ഷക്കാലംകൊണ്ട് വിശപ്പ് അഭികാമ്യമായ തോതില്‍ ലഘൂകരിക്കാന്‍ സൂചികയില്‍ ഏറ്റവും പിന്നിലുള്ള ഇന്ത്യയടക്കം 47 രാജ്യങ്ങള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും പഠനം വിലയിരുത്തുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിലും പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള നടപടികളിലും കോവിഡാനന്തരം സാമ്പത്തിക വളര്‍ച്ചയിലും രാജ്യം കെെവരിച്ച നേ‍ട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കു നടുവിലും പട്ടിണിക്കാരുടെ എണ്ണം അനിയന്ത്രിതമായി പെരുകുകയായിരുന്നു എന്നാണ് ഇക്കൊല്ലത്തെ ആഗോള വിശപ്പ് സൂചിക തുറന്നുകാട്ടുന്നത്.

 

 

മനുഷ്യജീവിതത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന എല്ലാ ആഗോള സൂചികകളോടും മോഡിഭരണകൂടം അവലംബിക്കുന്ന നിഷേധമുറ വിശപ്പ് സൂചികയുടെ കാര്യത്തിലും സ്വാഭാവികമായും പ്രതീക്ഷിക്കാം. പോഷക കുറവ്, അഞ്ച് വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ കുറഞ്ഞ ഭാരവും ഉയരവുംമൂലം പാഴാവുന്ന ശെെശവം, ശിശുക്കളുടെ വളര്‍ച്ചാമുരടിപ്പ്, ശിശുമരണനിരക്ക് എ­ന്നിവയെ അ­ടിസ്ഥാനമാക്കിയാണ് വി­ശപ്പ് സൂചി­ക നിര്‍ണയിക്കപ്പെടുന്നത്. പാഴാവുന്ന ശെെശവത്തിന്റെ തോ­ത് പ്രതിവര്‍ഷം ക്ര­മാനുഗതമായി രാജ്യത്ത് വര്‍ധിച്ചുവരുന്നതായാണ് പഠനം പറയുന്നത്. അ­രി, ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ ഉല്പാദനത്തി­ല്‍ ലോകത്ത് ര­ണ്ടാം സ്ഥാനമാണ് ഇ­ന്ത്യ­ക്കുള്ളത്. ലോകത്തെ പയര്‍വര്‍ഗ ഉല്പാദനത്തിന്റെ 25 ശതമാനവും കഴിഞ്ഞ ഒരു ദശകത്തില്‍ ഏറെയായി ഇന്ത്യയിലാണ്. പാല്‍ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനവും മുട്ട ഉല്പാദനത്തില്‍ മൂന്നാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. ഭക്ഷ്യധാന്യ സംഭരണ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്നതിന്റെ മൂന്നിരട്ടി ധാന്യശേഖരമാണ് എഫ‌്‌സിഐയുടെ പക്കലുള്ളത്.

 


ഇതുംകൂടി വായിക്കാം; വിശക്കുന്ന ഇന്ത്യ; പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍


 

ഓരോ പൗരനും 85 കിലോഗ്രാം ഭക്ഷ്യധാന്യം പ്രതിവര്‍ഷം നല്കാന്‍ മതിയായ ശേഖരം. എന്നിട്ടും ജനകോടികള്‍ വിശപ്പോടെ അന്തിയുറങ്ങാന്‍ നിര്‍ബന്ധിതമാകുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനും വികല നയരൂപീകരണത്തിനുമാണ്. ഇന്ത്യയുടെ ധാന്യഅറകളെന്ന് വിശേഷിപ്പിക്കുന്ന പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ മേഖലകളില്‍ കര്‍ഷകര്‍ ഒരു വര്‍ഷത്തോളമായി നിരന്തര പ്രക്ഷോഭത്തിലാണ്. എന്നിട്ടും അവിടങ്ങളില്‍ ഭക്ഷ്യധാന്യ ഉല്പാദനം റെക്കോഡ് നിലവാരത്തില്‍ ആയിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ ഒരു ജനത തുടര്‍ന്നും വിശപ്പിന്റെ ഇരകളാകുന്നത് തികഞ്ഞ ഭരണകൂട പരാജയമല്ലാതെ മറ്റൊന്നുമല്ല. ആഭ്യന്തര സംഘര്‍ഷങ്ങളും ജനത അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയും വിവിധ മേഖലകള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അസന്തുലിതാവസ്ഥയും ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന വിവേചനവും വിശപ്പ് അപരിഹാര്യമായി തുടരാന്‍ കാരണമാവുന്നതായി ആഗോള വിശപ്പ് സൂചിക ചൂണ്ടിക്കാട്ടുന്നു. ഭരണകൂടം വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തുമ്പോഴും സാമ്പത്തിക തകര്‍ച്ചയും മുരടിപ്പും രൂക്ഷമായ അസന്തുലിതാവസ്ഥയും വിശപ്പ് തുടച്ചുമാറ്റുന്നതിന് വിഘാതം സൃഷ്ടിക്കുന്നു.

വിശപ്പ് അനിഷേധ്യ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന ഒരു രാഷ്ട്രം, അതില്‍ നിന്ന് സമീപകാലത്തൊന്നും മോചനമില്ലെന്ന് ഉറപ്പായിരിക്കെ, ആഗോള സെെനികശക്തിയായി വളരുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ രാഷ്ട്രീയ വിരോധാഭാസമല്ലെങ്കില്‍ മറ്റെന്താണ്? അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഭീഷണികളെ ഫലപ്രദമായി തടയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിനു മതിയായ പ്രതിരോധ സന്നദ്ധത കെെവരിക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനങ്ങളെ പട്ടിണിക്കിട്ടുകൊണ്ട് ആവരുത്. സമാധാനപൂര്‍ണമായ ജീവിതവും ലഭ്യമായ വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണവും ഉറപ്പുവരുത്തി മാത്രമെ ഇന്ത്യക്ക് വിശപ്പിനെ നേരിടാനും വിശപ്പുരഹിത രാഷ്ട്രമായി മാറാനുമാവൂ.

You may also like this video;

Exit mobile version