നീണ്ടകാലം കേന്ദ്രത്തിലും ഒട്ടേറെ സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് അതേ അധികാരത്തിന്റെ തണലിലും ഇടനിലപ്രവര്‍ത്തനങ്ങളിലും വ്യാപൃതരായി സ്വയം കളഞ്ഞുകുളിച്ച സംഘടനയാണ്. അധികാരങ്ങളും സ്ഥാനമാനങ്ങളും ധനസമ്പാദനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങിയതായിരുന്നു അതിന്റെ ശൈലികള്‍. അതിനിടയില്‍ സംഘടിത സ്വഭാവവും പ്രവര്‍ത്തന രീതികളും കൈമോശം വരികയും ചെയ്തു. നേതാക്കളുടെ പ്രീതിപറ്റുകയും അതുവഴി വ്യക്തിഗത നേട്ടങ്ങള്‍ ആര്‍ജിക്കുകയും ചെയ്യുന്നതിനിടെ യുവജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാമായിരുന്ന സ്വാധീനവും സമരശേഷിയും നഷ്ടമായെന്ന് മാത്രമല്ല കോണ്‍ഗ്രസിന്റെ നിഴല്‍സംഘടന എന്ന പേരിലേക്ക് ഒതുങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പോലും യുവജനങ്ങളുടെ പ്രശ്നങ്ങളോ അതാത് കാലത്തെ സങ്കീര്‍ണമായ വിഷയങ്ങളോ അവരുടെ പരിഗണനയിലെത്തിയില്ല. ആ സംഘടന നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവരുടെ സ്വന്തം കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ വിവിധ ഭാരവാഹികളെ തെരഞ്ഞെടുക്കുക എന്ന പ്രക്രിയ പൂര്‍ത്തിയാക്കിയപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് എന്നത് ഒരു അസംബന്ധമാണെന്ന് കൂടിയാണ് തെളിയിക്കുന്നത്. മാതൃസംഘടനയായ കോണ്‍ഗ്രസില്‍ എന്നതുപോലെ യൂത്ത് കോണ്‍ഗ്രസിലും നാമനിര്‍ദേശം ചെയ്യുക എന്നതായിരുന്നു കമ്മിറ്റികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നതിന് സ്വീകരിച്ചുപോന്നിരുന്ന എളുപ്പവഴി. സംഘടനയുടെ ഭരണഘടനാടിസ്ഥാനത്തില്‍ അംഗത്വം പുതുക്കുക, അതിനെ ആസ്പദമാക്കി പ്രാദേശികതലം മുതല്‍ മുകളിലോട്ടുള്ള സമിതികളെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുക തുടങ്ങിയ പ്രക്രിയകള്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും വളരെ അപൂര്‍വമായി മാത്രമേ അത് പ്രാബല്യത്തിലായിട്ടുള്ളൂ. വ്യക്തിഗതവും ഗ്രൂപ്പുകളുടെയും താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഘടകങ്ങളുടെ ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുക എന്ന രീതിയാണ് എല്ലായ്പോഴും തുടര്‍ന്നുപോന്നിരുന്നത്.
ഇതുകൂടി വായിക്കൂ; കലാപഭൂമിയാക്കുകയല്ല പ്രതിപക്ഷ ധര്‍മ്മം
അതുകൊണ്ടുതന്നെ ഭാരവാഹികളാകാനും സ്ഥാനങ്ങള്‍ കയ്യടക്കാനും കാലുപിടിത്തം, വിധേയത്വം, ദാസ്യപ്പണി എന്നിങ്ങനെ എല്ലാ സവിശേഷ സ്വഭാവഗുണങ്ങളും ആവശ്യമായി വന്നു. സംഘടനാപ്രവര്‍ത്തനം അപ്രസക്തമാകുകയും സവിശേഷ സ്വഭാവഗുണപ്രകടനത്തിന് സാധിക്കുന്നവര്‍ക്ക് പ്രസക്തിയേറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഘടകസംവിധാനങ്ങളും ഭാരവാഹികളും നിശ്ചയിക്കുന്നതിന് സംഘടനാ ഭരണഘടനയുടെ അടിസ്ഥാനത്തിലും അംഗബലത്തെ മുഴുവനായി പ്രതിഫലിപ്പിക്കുന്ന വിധത്തിലും ജനാധിപത്യപരമായും തെരഞ്ഞെടുപ്പ് പ്രക്രിയ അവലംബിക്കുന്നു എന്നത് അതിന്റെ പ്രവര്‍ത്തകരെയെങ്കിലും സന്തോഷിപ്പിച്ച കാര്യമായിരിക്കും.
പക്ഷേ അത്തരമൊരു തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അന്തരീക്ഷം പാകമായിട്ടില്ലെന്നും സ്ഥാനലബ്ധിക്കുവേണ്ടി കുതന്ത്രങ്ങളും കുതികാല്‍വെട്ടും തന്നെയേ നടക്കൂ എന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അപസര്‍പ്പക കഥകളെപ്പോലും വെല്ലുന്നതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. ലക്ഷക്കണക്കിന് അംഗങ്ങള്‍ വോട്ടുചെയ്തു, കൂടുതല്‍ വോട്ടു നേടിയവര്‍ സംസ്ഥാന അധ്യക്ഷനും വിവിധ ഘടകഭാരവാഹികളുമായി എന്നാണ് ആദ്യവാര്‍ത്തകളുണ്ടായിരുന്നത്. പിന്നീട് കള്ളവോട്ടര്‍മാര്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഇരട്ട വോട്ടുകള്‍ എന്നിങ്ങനെ നിരവധി പരാതികളും ആരോപണങ്ങളുമാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് തന്നെ പുറംകരാര്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു.
ഇതുകൂടി വായിക്കൂ; യുപിയില്‍ നഷ്ടപ്രതാപം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസ്
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന്, രാഷ്ട്രീയ എതിരാളികളല്ല, സംഘടനയ്ക്കകത്തെ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളുമായവര്‍ തന്നെയാണ് പരാതികള്‍ ഉന്നയിച്ചത്. സംസ്ഥാനത്താകെ ഇതുസംബന്ധിച്ച് പൊലീസിനു മുന്നില്‍ നിരവധി പരാതികളെത്തിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി ഉണ്ടാക്കിയെന്ന പരാതിയില്‍ അന്വേഷണം നടക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ പോകുകയുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ഈ വിഷയം സംഘടനയുടെ ദേശീയ നേതൃത്വത്തിന് മുന്നിലും പരാതിയായി എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ സാങ്കേതികവിദ്യയുടെ ദുരുപയോഗവും വ്യാജ ആപ്പുകളുടെ നിര്‍മ്മിതിയും തുടങ്ങി സൈബര്‍ കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായത്. എത്രയോ കാലത്തിനുശേഷം നിശ്ചയിച്ച സംഘടനാ തെരഞ്ഞെടുപ്പുപോലും മാനംമര്യാദയ്ക്ക് നടത്താന്‍ സാധിക്കാത്തവിധം അസംബന്ധ സംഘടനയായിരിക്കുന്നു യൂത്ത് കോണ്‍ഗ്രസ് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.