November 24, 2023 Friday

യുപിയില്‍ നഷ്ടപ്രതാപം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസ്

അസദ് റിസ്‌വി
November 19, 2023 4:12 am

ഈ മാസമാദ്യം, ലഖ്‌നൗവിലെ ഹുസൈനാബാദില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഛോട്ടാ ഇമാംബരയ്ക്കടുത്ത് ഒരു ചായക്കടയ്ക്കുമുന്നില്‍ കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം നിന്നു. നേതാക്കൾ ഇറങ്ങി, പ്രദേശവാസികളുമായി സംവദിച്ചു, അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ. അവര്‍ പ്രദേശത്തിന്റെ ജനകീയപ്രശ്നങ്ങൾ ചർച്ച ചെയ്തു. ഇത്തരം അനേകം സന്ദർശനങ്ങളില്‍ ഒന്നായിരുന്നു ഇത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് ശേഷം പാർട്ടിയിൽ നിന്നകന്ന മുസ്ലിം സമുദായത്തിന്റെ വിശ്വാസം വീണ്ടെടുക്കാനുള്ള കോൺഗ്രസ് പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഉത്തർപ്രദേശിലും ദേശീയതലത്തിലും ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 1980കളുടെ അവസാനം മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഉദയത്തിലാണ് മുസ്ലിം സമുദായത്തിന്റെ പിന്തുണ കോൺഗ്രസിന് പൂര്‍ണമായി ലഭിച്ചത്. എന്നാല്‍ 1992ൽ മുലായം സിങ് യാദവ് സ്ഥാപിച്ച സമാജ്‌വാദി പാർട്ടിയിലേക്കു് അവരുടെ വിശ്വസ്തത മാറി. അതേസമയംതന്നെ കാൻഷിറാമിന്റെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) ഉയർന്നുവന്നു. അത് ദളിത് വോട്ടർമാരെ കോൺഗ്രസിൽ നിന്ന് അകറ്റി. 1993ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും കൈകോർക്കുകയും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ഒരു ശക്തിയായി ഉയർന്നുവരികയും ചെയ്തു. എന്നാല്‍ 1995ലെ കുപ്രസിദ്ധമായ ഗസ്റ്റ് ഹൗസ് സംഭവത്തോടെ സമാജ്‌വാദി പാർട്ടി-ബിഎസ്‌പി സഖ്യം തകർന്നു. എന്നിട്ടും, ദളിതുകളും മുസ്ലിങ്ങളും ഇരു പാർട്ടികളോടും തങ്ങളുടെ വിശ്വസ്തത നിലനിർത്തി. അതുകൊണ്ടാണ് 1995നും 2012നും ഇടയിൽ രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള സംസ്ഥാനത്ത് അവർക്ക് തുടർച്ചയായി സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്. ഇത് കോൺഗ്രസിനെ മൂന്ന് പതിറ്റാണ്ടിലേറെയായി അധികാരത്തിൽ നിന്ന് മാറ്റിനിർത്തി. യുപിയില്‍ അടുത്തകാലത്ത് കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനം 2009ലെ പൊതുതെരഞ്ഞെടുപ്പിൽ 80ൽ 21 സീറ്റുകൾ നേടിയതാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന കടുത്ത ഹിന്ദുത്വ നേതാവ് കല്യാണ്‍ സിങ്ങിനെ മുലായംസിങ് യാദവ് പിന്തുണച്ചതിനാലാണ് അന്ന് മുസ്ലിം വോട്ടർമാർ കോൺഗ്രസിനെ പിന്തുണച്ചത്. 2013–14ൽ യുപി രാഷ്ട്രീയ മാതൃക വീണ്ടും മാറി. ഹിന്ദുത്വ നേതാവും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ദേശീയ രാഷ്ട്രീയത്തിൽ എത്തി. അതിനുശേഷം ഓരോ തെരഞ്ഞെടുപ്പിലും സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ദുർബലമാവുകയാണ്. ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ശക്തമായ തരംഗത്തിൽ വലിയൊരു വിഭാഗം പിന്നാക്കക്കാരും ദളിതരും ഇരുപാർട്ടികളിൽ നിന്നും മാറി കാവിപാർട്ടിയെ പിന്തുണച്ചു.

 


ഇതുകൂടി വായിക്കൂ; ബിജെപിയുടെ വർഗീയ പ്രചരണവും ഏറ്റുപിടിക്കുന്ന കോൺഗ്രസും


2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ വോട്ട് വിഹിതം ഒമ്പത് ശതമാനം കുറഞ്ഞപ്പോൾ, സമാജ്‌വാദി പാർട്ടി 2017 നെക്കാള്‍ 10 ശതമാനം വോട്ട് കൂടുതല്‍ നേടി. പക്ഷേ സമാജ്‌വാദിയുടെ നേട്ടങ്ങൾ ആദിത്യനാഥ് സർക്കാരിനെ താഴെയിറക്കാൻ പര്യാപ്തമായിരുന്നില്ല. 2017ല്‍ സമാജ്‌വാദി പാർട്ടിയുടെ വോട്ട് വിഹിതത്തില്‍ ഏഴ് ശതമാനവും ബിഎസ്‌പിക്ക് നാല് ശതമാനവും കുറഞ്ഞിരുന്നു. എന്നാല്‍ 2017, 22 തെരഞ്ഞെടുപ്പുകളിൽ ബിജെപി യഥാക്രമം 25, മൂന്ന് ശതമാനം വോട്ടുകൾ കൂടുതല്‍ നേടി. മണ്ഡല്‍ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ പരിമിതമായ ഫലങ്ങൾ മാത്രമേ ഉണ്ടാക്കിയുള്ളൂ, അഥവാ യുപിയില്‍ ബിജെപിയുടെ കുത്തൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
സമാജ്‌വാദി പാർട്ടിയോട് മുസ്ലിങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് കരുതാൻ ഇത് കോൺഗ്രസിനെ പ്രേരിപ്പിച്ചു. അതേസമയം, സമാജ്‌വാദി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ദളിത് വോട്ടർമാരിൽ വലിയൊരു വിഭാഗം ബിജെപിയിലേക്ക് പോയതായും അവര്‍ കരുതുന്നു. ഇത് പൂര്‍ണമായും ശരിയല്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. 2022 ലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് സമാജ്‌വാദി പാർട്ടിയുടെ വോട്ട് വിഹിതത്തിലെ വർധനവിന് കാരണം മുസ്ലിങ്ങൾ, വരേണ്യ ജാതികൾ, പിന്നാക്ക വിഭാഗങ്ങൾ, ദളിതുകൾ എന്നിവരുൾപ്പെടെ ഒരു വിഭാഗം വോട്ടർമാരുടെ തിരിച്ചുവരവാണ്. ബിഎസ്‌പി അധ്യക്ഷ മായാവതി അപൂർവമായി മാത്രമേ രംഗത്തുള്ളൂ. സംസ്ഥാനത്ത് ദളിത്-ബഹുജൻ പ്രസ്ഥാനം ഒരു പരിധിവരെ ദുർബലമായി. പട്ടികജാതി ജനസംഖ്യയിൽ ഭൂരിഭാഗവും ബിഎസ്‌പിയുടെ ശക്തിയായ ജാതവുകളാണ്. മറ്റ് ദളിത് സമുദായങ്ങളെ(സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 12ശതമാനം) ഹിന്ദുത്വം കീഴടക്കി. ഗ്രാമപ്രദേശങ്ങളിലാകട്ടെ യാദവർ, ജാട്ടുകൾ, കുർമികൾ തുടങ്ങിയ പ്രബല പിന്നാക്ക വിഭാഗങ്ങളെ തങ്ങളെ അടിച്ചമര്‍ത്തുന്നവരായാണ് ദളിതർ കാണുന്നത്. ദളിതുകളും മറ്റ് പിന്നാക്ക ജാതികളും (ഒബിസി) തമ്മിൽ ശക്തമായ ഒരു സഖ്യം രൂപീകരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമാണ് ഈ അന്തർ‑ജാതി സ്പർധ. ഖേദകരമെന്നു പറയട്ടെ, സാമൂഹിക‑സാമ്പത്തിക ബന്ധങ്ങൾ പങ്കിടുന്ന സാമൂഹിക ഗ്രൂപ്പുകൾ തമ്മിലുള്ള ഈ വൈരുധ്യങ്ങളെ ചെറുക്കാൻ, അവരെ രാഷ്ട്രീയമായി ഒരുമിച്ച് കൊണ്ടുവരാൻ വളരെ ദുര്‍ബലമായ ശ്രമങ്ങളേ നടന്നിട്ടുള്ളൂ.


ഇതുകൂടി വായിക്കൂ;  സാധാരണക്കാരന്റെ അവസാന പ്രതീക്ഷ


 

കോൺഗ്രസ് ഇപ്പോള്‍ കണക്കുകൂട്ടുന്നത് ദളിത് വോട്ടർമാരുടെ ബിജെപിയിലേക്കുള്ള ചാഞ്ചാട്ടം യഥാർത്ഥമായിരുന്നുവെങ്കിലും സാമ്പത്തിക ഞെരുക്കവും അതിക്രമങ്ങളും അനിയന്ത്രിതമായതിനാൽ അതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്നാണ്. ഈ വിടവാണ് കോൺഗ്രസ് അതിന്റെ അടിത്തട്ടിലെ പ്രചാരണത്തിലൂടെ നികത്താൻ ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തിനിടയിൽ വിജയകരമായി കടന്നുകയറാൻ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഇത് ഹിന്ദുത്വഭീഷണിയില്‍ മനംനൊന്ത ദളിത് വോട്ടർമാരെയും ആകർഷിക്കും. ഈ ധ്രുവീകരണം ഹിന്ദുത്വത്തിന്റെ പരിധി കുറയ്ക്കുമെങ്കിലും, ദളിത്-മുസ്ലിം ഐക്യത്തിനായുള്ള ശ്രമം വിജയിക്കുമോ എന്നതാണ് ചോദ്യം.
പിന്നാക്കക്കാരുടെയും ദളിതുകളുടെയും മുസ്ലിങ്ങളുടെയും അവകാശങ്ങളായ സംവരണം നടപ്പാക്കുമെന്നതും തുല്യതയ്ക്കും നീതിക്കുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതും ദളിത്, മുസ്ലിം ജനതയ്ക്കു നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ ഉയർത്തിക്കാട്ടുന്നതും തന്ത്രപ്രധാനമായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സാമൂഹിക ഗ്രൂപ്പുകളുടെ പിന്തുണ നേടാമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ചായക്കടകളിലും ആളുകൾ ഒത്തുകൂടുന്ന മതസ്ഥലങ്ങളിലും വഴിയോര യോഗങ്ങളിലൂടെ അതത് സമുദായങ്ങളുടെ ഉപജീവന പ്രശ്നങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നത്. 1989വരെ മുസ്ലിങ്ങളും ദളിതരും തങ്ങളുടെ കൂട്ടത്തിലായിരുന്നുവെന്നും വർഗീയ ശക്തികൾ അപ്പോള്‍ പുറത്തായിരുന്നുവെന്നും ജനങ്ങളെ ഓർമ്മിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. 1990 വരെ ബിജെപിക്ക് പാർലമെന്റിൽ രണ്ട് സീറ്റുകൾ മാത്രമേ നേടാനായിരുന്നുള്ളൂ. എന്നാൽ അവർ മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കിയതോടെ സ്ഥിതിഗതികൾ മാറി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം വോട്ടർമാർ സമാജ്‌വാദി പാർട്ടിയെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. നിലവില്‍ ‘ഇന്ത്യ’ സഖ്യത്തിലെ അംഗമാണ് എസ്‌പി. പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരിക്കുന്നു. അവര്‍ക്ക് ലഭിക്കേണ്ട വോട്ടുകൾ കോൺഗ്രസ് പിടിച്ചാല്‍ ഇരുപാർട്ടികളും ഒരേ വോട്ടർമാരുടെ പേരിൽ പോരടിക്കുകയാകില്ലേ എന്ന ചോദ്യവും അവശേഷിക്കുന്നു.

2022ൽ കോൺഗ്രസ് വനിതാ വോട്ടർമാരെ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിച്ചപ്പോൾ, പലരും സ്വാഗതം ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയില്ല. 403 സീറ്റുകളുള്ള നിയമസഭയില്‍ 113 എംഎൽഎമാരുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയാണ് സമാജ്‌വാദി പാർട്ടി. 2019 ലെ പൗരത്വ (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ, പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ മൗനം അവഗണിച്ച് 2022ൽ മുസ്ലിം വോട്ടർമാർ സമാജ്‌വാദി പാർട്ടിയെ പിന്തുണച്ചു. അതേവർഷം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പൊലീസ് നടത്തിയ അടിച്ചമർത്തലിൽ നിരവധി മുസ്ലിം പ്രവര്‍ത്തകർ കൊല്ലപ്പെടുകയും സാമൂഹിക പ്രവർത്തകര്‍ തടവിലാവുകയും ചെയ്തു. ആ സമയത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വിവിധ നഗരങ്ങളിലെ ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. പക്ഷേ ഇതിൽനിന്നും ഒരു തെരഞ്ഞെടുപ്പു നേട്ടവും കോൺഗ്രസിന് ലഭിച്ചില്ല. രണ്ട് നിയമസഭാ സീറ്റുകളിൽ വിജയം ഒതുങ്ങി.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് മൊറാദാബാദിലെയും ലഖ്‌നൗവിലെയും മുസ്ലിം ആധിപത്യമുള്ള സീറ്റുകളിലെ വർധിച്ച വോട്ടുകളായിരിക്കാം കോൺഗ്രസിന്റെ വെള്ളിവെളിച്ചം. അത് സംസ്ഥാനത്തെ മുസ്ലിങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിൽ ആ പാര്‍ട്ടിയെ ഉത്സാഹഭരിതരാക്കുന്നു. 2024ൽ ബിജെപിക്കെതിരെ കോൺഗ്രസിന് ശക്തമായി മത്സരിക്കാനാകുമെന്ന സന്ദേശം നൽകിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നതിൽ പാർട്ടി മറ്റേതിനെക്കാളും ശക്തമാണ്എന്ന ധാരണ യാത്രയിലൂടെ സൃഷ്ടിക്കാൻ രാഹുലിന് കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
(അവലംബം: എ‌െപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.