രാജ്യം ഉറ്റുനോക്കിയിരുന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്നലെ പൂർത്തിയായി. പ്രതിപക്ഷ രാഷ്ട്രീയസഖ്യമായ ഇന്ത്യയുടെ രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിൽ സഖ്യമെന്നനിലയിൽ നേരിട്ടും സഖ്യകക്ഷികൾ വേറിട്ടും നടത്തിയ മത്സരത്തിന്റെ ഫലം ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് മൂന്നു സീറ്റുകൾ ലഭിച്ചപ്പോൾ ഇന്ത്യ സഖ്യവും ഘടകകക്ഷികളും ചേർന്ന് ഒരു സീറ്റിന്റെ മേൽക്കെെ കരസ്ഥമാക്കിയത് വരാൻപോകുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനെയുംപറ്റിയുള്ള സൂചകമായി വിലയിരുത്തുന്നതിൽ തെറ്റില്ല. ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ ഉത്തരാഖണ്ഡിലെ ബഗേശ്വർ സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ബോക്സാനഗർ സീറ്റ് സിപിഐ(എം)ൽ നിന്നും ബിജെപി പിടിച്ചെടുത്തതും ധൻപുർ അവർ നിലനിർത്തിയതും കയ്യൂക്കുകൊണ്ടും തെരഞ്ഞെടുപ്പ് അതിക്രമങ്ങളിലൂടെയുമാണ്. പോളിങ് ദിനത്തിൽ പ്രതിപക്ഷ പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ ഇരിക്കാൻ അനുവദിക്കാതെ അടിച്ചോടിച്ചും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അവരുടെ അസാന്നിധ്യം ഉറപ്പുവരുത്തിയും തട്ടിയെടുത്ത വിജയങ്ങൾ ആയിരുന്നു അത്. ബഗേശ്വറിൽ വിജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ചന്ദൻ റാം ദാസിന്റെ മരണത്തെത്തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരളത്തിലെ പുതുപ്പള്ളിയിൽ 53 വർഷം മണ്ഡലത്തിന്റെ പ്രതിനിധിയും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ചാണ്ടി ഉമ്മന്റെ വിജയത്തിൽ സഹതാപതരംഗവും ബിജെപി വോട്ടിലെ ഗണ്യമായ ചോർച്ചയും നിർണായകമായി. എന്നിട്ടും പല യുഡിഎഫ് നേതാക്കളും പ്രവചിച്ചതുപോലെയുള്ള ഭൂരിപക്ഷം നേടാനായില്ലെന്ന വസ്തുത നിലനിൽക്കുന്നു. പശ്ചിമബംഗാളിലെ ധൂപ്ഗുരി അ സംബ്ലി മണ്ഡലം ഇന്ത്യ സഖ്യത്തിലെ അംഗവും സംസ്ഥാനത്തെ ഭരണകക്ഷിയുമായ തൃണമൂൽ കോ ൺഗ്രസ് ബിജെപിയിൽനിന്നും പിടിച്ചെടുത്തു.
ഇതുകൂടി വായിക്കൂ; ഇന്ത്യയെ ഭയക്കുന്നത് ആര് ?
ദേശീയതലത്തിൽ ടിഎംസി ഇ ന്ത്യ സഖ്യത്തിൽ തുടരുമ്പോഴും പശ്ചിമബംഗാളിൽ സഖ്യത്തിന്റെ ബലതന്ത്രം എ ന്തായിരിക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. ഇന്ത്യ സഖ്യത്തിലെ ജെഎംഎം സ്ഥാനാർത്ഥി ഝാർഖണ്ഡിലെ ദുംറി അസംബ്ലി മണ്ഡലത്തിൽനിന്നും 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇന്ത്യ സഖ്യത്തിലെ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥി വിജയിച്ചത്. ഘോസിയിലെ മുന്നേറ്റം ബിജെപി വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് ഉളവാക്കിയിട്ടുള്ളത്. അത് ബിജെപിയുടെ അനുഗ്രഹാശിസുകളോടെയും സംരക്ഷണത്തിലും പണക്കൊഴുപ്പിലും അരങ്ങുതകർക്കുന്ന കാലുമാറ്റ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ്. ബിജെപിയുടെ സ്ഥാനാർത്ഥി മുമ്പ് ആ പാർട്ടിയിൽനിന്നും എസ്‌പിയിലേക്കും ആ പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച് നിയമസഭാംഗമായശേഷം തിരിച്ച് ബിജെപിലേക്കും ‘കൂടുവിട്ട് കൂടുമാറി’ ഉപതെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ കാർമ്മികത്വത്തിൽ സംസ്ഥാനത്തു നടന്നുവരുന്ന കിരാതവാഴ്ചയുടെയും ഹിന്ദുത്വ തീവ്രവാദത്തിന്റെയും രാഷ്ട്രീയ തിരസ്കാരമായും ഈ പരാജയത്തെ വിലയിരുത്താം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെട്ട യുപിയിലെ ഇരട്ട എൻജിൻ സർക്കാർ വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിടാൻപോകുന്ന കനത്ത വെല്ലുവിളിയെയാണ് ഘോസിയിൽനിന്നുള്ള ഫലം സൂചിപ്പിക്കുന്നത്.
ഇതുകൂടി വായിക്കൂ; ഭരണഘടനയിലെ റിപ്പബ്ലിക്കും മോഡിയുടെ ഇന്ത്യയും
ഇന്ത്യ സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും നേരിട്ട് ഏറ്റുമുട്ടുന്ന തന്ത്രപ്രധാന സംസ്ഥാനങ്ങളിൽ ഒന്നാമതായിരിക്കും യുപി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഘോസിയിലെ വിജയം ബിജെപി-എൻഡിഎ വൃത്തങ്ങളിൽ പരിഭ്രാന്തിയും ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസവുമാണ് നൽകുന്നത്.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പുകൾ വരാൻപോകുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പൊതുതെരഞ്ഞെടുപ്പിന്റെയും തിരനോട്ടമായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ബിജെപി വൃത്തങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള അങ്കലാപ്പ് പ്രകടമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെലങ്കാനയിലും തെരഞ്ഞെടുപ്പ് യന്ത്രത്തിന്റെ സമ്പൂർണനിയന്ത്രണം അമിത്ഷാ ഉൾപ്പെടെ ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുത്തത് ആ ഭയപ്പാടിന്റെ സൂചനയാണ്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ആക്കം കൂട്ടിയതും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന് പൊതു മിനിമം പരിപാടി രൂപീകരിക്കുന്നതിലും കഴിയാവുന്നത്ര ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരു പൊതു സ്ഥാനാർത്ഥി എന്ന ലക്ഷ്യം കൈവരിക്കുന്നതിനും പ്രായോഗികവും അനുകൂലവുമായ അന്തരീക്ഷമാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചിരിക്കുന്നത്. ആത്മവിശ്വാസത്തോടെയും വിട്ടുവീഴ്ചാമനോഭാവത്തോടെയും ഇന്ത്യ സഖ്യം അനുകൂലാന്തരീക്ഷത്തെ പ്രയോജനപ്പെടുത്തുമെന്നാണ് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നത്.