Site iconSite icon Janayugom Online

പ്രവാസികളോടുള്ള കേന്ദ്ര സമീപനം ക്രൂരം

കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ സമ്പദ്ഘടനയ്ക്കും സാമൂഹ്യമേഖലയ്ക്കും വലിയ സംഭാവനകള്‍ നല്‍കുന്ന വിഭാഗമാണ് പ്രവാസികള്‍. കേരളം പ്രവാസിക്ഷേമത്തിനും അവരെ സഹായിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിലും ക്ഷേമപദ്ധതികളുണ്ട്. എന്നാല്‍ ഈ വലിയ വിഭാഗം ജനങ്ങളെ സഹായിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 2022ലെ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏകദേശം 18 കോടി പേര്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യയാണ് കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഒന്നാമത്. 11 കോടി പേരുള്ള മെക്സിക്കോ രണ്ടാമതും റഷ്യ മൂന്നാമതും ചൈന നാലാമതും സിറിയന്‍ അറബിക് റിപ്പബ്ലിക് അഞ്ചാമതും നില്‍ക്കുന്നു. അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ 78 ശതമാനവും ജോലി ചെയ്യുന്ന പ്രായ(15–64 വയസ്) ത്തിലുള്ളവരാണെന്ന കണക്ക് തൊഴില്‍തേടിയുള്ളതാണ് പ്രധാന പ്രവാസമെന്ന് വെളിപ്പെടുത്തുന്നു. ഇവരെല്ലാം കുടിയേറിയെത്തിയ രാജ്യങ്ങളില്‍ തൊഴിലെടുത്തും മറ്റും വരുമാനം ആര്‍ജിക്കുന്നതിന്റെ പ്രധാന നേട്ടം മാതൃരാജ്യങ്ങള്‍ക്കാണ്. സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണം അതാത് സമ്പദ്ഘടനയില്‍ വലിയ സഹായങ്ങള്‍ ചെയ്യുന്നു. നിക്ഷേപമായും സാമൂഹ്യമേഖലയിലെ ചെലവുകളായുമാണ് പ്രധാനമായി അവ നിര്‍വഹിക്കപ്പെടുന്നത്. രണ്ടായാലും അതാതിടങ്ങളിലെ സമ്പദ്ഘടനയെ വലിയ തോതില്‍ ഈ പണം സഹായിക്കുന്നുണ്ട്. 2005ല്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രാജ്യത്തേക്കയച്ചത് 2213 കോടി യുഎസ് ഡോളറിന് തുല്യമായ സംഖ്യയായിരുന്നു. 2010ല്‍ അത് 5348, 2015ല്‍ 6891, 2020ല്‍ 8315 കോടി യുഎസ് ഡോളറിലേക്കുയര്‍ന്നു. ഇങ്ങനെ വിദേശത്തു നിന്ന് പണമെത്തുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്കാണ് ഒന്നാം സ്ഥാനം (35.2 ശതമാനം). രണ്ടാമതുള്ള കേരളത്തിലേക്ക് 10.2 ശതമാനം തുകയാണെത്തുന്നത്. തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ്, യുപി, ഗുജറാത്ത്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ ക്രമത്തിലാണ് പിന്നീടുള്ള സംസ്ഥാനങ്ങള്‍.


ഇതുകൂടി വായിക്കു; വാട്ട്സാപ്പിലെ സ്വകാര്യത വീഴ്ച പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 


ഈ പശ്ചാത്തലത്തിലാണ് കേരളം പ്രവാസിക്ഷേമത്തിന് പ്രത്യേക വകുപ്പും നിരവധി ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നത്. ഇവയ്ക്കൊന്നും കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നാണ് നിയമസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. അതേസമയം കേ ന്ദ്രത്തിനു മാത്രം സാധ്യമാകുന്ന സ ഹായം ചെയ്യുന്നതിനും സന്നദ്ധമാകുന്നില്ല. കേന്ദ്ര അധികാരപരിധിയിലായതിനാല്‍ സംസ്ഥാനത്തിന് നിര്‍വഹണാധികാരം നല്‍കണമെന്ന ആവശ്യം അനുവദിക്കുന്നുമില്ല. അ തിന്റെ ഉദാഹരണമാണ് ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് കൊള്ളയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യത്തോടുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്. നിരക്ക് വര്‍ധനയില്‍ ഇടപെടണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ അത് നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണെന്ന ന്യായമാണ് ഉന്നയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപറേറ്റ് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യവും നിരാകരിച്ചു. ഈയൊരു ആവശ്യമുന്നയിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. അതിനുള്ള മറുപടിയിലാണ് വിമാനക്കമ്പനികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുള്ള മറുപടി നല്‍കിയിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 10 ശതമാനത്തോളം വര്‍ധന മാത്രമേയുള്ളൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഇത്തരം സീസണുകളില്‍ പലപ്പോഴും രണ്ടും മൂന്നും മടങ്ങ് അധിക നിരക്ക് നല്‍കേണ്ടിവരുന്നു എന്നതാണ് പ്രവാസികളുടെ അനുഭവം. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ അപേക്ഷകള്‍ പ്രത്യേകം പരിഗണിച്ചു മാത്രമേ തീരുമാനിക്കാന്‍ സാധിക്കൂ എന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കത്തില്‍ വ്യക്തമാക്കുന്നു. നാലു മാസങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിനാണ് ഇപ്പോള്‍ മറുപടി എന്നതുതന്നെ ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ ഉദാസീനത വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കു;2024 തെരഞ്ഞെടുപ്പും കോൺഗ്രസ് പ്രതിസന്ധിയും


പ്രവാസികളുടെ കാര്യത്തില്‍ പലപ്പോഴും കേന്ദ്ര നിലപാട് ഇതുപോലെതന്നെയായിരുന്നു. കോവിഡ് കാലത്ത് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച നാം കണ്ടതാണ്. ഉക്രെയ്ന്‍ യുദ്ധാരംഭത്തില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരോടുള്ള കേന്ദ്ര സമീപനവും ഇവിടെയോര്‍ക്കണം. ഇപ്പോള്‍ സൈനിക അട്ടിമറി നടന്ന നൈജറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് സ്വന്തം ഉത്തരവാദിത്തത്തില്‍ രക്ഷപ്പെട്ടുകൊള്ളണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതിർത്തിയിലൂടെ യാത്ര പുറപ്പെടുന്നവർ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിര്‍ദേശവും നല്‍കുന്നു. ജൂലൈ 26നാണ് നൈജറിലെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ്. നമ്മുടെ വിദേശ മന്ത്രാലയത്തിന്റെ ദൈന്യത വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളോടുളള നിഷേധാത്മക സമീപനത്തിന്റെ ഉദാഹരണങ്ങളാണ് ഇവയെല്ലാം. അതാണ് കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചതിലും വ്യക്തമാകുന്നത്. മറ്റ് രാജ്യങ്ങളില്‍ കഷ്ടപ്പെട്ട് തൊഴില്‍ ചെയ്യേണ്ടിവരുന്നത് ഇവിടെ അതിനുള്ള സാഹചര്യമില്ലാത്തതുകൊണ്ടു കൂടിയാണ്. എന്നിട്ടും നമ്മുടെ സഹോദരങ്ങളോട് കാട്ടുന്ന ഈ സമീപനത്തെ ക്രൂരത എന്നുതന്നെയാണ് വിളിക്കേണ്ടത്.

Exit mobile version