2 May 2024, Thursday

2024 തെരഞ്ഞെടുപ്പും കോൺഗ്രസ് പ്രതിസന്ധിയും

ഹര്‍ഹര്‍ സ്വരൂപ്
August 13, 2023 4:30 am

ഴിഞ്ഞ ഒരു വർഷമായി രാഹുൽ ഗാന്ധി രാഷ്ട്രീയ ഉയിർത്തെഴുന്നേല്പിനുള്ള ശ്രമത്തിലായിരുന്നു. ഭാരത് ജോഡോ യാത്രയെന്ന അഞ്ച് മാസത്തെ വാക്കത്തോണിലൂടെ, ഒരു പോരാളിയുടെ വേഷമായിരുന്നു ആദ്യം. രണ്ടാമതായി, പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന്റെ രക്തസാക്ഷി പരിവേഷം. അയോഗ്യത സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയോടെ ഈ പ്രതിസന്ധി ഒഴിഞ്ഞു. എന്നിട്ടും അന്യായമായ ശിക്ഷയെക്കുറിച്ചുള്ള പ്രചരണങ്ങളില്‍ തന്നെയാണ് കോൺഗ്രസ്. വ്യക്തമായ ഒരു പ്രത്യയശാസ്ത്രമില്ലാതെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകം മുതൽ സോണിയാ ഗാന്ധിയുടെ ത്യാഗം വരെയുള്ള ഗാന്ധികുടുംബ രക്തസാക്ഷിത്വത്തിന്റെ പരിവേഷം കോൺഗ്രസിന് നിലനില്പിനുള്ള ഇടം നൽകിയിട്ടുണ്ട്.
‘റീബ്രാൻഡിങ് രാഹുലിന്റെ’ മുന്‍നിരപ്രവേശം മുമ്പത്തേതിനെക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസിന് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനും രാഹുലിന്റെ നേതൃസ്ഥാനം സഹായകമാണ്. പുനരുജ്ജീവിച്ച രാഹുലിന് മൂന്നാമത്തെ ഒരു ദൗത്യം ഏറ്റെടുക്കാനുള്ള വേദി ഒരുങ്ങിയിരിക്കുന്നുവെന്ന് കോൺഗ്രസ് അനുഭാവികള്‍ കരുതുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ വെല്ലുവിളിക്കുന്ന പ്രധാന വ്യക്തിയെന്ന ദൗത്യം. പക്ഷേ ഈ വിഷയത്തില്‍ കോൺഗ്രസ് ഇപ്പോഴും കലങ്ങിയ ചെളിക്കുണ്ടിന്റെ അവസ്ഥയിലാണ്. കാരണം 2024ല്‍ രണ്ട് പരസ്പരവിരുദ്ധ ലക്ഷ്യങ്ങളാണ് പാര്‍ട്ടിക്കു മുന്നിലുള്ളത്. ഒന്ന് വിശാല പ്രതിപക്ഷ ഐക്യം മറ്റാെന്ന് കോൺഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കല്‍.


ഇതുകൂടി വായിക്കൂ: രാഹുല്‍ കേസിലെ കാണാപ്പുറങ്ങള്‍


ഒരു ദേശീയ ജനഹിതപരിശോധനയില്‍ ‘രാഹുൽ‑മോഡി’എന്ന രീതിയിലുള്ള മത്സരം പൂര്‍ണമായും അനുകൂലമാകില്ലെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേർക്കുനേർ പോരാടിയ 186 സീറ്റുകളിൽ 171ലും കോൺഗ്രസ് പരാജയപ്പെട്ടു. ഇവയില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമാണ്. അവിടെ മോഡിയും രാഹുലും തമ്മിലുള്ള ജനപ്രീതിയുടെ അന്തരം ഇപ്പോഴും വലുതാണ്. ഒരു ഉദാഹരണമായി മധ്യപ്രദേശിൽ അടുത്തിടെ നടന്ന സീ-വോട്ടർ സർവേ എടുക്കാം. 57ശതമാനം ആളുകൾ മോഡിയെ തെരഞ്ഞെടുക്കുമ്പോള്‍, രാഹുലിനെ അനുകൂലിക്കുന്നത് 18ശതമാനം മാത്രമാണ്. സ്വന്തം താല്പര്യത്തിനപ്പുറം ദേശീയ തെരഞ്ഞെടുപ്പിനെ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരയായി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും പൊതുവേദിയിലേക്ക് എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് രാഹുലിനെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നടത്തുന്ന ഏതെങ്കിലും ശ്രമം, ‘ഇന്ത്യ’ സഖ്യമെന്ന വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്താനാണ് സാധ്യത.
രാഹുലിന്റെ അയോഗ്യതാ ഭീഷണി പ്രതിപക്ഷ നിരയില്‍ ഐക്യം വർധിപ്പിക്കുക മാത്രമല്ല, പല ഭിന്നതകളും സൗകര്യപ്രദമായി പരിഹരിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാൾ, മമതാ ബാനർജി, നിതീഷ് കുമാർ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കി. രാഹുലിന്റെ പാർലമെന്ററി നേതൃത്വത്തിലേക്കുള്ള സ്വീകരണം ‘ഇന്ത്യ’ സഖ്യത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ സങ്കീർണമാക്കും. സഖ്യകക്ഷികളുടെ ആശങ്കകൾ ലഘൂകരിക്കാനുള്ള മാർഗം രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു ത്യാഗം കോൺഗ്രസിന്റെ രണ്ടാം ലക്ഷ്യമായ ‘സ്വന്തം ഇടം’ വീണ്ടെടുക്കലിന് മങ്ങലുണ്ടാക്കും.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിക്കും, അദാനിക്കും എതിരേ ആഞടിച്ച് രാഹുല്‍ഗാന്ധി


ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഹിന്ദു ദേശീയത, മണ്ഡല്‍ രാഷ്ട്രീയം എന്നിവ ഒഴിവാക്കിയാൽ, ഇടതുപക്ഷ രാഷ്ട്രീയമൊഴികെ അവശേഷിക്കുന്ന ഇടത്തെയാണ് പൊതുവെ ‘കോൺഗ്രസ് ഇടം’ എന്ന് വിളിക്കാവുന്നത്. പല പാർട്ടികൾക്കായി ഈ ഇടം വിഭജിക്കപ്പെട്ടതിനാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ചുരുങ്ങി. ഇതിൽ ചിലയിടങ്ങള്‍ വീണ്ടെടുക്കാൻ ഗാന്ധികുടുംബാംഗങ്ങളുടെ ദേശീയ പ്രസക്തി ഉപകരണമാക്കാനാണ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് പാർട്ടിക്ക് ചില സംസ്ഥാനങ്ങളിൽ സഹായകമാകാമെന്നും കരുതാം.
രാഹുലിനെ മുന്‍നിര്‍ത്തുന്നത് പഞ്ചാബ്, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലെ ത്രികോണ മത്സരങ്ങളിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം ഉയർത്തിയേക്കാം. എന്നാല്‍ നേരിട്ടുള്ള മത്സരം നടക്കുന്ന കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം ആവർത്തിക്കാൻ കോണ്‍ഗ്രസ് പ്രധാനമായും ആശ്രയിക്കുന്നത് രാഹുലിനെയാണ്. ദേശീയ നേതാവ് എന്ന പ്രഭാവലയം യുപി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ, മുസ്ലിങ്ങൾക്കും ദളിതുകൾക്കുമിടയിലെ പരമ്പരാഗത കോൺഗ്രസ് അടിത്തറയില്‍ സ്വാധീനം കൂട്ടാനും സാധ്യതയുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസ് 21 സീറ്റുകൾ നേടിയത് ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.