Site iconSite icon Janayugom Online

മൃഗസംരക്ഷണ മേഖലയ്ക്കുള്ള കേന്ദ്ര സഹായം

സംസ്ഥാനത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൃഗസംരക്ഷണ രംഗവുമായി ബന്ധപ്പെട്ടുള്ള വിവിധ തൊഴിലുകള്‍. കന്നുകാലികള്‍, കോഴി, താറാവ്, പന്നി എന്നിവയെയും വിനോദത്തിനായി ഓമനമൃഗങ്ങളെയും വളര്‍ത്തുന്നവരുടെ എണ്ണസംസ്ഥാനത്ത് കുറവല്ല. ക്ഷീരമേഖലയെ മാത്രം ആശ്രയിച്ച് 28 ലക്ഷംപേര്‍ ഉപജീവനം നടത്തുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് സംസ്ഥാന മൃഗസംരക്ഷണ മേഖല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പല പദ്ധതികളും നിയമങ്ങളും കേന്ദ്രത്തിന്റെ അധീനതയിലാണെന്നത് സംസ്ഥാനത്തിന് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കോഴി, താറാവ്, പന്നി വളര്‍ത്തലി‍ല്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പന്നിപ്പനി, ചര്‍മ്മമുഴ തുടങ്ങിയവയുടെ വ്യാപനവും അതുമൂലമുണ്ടാകുന്ന നാശനഷ്ടവും. പക്ഷിപ്പനി ബാധിച്ചതുമൂലം ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ അഞ്ചുലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നിരുന്നു. ഇവിടെ വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിച്ച ഇനത്തില്‍ 97.88 ലക്ഷത്തിന്റെയും പക്ഷികള്‍ ചത്ത ഇനത്തില്‍ 16.34 ലക്ഷത്തിന്റെയും നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്. കേന്ദ്ര വിഹിതമുള്‍പ്പെടെ ലഭ്യമാക്കിയാണ് ഇത്തരം ഘട്ടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതെങ്കിലും യഥാസമയം കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കിട്ടാത്ത സാഹചര്യം നിലവിലുണ്ട്.

 


ഇതുകൂടി വായിക്കൂ; അവകാശങ്ങൾക്ക് പോരാടുന്ന ഗോത്ര ഇന്ത്യ


 

2014 മുതല്‍ 2022 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് നഷ്ടപരിഹാരമായി 22.50 കോടി രൂപ നല്‍കേണ്ടി വന്നു. പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവമൂലം നഷ്ടം സംഭവിച്ചവർക്ക് യഥാക്രമം 17.5 കോടിയും അഞ്ചു കോടി രൂപയുമാണ് കേരളം അനുവദിച്ചത്. കേന്ദ്ര വിഹിതം ചേര്‍ത്തുള്ള തുകയാണ് സംസ്ഥാനം സ്വന്തം ഉത്തരവാദിത്തത്തില്‍ നല്‍കിയത്. 7.1 കോടി കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ടതുണ്ട്. അതുപോലെ തന്നെയാണ് ചര്‍മ്മമുഴ പോലുള്ള രോഗങ്ങള്‍ ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുരുതരാവസ്ഥയും വ്യാപനവും കുറവാണെങ്കിലും ഇവിടെയും അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം രോഗങ്ങളുടെ പ്രത്യേകത സാംക്രമികമാണെന്നതിനാല്‍ രോഗബാധയുള്ളവയെ മാത്രമല്ല നിശ്ചിത ദൂരപരിധിയിലുള്ളവയെയും നശിപ്പിക്കേണ്ടിവരുന്നു എന്നതാണ്. കേന്ദ്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം പരിമിതമായി മാത്രമേ നല്‍കുന്നതിന് സാധിക്കുന്നുള്ളൂ. അതുകൊണ്ട് ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക ഫണ്ട് സമാഹരിച്ചാണ് എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണ രംഗത്ത് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ മറ്റൊന്നാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടഭേദഗതി. ഈ വര്‍ഷം ഭേദഗതി ചെയ്ത ചട്ടപ്രകാരം എബിസി കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്ന വെറ്ററിനറി ഡോക്ടർ 2000 ശസ്ത്രക്രിയകള്‍ ചെയ്തിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഇതുമൂലം പുതുതായി വരുന്ന വെറ്ററിനറി ഡോക്ടർമാരെ ഇത്തരം കേന്ദ്രങ്ങളില്‍ നിയമിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ നിശ്ചിത കാലയളവില്‍ എബിസിയില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നവരെ നിയോഗിക്കുന്നതിന് സാധിക്കുന്ന വിധത്തില്‍ ചട്ടഭേദഗതി അത്യന്താപേക്ഷിതമാണ്.


ഇതുകൂടി വായിക്കൂ; മൗനവും ചോദ്യവും


 

മറ്റൊരു വിഷയമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗോ സമൃദ്ധി, കേന്ദ്രസര്‍ക്കാരിന്റെ എന്‍എല്‍എം ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംയോജിപ്പിച്ച് ആവിഷ്കരിക്കുന്ന സമഗ്ര പദ്ധതി. ഇതിലേക്ക് കേന്ദ്ര വിഹിതമായി 57.32 കോടി സംസ്ഥാനത്തിന് ലഭിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രി പശുപതി കുമാർ പരസിനെ നേരില്‍ കണ്ട് ആവശ്യമുന്നയിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ വിഹിതം കൂടി ലഭിച്ചാല്‍ സംസ്ഥാനത്തെ ആറുലക്ഷത്തോളം കറവപ്പശുക്കളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുന്നതിന് സാധ്യമാകും. കന്നുകാലി ആരോഗ്യവും രോഗനിയന്ത്രണവും എന്ന കേന്ദ്രപദ്ധതി പ്രകാരം മൊത്തം 91.98 കോടി രൂപയുടെ കേന്ദ്ര സഹായവും സംസ്ഥാനം നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ധന സ്രോതസ് ഉപയോഗപ്പെടുത്തി അധികമായി സ്ഥാപിക്കുന്ന 127 മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തന ചെലവിനാണിത്. നടത്തിപ്പ് ചെലവിന്റെ 60 ശതമാനം കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമാക്കാനുള്ള പദ്ധതിക്ക് അനുമതി നൽകണമെന്നും കേന്ദ്ര സഹായമായി 13.19 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷകരുടെ കന്നുകാലികളിലെ വന്ധ്യത നിവാരണത്തിനും ഐവിഎഫ്, ഭ്രൂണമാറ്റം ഉൾപ്പെടെ ഉള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ഉല്പാദനശേഷിയുള്ള പശുക്കുട്ടികളെ സൃഷ്ടിക്കുന്നതിനും അതുവഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനുമായി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 153 കോടി രൂപ, ജനിതക സാങ്കേതിക വിദ്യയിലൂടെ കന്നുകാലികളുടെ വർഗോദ്ധാരണത്തിനായി 23.65 കോടി രൂപ എന്നിങ്ങനെ ചെലവ് വരുന്ന പദ്ധതികളാണ് അവയില്‍ ചിലത്. സംസ്ഥാനം മൃഗസംരക്ഷണ‑ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിവരുന്നുണ്ട്. അതനുസരിച്ചുള്ള സഹായങ്ങളും നവീനപദ്ധതി അനുമതികളുമാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അത് പരിഗണിച്ചുള്ള സഹായങ്ങളും പിന്തുണയും കേരളത്തിന്റെ അവകാശം കൂടിയാണ്.

Exit mobile version