21 May 2024, Tuesday

അവകാശങ്ങൾക്ക് പോരാടുന്ന ഗോത്ര ഇന്ത്യ

ജയ്ദീപ് ഹർദികർ
July 16, 2023 4:00 am

ഹാരാഷ്ട്രയിലെ യവത്‌മാലിൽ ആദിവാസികളും ഗോത്രവർഗേതര ജനങ്ങളും സമ്മിശ്രമായിക്കഴിയുന്ന ആറ് സങ്കര ഗ്രാമങ്ങൾ വർഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ 2006ലെ വനാവകാശ നിയമപ്രകാരമുള്ള സാമൂഹിക വനാവകാശം നേടിയെടുത്തു. ഈ വേനലിൽ അവർ കൂട്ടായി വിളവെടുക്കുകയും വിപണി കണ്ടെത്തുകയും 56 ലക്ഷം രൂപ വരുമാനം നേടുകയും ചെയ്തു. ഏകദേശം ആയിരത്തോളം ഗ്രാമീണർ 17 ദിവസത്തെ അധ്വാനത്തിൽ നിന്ന് 32 ലക്ഷം രൂപ, ഒരാള്‍ക്ക് ശരാശരി 32,000 രൂപയാണ് നേടിയത്. ആറ് ഗ്രാമസമിതികൾ അവരുടെ വികസന ഫണ്ടുകൾക്കായി തുക നീക്കിവച്ചു. ആദ്യമായി, ഈ ഗ്രാമീണര്‍ക്ക് തുടർന്നുള്ള കൃഷിയൊരുക്കത്തിനു മുമ്പ് സ്വകാര്യഇടപാടുകാരിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നില്ല. ഖാരിഫ് സീസണ് തയ്യാറെടുക്കാൻ അവരുടെ കയ്യിൽ പണമുണ്ടായിരുന്നു. ഈ ഗ്രാമങ്ങളില്‍ ഇപ്പോൾ ചെറുകിട വന ഉല്പന്നങ്ങളിൽ നിന്ന് വർഷം മുഴുവനുമുള്ള വരുമാനവും ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങളെക്കാൾ, ഈ ഗ്രാമങ്ങൾ കൂട്ടായചിന്തയെക്കുറിച്ചും പ്രാദേശിക സ്വയം ഭരണത്തെയും സമവായ മാതൃകയെക്കുറിച്ചുമുള്ള പാഠങ്ങളാണ് പഠിച്ചത്. ഇന്ത്യൻ രാഷ്ട്രീയം സ്വേച്ഛാധിപത്യത്തിനു കീഴില്‍ വലയുന്ന സമയത്ത് വിരോധാഭാസമാണിതെന്ന് പറയാം. പരമ്പരാഗതമായി സംരക്ഷിത വനങ്ങളുടെ അവകാശങ്ങൾ നൽകുന്ന ഗ്രാമങ്ങളിലെ ഫെഡറല്‍ സംവിധാനത്തിന് കൊണ്ടുവരാൻ കഴിയുന്ന സാമ്പത്തിക പരിവർത്തനത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. അപ്പോള്‍ ഉയരുന്ന ചോദ്യം, വനാവകാശ സംരക്ഷണ നിയമം ഇത്രയും ഫലപ്രദമാണെന്നതിന് മതിയായ തെളിവുകൾ ഉണ്ടായിട്ടും ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ഇതംഗീകരിക്കാൻ സംസ്ഥാന സർക്കാരുകൾ എന്തുകൊണ്ട് മുൻകൈ എടുക്കുന്നില്ല എന്നാണ്.


ഇതുകൂടി വായിക്കൂ:  ഗോത്ര വിഭാഗങ്ങള്‍ ഇന്നും വിവേചനത്തിന്റെ ഇരുട്ടില്‍


പാർലമെന്റ് പാസാക്കിയ ഏറ്റവും പുരോഗമനപരമായ രണ്ട് നിയമങ്ങളായ പഞ്ചായത്തീരാജ് നിയമം 25 വർഷവും വനാവകാശ സംരക്ഷണ നിയമം 15 വർഷത്തിലേറെയും പിന്നിടുന്നു. എന്നിട്ടും കൊളോണിയൽ ചിന്താഗതി പുലര്‍ത്തുന്ന ഉന്നത ഭരണാധികാരികളില്‍ നിന്ന് അവ നടപ്പിലാക്കുന്നതിന് തടസങ്ങളും എതിര്‍പ്പുകളും നേരിടേണ്ടിവരുന്നു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ പഠനം പറയുന്നത്, സർക്കാരുകളും അവരുടെ ഭരണസംവിധാനങ്ങളും തങ്ങളുടെ സ്വാധീനം വിട്ടുകൊടുക്കാന്‍ വിമുഖത കാണിക്കുന്നതിനാൽ വനാവകാശ സംരക്ഷണ നിയമം സാധ്യമായതിന്റെ 15ശതമാനം മാത്രമേ നേടിയിട്ടുള്ളൂ എന്നാണ്. വികേന്ദ്രീകരണത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. എന്നാൽ അധികാരം നേടിയെടുക്കാൻ ആളുകൾ പോരാടണം. മഹാരാഷ്ട്രയിലെ ഗോത്രവർഗ ആധിപത്യമുള്ള, സമ്പന്നമായ ജൈവവൈവിധ്യമുള്ള, നിബിഢവനങ്ങളുള്ള ജില്ലകളിലൊന്നായ ഗഡ്ചിറോളി ഒരു ഉദാഹരണമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല ആദിവാസി ഗ്രാമങ്ങളും കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്തിന്റെ കടുത്ത എതിർപ്പുകൾക്കിടയിലും ശക്തമായി പോരാടി സിഎഫ്ആര്‍ നേടിയിട്ടുണ്ട്. തുടക്കംകുറിച്ചത് വടക്കൻ ഗഡ്ചിറോളിയിലെ മെന്ധലേഖ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ്. 40 വർഷത്തോളം “മാവ നാട്ടെ മാവ രാജ് (എന്റെ ഗ്രാമം, എന്റെ ഭരണം)” എന്ന മുദ്രാവാക്യമുയർത്തി സമരം നയിച്ചാണ് അവര്‍ അവകാശം നേടിയത്. പ്രാദേശിക സ്വയംഭരണത്തിലെ ജ്വലിക്കുന്ന ഏടാണിത്.


ഇതുകൂടി വായിക്കൂ:  പരിണമിക്കുന്ന ഗോത്രമ്യൂസിയങ്ങൾ


തങ്ങളുടെ വനങ്ങള്‍ക്കുമേൽ അവകാശം നേടിയ ഗ്രാമങ്ങൾ, ഒരു സർക്കാർ പദ്ധതിക്കോ തൊഴിലില്ലായ്മാ വേതനത്തിനോ ഒരിക്കലും കൊണ്ടുവരാൻ കഴിയാത്ത സാമ്പത്തിക പരിവർത്തനത്തിന് വഴിയൊരുക്കുന്നു. 10വർഷം മുമ്പ്, ഈ ഗ്രാമങ്ങളിൽ പലതും വനാവകാശം നേടുകയും മുള, പച്ചക്കറി, പഴങ്ങൾ മുതലായവ ആവേശത്തോടെ വിളവെടുക്കാൻ തുടങ്ങുകയും ചെയ്തു. ഉല്പന്നങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും മുൻധാരണകളും അവർ ആവിഷ്കരിച്ചു. എഫ്‌ആർ‌എ പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത കാലത്ത് കൂലിപ്പണിയെടുത്തതിനെക്കാൾ മികച്ച ഉപജീവനമാർഗം നേടിയെടുക്കുകയും ഗ്രാമ കൗൺസിലുകൾ സ്വന്തം വികസനത്തിനായി ഫണ്ട് കണ്ടെത്തുകയും ചെയ്തു. വിദൂര ഗ്രാമങ്ങൾ പോലും അഭൂതപൂർവമെന്ന് വിളിക്കാവുന്ന സാമൂഹിക‑സാമ്പത്തിക പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇതെല്ലാം മേഖലകളിലെ തീവ്രവാദത്തെ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഛത്തീസ്ഗഢില്‍ ഈ പ്രസ്ഥാനത്തിനുള്ള നീക്കം മന്ദഗതിയിലായിരുന്നു. പക്ഷേ ചെറുകിട വന ഉല്പന്നങ്ങളെ മിനിമം താങ്ങുവില സംവിധാനത്തിന് കീഴിൽ കൊണ്ടുവരിക എന്ന ആശയം അവര്‍ അംഗീകരിച്ചു. അതിന്റെ ഫലമായി പുതിയ ഉപജീവനമാർഗങ്ങൾ തുറന്നു. ചൂഷണം കുറയുകയും പലമേഖലകളിലും അവസാനിക്കുകയും ചെയ്തു. സ്ഥിരതയാര്‍ന്ന പ്രാദേശിക ഭരണം നിലവില്‍ വന്നു. മറ്റ് സംസ്ഥാനങ്ങളും ഈ വഴിയിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. എങ്കില്‍ കാലങ്ങളായി കീഴടക്കപ്പെട്ടവരും ഇല്ലായ്മയില്‍ കഴിഞ്ഞവരുമായ ഗോത്രവർഗ ഇന്ത്യക്ക് വലിയ പ്രയോജനം ലഭിക്കും.

(അവലംബം: ടെലഗ്രാഫ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.