Site icon Janayugom Online

ഡല്‍ഹി വായുമലിനീകരണം: ശാശ്വതപരിഹാരമാണ് വേണ്ടത്

ഉത്തരേന്ത്യന്‍ നഗരങ്ങള്‍, പ്രത്യേകിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹി ഗുരുതരമായ വായുമലിനീകരണവും അതുകാരണമുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടുകയാണ്. കടുത്ത ചൂടിനെ തുടര്‍ന്നെത്തുന്ന മഞ്ഞുകാലവും അതിനിടയില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കങ്ങളുടെ അമിതമായ ഉപയോഗവും അയല്‍ സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ക്ക് തീയിടലും എല്ലാം ചേര്‍ന്നാണ് പ്രധാനമായും വായു മലിനീകരണം സംഭവിക്കുന്നത്. വാഹനങ്ങളില്‍ നിന്ന് വിസര്‍ജിക്കുന്ന പുക കൂടി ചേരുമ്പോള്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലെത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ താപനില ഗണ്യമായി ഉയരുകയും മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ വര്‍ഷവും മലിനീകരണത്തോത് ഗണ്യമായി വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ രാവിലെയുള്ള കണക്കനുസരിച്ച് വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ‑എക്യുഐ) 408ലേയ്ക്കുയര്‍ന്നു. സൂചിക പൂജ്യത്തിനും 50 നും ഇടയില്‍ നില്ക്കുമ്പോഴാണ് വായു ഗുണനിലവാരം നല്ലത് എന്ന വിഭാഗത്തില്‍പ്പെടുക. 51–100 ല്‍ തൃപ്തികരം, 101–200 ല്‍ മിതമായത്, 201–300ല്‍ മോശം, 301–400 ല്‍ വളരെ മോശം എന്നിങ്ങനെയാണ് വിഭാഗീകരണം. സൂചിക 400ന് മുകളില്‍ പോയാല്‍ വായു ഏറ്റവും മലീമസമായി എന്നാണ് കണക്കാക്കപ്പെടുക. ആ നിലയില്‍ വളരെ മോശമായ അവസ്ഥയിലാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തോത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മലിനീകരണത്തോത് കൂടുതലാണെന്നും ഈ മാസം അത് ഇനിയും ഉയരാനാണ് സാധ്യതയെന്നും കേന്ദ്ര ഭൗമ മന്ത്രാലയം വ്യക്തമാക്കുന്നു. മലിനവായു ശ്വസിക്കേണ്ടിവരുന്ന ജനങ്ങള്‍ രോഗാവസ്ഥയിലാകുന്ന സ്ഥിതിയും സാധാരണമായിരിക്കുകയാണ്. ശ്വാസകോശ രോഗങ്ങളാണ് കൂടുതലായും ജനങ്ങളെ ബാധിക്കുന്നത്. രോഗം കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും കൂടുന്നു. വിഷാംശമുള്ള വായു ദീർഘനേരം ശ്വസിക്കുന്നത്, പ്രത്യേകിച്ച് പ്രഭാതത്തിൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ നേരത്തെതന്നെ മുന്നറിയിപ്പ് നല്കിയിരുന്നതാണ്. വളരെക്കാലമായി രാജ്യതലസ്ഥാനം നേരിടുന്ന പ്രശ്നമാണ് വായു മലിനീകരണം. അതാത് സന്ദര്‍ഭങ്ങളില്‍ താല്ക്കാലിക പരിഹാര നടപടികളല്ലാതെ ദീര്‍ഘകാല പദ്ധതികളൊന്നും നടപ്പിലാക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നത് വലിയ പോരായ്മയാണ്.

ഇത്തവണയും താല്ക്കാലികമായ നടപടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേയ്ക്ക് മാറുകയും ചെയ്തു. മുഴുവന്‍ സ്കൂളുകളും ഈ രീതി അവലംബിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നവംബര്‍ 21 വരെ നിരോധിക്കുകയും ചെയ്തു. വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ 1000 സ്വകാര്യ സിഎന്‍ജി ഇന്ധന വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പൊതു ഗതാഗതസംവിധാനത്തിന് ഉപയോഗിക്കുന്നു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ട്രെയിനുകളില്‍ കൂടുതല്‍ യാത്രക്കാരെയും അനുവദിച്ചു. ഇതിനെല്ലാമപ്പുറം പതിവ് പോലെ പരിസ്ഥിതി, പൊതു മരാമത്ത് വകുപ്പുകള്‍, ഡല്‍ഹി പൊലീസ്, ഡല്‍ഹിയിലെ രണ്ട് കോര്‍പറേഷനുകള്‍ എന്നിവയുടെ വകയായുള്ള പൊടിക്കൈകള്‍ വേറെയും. എല്ലാ കാലത്തും ഇതല്ലാതെ, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ദീര്‍ഘകാല പദ്ധതികള്‍ പോലും നടപ്പിലാക്കുന്നില്ല. പ്രശ്നം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ പരസ്പരം പഴി ചാരുന്ന പ്രവണതയാണ് ഭരണകൂടങ്ങളുടേത്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി കേന്ദ്രത്തെയും ബിജെപി ഭരിക്കുന്ന കോര്‍പറേഷനുകളെയും കുറ്റപ്പെടുത്തുന്നു. ബിജെപിയാകട്ടെ സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകളെ കുറിച്ച് പരാതിപ്പെടുന്നു. കനത്ത മഞ്ഞുകാലമെത്തുകയും മഴ പെയ്യുകയും ചെയ്ത് മലിനീകരണത്തോതില്‍ അല്പം കുറവുണ്ടാകുമ്പോള്‍ എല്ലാവരും എല്ലാം മറക്കുകയും ചെയ്യുന്നു.

പൊടി നിയന്ത്രണം, മാലിന്യത്തിന്റെ പുനരുപയോഗ നടപടികള്‍, മാലിന്യം കത്തിക്കുന്നതും വാഹനങ്ങളിലെ പുക വിസര്‍ജനവും കുറയ്ക്കല്‍, ഇ വേസ്റ്റ് നിര്‍മാര്‍ജ്ജനത്തിന് വിപുലമായ പദ്ധതി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വിദഗ്ധസമിതികള്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന പ്രശ്നത്തില്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയും പ്രതിവിധി കണ്ടെത്തുകയും ചെയ്യേണ്ടതുമുണ്ട്. മൂര്‍ത്തമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് പകരം പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പ്രതിബദ്ധതയുള്ള സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല. ശ്വാസംമുട്ടുന്നൊരു ജനത-അവരില്‍ ഏറെയും കുട്ടികളാണ്-മുന്നില്‍ നില്ക്കുമ്പോഴും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ആശാസ്യവുമല്ല.

 

Eng­lish Sum­ma­ry: Del­hi Air Pol­lu­tion: Need Per­ma­nent Solution

Exit mobile version