ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 15 വര്‍ഷത്തെ ബിജെപി ആധിപത്യം തകര്‍ത്ത് ആം ആദ്മി വിജയമുറപ്പിച്ചിരിക്കുന്നു. ആകെയുള്ള 250ൽ 134 സീറ്റുകളാണ് ആം ആദ്മി നേടിയത്. ബിജെപിക്ക് 104, കോണ്‍ഗ്രസ് ഒമ്പത്, മറ്റുള്ളവര്‍ മൂന്ന് സീറ്റുകളുമാണ് കക്ഷിനില. മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി എന്ന തലസ്ഥാന നഗര ഭരണത്തെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ മൂന്നായി വിഭജിച്ചു. വടക്ക്, കിഴക്ക്, തെക്ക് എന്നിങ്ങനെ മൂന്ന് നഗരങ്ങളിലായി മൂന്ന് മേയര്‍മാര്‍, അതിനനുസൃതമായ ഭരണച്ചെലവുകള്‍ എന്നിവയെല്ലാം വര്‍ധിച്ചു. നികുതി നിരക്കുകളിലുള്ള വ്യത്യാസവും ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കി. നഗരസഭാധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ വേതനം, ജീവനക്കാരുടെ വിന്യാസം എന്നിവയെല്ലാം പ്രശ്നമായി നിലനിന്നു. മൂന്നിലും കൂടി 270 സീറ്റുകളാണുണ്ടായിരുന്നത്. കോര്‍പറേഷനുകളുടെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ഡല്‍ഹി നഗര കോര്‍പറേഷന്‍ പുനഃസംഘടനാ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി 250 വാര്‍ഡുകളുള്ള ഒരൊറ്റ നഗര ഭരണ സംവിധാനം സൃഷ്ടിച്ചത് കഴിഞ്ഞ മേയിലായിരുന്നു.
ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും സത്യസന്ധതയും
15 വര്‍ഷമായി ഡല്‍ഹി നഗരഭരണം കുത്തകയാക്കിയിരുന്ന ബിജെപി 2017ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181 ഉം സ്വന്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉപയോഗിച്ച് സംസ്ഥാനത്തെ സമാന്തര സര്‍ക്കാരെന്നതു പോലെയായിരുന്നു ബിജെപിയുടെ നഗരഭരണം. സംസ്ഥാനത്ത് ബിജെപിക്ക് ഭരണമില്ലെങ്കിലും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്ര ഭരണത്തിനാണെന്നതും ബിജെപി നന്നായി ഉപയോഗിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വളരെയധികം മനഷ്യര്‍ ജീവിക്കുന്ന നഗരമെന്ന നിലയില്‍ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ എഎപി ജയത്തിന്റെ പ്രധാന കാരണമായത്. അതില്‍ പ്രധാന സ്വാധീന ശക്തിയായത് ഡല്‍ഹി നഗരഭരണത്തിന്റെ പോരായ്മകളും സംസ്ഥാനത്ത് എഎപി നടത്തുന്ന ഭരണത്തിന്റെ ചെപ്പടി വിദ്യകളുമായിരിക്കാം. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന വിഷയമായത് മലിനീകരണ പ്രശ്നമായിരുന്നു. സാധാരണ മാലിന്യ നിര്‍മ്മാര്‍ജനത്തിനൊപ്പം ഡല്‍ഹി നേരിടുന്ന വായു മലിനീകരണ പ്രശ്നവും വിഷയമായി. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് മൂര്‍ത്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം പരസ്പരം പഴി ചാരുകയായിരുന്നു നഗര‑സംസ്ഥാന ഭരണങ്ങള്‍ ചെയ്തുപോന്നിരുന്നത്. താല്ക്കാലികമായ നടപടികളല്ലാതെ സുസ്ഥിരമായ പരിഹാര നടപടികളുണ്ടായില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഡല്‍ഹി സംസ്ഥാന ഭരണത്തിലെന്നതുപോലെ നഗരഭരണത്തിലും പരീക്ഷണത്തിന് തീരുമാനിച്ചവര്‍ എഎപിയെ തെരഞ്ഞെടുത്തുവെന്നാണ് കരുതേണ്ടത്. ബിജെപിക്ക് പകരം എഎപിയായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ വോട്ടിങ് ശതമാനവും പരിഗണിക്കേണ്ടതുണ്ട്. 1.45 കോടി വോട്ടര്‍മാരില്‍ 50.74 ശതമാനം പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്.
ഇതുകൂടി വായിക്കൂ: അരുൺ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡല്‍ഹിയിലെ പ്രാദേശികമായ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നതെങ്കിലും ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. എഎപി ജയിച്ചുവെന്നതല്ല, ബിജെപി പരാജയപ്പെട്ടുവെന്നതാണ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ഡല്‍ഹിയിലെ വിധിയെഴുത്ത് ഒരിക്കലും സമാനമായിരുന്നില്ല. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയിപ്പിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ പക്ഷേ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് വ്യക്തമായ മുന്‍തൂക്കം നല്കിയത്. എന്നാല്‍ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു. രാഷ്ട്രീയ നയങ്ങളിലോ പരിപാടികളിലോ ഇന്ത്യയിലെ ബിജെപി വിരുദ്ധചേരിയുടെ കൂടെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു നില്‍ക്കുവാന്‍ സന്നദ്ധമാകാത്ത പാര്‍ട്ടിയാണ് ആംആദ്മി. ഇന്നലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനെത്തിയെങ്കിലും എഎപിയുടെ മുന്‍കാല നിലപാടുകള്‍ യോജിച്ച നീക്കത്തിന് അനുകൂലമായിരുന്നില്ല. നഗരസഭാ തെരഞ്ഞെടുപ്പിനും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വികസന വിഷയത്തിനൊപ്പം ബിജെപിക്ക് സമാനമായ ഹിന്ദുത്വ നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുവാന്‍ എഎപി സന്നദ്ധമായിരുന്നുവെന്നതും മറന്നുകൂടാ. എങ്കിലും ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കെതിരായ വിധിയെഴുത്തെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ബിജെപിക്ക് പകരമായി മറ്റൊരു കക്ഷിയുണ്ടെങ്കില്‍ അവരെ തെരഞ്ഞെടുക്കുവാന്‍ വോട്ടര്‍മാര്‍ സന്നദ്ധമാണെന്ന സന്ദേശം ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. മതേതരമൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും വെല്ലുവിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഫാസിസ്റ്റ് സമീപനങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപിക്ക് ലഭിക്കുന്ന ഏത് തിരിച്ചടികളും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുരോഗമന ശക്തികള്‍ക്ക് ആഹ്ലാദകരമാണ്.
English Summary: Aam Aadmi Party wins Delhi Municipal Corporation elections, breaking BJP’s 15-year dominance