Site iconSite icon Janayugom Online

യജമാനസ്നേഹം പ്രകടിപ്പിക്കുന്ന ഡല്‍ഹി പൊലീസ്

ഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനമുള്ള സംസ്ഥാനമാണെങ്കിലും അവിടെയുള്ള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അമിത് ഷായുടെ കീഴില്‍. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ നയങ്ങളും രാഷ്ട്രീയ വിരോധവും മതവിദ്വേഷ സമീപനങ്ങളും നടപ്പിലാക്കുന്നതില്‍ ഡല്‍ഹി പൊലീസ് മറ്റു ബിജെപി സര്‍ക്കാരുകളെക്കാള്‍ മുന്നിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്നിവയ്ക്കെതിരെയും സംഘ്പരിവാറിന്റെ വിദ്വേഷ പ്രസംഗങ്ങളോട് പക്ഷപാതിത്വം കാട്ടിയും അവരത് കൃത്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലെ കലാപവേളയില്‍ ആര്‍എസ്എസ് തിട്ടൂരമനുസരിച്ച് ക്രമസമാധാന പാലനം നിര്‍വഹിച്ചതുകൊണ്ടുമാത്രം മുസ്ലിം സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ മരിക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തതും നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴും ജയിലില്‍ കഴിയുന്നവരും മൂന്നുവര്‍ഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തവരും അവിടെയുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ആളുകളെ പിടികൂടി എളുപ്പത്തില്‍ ജയിലിലിടുന്ന പ്രവണതയും ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ദൈനംദിന ക്രമസമാധാന പരിപാലനത്തില്‍ തികച്ചും പരാജയമാണെന്നിരിക്കെയാണ് അധികാരികളുടെ പ്രീതിക്കായി അവര്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്. അതിന് സംഘ്പരിവാറിന്റെ എതിര്‍ പക്ഷത്തു നില്‍ക്കുന്നവരെ മൃഗീയമായി വേട്ടയാടുന്നതിനുപോലും അവര്‍ മടിക്കാറില്ല.

 


ഇതുകൂടി വായിക്കു; വടക്കു കിഴക്കല്ല കേരളം


കുറ്റകൃത്യങ്ങളുടെ നഗരമായിരിക്കുന്നുവെന്ന് വിശേഷിപ്പിക്കാവുന്ന കണക്കുകളാണ് ക്രമസമാധാന പരിപാലനം സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് പുറത്തുവരാറുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസ് ഭരണം കയ്യാളുന്ന ഡല്‍ഹിയില്‍ പത്തുവര്‍ഷത്തിനിടെ കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധന സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ നവംബറില്‍ പുറത്തുവരികയുണ്ടായി. ഡല്‍ഹി പൊലീസിന്റെയും ക്രമസമാധാന പരിപാലനത്തിന്റെയും അവസ്ഥ എന്ന പേരില്‍ പ്രജാ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പ്രകാരം പത്തുവര്‍ഷത്തിനിടെ കുറ്റകൃത്യങ്ങളില്‍ 440 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. ഇക്കാലയളവിനിടയില്‍ മോഷണക്കുറ്റത്തില്‍ 827 ശതമാനവും മാല പിടിച്ചുപറിക്കലില്‍ 552 ശതമാനവും വര്‍ധനയുണ്ടായെന്നാണ് പ്രജാ ഫൗണ്ടേഷന്‍ സര്‍വേയില്‍ കണ്ടെത്തിയത്. മുന്‍വര്‍ഷം ആകെയുണ്ടായ ബലാത്സംഗക്കേസുകളില്‍ 41 ശതമാനവും രജിസ്റ്റര്‍ ചെയ്തത് പോക്സോ നിയമപ്രകാരമായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ 91 ശതമാനത്തിലെയും ഇരകള്‍ കുട്ടികളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ 38, കുട്ടികള്‍ക്കെതിരായ കേസുകളില്‍ 52 ശതമാനവും മാത്രമാണ് ശിക്ഷാ നിരക്കിന്റെ സ്ഥിതി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 99 ശതമാനവും വിചാരണ പോലും തുടങ്ങിയിട്ടില്ല. നവംബറില്‍ വന്ന പ്രസ്തുത റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത് നിലവിലുള്ള സ്ഥിതിയില്‍ കേസുകളില്‍ തീര്‍പ്പുണ്ടാകണമെങ്കില്‍ ഇരുപത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ്. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ക്രമസമാധാന പരിപാലനത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ചുള്ള മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലമുള്ള ഡല്‍ഹി പൊലീസാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തിനിടെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ നിയമം നടപ്പിലാക്കുന്നതിന് ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

 


ഇതുകൂടി വായിക്കു; പാവാട പരതുന്ന മോഡി പൊലീസ്!


 

ജനുവരി 30നായിരുന്നു രാഹുല്‍ പ്രസംഗം നടത്തിയത്. തന്റെ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ചില ഇരകള്‍ പറഞ്ഞ പരാതികള്‍ ഉദ്ധരിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്. ‘പല സ്ത്രീകളും കരയുകയായിരുന്നു, അവര്‍ വികാരഭരിതരായിരുന്നു. അവരില്‍ പലരും ബലാത്സംഗത്തിനിരയായവരായിരുന്നു. അവരിലൊരാളോ‍ട് ഇക്കാര്യം പൊലീസില്‍ പറയട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നുമാണ് പറഞ്ഞത്. ഇതാണ് ഇന്നത്തെ ഇന്ത്യയിലെ സ്ഥിതി എന്നായിരുന്നു രാഹുല്‍ അവിടെ സംസാരിച്ചത്. പ്രസ്തുത പരാമര്‍ശത്തിലെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ തേടി ഒന്നിലധികം തവണ വന്‍ പൊലീസ് സംഘം ഡല്‍ഹിയിലെ രാഹുലിന്റെ വീട്ടിലെത്തി. ആരാണ് ഇരയെന്ന് വെളിപ്പെടുത്തണമെന്നാണ് ഡല്‍ഹി പൊലീസിന്റെ ആവശ്യം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്ര സഞ്ചരിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം എന്ന നിലയിലാണ് രാഹുല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഡല്‍ഹിയില്‍ നടന്ന സംഭവമാണ് പരാമര്‍ശിച്ചതെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല. പിന്നെന്തുകൊണ്ടാണ് ഡല്‍ഹി പൊലീസ് ഇത്ര ശുഷ്കാന്തി കാട്ടി അന്വേഷണത്തിനിറങ്ങുന്നത്. എവിടെയെന്ന് പറയാത്ത ഒരു സംഭവത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസിന് മാത്രം ഇത്തരത്തില്‍ സ്ത്രീസുരക്ഷയോട് പ്രതിബദ്ധത തോന്നുന്നതിന്റെ കാരണമെന്താണ്. അവിടെയാണ് ഡല്‍ഹി പൊലീസിന്റെ കേന്ദ്ര ആഭ്യന്തര മന്ത്രിയോടുള്ള വിധേയത്വം വ്യക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനും എതിരാളികളെ വേട്ടയാടുന്നതിനും നില്‍ക്കുന്നവരാണ് തങ്ങളെന്ന് യജമാനന്മാരെ ബോധ്യപ്പെടുത്തുകയാണ് അവര്‍ ഈ നടപടിയിലൂടെ.

Exit mobile version