അടുത്ത വർഷം ആദ്യപകുതിയിൽ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹിക‑സാമ്പത്തിക നീതിക്കും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള സാമൂഹിക ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റാനുള്ള ദൃഢനിശ്ചയമാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ രൂപംകൊണ്ട വികസനോത്മുക, ഉൾക്കൊള്ളൽ സഖ്യം (ഇന്ത്യൻ നാഷണല്‍ ഡെവലപ്മെന്റൽ, ഇൻക്ലൂസിവ് അലയൻസ്) അഥവാ ‘ഇന്ത്യ’, പ്രതിനിധാനം ചെയ്യുന്നത്. വിപുലമായ തയ്യാറെടുപ്പുകളോടെ ജൂൺ 23ന് പട്നയിൽ നടന്ന പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്‍മയോടെ തുടക്കമിട്ട, കേന്ദ്രത്തിലെ ബിജെപി ഭരണത്തിനും അതിന്റെ സർവാധിപതിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമെതിരായ, പ്രതിപക്ഷ ഐക്യനീക്കം ബിജെപി-ആർഎസ്എസ്-സംഘ്പരിവാർ വൃത്തങ്ങളിൽ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പട്നയിൽ 15 രാഷ്ട്രീയപാർട്ടി നേതാക്കളാണ് പങ്കെടുത്തിരുന്നതെങ്കിൽ ബംഗളൂരുവിൽ അത് 26 ആയി വളർന്നു. ഒരു ദശകമായി രാഷ്ട്രീയ അജണ്ട നിർണയിച്ചിരുന്നത് മോഡിയും സംഘവും ആയിരുന്നെങ്കിൽ ആ മുൻകൈ പ്രതിപക്ഷം ഏറ്റെടുക്കുന്നതാണ് ബംഗളൂരുവിൽ കണ്ടത്. ഡൽഹിയിൽ വിളിച്ചുകൂട്ടിയ എൻഡിഎ സഖ്യത്തിന്റെ പുനരുജ്ജീവന ശ്രമത്തിൽ സംസാരിക്കാൻ മോഡിയും അമിത് ഷായും നഡ്ഡയും ബംഗളൂരു സമ്മേളനത്തിന്റെ തീരുമാനം പുറത്തുവരുന്നതുവരെ അക്ഷമരായി കാത്തുനിൽക്കേണ്ടിവന്നു എന്നതുതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ദിശാസൂചകമാണ്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിന്റെ നടത്തിപ്പും അതിന്റെ പ്രഖ്യാപനവും ജനാധിപത്യപരവും ആശയപരവുമായ യോജിപ്പിന്റെ നിദർശനമായിരുന്നെങ്കിൽ ഡൽഹിയിലെ എൻഡിഎ സമ്മേളനം നരേന്ദ്രമോഡി എന്ന സ്വേച്ഛാധിപതിയുടെ ‘ഡർബാറി‘ന്റെ പ്രതീതിയാണ് ഇന്ത്യൻ ജനതയ്ക്കുമുന്നിൽ നൽകിയത്. അതിൽ പങ്കെടുത്ത, തങ്ങളുടെ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ സ്വാധീനമൊന്നും ഇല്ലാത്ത, പാർട്ടികളുടെ നേതാക്കൾ ചക്രവർത്തിയുടെ ഡർബാറിലെത്തിയ സാമന്തരുടെ ദുർബല ചിത്രമാണ് ലോകത്തിന്റെ മുൻപിൽ കാഴ്ചവച്ചത്.
ഇതുകൂടി വായിക്കു; തകര്‍ന്ന സാമ്പത്തിക സ്ഥിതിയും കോര്‍പറേറ്റ് സംരക്ഷണവും
ബംഗളൂരുവിൽ സമ്മേളിച്ച, ലോക്‌സഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ 2019ലെ വോട്ടുശതമാനക്കണക്കുകൾ പുതിയ പ്രതിപക്ഷ സഖ്യത്തിന് അന്നത്തെ മൊത്തം വോട്ടിന്റെ ഏതാണ്ട് 40 ശതമാനം നൽകുന്നുണ്ട്. എൻസിപിയിലും ശിവസേനയിലും ബിജെപി സംഘടിപ്പിച്ച കുതിരക്കച്ചവടവും കാലുമാറ്റവും വിസ്മരിക്കുന്നില്ല. എന്നാൽ, രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ലെന്നും അവിടെ ജ്യാമിതീയ ഗുണോത്തര ശ്രേണിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബംഗളൂരു സമ്മേളനത്തിലെ ജനാധിപത്യ അന്തരീക്ഷവും, അവിടെ നടന്ന ചർച്ചകളുടെയും പ്രഖ്യാപനത്തിന്റെയും ഉള്ളടക്കവും, അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടും, ഇന്ത്യ ഭാവിയിൽ മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന‑പ്രചാരണ പരിപാടികളും ഇപ്പോഴും പക്ഷംചേരാൻ മടിച്ചുനിൽക്കുന്ന പാർട്ടികളിലും, ജനങ്ങളിൽ പൊതുവിലും, ശക്തമായ അനുകൂല പ്രതികരണം സൃഷ്ടിക്കുമെന്നുവേണം വിലയിരുത്താൻ. മണിപ്പൂരിൽ ശമിക്കാൻ വിസമ്മതിക്കുന്ന കലാപവും അതിൽ ബിജെപിക്കും കേന്ദ്ര‑സംസ്ഥാന ഇരട്ട എൻജിൻ സർക്കാരുകൾക്കുമുള്ള പങ്കും പ്രധാനമന്ത്രി അക്കാര്യത്തിൽ തുടർന്നുവരുന്ന കുറ്റകരമായ മൗനവും, ഏകീകൃത സിവിൽ നിയമത്തിന്റെ പേരിൽ സമൂഹത്തെ നെടുകെ പിളർത്താനും പരസ്പരം തലതല്ലിക്കീറുന്ന സമൂഹമായി ഇന്ത്യയെ മാറ്റി അധികാര രാഷ്ട്രീയ മുതലെടുപ്പിന് മോഡിയും സംഘവും നടത്തുന്ന അപകടകരമായ കളികളും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മത ന്യൂനപക്ഷങ്ങൾ, ആദിവാസി-ഗോത്രവർഗ സമൂഹങ്ങൾ, ദളിതർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ വലിയൊരു പങ്ക് ജനങ്ങളും അരക്ഷിതത്വത്തിലും ഭയത്തിലുമാണ് ജീവിക്കുന്നത്. അതിൽനിന്നുള്ള അവരുടെ മോചന മാർഗം ബിജെപിയെ അധികാരത്തിൽനിന്നും പുറത്താക്കുക മാത്രമാണ്. മോഡിഭരണത്തിന്റെ ഒത്താശയോടെ അഡാനിയടക്കം കോർപറേറ്റ് ഭീമന്മാർ രാജ്യത്തിന്റെ പൊതുസമ്പത്തും പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവശേഷിയും കൊള്ളയടിക്കുന്നതും ജനങ്ങൾ നിസഹായരായി നോക്കിനിൽക്കുകയാണ്. തൊഴിലാളികളും കർഷകരും യുവാക്കളും സ്ത്രീകളും സമാനതകളില്ലാത്ത ദുരവസ്ഥയിലാണ്. അവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പ്രതികരിക്കാനുള്ള കരുത്തുമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ‘ഇന്ത്യ’ നൽകുന്നത്.
ഇതുകൂടി വായിക്കു; ഏകീകൃത വ്യക്തിനിയമത്തിന് പിന്നിൽ ദുഷ്ടലാക്ക് മാത്രം
ബിജെപിയും ആർഎസ്എസും സംഘ്പരിവാറും പ്രതീക്ഷിച്ചതുപോലെയും പരിഹസിച്ചതുപോലെയും വ്യത്യസ്തങ്ങളും വിഭിന്നങ്ങളുമായ ആശയ, സംഘടനാ, പ്രവർത്തന പശ്ചാത്തലങ്ങളുള്ള പാർട്ടികൾ ഒരുമിച്ചുവരില്ലെന്ന കണക്കുകൂട്ടലുകൾ അസ്ഥാനത്താണെന്ന ശുഭസൂചനയാണ് ബംഗളൂരു നൽകുന്നത്. താൻ അജയ്യനാണെന്നും പ്രതിപക്ഷത്തെ ഒറ്റയ്ക്കു നേരിട്ട് നിലംപരിശാക്കുമെന്നുമുള്ള വീമ്പിളക്കങ്ങൾ അവസാനിപ്പിച്ചാണ് എൻഡിഎ സഖ്യം പുനഃസംഘടിപ്പിക്കാനുള്ള മോഡിയുടെ നീക്കം. ഒരിക്കൽ സഖ്യകക്ഷികളെ ഒന്നൊന്നായി പിളർത്താനും ഉന്മൂലനംചെയ്യാനും മുതിർന്ന മോഡി ഡൽഹി സമ്മേളനത്തിൽ താൻ അവലംബിച്ചുപോന്ന അപ്രാപ്യതയ്ക്കും അവഗണനയ്ക്കും അവരോട് മാപ്പുപറഞ്ഞു എന്നത് ഏകാധിപതിയുടെ അരക്ഷിതബോധത്തെയാണ് തുറന്നുകാട്ടുന്നത്. നോട്ട്നിരോധനം സൃഷ്ടിച്ച കൊടിയ ദുരിതത്തിനും കർഷക പ്രക്ഷോഭത്തോട് കാട്ടിയ നിസംഗതയ്ക്കും ക്രൂരതകൾക്കും ശേഷം മാപ്പപേക്ഷ നടത്തിയ മോഡി യഥാർത്ഥത്തിൽ ജനങ്ങളെയും കർഷകരെയും വഞ്ചിക്കുകയായിരുന്നു എന്ന് പിൽക്കാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മോഡിയും ബിജെപിയും എൻഡിഎ സഖ്യകക്ഷികൾക്കായി ഒരുക്കുന്നത് കേവലം ചതിക്കുഴികളല്ല എന്നെന്നേക്കുമായി അവരെ ചങ്ങലയ്ക്കിടാനുള്ള വാരിക്കുഴികളാണ്. അവർ നടത്തുന്ന ജനവഞ്ചനയ്ക്കും അധികാരമോഹത്തിനുമുള്ള ശിക്ഷ പ്രബുദ്ധ ഇന്ത്യൻജനത നൽകുകതന്നെ ചെയ്യും.