5 May 2024, Sunday

തകര്‍ന്ന സാമ്പത്തിക സ്ഥിതിയും കോര്‍പറേറ്റ് സംരക്ഷണവും

ഡല്‍ഹിയില്‍ നടന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയങ്ങള്‍
web desk
July 18, 2023 4:30 am

രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിക്കുന്നതിൽ സിപിഐ ദേശീയ കൗൺസിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ബോധപൂർവം വീഴ്ചവരുത്തിയ വായ്പക്കാരുടെ കുടിശിക തീർക്കുന്നതിന് ഒത്തുതീർപ്പ് ചർച്ച നടത്തി ഇളവുകൾ നൽകാന്‍ നിർദേശിച്ചുള്ള റിസർവ് ബാങ്കിന്റെ സർക്കുലർ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് പൊതുപണം കൊള്ളയടിക്കുന്നതിനുള്ള അനുമതിയാണ്. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. കാർഷിക ചെലവുകൾ ഇരട്ടിയാവുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ തുടരുന്നു. മോഡിയുടെ നയങ്ങൾ അവരുടെ വർഗ സ്വഭാവം തുറന്നുകാട്ടുകയും ചെയ്തു. അടുത്ത കാലത്തായി, അതിസമ്പന്നരുടെ എണ്ണം വർധിച്ചു. മറുവശത്ത് ദരിദ്രരുടെ എണ്ണവും കൂടി. കൂടാതെ സ്വകാര്യവൽക്കരണം കൂടുതൽ ശക്തമാക്കി. ‘രാജ്യത്ത് പൊതുമേഖലാ സംരംഭങ്ങൾ രൂപംകൊള്ളുന്നത് തന്നെ മരിക്കുന്നതിന് വേണ്ടിയാണ്’ എന്നായിരുന്നു ഒരു യോഗത്തിൽ മോഡി പ്രസംഗിച്ചത്. അതാണ് അവരുടെ കാഴ്ചപ്പാട്. പക്ഷേ തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. യോജിച്ച സമരങ്ങ‍ൾ നടക്കുന്നു. അത് നല്ല ലക്ഷണമാണ്. ബാങ്ക് യൂണിയനുകളുടേത് മികച്ച ഉദാഹരണമാണ്. ഇതൊക്കെക്കൊണ്ട് സ്വകാര്യവൽക്കരണ നടപടികൾ കേന്ദ്രം മെല്ലെയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരെ അങ്ങനെ തന്നെയായിരിക്കും. പക്ഷേ കോർപറേറ്റുകളെ സഹായിക്കുക എന്ന അവരുടെ അജണ്ട നിലനിൽക്കുകയാണ്. ബാങ്കുകളിൽ വലിയ തോതിലുള്ള ഇളവുകളും എഴുതിത്തള്ളലുമാണ് കോർപറേറ്റുകൾക്കായി ചെയ്തുകൊടുക്കുന്നത്.

 


ഇതുകൂടി വായിക്കു; കേന്ദ്ര സര്‍ക്കാരിനേറ്റ അടി


വായ്പ തിരിച്ചടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തിയവർ ഉണ്ടെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെത്തന്നെ, കഴിഞ്ഞ മാസം അത്തരക്കാരുടെ വായ്പകൾ എഴുതിത്തള്ളാമെന്ന് ആർബിഐ പ്രഖ്യാപിച്ചു. കടുത്ത നടപടികൾക്ക് പകരം വീഴ്ച വരുത്തിയവർക്ക് ഇളവുകൾ നൽകുകയാണ് സർക്കാർ. ഇതാണ് കോര്‍പറേറ്റുകളോടുള്ള അവരുടെ സ്നേഹപ്രഖ്യാപനം. ജൂലൈ 19 ബാങ്ക് ദേശസാൽക്കരണത്തിന്റെ 55-ാം വാർഷികമാണ്. പാർലമെന്റിനകത്തും പുറത്തും ബാങ്ക് ദേശസാൽക്കരണത്തിനുവേണ്ടി സിപിഐ സുപ്രധാന പങ്കാണ് വഹിച്ചത്. സിപിഐയുടെ പാർലമെന്റംഗമായിരുന്ന അന്നത്തെ എഐബിഇഎ ജനറൽ സെക്രട്ടറി പ്രഭാത്കർ ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു.

ഏകീകൃത വ്യക്തിനിയമം
ഏകീകൃത വ്യക്തിനിയമം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. എകീകൃത വ്യക്തിനിയമത്തെ രാഷ്ട്രീയലാഭത്തിനായി വർഗീയവൽക്കരിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഭരണകക്ഷി നേതാക്കളും അടുത്ത ദിവസങ്ങളിൽ ആരംഭിച്ച ശ്രമങ്ങൾ അപലപനീയമാണ്. രാജ്യത്തിന്റെ വൈജാത്യങ്ങൾ അംഗീകരിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. 21-ാം നിയമ കമ്മിഷൻ യുസിസി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെങ്കിലും ഇപ്പോഴത്തെ കമ്മിഷൻ അതിനോട് വിയോജിക്കുകയും കരട് രൂപം പോലും അവതരിപ്പിക്കാതെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയും ചെയ്തിരിക്കുകയാണ്. ഏകത്വം സമത്വമല്ല. ലിംഗനീതിക്കുവേണ്ടിയാണ് സിപിഐ നിലകൊള്ളുന്നത്.

ചന്ദ്രയാൻ മൂന്ന്
ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിൽ സിപിഐ ദേശീയ കൗൺസിൽ യോഗം അഭിമാനം രേഖപ്പെടുത്തുകയും മഹത്തായ നേട്ടത്തിന് പിന്നിൽ വിശ്രമരഹിതമായി പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങി മുഴുവൻ പേരെയും അഭിനന്ദിക്കുകയും ചെയ്തു. ബഹിരാകാശ പര്യവേക്ഷണത്തിലെ ഇന്ത്യയുടെ ചരിത്രപരമായ യാത്രയിൽ ചന്ദ്രയാൻ മൂന്ന് വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. ഈ ഘട്ടത്തിൽ പ്രസ്ഥാനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട്, ശാസ്ത്ര സാങ്കേതിക മേഖലയിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തിയ വിക്രം സാരാഭായിയെപ്പോലുള്ള ഇതിഹാസങ്ങൾ നൽകിയ സംഭാവനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്മരിക്കുന്നു. ‘സമാധാനത്തിനുള്ള ഇടം’ എന്ന പ്രതിബദ്ധതയുള്ള നിലപാടുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും അവരുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു. ഐഎസ്ആർഒയുടെയും ശാസ്ത്രലോകത്തിന്റെയും ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നതോടൊപ്പം ബഹിരാകാശരംഗം പോലും കോർപറേറ്റ് നിക്ഷേപത്തിനായി തുറന്നുനല്‍കുന്ന കേന്ദ്ര നിലപാടിനോടുള്ള വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.

കന്റോൺമെന്റ് ബോർഡുകൾ
കന്റോൺമെന്റ് ബോർഡുകൾ എന്നത് പ്രതിരോധ മന്ത്രാലയത്തിനു കീഴി‍ൽ അഞ്ചുവർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രാദേശിക സമിതിയാണ്. എന്നാൽ അവസാന തെരഞ്ഞെടുപ്പ് നടന്നത് 2015ലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി 2020ൽ അവസാനിച്ചു. പിന്നീട് നിലവിലുള്ള അംഗങ്ങളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഭരണകക്ഷിയായ ബിജെപി‍യിൽപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട ഉപദേശകരുടെ കീഴിൽ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താതെ പ്രാദേശിക സമിതികളെ കൊണ്ടുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ്. 61 കന്റോൺമെന്റ് ബോർഡുകളാണ് രാജ്യത്ത് നിലവിലുള്ളത്. അവയിലെല്ലാം ബിജെപിയുടെ പിൻവാതിൽ ഭരണമാണ് നടക്കുന്നത്. രാഷ്ട്രീയ പരിഗണനകൾ വച്ച് ബിജെപി, തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന്റെ മറവിൽ ബോർഡുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും കരുതേണ്ടിയിരിക്കുന്നു.

 


ഇതുകൂടി വായിക്കു; കുത്തക മൂലധനവും ഫാസിസ്റ്റ് ഘടകങ്ങളുടെ ഉയർച്ചയും


പൊതുചർച്ച നടത്താതെയും ബന്ധപ്പെട്ടവരുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കാതെയും ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നത് അഭികാമ്യമല്ല. എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിലും കന്റോൺമെന്റ് ബോർഡുകൾ സംസ്ഥാന സര്‍ക്കാരുകളുമായി കൂട്ടിച്ചേർക്കുന്നതിന് നിരവധി വർഷങ്ങൾ എടുത്തേക്കാം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്ലാതെ ഒരു തദ്ദേശ ഭരണം നിലനിർത്തുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം അടിസ്ഥാനമാക്കി കന്റോൺമെന്റ് ബോർഡുകളിലേക്ക് ‍ തെരഞ്ഞെടുപ്പ് നടത്താനും പഞ്ചായത്ത് സംവിധാനത്തിന്റെ ആത്മാവ് ഉയർത്തിപ്പിടിക്കാനും പൊതുചർച്ച നടത്താതെ ബോർഡുകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിക്കാനും കൗൺസിൽ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

തമിഴ്‌നാട് ഗവർണറെ മാറ്റണം
ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രം നിയമിക്കുന്ന ഗവർണർമാർ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾക്ക് മുകളില്‍ സമാന്തരഭരണം നടത്തുകയാണ്. തമിഴ്‌നാട് ഗവർണർ ആർ എൻ രവി ചുമതലയേറ്റതു മുതൽ വിവാദപരമായ നിലയിലാണ് പെരുമാറുന്നത്. കാൾ മാർക്സ് ഇന്ത്യയെ നശിപ്പിച്ചുവെന്ന വിചിത്ര വാദം അവതരിപ്പിച്ച അദ്ദേഹം സനാതനതത്വമാണ് ഇന്ത്യയെ ഒരുമിപ്പിച്ചതെന്നും പറഞ്ഞു. മഹാമാനവികരായിരുന്ന തിരുവള്ളുവർ, വള്ളാളർ എന്നിവർ സനാതനതത്വത്തിന്റെ അഗ്രഗണ്യരായിരുന്നുവെന്നു പറഞ്ഞ് അദ്ദേഹം മറ്റൊരിക്കൽ വിവാദത്തിലായി. എല്ലാ രാജ്യങ്ങളും ഒരുമതത്തിൽ അധിഷ്ഠിതമാണെന്നും ഇന്ത്യ അതുകൊണ്ട് ഹിന്ദു രാഷ്ട്രമാണെന്നും പിന്നീടൊരിക്കൽ പ്രഖ്യാപിച്ചു. പരസ്യമായി ‌മതേതരത്വത്തിനെതിരായി പ്രവർത്തിക്കുകയും ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ പൂർണമായും ലംഘിക്കുകയുമാണ്.
നിയമസഭ പാസാക്കിയ 13 ബില്ലുകളാണ് മാസങ്ങളായി അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നത്. സെന്തിൽ ബാലാജിയെന്ന മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. ഹൃദയരോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റുള്ളവർക്ക് വീതിച്ചു നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ ഗവർണർ അത് അംഗീകരിക്കുന്നതിന് തയ്യാറായില്ല. ഒരുദിവസം കഴിഞ്ഞാണ് അംഗീകരിച്ചത്. അതേമന്ത്രിയെ അടുത്ത ദിവസം നിയമവിരുദ്ധമായി പുറത്താക്കുകയും പിന്നീട് നിയമോപദേശം പ്രതീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി റദ്ദാക്കുകയും ചെയ്തു.
ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ, സിപിഐ, സിപിഐ(എം), കോൺഗ്രസ്, എംഡിഎംകെ, വിവികെ തുടങ്ങി എട്ട് പാർട്ടികളിലെ രാജ്യസഭാ, ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട കത്ത് മാസങ്ങൾക്ക് മുമ്പ് രാഷ്ട്രപതിക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ 19 പേജുള്ള വിശദമായ കത്തും രാഷ്ട്രപതിക്ക് നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിയും പാർലമെന്റ് അംഗങ്ങളും നൽകിയ കത്ത് പരിഗണിക്കണമെന്നും ആർ എൻ രവിയെ തമിഴ്‌നാട് ഗവർണർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.