Site iconSite icon Janayugom Online

ഒടുവില്‍ വിലക്കയറ്റം സമ്മതിച്ച് കേന്ദ്രം

രണ്ടാഴ്ചയിലധികമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായിരുന്നു. രാജ്യത്തെ മഹാഭൂരിപക്ഷത്തെയും ബാധിക്കുന്ന വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷം പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമായും ഉന്നയിച്ചത്. സാധാരണക്കാരുടെ ഭക്ഷ്യ വസ്തുക്കള്‍ക്കുമേല്‍ ചരക്കു സേവന നികുതി (ജിഎസ്‌ടി) ചുമത്തിയ വിഷയവും വിലക്കയറ്റവുമായി ബന്ധപ്പെട്ടതുതന്നെയായിരുന്നു. ഇതോടൊപ്പമാണ് മറ്റു വിഷയങ്ങള്‍ പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ശ്രമിച്ചത്. പക്ഷേ പ്രതിപക്ഷ പ്രതിഷേധം മുന്‍കൂട്ടി കണ്ട കേന്ദ്ര സര്‍ക്കാര്‍ അതിനെ തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്വീകരിക്കുകയാണ് ചെയ്തത്. സഭകള്‍ക്കകത്ത് ഉപയോഗിക്കുവാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക തയാറാക്കിയതും സഭയ്ക്കു പുറത്ത് പ്രതിഷേധം പാടില്ലെന്ന തിട്ടൂരമിറക്കിയതും അതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ ജൂലൈ 18ന് സഭാസമ്മേളനം ആരംഭിച്ചതുമുതല്‍ രാജ്യത്തെ പൊതുസമൂഹത്തിന്റെ പരിച്ഛേദമെന്ന ഉത്തരവാദിത്തബോധത്തോടെ പ്രതിപക്ഷം വിലക്കുകള്‍ അവഗണിച്ച് പ്രതിഷേധത്തിനു നിര്‍ബന്ധിതമാകുകയായിരുന്നു. വിലക്കയറ്റം, പുതിയ വിഭാഗങ്ങള്‍ക്കു ചരക്കുസേവന നികുതി ചുമത്തല്‍ വിഷയങ്ങള്‍ ഒന്നുംതന്നെ ചര്‍ച്ച ചെയ്യുന്നതിനുള്ള സന്നദ്ധതയല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

 


ഇതുകൂടി വായിക്കു; അടുക്കളകള്‍ ദരിദ്രം; ഭക്ഷ്യവിലക്കയറ്റം സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി


അതുകൊണ്ടുതന്നെയാണ് സഭാസമ്മേളനങ്ങള്‍ ചേരാനാവാത്ത പ്രതിഷേധത്തിന് രാജ്യം സാക്ഷിയാകേണ്ടിവന്നത്. പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കി സഭ മുന്നോട്ടുകൊണ്ടുപോകുവാനും മറ്റു വിഷയങ്ങള്‍ ഉയര്‍ത്തി ശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ബിജെപിയുടെ തനിനിറം തുറന്നുകാട്ടുന്നതായി. പക്ഷേ രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതുതന്നെയാണ് ജനപ്രതിനിധി സഭകള്‍ എന്ന നിലപാടില്‍ത്തന്നെ പ്രതിപക്ഷം ഉറച്ചു നില്ക്കുകയായിരുന്നു. അംഗങ്ങളെ മുഴുവന്‍ പുറത്താക്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിറകോട്ടില്ലെന്ന ശക്തമായ തീരുമാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോയത്.
രാജ്യത്തെ വിലക്കയറ്റം സമ്മതിക്കാതെ ആഗോള നയങ്ങളുടെ പ്രതിഫലനം മാത്രമാണെന്നായിരുന്നു അ­തേക്കുറിച്ചുള്ള കേന്ദ്ര ഭരണാധികാരികളുടെ നിലപാട്. അതല്ലെന്ന് വ്യക്തമാക്കുവാനും കേ­ന്ദ്രത്തിന്റെ നയവൈകല്യങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുവാനുമുള്ള ചരിത്രപരമായ അവസരമെന്ന നിലയിലാണ് സഭയില്‍ ചര്‍ച്ച വേണമെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചത്.

രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഇരുസഭകളിലും വിലക്കയറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാവുകയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസഭകളിലും വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നത്. ഇതുവരെ രാജ്യത്തെ വിലക്കയറ്റം യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുവാന്‍ തയാറാകാതിരുന്ന കേന്ദ്രം നിലപാടില്‍ നിന്ന് പിറകോട്ട് പോയി എന്നതാണ് ചര്‍ച്ചയുടെ കാതല്‍. പണപ്പെരുപ്പം നിഷേധിക്കുന്നില്ലെന്നായിരുന്നു രാജ്യസഭയില്‍ ചര്‍ച്ചയുടെ മറുപടിയായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. മാത്രമല്ല ലോകത്തെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി അവകാശപ്പെടുകയുണ്ടായി.


ഇതുകൂടി വായിക്കു;  ഭിക്ഷാപാത്രത്തിലെ കയ്യിട്ടുവാരല്‍


 

പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ കുറിച്ച് നടത്തിക്കൊണ്ടിരുന്ന പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്നാണ് ധനമന്ത്രിയുടെ കുറ്റസമ്മതം വ്യക്തമാക്കുന്നത്. ലോകത്തെ വന്‍കിട സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും അഞ്ചു ട്രില്യണ്‍ സമ്പദ്ഘടനയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നുമൊക്കെയായിരുന്നു കേന്ദ്ര ഭരണ നേതൃത്വത്തിന്റെ വീമ്പുപറച്ചില്‍. ലോകത്തിനു ഗോതമ്പ് നല്കി ഭക്ഷണം കഴിപ്പിക്കുമെന്നും വാക്സിന്‍ നല്കി പ്രതിരോധമുള്ളവരാക്കി മാറ്റുമെന്നുമൊക്കെ പറഞ്ഞ് വാക്കുമാറ്റേണ്ടിവന്നതെല്ലാം പൊയ്‌വാഗ്ദാനങ്ങളുടെ ഉദാഹരണങ്ങളില്‍ ചിലതാണ്. യുദ്ധം വറുതി കൊണ്ടുവരുമെന്ന ലളിതമായ വസ്തുത പോലുമറിയാതെയാണ് ഗോതമ്പ് കയറ്റുമതി പ്രഖ്യാപനം നടത്തി ഒടുവില്‍ ഇളിഭ്യരാകേണ്ടിവന്നത്. വന്‍ ഭക്ഷ്യ പ്രതിസന്ധിയാണ് രാജ്യത്തെ ഉറ്റുനോക്കുന്നതെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങള്‍. അത്തരമൊരു പശ്ചാത്തലത്തിലാണ് രാജ്യത്ത് ഗുരുതരമായ വിലക്കയറ്റവും സംജാതമായിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമെന്നൊക്കെയുള്ള കാരണങ്ങള്‍ നിരത്തിയാണെങ്കിലും ഇതുവരെ പറഞ്ഞ ഒന്നിനോടും പൊരുത്തപ്പെടാത്തതാണ് ധനമന്ത്രിയുടെ വിലക്കയറ്റം യാഥാര്‍ത്ഥ്യമാണെന്ന രാജ്യസഭയിലെ സമ്മതം. ഇതുവരെ ഇല്ലെന്ന് വാദിച്ചിരുന്ന വിലക്കയറ്റം ഉണ്ടെന്ന് സമ്മതിപ്പിക്കാനെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് സാധിച്ചു. രാജ്യസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞതുപോലെ നെടുങ്കന്‍ പ്രസ്താവനകള്‍കൊണ്ട് ഇല്ലാതാകുന്നതല്ല വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും. അതിന് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയേ മതിയാകൂ. പട്ടിണി മരണങ്ങള്‍ വര്‍ധിക്കാതിരിക്കുവാനുള്ള ശക്തമായ നടപടികളുണ്ടാവുകയും വേണം.

You may also like this video;

Exit mobile version