Site icon Janayugom Online

ജനവിരുദ്ധ ഭരണത്തിന് എതിരെ കര്‍ഷക, തൊഴിലാളി ഐക്യം

രേന്ദ്രമോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ, കര്‍ഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവും പ്രക്ഷോഭവും ശക്തി ആര്‍ജിക്കുകയാണ്. രാഷ്ട്ര തലസ്ഥാനത്ത്, ജന്തര്‍ മന്ദറില്‍ നവംബര്‍ 11ന് ചേര്‍ന്ന ദേശീയ തൊഴിലാളി കണ്‍വെന്‍‍ഷന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവേളയില്‍ ഒരു ദ്വിദിന പണിമുടക്കിന് ആഹ്വാനം നല്കുകയുണ്ടായി. ഏതാണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാര്‍ഷിക കരിനിയമങ്ങള്‍ക്കും വെെദ്യുതി ഭേദഗതിബില്ലിന് എതിരെയും കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമനിര്‍മ്മാണവും ആവശ്യപ്പെട്ട് രാഷ്ട്രതലസ്ഥാന അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികളുടെ കണ്‍വെന്‍ഷനിലെ പങ്കാളിത്തം നിര്‍ദ്ദിഷ്ട ദ്വിദിന പണിമുടക്ക് ആഹ്വാനത്തെ ഏറെ ശ്രദ്ധേയമാക്കി മാറ്റുന്നു. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും കെെകോര്‍ക്കുന്നു എന്നത് ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ മാനിക്കാതെ പാര്‍ലമെന്റ് പാസാക്കിയതും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതുമായ ലേബര്‍ കോഡ്, കാര്‍ഷിക കരിനിയമങ്ങള്‍ എന്നിവ റദ്ദാക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ദേശീയ ധനസമ്പാദന പെെപ്പ്‌ലെെന്‍ എന്ന പേരില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ പരിപാടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കോവിഡ് മഹാമാരി, ഇന്ധനവിലക്കുതിപ്പ്, നാണ്യപ്പെരുപ്പം എന്നിവയുടെ കെടുതികളില്‍ പെട്ട് ഉഴലുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും 7,500 രൂപ പ്രതിമാസ സാമ്പത്തിക സഹായവും കണ്‍വെന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

 


ഇതുകൂടി വായിക്കാം:പ്രതിപക്ഷം സമരം ചെയ്യേണ്ടത് ജനവിരുദ്ധ സാമ്പത്തിക നയത്തോട്


 

കണ്‍വെന്‍ഷന്‍ മുന്നോട്ടുവച്ച പത്തിന ആവശ്യങ്ങള്‍ക്ക് രാജ്യത്തുടനീളം താഴെത്തലം വരെ പ്രചാരണം നല്കാന്‍ ആവശ്യമായ വിപുലമായ പരിപാടികള്‍ക്കാണ് രൂപം നല്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്താന്‍ കണ്‍വെന്‍ഷന്‍ കര്‍ഷകരേയും തൊഴിലാളികളെയും ആഹ്വാനം ചെയ്തു. ഉത്തര്‍പ്രദേശ് അടക്കം സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തന പരിപാടികളിലാണ് ഇതിനകം കര്‍ഷകര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ക്കൊപ്പം ട്രേഡ് യൂണിയനുകള്‍ കൂടി കെെകോര്‍ക്കുന്നതോടെ ബിജെപിക്കെതിരെ ആ സംസ്ഥാനങ്ങളില്‍ അപ്രതിരോധ്യമായ ചെറുത്തുനില്പ് ഉയര്‍ന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മോഡി സര്‍ക്കാരിന്റെ ദേശവിരുദ്ധ നയപരിപാടികള്‍ക്കെതിരെ വളര്‍ന്നുവരുന്ന തൊഴിലാളി കര്‍ഷക ഐക്യം ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും വനിതകളുമടക്കം നാനാവിഭാഗം ബഹുജനങ്ങളുടെയും പിന്തുണ ആര്‍ജിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബര്‍ 26ന് കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ഷിക ദിനത്തില്‍ കര്‍ഷകരും തൊഴിലാളികളും രാജ്യവ്യാപകമായി വന്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട പണിമുടക്ക് വിജയിപ്പിക്കാന്‍ സംസ്ഥാന, ജില്ല, പ്രാദേശിക സംയുക്ത കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്യുന്നു.

 


ഇതുകൂടി വായിക്കാം: സമരങ്ങളുടെ അനിവാര്യത


 

‘രാഷ്ട്രത്തെയും ജനങ്ങളെയും രക്ഷിക്കുക’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കും അതിലേക്കുള്ള തയാറെടുപ്പും രാജ്യത്തെ കര്‍ഷക‑തൊഴിലാളി-ജനവിരുദ്ധ മോഡി ഭരണകൂടത്തില്‍ നിന്നും ജനങ്ങളെ വിമോചിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക കാല്‍വയ്പായിരിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ പരിമിതവും നിയന്ത്രിതവുമായ പങ്കാളിത്തത്തോടെയാണ് ദേശീയ തൊഴിലാളി കണ്‍വെന്‍ഷന്‍ നടന്നത്. എങ്കിലും അതിന്റെ വിപുലമായ പ്രാതിനിധ്യ സ്വഭാവം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ക്ക് വക നല്കുന്നതാണ്.

You may also­likethis video;

Exit mobile version