ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട, കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ഔഷധ കമ്പനി അസ്ട്ര സെനക്കയുടെ കോവിഡ് 19 പ്രതിരോധ വാക്സിൻ, അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെന്ന വെളിപ്പെടുത്തൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ പ്രസ്തുത വാക്സിൻ സ്വീകരിച്ച ജനങ്ങളുടെ ഭയാശങ്കകളെയാണ് സ്ഥിരീകരിക്കുന്നത്. കോവിഷീൽഡ്, വാക്സിവേറിയ തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ വിവിധരാജ്യങ്ങളിൽ അറിയപ്പെടുന്ന വാക്സിനെപ്പറ്റിയാണ് യുകെ ഹൈക്കോടതിയിൽ ഫെബ്രുവരി മാസത്തിൽ സമർപ്പിക്കപ്പെട്ട നിയമരേഖകളിൽ ഈ വെളിപ്പെടുത്തൽ. ധമനികളിൽ രക്തം കട്ടപിടിക്കുന്ന ‘ത്രോംബോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ സിൻഡ്രോം’ അഥവ ടിടിഎസ് എന്ന അപൂർവ പാർശ്വഫലത്തിന് ഈ വാക്സിൻ പ്രയോഗം കാരണമായേക്കാം എന്നാണ് അസ്ട്ര സെനക്ക കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഈ വാക്സിൻ പ്രയോഗത്തിന്റെ വിനാശകരമായ കെടുതികൾക്കെതിരെ നിരവധി കുടുംബങ്ങൾ യുകെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് സ്ഥായിയായ മസ്തിഷ്ക ഹാനി സംഭവിച്ച രണ്ട് കുട്ടികളുടെ പിതാവ്, ജാമിയ സ്കോട്ടിന്റെ പരാതിയിലാണ് ഇപ്പോഴത്തെ കേസിന്റെ ഉത്ഭവം. ഓക്സ്ഫഡ് സർവകലാശാലയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച പ്രസ്തുത വാക്സിന്റെ കോവിഷീൽഡ് എന്ന ബ്രാൻഡിലുള്ള ഉല്പന്നമാണ് മോഡി സർക്കാരിന്റെ പരിപൂർണ ഒത്താശയോടെ ഇന്ത്യയിൽ വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. 2024 ഏപ്രിൽ 29 വരെ രാജ്യത്ത് 174,94,17,978 ഡോസ് വാക്സിൻ കുത്തിവച്ചതായി കേന്ദ്രസർക്കാരിന്റെ കോവിൻ പോർട്ടൽ ഡാഷ്ബോർഡ് വ്യക്തമാക്കുന്നു. 2021 ജനുവരിയിൽ ആരംഭിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടി ലോകത്തെതന്നെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പദ്ധതിയാണെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ, അത് സമൂഹത്തിൽ സൃഷ്ടിച്ച അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ എന്തെന്ന് ഇനിയും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.
ഇതുകൂടി വായിക്കൂ: നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗം തയ്യാറാവണം
കോവിഷീൽഡ് കുത്തിവച്ചതിനെത്തുടർന്ന് മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ച് ഭാരിച്ച ചെലവിൽ ചികത്സ തേടേണ്ടിവന്ന കേസ് ‘ജനയുഗ’ത്തിന് നേരിട്ട് ബോധ്യമുള്ളതും ഞങ്ങൾ മുഖപ്രസംഗത്തിൽ ഉന്നയിച്ചിട്ടുള്ളതുമാണ്. കേരളാ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് നിരവധി കേസുകൾ പരിഗണനയ്ക്ക് വന്നിരുന്നു. കോടതിയെ സമീപിക്കാൻ പ്രാപ്തിയോ, അറിവോ, നിയമപിന്തുണയോ ലഭിക്കാത്ത അനേകം കേസുകൾ കേരളത്തിലും രാജ്യത്തും ഉണ്ടാവുമെന്നുവേണം കരുതാൻ. കോവിഡ് കാലത്തും തുടർന്നുമുണ്ടായ അനേകം മരണങ്ങൾക്കും, ഗുരുതരവും സ്ഥായിയായതുമായ പല രോഗാവസ്ഥകൾക്കും അപൂർവ പാർശ്വഫലങ്ങളുള്ള ഈ വാക്സിന്റെ പ്രയോഗം കാരണമായിരിക്കാമെന്ന സംശയവും അസ്ഥാനത്തല്ല. ഞങ്ങൾക്ക് അറിവുള്ള കേസിൽ, ആദ്യ ഡോസ് വാക്സിൻ എടുത്ത് രോഗബാധിതനായി മരണവക്ത്രത്തിൽനിന്നും രക്ഷപെട്ടയാളെ രണ്ടാമത്തെ വാക്സിൻ എടുക്കുന്നതിൽനിന്നും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വിലക്കിയിരുന്നു. സമാന സാഹചര്യത്തിൽ കേരളാ ഹൈക്കോടതിയെ സമീപിച്ച മറ്റെല്ലാ പരാതിക്കാരും അകാലത്തിൽ അന്തരിക്കുകയായിരുന്നു. ഇപ്പോൾ ഈ കേസ് കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം സുപ്രീം കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഷീൽഡ് അടക്കം വാക്സിനുകള്‍ മതിയായ പ്രായോഗിക പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാതെയാണ് ജനങ്ങളുടെമേൽ പ്രയോഗിക്കാനാരംഭിച്ചതെന്ന വിമർശനം അന്നേ ഉയർന്നിരുന്നു. ഇന്ത്യയിലെ ശാസ്ത്രലോകത്തിന് ആ തീരുമാനങ്ങളിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി പൂനയിലെയും ഹൈദരാബാദിലെയും വാക്സിൻ നിർമ്മാണകേന്ദ്രങ്ങൾ വൻ പ്രചാരവേലയുടെ അകമ്പടിയോടെ സന്ദർശിച്ച് അവയുടെ ഉടമകളുമായി കൂടിക്കാഴ്ച നടത്തി വാക്സിൻ ജനങ്ങളുടെമേൽ അടിച്ചേല്പിക്കുകയായിരുന്നു. ‘പാത്രം കൊട്ടി’ കൊറോണ വൈറസിനെ അകറ്റാൻ നടത്തിയ അന്ധവിശ്വാസജടിലമായ കോപ്രായങ്ങൾക്ക് ശേഷമായിരുന്നു ഗുരുതര പാർശ്വഫലങ്ങളോടുകൂടിയ വാക്സിനിലേക്കുള്ള മോഡിയുടെ കുതിച്ചുചാട്ടം.
ഇതുകൂടി വായിക്കൂ: ബിജെപിയുടെ മാര്‍ഗം വർഗീയ വിഭജനം തന്നെ
മോഡിയുടെ ഈ കളംമാറ്റത്തിന്റെ ഗുണഭോക്താവ് അദ്ദേഹവും ബിജെപിയുമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. രാജ്യത്തും വിദേശത്തുമായി നടത്തിയ വാക്സിൻ വ്യാപാരം അതിന്റെ ഉല്പാദകരെ അനേകമടങ്ങ് സമ്പന്നരാക്കി. പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമകൾ മുംബെെയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ രാജകൊട്ടാരം സ്വന്തമാക്കാൻ നടത്തിയതുമായി ബന്ധപ്പെട്ട വിവാദവും മറ്റും ഈ മരണവ്യാപാരവുമായി ചേർത്തുവായിക്കാൻ ശ്രമിച്ചവരെ കുറ്റപ്പെടുത്താനാവില്ല. പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് വഴി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 50.25 കോടി രൂപയാണ് ബിജെപിയുടെ മടിശീലയിൽ എത്തിയതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ രാഷ്ട്രീയ ധനസമാഹരണം സംബന്ധിച്ച 2022–23ലെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുകെ കോടതിയിൽ അസ്ട്ര സെനക്ക നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അവരുടെ വാക്സിൻ വഴി നടന്ന വ്യാപാരം സംബന്ധിച്ചും അതിൽ പങ്കാളികളായ മോഡി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കളിക്കാരെ സംബന്ധിച്ചും വിശദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയെന്നത് അതുമൂലം ജീവൻ നഷ്ടപ്പെട്ടവരോടും ജീവച്ഛവങ്ങളാക്കപ്പെട്ടവരോടും അതിന്റെ കെടുതികളിൽപെട്ട് ഇപ്പോഴും ഉഴലുന്ന കുടുംബങ്ങളോടും നീതി പുലർത്താൻ അനിവാര്യമാണ്. വാക്സിൻ നിർമ്മാതാക്കളും മോഡിഭരണകൂടവും ഉൾപ്പെടെയുള്ള മരണവ്യാപാരികളിൽനിന്നും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ പരമോന്നത കോടതിയുടെ കാലവിളംബമില്ലാത്ത ഇടപെടൽ കൂടിയേതീരൂ.