2020ൽ സോഫ്റ്റ്‌വേർ ഭീമന്‍ എന്‍ ആര്‍ നാരായണ മൂർത്തി ജോലി സമയം ആഴ്ചയില്‍ 60 മണിക്കൂറാക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചു. 2023ൽ, അദ്ദേഹം കുറേക്കൂടി മുന്നോട്ടുപോയി, തൊഴില്‍ സമയം 70 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ വീണ്ടും ഒന്നും സൗജന്യമായി നൽകരുത് എന്ന ആശയവുമായി എത്തിയിരിക്കുന്നു. ഇന്ത്യ വികസനപാതയിലായതിനാൽ കൂടുതൽ മുന്നോട്ടുപോകുന്നതിനുവേണ്ട പണം ആവശ്യമുണ്ടെന്നും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന നികുതി അനിവാര്യമാണെന്നും മൂർത്തി അഭിപ്രായപ്പെട്ടു. ‘നമ്മുടെ രാജ്യത്ത് കാര്യക്ഷമവും അഴിമതിരഹിതവും ഫലപ്രദവുമായ പൊതുവസ്തുക്കള്‍ സൃഷ്ടിക്കുന്നതിന്, വികസിത രാജ്യങ്ങളിൽ കാണുന്നതിനെക്കാൾ ഉയർന്ന നികുതി ഉണ്ടായിരിക്കണം. അതിനാൽ, ഉയർന്ന നികുതി അടയ്ക്കേണ്ടി വന്നാൽ ഞാൻ വ്യക്തിപരമായി എതിര്‍ക്കില്ല’ അദ്ദേഹം പറഞ്ഞു. ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിശീർഷ ജിഡിപി ഇന്ന് 2,300 യുഎസ് ഡോളറാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ എന്ന് യുഎൻ വിശേഷിപ്പിക്കുന്നവയുടെ ഇരട്ടിയാണിത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. നേരത്തെ ഇടതുപക്ഷക്കാരനാണെന്ന് അവകാശപ്പെട്ടിരുന്നയാളാണ് മൂര്‍ത്തി. എന്നാലിപ്പോൾ അദ്ദേഹം മുതലാളിത്തത്തോട് കടുത്ത ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതി എപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നത് അധ്വാനമില്ലാത്ത പ്രതിഫലത്തിലൂടെയാണ്.
മൂലധനമില്ലെങ്കിൽ മുതലാളിത്തത്തിന് നിലനില്‍ക്കാൻ കഴിയില്ല. മുതലാളിത്തം ഉല്പാദന പ്രക്രിയയിലൂടെ കൂടുതൽ മൂലധനമുണ്ടാക്കും. ഈ ഉല്പാദന പ്രക്രിയയിൽ നിന്ന് ഉല്പന്നത്തിന് ലഭിക്കുന്ന മൂല്യത്തെ ചരക്കാക്കി മാറ്റുന്നു. തൊഴില്‍ സമയം എന്നത് മൂല്യരൂപീകരണത്തിന്റെയും തല്‍ഫലമായുണ്ടാകുന്ന ചരക്ക് രൂപത്തിന്റെയും സൃഷ്ടിക്കിടയിലെ വ്യത്യാസമാണ്. മാർക്സ് തന്റെ ‘മൂലധനം, മുതലാളിത്ത ഉല്പാദനത്തിന്റെ നിർണായക വിശകലനം’ എന്ന പ്രസിദ്ധമായ കൃതിയില്‍ സൂചിപ്പിച്ചത്, ‘ഉല്പന്നത്തിന്റെ ഉപയോഗമൂല്യം എന്നത് ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഗുണമാണ്, ഒരു ചരക്കിന്റെ മൂല്യമാകട്ടെ അത് കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന മൂല്യവും’ എന്നാണ്. ഇതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന സത്യം. തൊഴിലാളികൾ ഇപ്പോൾത്തന്നെ മതിയായ നഷ്ടപരിഹാരം കൂടാതെ ഉല്പാദനം നടത്തുകയാണ്. മുതലാളിത്ത വ്യവസ്ഥിതി തഴച്ചുവളരുകയും ചെയ്യുന്നു. വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമെന്ന നിലയിൽ, സമൂഹത്തിലെ മുഴുവൻ ഘടകങ്ങളും വേതനമില്ലാത്ത അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന വസ്തുത നിഷേധിക്കാനുമാവില്ല.
ഇതുകൂടി വായിക്കൂ;പകോഡയുണ്ടാക്കുന്നതും തൊഴിലെന്ന് പ്രധാനമന്ത്രി; 70 മണിക്കൂര്‍ പണിയെടുക്കണമെന്ന് നാരായണമൂര്‍ത്തി
സൗജന്യങ്ങളിലേക്ക് തിരിച്ചുവരാം. ഉല്പാദനരീതിയിൽ മൂന്ന് ഘടകങ്ങൾ അനിവാര്യമാണെന്നും അവയിൽ അസംസ്കൃത വസ്തുക്കളും ഉല്പാദനോപകരണങ്ങളും ഒഴികെയുള്ളത് മനുഷ്യാധ്വാനമാണെന്നും അതില്‍ ക്രമപ്പെടുത്തൽ ആവശ്യമാണെന്നും 18-ാം നൂറ്റാണ്ടിൽ തന്നെ തീരുമാനിക്കപ്പെട്ടു. അതിന് ഒരു പരിധിയുണ്ട്, ഒരിക്കലും എട്ട് മണിക്കൂറിനപ്പുറം പോകരുത്. ശേഷം ഉപയോഗിക്കുക സാധാരണ ഊർജമല്ല, കരുതൽ ഊർജമാണ്. ഒരു തൊഴിലാളി ആഴ്ചയിൽ അറുപതോ എഴുപതോ മണിക്കൂർ അധ്വാനിക്കുമ്പോള്‍, കരുതൽ ഊർജം യജമാനന് വിൽക്കുകയാണ്. അത് തികച്ചും സൗജന്യവുമാണ്. ജോലി ചെയ്യുന്ന തൊഴിലാളി മിനിമം കൂലിക്ക് പോലും ഇന്ന് കഷ്ടപ്പെടുകയാണ്. നാരായണ മൂർത്തിയുടെ ഉദ്ധരണി ഇങ്ങനെ പറയുന്നു: “ഒന്നും സൗജന്യമായി നൽകേണ്ടതില്ല”. അതായത് ശ്വസിക്കാനുള്ള ഇടം പോലും ത്യജിക്കാൻ തൊഴിലാളിയോട് ആവശ്യപ്പെടുന്നു. ബംഗളൂരു ടെക് സമ്മിറ്റ് 2023 ന്റെ 26-ാമത് എഡിഷനിൽ സംസാരിക്കവെ മൂർത്തി ഊന്നിപ്പറഞ്ഞത്: സര്‍ക്കാര്‍ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നതിന് നഷ്ടപരിഹാരം വേണം എന്നാണ്. “നിങ്ങൾ സേവനങ്ങൾ നൽകുമ്പോൾ, സബ്സിഡികൾ നൽകുമ്പോൾ, പകരം എന്തെങ്കിലും അവർ ചെയ്യാൻ തയ്യാറായിരിക്കണം. ഉദാഹരണത്തിന്, സൗജന്യ വൈദ്യുതി തരാം എന്ന് നിങ്ങൾ പറഞ്ഞാൽ, പ്രൈമറി സ്കൂളുകളിലും മിഡിൽ സ്കൂളുകളിലും ഹാജർ ശതമാനം 20 ശതമാനം ഉയരുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ മാത്രമേ ഇത് തരൂ” എന്ന് വ്യക്തമാക്കണം.
ഇതുകൂടി വായിക്കൂ; തൊഴിലാളി വർഗത്തിന്റെ സംരക്ഷകൻ
ഇത് സോപാധികമാണ്, സൗജന്യമല്ല. ഒരു കുട്ടി സ്കൂളിൽ പോകുന്നത് നിർത്തുകയോ പഠനത്തിൽ മോശമാകുകയോ ചെയ്യുന്നതിന് പരിഗണിക്കേണ്ട ഒട്ടേറെ ഘടകങ്ങളുണ്ട്. അതിൽ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുമുണ്ട്. പാതിയോളം കുടുംബങ്ങൾ പട്ടിണിയിലാണ്. ജോലികൾ വിരളമാണ്. കൂലി വളരെ അപര്യാപ്തമാണ്. പൗരന്മാർ എന്ന നിലയിൽപ്പോലും, മനുഷ്യരുടെ ജീവിതാവസ്ഥയെ വിലയിരുത്താതെ, കുട്ടിയുടെ കാര്യക്ഷമതയില്ലായ്മയെ ചോദ്യം ചെയ്യാൻ അവകാശമില്ല. ഒടുവിൽ അദ്ദേഹം നിർദേശിക്കുന്നത്, മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്യാനും കൃത്യസമയത്ത് ജോലി പൂർത്തിയാക്കാനും ആവശ്യമായ വസ്തുതകൾ എന്താണെന്ന് അവരോട് ചോദിക്കണമെന്നാണ്. മാനവികതയെ മറികടക്കാന്‍ മുതലാളിത്തം അതിന്റെ കൊമ്പുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്. മൂന്ന് ഷിഫ്റ്റുകളിൽ ജോലിചെയ്യാന്‍ പട്ടിണിപ്പാവങ്ങള്‍ തയ്യാറാകുന്നത് ജീവന്‍ നിലനിര്‍ത്താനാകും. അവരുടെ ചോരപുരണ്ടാവും യന്ത്രങ്ങള്‍ പ്രവർത്തിക്കുക. മുതലാളിത്തം സ്വതന്ത്ര കമ്പോളത്തിന്റെയും സംരംഭകത്വത്തിന്റെയും ഇരട്ട സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിശ്വസിക്കുന്നുവെന്നും ഏതൊരു രാജ്യത്തിന്റെയും ദാരിദ്ര്യം പരിഹരിക്കാനുള്ള ഒരേയൊരു പരിഹാരം അതാണെന്നും നാരായണ മൂർത്തി പറഞ്ഞു. ദാരിദ്ര്യം എന്നത് കേവലം സാമ്പത്തികമായ ഇല്ലായ്മ മാത്രമല്ല, അത് ചിലപ്പോള്‍ മാനവികതയെയും മറികടക്കുന്നതാണ്. ചരിത്രം അതിന് സാക്ഷിയാണ്.