7 September 2024, Saturday
KSFE Galaxy Chits Banner 2

തൊഴിലാളി വർഗത്തിന്റെ സംരക്ഷകൻ

ബാബു കെ പന്മന
December 6, 2023 4:30 am

“പ്രഭാഷണവും പ്രവർത്തനവും തമ്മിൽ യാതൊരുവിധ ബന്ധവും പുലർത്താത്ത ദ്രോഹബുദ്ധികളുടെ കൂട്ടത്തിൽ ജാതി ഹിന്ദുക്കളെ ഉൾപ്പെടുത്താം. അവരുടെ നാവിൽ രാമനും കയ്യിൽ കഠാരയുമാണ്. അവർ ദിവ്യൻമാരെപ്പോലെ സംസാരിക്കുകയും കശാപ്പുകാരെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും”-1935 ഒക്ടോബർ 13ന് എയോള എന്ന സ്ഥലത്ത് ഡോ. ബി ആർ അംബേദ്കർ നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്. അദ്ദേഹത്തിന്റെ 67-ാം ചരമദിനം ആഘോഷിക്കുന്ന വേളയിൽ ഈ പ്രസംഗത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ‘ഒരു ഹിന്ദുവായി ഞാൻ മരിക്കില്ലെന്ന് ’ അംബേദ്കർ പ്രഖ്യാപിക്കുന്നത് പ്രസ്തുത സമ്മേളനത്തിൽ വച്ചാണ്. ഹിന്ദുത്വ ഫാസിസം ഇന്ത്യയെ വരിഞ്ഞുമുറുക്കുമ്പോൾ എട്ടര പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾക്ക് പ്രസക്തിയേറുന്നു.
വൈവിധ്യമാർന്ന മേഖലകളിൽ സമാനതകളില്ലാത്ത സംഭാവന നൽകിയ വ്യക്തിത്വമാണ് അംബേദ്കറുടേത്. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ഭരണനൈപുണ്യം, മതനിരപേക്ഷത, ജനാധിപത്യം എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്ന എല്ലാ മേഖലകളുമായി ഇഴപിരിക്കാനാവാത്തവിധം തന്റേതായ ഇടങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന അംബേദ്കറെ പുതിയ തലമുറ ഓർക്കുന്നത് ഭരണഘടനാ ശില്പിയെന്ന പേരിലും ദളിത് വിമോചകനെന്ന നിലയിലും മാത്രമായാൽ അവരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. ഇത് വാസ്തവത്തിൽ ചരിത്രത്തിന്റെ ചുരുക്കക്കള്ളികളിൽ തളച്ചിടാനുള്ള ചില കക്ഷികളുടെ വ്യഗ്രതയാണ് കാണിക്കുന്നത്. ഇന്ത്യൻ ജനതയ്ക്ക് ആധുനിക കാലത്തെ പൗരാവകാശങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും വെളിച്ചം പകർന്ന വ്യക്തിത്വമായാണ് ലോകം അദ്ദേഹത്തെ അംഗീകരിച്ചിട്ടുള്ളത്.


ഇതുകൂടി വായിക്കൂ:  മതം നോക്കി തല്ലിച്ചോ?


ജാതിവ്യവസ്ഥയുടെ കാഠിന്യം സൃഷ്ടിച്ച അസമത്വം, ജാതി വിവേചനം തകർത്തെറിയുന്നതിനും സാമൂഹ്യ നീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങൾ പാർശ്വവല്‍കൃത ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കുന്നതിനുള്ള പ്രയത്നങ്ങളിൽ അദ്ദേഹം അക്ഷീണം ഏർപ്പെട്ടതായിക്കാണാം. കാർഷിക രംഗത്തെ സംബന്ധിച്ചും സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നൂതനമായ കാഴ്ചപ്പാടുകൾ പുലർത്തിയിരുന്നു. പുതിയ തൊഴിൽ കോഡുകളും കാർഷിക നിയമങ്ങളും രാജ്യത്ത് പണിമുടക്കുകൾക്കും പ്രക്ഷോഭങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്.
കർഷകർ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പാതയിലായിരിക്കേ, അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. 1917ൽ ‘ചെറുകിട കൃഷിയും പരിഹാര’വുമെന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ പ്രബന്ധം ഇന്നും പ്രസക്തമാണ്. കൃഷിഭൂമിയുടെ കുത്തകാവകാശം ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടാൽ ഉല്പാദനം, ഉല്പാദനച്ചെലവ്, കർഷകന്റെ വരുമാനം, വിലസ്ഥിരത എന്നിവയെ സാരമായി ബാധിക്കുമെന്നാണ് അംബേദ്കറുടെ നൂറു വർഷം മുമ്പുള്ള നിരീക്ഷണം.
ഇന്ത്യൻ രൂപയെക്കുറിച്ച് നടത്തിയ പഠനത്തിന്റെയും ഹിൽട്ടൺ യങ് കമ്മിഷൻ മുമ്പാകെ സമർപ്പിച്ച നിർദേശങ്ങളുടെയും കൂടി ഫലമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫിനാൻസ് കമ്മിഷന്റെയും രൂപീകരണം. സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങളും ജലസേചന പദ്ധതികളുടെയും ജലവൈദ്യുത പദ്ധതികളുടെയും ആരംഭവും അംബേദ്കറുടെ സംഭാവനകളാണ്.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ഫ്യൂഡൽ സംവിധാനത്തിൻ കീഴിലും ജാതിഅടിച്ചമർത്തലുകൾക്ക് വിധേയരായും നരകയാതന അനുഭവിക്കേണ്ടി വന്ന തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ ജീവവായു നൽകിയ തൊഴിൽ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിർണായക നീക്കങ്ങളാണ് അംബേദ്കർ നടത്തിയത്. പാശ്ചാത്യ വിദ്യാഭ്യാസവും നിയമപഠന പശ്ചാത്തലവുമാണദ്ദേഹത്തിന് ഇക്കാര്യത്തിൽ തുണയായത്. ലോക തൊഴിലാളിവർഗത്തിന് മാർക്സ് എങ്ങനെയാണോ പ്രിയങ്കരനാകുന്നത് അതുപോലെ ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട തൊഴിലാളിവർഗത്തിന് മറക്കാൻ കഴിയാത്ത പേരാണ് അംബേദ്കറുടേത്.
എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അടിസ്ഥാനാശയത്തിന് നിയമപരമായ പിൻബലം ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 1942 മുതൽ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന കാലയളവിലും പിന്നീട് തൊഴിൽ മന്ത്രി, നിയമമന്ത്രി എന്നീ നിലകളിലും അദ്ദേഹം മുൻകയ്യെടുത്തു നടപ്പിലാക്കിയ തീരുമാനങ്ങൾ ഇന്ത്യൻ തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ലിംഗവ്യത്യാസമില്ലാതെ തുല്യജോലിക്ക് തുല്യവേതനം, സ്ത്രീകളുടെ ഗർഭകാല ആനുകൂല്യങ്ങൾ, ക്ഷാമബത്ത വേതന പരിഷ്കരണം, ഒഴിവുദിനങ്ങളിൽ വേതനത്തിനുള്ള അവകാശം എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.


ഇതുകൂടി വായിക്കൂ: നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും


ട്രേഡ് യൂണിയനുകൾക്കുള്ള അംഗീകാരം, പണിമുടക്കാനുള്ള അവകാശ സംരക്ഷണം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ തുടക്കം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്, പ്രൊവിഡന്റ്സ് ഫണ്ട്, ലേബർ വെൽഫെയർ ഫണ്ട്, മിനിമം വേതനം തുടങ്ങി ആധുനിക തൊഴിലാളിസമൂഹം അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ തുടക്കംകുറിക്കുന്നതിന് നേതൃത്വം നൽകിയത് അംബേദ്കറാണ്. ജാതി വ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുള്ള ജാതി വിവേചനവും ഉല്പാദന വ്യവസ്ഥയോട് ബന്ധപ്പെട്ടാണല്ലോ നിലനിൽക്കുന്നത്. ജാതി വിഭജനം തൊഴിൽവിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് ഇന്ത്യൻ സാഹചര്യത്തിലെ പ്രസക്തി വളരെ വലുതാണ്. ജാതി നിലനിൽക്കുവോളം തൊഴിലാളിവർഗം എന്ന മാർക്സിയൻ കാഴ്ചപ്പാടിലേക്കുള്ള ദൂരം കൂടുതലാണെന്ന് അദ്ദേഹം വിശ്വസിച്ചു.
തന്റെ ജീവിതത്തിലുടനീളം അടിച്ചമർത്തപ്പെട്ടവരോടൊപ്പം തന്നെ തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങൾക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ചു. അദ്ദേഹം സ്ഥാപിച്ച പാർട്ടിയുടെ പേര് ഇന്ത്യൻ ലേബർ പാർട്ടി എന്നായിരുന്നു. തൊഴിൽ സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഭരണഘടനാ ശില്പിയെന്ന വിശേഷണത്തോടൊപ്പം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ സംരക്ഷകൻ എന്ന വിശേഷണവും കൂടി അംബേദ്കർക്ക് ഏറെ അനുയോജ്യമാകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.