Site iconSite icon Janayugom Online

ഭീതിയുടെ ഇരുള്‍മുഖം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് അതില്‍ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനായുള്ള പരിശ്രമങ്ങള്‍ എട്ടുദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. മുഴുവൻ തൊഴിലാളികളും ആരോഗ്യത്തോടെ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾത്തന്നെ നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ചെറുതല്ല. കഴിഞ്ഞ ഞായറാഴ്ചയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികൾ തുരങ്കത്തിനകത്ത് അകപ്പെട്ടത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിൽനിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്ന തുരങ്കം ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് നിർമ്മാണം നടക്കുന്നത്. ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഏതാനും മണിക്കൂറുകൾ മാത്രം ശേഷിയുള്ള ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ, നിർമ്മാണ പ്രവർത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോൺക്രീറ്റ് പാളികളും തകർന്നുവീണ് തുരങ്കത്തിൽ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായറിയപ്പെടുന്ന ചാർ ധാം ഹൈവേ പ്രോജക്ടിന്റെ ഭാഗമായ നാലര കിലോമീറ്റർ നീളമുള്ള ടണലിന്റെ തുടക്കഭാഗമാണ് തകർന്നത്.

 


ഇതുകൂടി വായിക്കൂ; ധാതുക്കളുടെ സ്വകാര്യവല്‍ക്കരണവും മോഡിയുടെ ചങ്ങാത്ത മുതലാളിത്തവും


ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് തീര്‍ത്ഥാടകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കെതിരെ കടുത്ത വിമർശനം നേരത്തേയുണ്ട്. ഹിമാലയൻ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് മലതുരന്നുള്ള നിർമ്മാണ പ്രവർത്തനം എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിലാണ് നിർമ്മാണ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളിലൊന്നാണ് ഇന്ത്യയിലെ നിർമ്മാണ മേഖലയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന ഉറപ്പു വരുത്തേണ്ട ഒട്ടേറെ സർക്കാർ ഏജൻസികളുണ്ടായിട്ടും അപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മിസോറാമിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് 17 തൊഴിലാളികൾ കൊല്ലപ്പെട്ടത് ഭരണകൂടത്തിന്റെ അശ്രദ്ധ കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ബിഹാറിൽ ഗംഗയ്ക്ക് മുകളിലൂടെ നിർമ്മിച്ച 1700 കോടിയുടെ പാലം രണ്ടുതവണ തകർന്നതും നാം കണ്ടു. 2004ൽ ഉത്തരാഖണ്ഡിലെ തന്നെ തെഹ്‌രി ഡാമിലുണ്ടായ അപകടത്തിൽ 29 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വമ്പൻ ജലവൈദ്യുതി പദ്ധതിക്കായി നിർമ്മിച്ച തുരങ്കം തകർന്ന് തൊഴിലാളികൾ മണ്ണിനടിയിൽ ആണ്ടുപോകുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 22ന് ആന്ധ്രയിലെ നന്ദ്യാൽ ഊർജ പദ്ധതിയിലെ രണ്ട് തൊഴിലാളികളും തുരങ്കം തകർന്ന് മരിച്ചു. കഴിഞ്ഞ വർഷം മേയില്‍ ജമ്മു കശ്മീരിലെ റാമ്പൻ ജില്ലയിൽ ദേശീയപാതാ നിർമ്മാണത്തിലേർപ്പെട്ടിരുന്ന പത്ത് തൊഴിലാളികളുടെ ജീവനാണ് തുരങ്കം തകർന്ന് ഇല്ലാതായത്.
2025 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നിർമ്മാണ വിപണിയിലേയ്ക്ക് വളരുകയാണ് ഇന്ത്യ. ഈ നേട്ടത്തിന് കാരണക്കാരായ നിർമ്മാണത്തൊഴിലാളികളാണ് രാജ്യത്തെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വിഭാഗം എന്നതാണ് വിരോധാഭാസം. ഇവരുടെ സുരക്ഷ, വേതനം, മറ്റ് ക്ഷേമകാര്യങ്ങൾ എന്നിവ പൂർണമായി അവഗണിക്കപ്പെട്ട നിലയിലാണ്. അതിന്റെ തെളിവുകളാണ് ഉത്തരകാശിയിലടക്കമുള്ള അപകടങ്ങളുടെ കണക്ക്. രാജ്യത്ത് തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നാലിലൊന്ന് നിർമ്മാണ മേഖലയിലാണെന്ന് സൂറത്ത് എൻഐടി 2016ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.


ഇതുകൂടി വായിക്കൂ; സാധാരണക്കാരന്റെ അവസാന പ്രതീക്ഷ


 

തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് ഏതുസാഹചര്യത്തിലും ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാറായേക്കാം. അവരെ ചൂഷണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പിഴവ് വരുത്തിയതാരാണെന്ന് കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യാത്തിടത്തോളം കാലം അപകടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. തുരങ്ക നിർമ്മാണം എന്നത് ദേശനിർമ്മിതിയുടെ ഭാഗമാണ്. എന്നിട്ടും ഭരണകൂടത്തിന്റെ അശ്രദ്ധയും അമിത തിടുക്കവും പാരിസ്ഥിതികാഘാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ മറന്നുള്ള വികസന കാഴ്ചപ്പാടുമാണ് ഇത്തരം അപകടങ്ങളിലേക്ക് ദിവസക്കൂലിക്കാരായ തൊഴിലാളികളെ തള്ളിവിടുന്നത് എന്ന വിമർശനം ഗൗരവമേറിയതാണ്. നിയമലംഘനമായിട്ടുപോലും ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം അന്വേഷണം നടന്നെങ്കിലും ആരെയും കുറ്റക്കാരായി വിധിച്ചതായി അറിവില്ല. രക്ഷാപ്രവർത്തനത്തിന് എത്ര സന്നാഹങ്ങളെത്തിച്ചു, വിദേശ സഹായം തേടിയോ എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ക്ക് പകരം ഒരു തൊഴിലാളി പോലും അപകടത്തിന് ഇരയാകാത്ത രാജ്യമെന്നതാകും കൂടുതൽ അഭിമാനം. അതിനുള്ള ആര്‍ജവമാണ് ഭരണകൂടത്തില്‍ നിന്നുണ്ടാകേണ്ടത്.

Exit mobile version