3 May 2024, Friday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 26, 2024
April 26, 2024
April 25, 2024
April 22, 2024
April 22, 2024
April 21, 2024

ധാതുക്കളുടെ സ്വകാര്യവല്‍ക്കരണവും മോഡിയുടെ ചങ്ങാത്ത മുതലാളിത്തവും

Janayugom Webdesk
November 16, 2023 5:00 am

നിർണായകമായ ധാതുലവണങ്ങള്‍ വിദേശ, സ്വദേശ സ്വകാര്യമുതലാളിമാര്‍ക്ക് മൂലധന സമാഹരണ സംരംഭങ്ങളാക്കുന്നതിനുള്ള നീക്കം രാജ്യത്ത് നേരത്തെതന്നെ ആരംഭിച്ചിരുന്നതാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറിയതിനുശേഷം 2015ലാണ് കല്‍ക്കരി ഖനനം സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണമുണ്ടായത്. ഊര്‍ജാവശ്യത്തിനുള്ള പ്രധാനഘടകമെന്ന നിലയില്‍ കല്‍ക്കരി ഖനനം നേരത്തെ സ്വകാര്യമേഖലയിലും നടന്നുവന്നിരുന്നു. അതിന്റെ വാണിജ്യ പ്രാധാന്യവും പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിക്കണമെന്ന കാഴ്ചപ്പാടും കാരണം ദേശസാല്‍ക്കരണം വേണമെന്ന ആവശ്യമുയരുകയും രണ്ടുഘട്ടമായി അത് നടപ്പിലാക്കുകയുമായിരുന്നു. അങ്ങനെയാണ് 1971, 1973 വര്‍ഷങ്ങളില്‍ കല്‍ക്കരി ഖനനം ദേശസാല്‍ക്കരിച്ചത്. നേരത്തെതന്നെ മറ്റ് ധാതുലവണങ്ങളും അസംസ്കൃത വസ്തുക്കളും പൊതുമേഖലയുടെ കുത്തകയായിരുന്നു. എന്നാല്‍ കല്‍ക്കരി ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ തീരുമാനിക്കുകയും 2015ല്‍ പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് നരേന്ദ്ര മോഡിയുടെ ഒക്കച്ചങ്ങാതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗതം അഡാനിയായിരുന്നു എന്നതുകൊണ്ടുതന്നെ ഇതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാകുന്നു.

കോണ്‍ഗ്രസ് ഭരണകാലത്ത് ആരംഭിച്ച നവ ഉദാരവല്‍ക്കരണനയത്തിന്റെ തുടര്‍ച്ചയായാണ് ബിജെപി സര്‍ക്കാര്‍ നമ്മുടെ പ്രകൃതി വിഭവങ്ങളും ധാതുക്കളും സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സമീപനങ്ങള്‍ ആരംഭിച്ചത്. ഇത്തരം വസ്തുക്കളെ ആസ്പദമാക്കിയുള്ള പൊതുമേഖലാ സംരംഭങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്ന് മാറ്റുന്നതിന് പകരം ഖനനമുള്‍പ്പെടെയുള്ള അനുബന്ധപ്രവര്‍ത്തനങ്ങളാണ് സ്വകാര്യവല്‍ക്കരിച്ചത്. അതിന്റെ ഭാഗമായി ധാതുലവണങ്ങള്‍ ഖനനം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡി(ഐആര്‍ഇഎല്‍)ന്റെ ടെര്‍മിനലുകള്‍ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇപ്പോള്‍ മറ്റ് ധാതുലവണങ്ങളുടെ ഖനന പ്രവര്‍ത്തനങ്ങള്‍ ലേലത്തിലൂടെ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവും വന്നിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ലേലം ആരംഭിക്കുമെന്ന് ഖനി വകുപ്പ് സെക്രട്ടറിയായ വി എല്‍ കാന്തറാവു തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇവ സ്വകാര്യവല്‍ക്കരിക്കുന്നതിനായുള്ള പ്രത്യേക നയം രൂപീകരിക്കുന്നതിന് നടപടികള്‍ ആരംഭിക്കുന്നുവെന്ന വിവരം കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. സെപ്റ്റംബറില്‍ ഖനി വകുപ്പ് സെക്രട്ടറിയായി വി എല്‍ കാന്തറാവു ചുമതലയേറ്റതോടെ നടപടികള്‍ക്ക് വേഗം കൂടി. ഇതിനായി ഒക്ടോബറില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചുചേര്‍ക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: വികസിത ഇന്ത്യ:സത്യവും മിഥ്യയും


യൂറോപ്യൻ യൂണിയൻ നിർദേശിച്ചിട്ടുള്ള സുപ്രധാന അസംസ്കൃത വസ്തുക്കൾ സംബന്ധിച്ച ക്ലബ്ബിൽ ഇന്ത്യ ചേരുന്നതിനെക്കുറിച്ചും അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. നിർണായക ധാതുക്കളുടെ ഉറവിടം സംബന്ധിച്ച് യുഎസുമായി ധാരണാപത്രത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലേല നടപടികള്‍ ആരംഭിക്കുന്നതെന്നാണ് കരുതേണ്ടത്. സ്വകാര്യ സംരംഭകര്‍ക്ക് അവസരം നല്‍കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനും ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും ഇത് ഉണ്ടാക്കുവാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ പലതാണ്. അമിതമായ പ്രകൃതിവിഭവ ചൂഷണത്തിന് ഇടയാക്കുമെന്നതാണ് പ്രധാന വെല്ലുവിളി. സാമ്പത്തിക വികസനത്തിനും ദേശീയ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തി 30 സുപ്രധാന ധാതുക്കളുടെ പട്ടിക കഴിഞ്ഞ ജൂണില്‍ ഖനി മന്ത്രാലയം പുറത്തിറക്കിയിരുന്നതാണ്. ആണവ സാങ്കേതിക വിദ്യയുള്‍പ്പെടെ സുപ്രധാന മേഖലകളില്‍ നിര്‍ണായകമായ ധാതുക്കളുടെ പട്ടികയായിരുന്നു അന്ന് പുറത്തിറക്കിയത്. അവയിലുള്‍പ്പെട്ട ധാതുകളുടെ ഖനനമാണ് ഇപ്പോള്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുവാന്‍ പോകുന്നത് എന്നത് വൈരുധ്യമാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക നേട്ടത്തിനപ്പുറം സുരക്ഷയുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഈ നടപടി ദോഷകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടാതെ കല്‍ക്കരി ഖനനത്തിന് എന്നതുപോലെ അഡാനിയായിരിക്കും ഇതിന്റെയും പ്രധാന ഗുണഭോക്താവ് എന്നതില്‍ സംശയമുണ്ടാകേണ്ടതില്ല. വിവിധ മന്ത്രാലയങ്ങളുടെ ജലവൈദ്യുത പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള സമിതി അംഗമായി അഡാനി ഗ്രൂപ്പിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന വ്യക്തിയെ നിയമിച്ചിരിക്കുന്നുവെന്നത് ഇതിന്റെ അനുബന്ധമായി കാണേണ്ടതാണ്. വളരെക്കാലമായി അഡാനി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനാര്‍ദന്‍ ചൗധരിയാണ് ഇങ്ങനെ നിയമിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സുപ്രധാന ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അഡാനിക്ക് ലഭിക്കുന്നതിന് സഹായിക്കുന്നതാണ് ഈ നിയമനമെന്ന ആക്ഷേപവും വിമര്‍ശനവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഫലത്തില്‍ രാജ്യത്തിന്റെ സുരക്ഷ അവഗണിച്ച്, പ്രകൃതി — ധാതു വിഭവങ്ങളും രഹസ്യങ്ങളും അഡാനി ഉള്‍പ്പെടെ സമ്പന്നര്‍ക്ക് കൈമാറുന്നതിനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്ര മോഡി പിന്തുടരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉദാഹരണമാണ് ഈ നടപടികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.