Site iconSite icon Janayugom Online

വോട്ടെടുപ്പിനു മുമ്പ് യുപിയെ കേരളവുമായി താരതമ്യം ചെയ്യാം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് കളം മുറുകിയതോടെ ആർഎസ്എസ്, ബിജെപി കേന്ദ്രങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഭാഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് ചൂടിലെങ്കിലും യുപിയുടെ യാഥാർത്ഥ്യം സംഘപരിവാറിനെ വല്ലാതെ പരിഭ്രാന്തിയിലാഴ്ത്തുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപി നിയമസഭാ ഫലം നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അവർ കണക്കുകൂട്ടുന്നു. ഇത്തരം ബോധ്യത്തിൽ, തങ്ങളുടെ വിഭവങ്ങളുടെയും സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും വടക്കേയറ്റത്തെ ഏറ്റവും വലിയ സംസ്ഥാനത്തിനായി അവര്‍ നീക്കിവച്ചിരിക്കുന്നു. മോഡി-ആദിത്യനാഥ്-അമിത് ഷാ കൂട്ടുകെട്ട് ആരംഭത്തിൽ കരുതിയത് തങ്ങൾക്ക് വൻവിജയം ഉറപ്പാക്കുന്ന ലാഭക്കച്ചവടമാകും യുപി തെരഞ്ഞെടുപ്പ് എന്നായിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടല്ലെന്ന് കണ്ടെത്തിയതോടെ സംഘപരിവാർ ക്യാമ്പിൽ ആത്മവിശ്വാസം വർധിച്ചു. ആദിത്യനാഥ്‌യുഗത്തിന്റെ തുടർച്ചയെക്കുറിച്ച് അവർ വാചാലരായി. എന്നാൽ യുപിയിലെ ജനമനസ് വേറിട്ടദിശയിലേക്കായിരുന്നു. ഇത് മോഡി ക്യാമ്പിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധവുമായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ബോധ്യപ്പെടുമ്പോൾ യുപിയുടെ അതിരുകൾ കടന്നും വലിയ രാഷ്ട്രീയ രൂപകല്പനകൾ മെനയുന്ന മതഭ്രാന്തുള്ള ആദിത്യനാഥിന് ഉന്മത്തനാകാൻ കാരണങ്ങൾ ഏറെയുണ്ടായി.

ആദിത്യനാഥ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തെക്കുറിച്ചുള്ള ദുഷിപ്പ് ആവർത്തിക്കുന്നത് കരുതികൂട്ടിതന്നെയാണ്. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വിഷലിപ്തമായ പ്രസംഗം വ്യക്തമായ നീക്കമായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശ്രദ്ധ മാറ്റാനാണ് എക്കാലവും സംഘപരിവാർ ആഗ്രഹിക്കുന്നത്. തങ്ങൾക്കനുകൂലമായി കാര്യങ്ങൾ തിരിച്ചുവിടാൻ കേരളത്തെ ചീത്തപറഞ്ഞാൽ ഉതകുമെന്ന് ആദിത്യനാഥും സംഘവും കണക്കുകൂട്ടി. 2017ൽ രാഷ്ട്രീയ അധികാരം പിടിക്കാൻ സംഘപരിവാർ യുപിയുടെ വിവിധ ഭാഗങ്ങളിൽ വർഗീയകലാപം അഴിച്ചുവിട്ടു. 2022ൽ വിദ്വേഷത്തിന്റെ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളുമായാണ് അവർ വന്നത്. ഇതിലൂന്നിയായിരുന്നു ആദിത്യനാഥിന്റെ അഞ്ചുവർഷത്തെ ഭരണവും. ബാബറി മസ്ജിദ് തകർത്ത അയോധ്യയുടെ ചുവടുകൾ പിന്തുടർന്ന് അവർ വാരണാസിയിലെയും മഥുരയിലെയും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തങ്ങളുടെ വിദ്വേഷ പ്രചാരണം ശക്തമാക്കി. വർഗീയമായിരുന്നു യുദ്ധമുറ. മുസ്‌ലിം ആരാധനാലയങ്ങൾക്കെതിരായിരുന്നു അത്. ‘വിഭജിച്ച് ഭരിക്കുക’ എന്നതായിരുന്നു ലക്ഷ്യം. പക്ഷെ, മന്ദിർമസ്ജിദ് തർക്കം മാത്രം ഇത്തവണ തങ്ങളെ രക്ഷിക്കില്ലെന്ന തിരിച്ചറിവ് മെല്ലെ തെളിഞ്ഞുതുടങ്ങി. ഒടുവിൽ വേലിയേറ്റത്തിന് മുകളിലൂടെ നീന്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ സംഘപരിവാർ ചിന്താധാരകൾ ഉണർന്നു. ബിജെപി സർക്കാരിനെതിരെ യുപിയിൽ ജനരോഷം ഉയരുന്നത് അവരുടെ ദുർഭരണത്തിന്റെ സ്വാഭാവിക ഫലമാണ്. ഒരു വർഷം നീണ്ട സമരത്തിനൊടുവിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. തൊഴിലാളികൾ അഭൂതപൂർവമായ ബുദ്ധിമുട്ടുകളിലേക്ക് വലിച്ചെറിയപ്പെട്ടു. ദളിതർക്കും ആദിവാസികൾക്കും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

 


ഇതുകൂടി വായിക്കാം;കപട സന്ന്യാസിമാര്‍ അറിയണം ആദിത്യനാഥിന്റെ യുപിയല്ല കേരളം


 

അവരുടെ വെള്ളം, കാട്, ഭൂമി എല്ലാം ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ കോർപറേറ്റുകൾ തട്ടിയെടുക്കുന്നു. സ്ത്രീകളുടെ അവസ്ഥ അതിദീനമാണ്. തൊഴിലില്ലായ്മ യുവാക്കളെ വരിഞ്ഞുകെട്ടിയിരിക്കുന്നു. വിലക്കയറ്റം നിയന്ത്രണാതീതമാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിഭജനം അതിവേഗം വർധിക്കുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ആദിത്യനാഥ് സർക്കാരിന് ബോധ്യപ്പെടുന്നു. ആ അരക്ഷിതാവസ്ഥ അവരെ ഭയപ്പെടുത്തുകയും കൂടുതൽ അക്രമാസക്തരാക്കുകയും ചെയ്യുന്നു. കേരളത്തിനെതിരെ വന്യമായ ആക്രമണം അഴിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമങ്ങൾ അവരുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലപാടുകളുടെ പ്രധാനഭാഗങ്ങളാണ്. ആദിത്യനാഥും കൂട്ടരും ചേർന്ന് മഹാരാഷ്ട്രയിലും ബംഗാളിലും കേരളത്തിനെതിരായ നിന്ദാഭാഷണത്തിന് വേദികൾ തേടി. എന്നാൽ ഇതെല്ലാം അവർക്ക് തിരിച്ചടിയായി. കേരളത്തിലെ സാമൂഹികരാഷ്ട്രീയ ജീവിത യാഥാർത്ഥ്യങ്ങൾ ആഴത്തിൽ പരിശോധിക്കാൻ യുപിയിലെ ജനങ്ങളോട് കേരള മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഈ രണ്ട് സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഭരണരീതികൾ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ ഇടതുജനാധിപത്യ ശക്തികൾക്ക് ഇത് അവസരം നൽകി. ആർഎസ്എസ് പ്രചാരക വിഭാഗം പരിശീലിപ്പിച്ച വിദ്വേഷത്തിന്റെ കുരിശുയുദ്ധക്കാർ ചിത്രീകരിച്ച കേരളം കള്ളമെന്ന് തെളിഞ്ഞു.

ആദിമമനുഷ്യർ വസിക്കുന്ന ഏറ്റവും അവികസിത ഭൂപ്രദേശമായി കേരളത്തെ അവർ പരിചയപ്പെടുത്തി! അതുകൊണ്ടാണ് തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ യുപി കേരളമാകുമെന്ന് ആവർത്തിച്ച് ആദിത്യനാഥ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്. കേരളത്തിലെയും യുപിയിലെയും ജീവിത യാഥാർത്ഥ്യമെന്താണ്? കേരളത്തിന്റെ വികസന സൂചികകൾ സംസാരിക്കട്ടെ, ജനങ്ങൾ അതിനെ യുപിയുമായി താരതമ്യം ചെയ്യട്ടെ. നിതി ആയോഗ് തന്നെ അതിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ട് (2021) പുറത്തിറക്കി. ആ റിപ്പോർട്ടിൽ യുപിയിലെ ജനസംഖ്യയുടെ 37.79 ശതമാനം ദരിദ്രരാണെന്ന് കണ്ടെത്തി, എന്നാൽ കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.71 ശതമാനം മാത്രമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെ മൾട്ടിഡൈമൻഷണൽ പോവർട്ടി സൂചിക സൂചിപ്പിക്കുന്നു. പോഷകാഹാരം, ശിശുമരണനിരക്ക്, മാതൃ ആരോഗ്യം എന്നിവ ആരോഗ്യത്തിന്റെ സൂചകങ്ങളായി നിലകൊള്ളുന്നു. മുടങ്ങാത്ത സ്കൂൾ വിദ്യാഭ്യാസവും സ്കൂൾ ഹാജരും വിദ്യാഭ്യാസത്തിന്റെ അളവുകോലായി. പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവന നിർമ്മാണം, ആസ്തികളുടെ ഉടമസ്ഥാവകാശം ബാങ്ക് അക്കൗണ്ടുകൾ എന്നിവ ജീവിതനിലവാരം നിർണയിക്കാൻ ഉതകുന്നു.


ഇതുകൂടി വായിക്കാം; വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത യാഥാര്‍ത്ഥ്യങ്ങളുടെ നിഷേധം


യുപി ഭക്ഷ്യവസ്തുക്കളുടെ മുൻനിര ഉല്പാദകരാണെങ്കിലും, പോഷകാഹാര നിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ്. നിതി ആയോഗിന്റെ 2020–21ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ആദിത്യനാഥ് തരംതാഴ്ത്താൻ ആഗ്രഹിച്ച സംസ്ഥാനമായ കേരളം ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ ഉയർച്ച ലോകം തിരിച്ചറിയുന്നതാണ്. യുപിയിലെ ജനങ്ങളെ സ്വതന്ത്രമായും ന്യായമായും വോട്ട് ചെയ്യാൻ അനുവദിച്ചാൽ അവർ കേരളത്തിന്റെ വഴിക്ക് ചിന്തിക്കും. അതുകൊണ്ടായിരിക്കാം ക്രമസമാധാന പ്രശ്നം ഈ ചർച്ചയിലേക്ക് കൊണ്ടുവരാൻ ആദിത്യനാഥ് ശ്രമിച്ചത്. എന്നാൽ ഇവിടെയും സത്യം ആദിത്യനാഥിനൊപ്പമില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് (2020) പ്രകാരം 12,913 കേസുകളും 3779 കേസുകളുമായി യുപി തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ എന്നിവയിൽ ഒന്നാം സ്ഥാനത്താണ്. വ്യത്യാസങ്ങൾ ജനങ്ങൾ ശ്രദ്ധിക്കട്ടെ. ആദിത്യനാഥിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ കേരളം തയാറാണ്. 1957 മുതൽ ജനസൗഹൃദ വികസനപാത രൂപപ്പെടുത്താൻ കേരളത്തിൽ ഉറച്ചുനിന്ന ഇടതുപക്ഷജനാധിപത്യ ശക്തികൾ അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുകതന്നെയാണ്.

You may also like this video;

Exit mobile version