Site iconSite icon Janayugom Online

ഫൈനൽ റിപ്പോർട്ട്

ബ്ലഡ് റിപ്പോർട്ട് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അയാൾ ഹോസ്പിറ്റൽ വരാന്തയിലിരുന്നു.
“ഡോക്ടർ വിളിക്കുന്നു”
എന്ന നഴ്സിന്റെ അശരീരി കേട്ട് ആ മുറിയിലേക്ക് കയറിയപ്പോൾ കയ്യും കാലും വിറക്കുന്നതയാൾ അറിയുന്നുണ്ടായിരുന്നു.
“എന്താണ് സർ. എന്തായാലും പറഞ്ഞോളൂ…”
പരിചയക്കാരനായ ഡോക്ടർ സാമുവൽ അയാളെ ആശ്വസിപ്പിക്കുന്നതു പോലെ പറഞ്ഞു.
“മിസ്റ്റർ മാധവ്, പേടിക്കാനൊന്നുമില്ല. ലുക്കീമിയ ആണോയെന്ന് ഒരു സംശയം. പക്ഷേ ബയോപ്സി ചെയ്തിട്ട് ഫൈനൽ റിപ്പോർട്ട് വന്നാലേ ഉറപ്പിച്ചു പറയാൻ പറ്റുള്ളൂ. തൽക്കാലം ഇതാരോടും പറയണ്ട.”
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലും ചിന്തകൾ, തന്നെ കാത്തിരിക്കുന്ന പ്രിയതമയിലും രണ്ടു പറക്കമുറ്റാത്ത കുട്ടികളിലും ആയിരുന്നു.
വീട്ടുകാരെ എതിർത്തുള്ള പ്രണയ വിവാഹമായിരുന്നെങ്കിലും അവളെയും മക്കളേയും തന്നാൽ കഴിയുംവിധം നന്നായി നോക്കുന്നുണ്ടെന്ന സമാധാനമുണ്ടായിരുന്നു.
ഇതുവരെ വീട്ടുകാരെ ആശ്രയിക്കാതെ, ഒരു വാശിക്കെന്ന പോലെ ജീവിച്ചു കാണിച്ചു. അച്ഛൻ മരിച്ചതറിഞ്ഞിട്ടുപോലും അവൾക്ക് കൊടുത്ത വാക്കു പാലിക്കാനായി വീട്ടിലേക്ക് തിരികെപ്പോകാനോ അച്ഛനെ അവസാനമായി കാണാനോ ശ്രമിച്ചില്ല.
പക്ഷേ ഇപ്പോൾ…
അച്ഛനില്ലാതെ അനാഥരാകാൻ പോകുന്ന തന്റെ മക്കൾ. ആരോരുമില്ലാതെ അവരെ പോറ്റാൻ വിധിക്കപ്പെട്ട പ്രിയപ്പെട്ടവൾ. അയാൾക്ക് ചെറുതായി നെഞ്ചു വേദന അനുഭവപ്പെടുന്നതു പോലെ തോന്നി. തിരികെ വീട്ടിലെത്തിയതും അയാൾ ഭാര്യയോടായി പറഞ്ഞു.
“എനിക്കു വീടു വരെ ഒന്നു പോകണം”
പുരികം ചുളിച്ച് ചോദ്യഭാവത്തിൽ നിൽക്കുന്ന അവളോടായി
“രണ്ടു വീട്ടിലേക്കും…”
“എന്താണ് ഇത്രയും നാളുമില്ലാത്ത ചില ശീലങ്ങൾ?”
“ഒന്നുമില്ല. ഞാനൊരു പരീക്ഷ എഴുതി. അതിന്റെ അവസാന ഫലം അറിയുന്നതിനു മുൻപുള്ള ചില മുന്നൊരുക്കങ്ങൾ!”
അയാളുടെ മറുപടി കേട്ട് ഒന്നും മനസ്സിലാകാതെ തന്നെ അവളും അയാളോടൊപ്പം യാത്ര തിരിച്ചു. പറിക്കാൻ മറന്നു വച്ച ചില ഫലങ്ങളെത്തേടി.

Exit mobile version