Site iconSite icon Janayugom Online

ജവഹര്‍ നഗറിലെ ഭൂമി തട്ടിപ്പ് കേസ് : തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം ജവഹര്‍ നഗറില്‍ ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവിലായിരുന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്.കെപിസിസി രാഷട്രീയ സമിതി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ അടുത്ത ആളുമാണ് അനന്തപുരി മണികണ്ഠന്‍.

പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ സ്വത്തുക്കളാണ് കൊല്ലം സ്വദേശിനിയായ മെറിന്‍ ജേക്കബും വസന്ത എന്ന സ്ത്രീയും ചേര്‍ന്ന് തട്ടിയെടുത്തത്. ഡോറയുടെ രൂപസാദൃശ്യമുള്ള മുക്കോല സ്വദേശി വസന്തയെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അനന്തപുരി മണികണ്ഠനില്‍ എത്തിയത്. 

തട്ടിപ്പിനായി ഇവര്‍ക്കു വേണ്ട എല്ലാ വ്യാജരേഖകളും എത്തിച്ചു നല്‍കിയത് മണികണ്ഠനാണ്. പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ബംഗളൂരുവില്‍ വെച്ച് മണികണ്ഠനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസിന്റെ ജില്ലാ നേതാവ് ആള്‍മാറാട്ടം നടത്തി വ്യാജരേഖ ചമച്ച് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയും മൗനം തുടരുകയാണ്.

Exit mobile version