Site iconSite icon Janayugom Online

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ദമ്പതികൾ ഉൾപ്പടെ 3 മരണം 

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ ഉൾപ്പടെ 3 മരണം . ഇന്നലെ രാത്രി പത്തരയോടെ പന്നിയാർകുട്ടിയിൽ നടന്ന അപകടത്തിലാണ് പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവർ മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഒളിംപ്യൻ കെ എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ എം ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്.

പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിനു വീതി കുറഞ്ഞ പ്രദേശവുമാണ്. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെയോടെയാണ് എബ്രഹാം മരിച്ചത്.

Exit mobile version