Site iconSite icon Janayugom Online

ജനയുഗത്തിന്റെ സഹയാത്രികൻ; സൗഹൃദം വിടാത്ത മനുഷ്യസ്നേഹി

jijujiju

പരിചയപ്പെട്ടവർക്കെല്ലാം തീരാനൊമ്പരമായിരിക്കുകയാണ് ജിജു ജി നായരുടെ നിര്യാണം. സ്നേഹ സ്മൃണമായ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും സഹായ ഹസ്തങ്ങളിലൂടെയും ജിജു ഏവരുടെയും മനസിൽ ഇടം നേടിയിരുന്നു. ജനയുഗം വീണ്ടും തുടങ്ങുമ്പോൾ പത്തനംതിട്ട ബ്യൂറോയുടെ ചുമതല ജിജുവിനെ ഏൽപ്പിക്കുവാൻ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തുടക്കത്തിൽ ജിജു ഒറ്റക്കായിരുന്നു പത്രത്തിൻ്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്.

വ്യക്തിപരമായ കാരണങ്ങളാൽ ഒന്നു രണ്ട് പ്രാവശ്യം പത്രത്തിൻ്റെ ചുമതലകളിൽ നിന്നും വിട്ട് നിന്നെങ്കിലും സർവ്വീസിൽ തിരികെ കയറുന്നതിന് മുമ്പ് വീണ്ടും പത്രത്തിൻ്റെ ഭാഗമാകാൻ ഇടയായി. കീരുകുഴി പ്രദേശത്ത് പത്രം വിതരണത്തിൻ്റെ ഉത്തരവാദിത്വവും ജിജുവിന് ആയിരുന്നു. സാമൂഹിക‑സാംസ്കാരിക രംഗങ്ങളിൽ നടത്തിയ ഇടപെടിലും ഏറെ. യുവകലാസാഹിതി, ഇപ്റ്റ തുടങ്ങിയവയുടെ സജീവ പ്രവർത്തകനും ഭാരവാഹിയും ആയിരുന്നു. ആർക്കുവേണമെങ്കിലും ഏതൊരു സഹായത്തിനും എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം.

ജനയുഗം പത്രം കൂടുതൽ മെച്ചപ്പെടണമെന്നും നാടാകെ പടർന്ന് പന്തലിക്കണമെന്നും അദമ്യമായി ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത ജിജുവിൻ്റെ നിര്യാണം ജനയുഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.

ജിജുവിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

ജനയുഗം പ്രവർത്തകർ

Exit mobile version