Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് ജൂണ്‍ 21ന് മുമ്പ് ധാരണയാകും. സമവായ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ശരത് പവാര്‍, മമതാ ബാനര്‍ജി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഇതിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും യോഗം ചേരും. ഇന്നലത്തെ യോഗത്തില്‍ നിന്നും വിട്ടുനിന്നവരെയും അടുത്ത യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ധാരണയായി. സിപിഐ, സിപിഐ(എം), തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐ(എംഎല്‍), എന്‍സിപി, ആര്‍ജെഡി, എസ്‌പി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡി(എസ്), ഡിഎംകെ, ആര്‍എല്‍ഡി, ഐയുഎംഎല്‍, ജെഎംഎം, ആര്‍എസ്‌പി, ശിവസേന എന്നീ പാര്‍ട്ടി പ്രതിനിധികളാണ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ചേര്‍ന്ന യോഗത്തിനെത്തിയത്.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, സിപിഐ(എം) നേതാവ് എളമരം കരീം, ജയ്‌റാം രമേഷ്, എച്ച് ഡി ദേവഗൗഡ, അഖിലേഷ് യാദവ്, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരത് പവാറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചെങ്കിലും താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പവാര്‍ വ്യക്തമാക്കിയതോടെ യോഗത്തില്‍ പുതിയ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഗോപാല്‍കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകളാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്. 2017ല്‍ ഗോപാല്‍കൃഷ്ണ ഗാന്ധി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മമതാ ബാനര്‍ജി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് എന്നിവരുമായി ആശയ വിനിമയം നടത്തി. രാജ്‌നാഥ് സംസാരിച്ച വിവരം മമത തന്നെ വ്യക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം എന്തെന്ന് പ്രധാനമന്ത്രി ആരാഞ്ഞതായി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമവായത്തില്‍ എത്താനായില്ലെങ്കില്‍ എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ത്ത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Eng­lish sum­ma­ry; Joint Oppo­si­tion Can­di­date in Pres­i­den­tial Election

You may also like this video;

Exit mobile version