Site iconSite icon Janayugom Online

കിഴക്കന്‍ ലഡാക്കില്‍ സംയുക്ത പട്രോളിങ് ആരംഭിച്ചു

കിഴക്കന്‍ ലഡാക്കിലെ ദെംചോക്ക്, ദെപ്സാങ് മേഖലകളില്‍ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിങ് ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണിത്. 

കരാര്‍ പ്രകാരം, ദെപ്സാങ് സമതലങ്ങളിലും ലഡാക്കിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദെംചോക്കിലും മുമ്പ് ചൈനീസ് പട്ടാളം തടഞ്ഞിരുന്ന പ്രദേശങ്ങളിലേക്ക് പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിയും. ചാർഡിങ് നിങ്‌ലുങ്ങിന് സമീപം ചൈനീസ് സൈന്യം മുമ്പ് അതിക്രമിച്ച് കയറിയ പ്രദേശമാണ് ദെംചോക്ക്. ദെപ്സാങ്ങില്‍ ചൈനീസ് പട്ടാളം പട്രോള്‍ പോയിന്റ് 10, 11, 11 എ, 12, 13 എന്നിവിടങ്ങളിലേക്ക് ഇന്ത്യയുടെ പ്രവേശനം മുമ്പ് പരിമിതപ്പെടുത്തിയിരുന്നു. 

കഴിഞ്ഞമാസം 21നാണ് ഇരുരാജ്യങ്ങളും സംയുക്ത പട്രോളിങ്ങിന് ധാരണയായത്. 2020ല്‍ ഗല്‍വാന്‍ താഴ‍്‍വരയില്‍ ഇന്ത്യ‑ചൈന സേനകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക, നയതന്ത്രബന്ധം വഷളായത്. പിന്നീട് പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയായിരുന്നു. 

Exit mobile version