Site iconSite icon Janayugom Online

ഇന്ത്യ‑യുഎസ് വ്യാപാരകരാറില്‍ സംയുക്ത പ്രസ്താവന; വൈറ്റ്ഹൗസ് തീരുമാനിച്ചു

ഇന്ത്യ‑യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന വൈറ്റ്ഹൗസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഏതെങ്കിലും വിവരങ്ങൾ കേന്ദ്രസർക്കാർ ജനങ്ങളെയോ പാർലമെന്റിനെയോ അറിയിക്കുംമുമ്പാണ് ഇന്നലെ കാലത്ത് ഇന്ത്യ ഉണരും മുമ്പ് വൈറ്റ്ഹൗസ് പ്രഖ്യാപനം നടന്നത്.
നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച ഒന്നാംഘട്ട സംയുക്തപ്രഖ്യാപനം പുറത്തുവരുമെന്ന് ചർച്ചകളിൽ ഇന്ത്യൻ സംഘത്തെ നയിച്ചിരുന്ന വാണിജ്യമന്ത്രി പിയുഷ് ഗോയൽ വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാൽ, ആ സമയക്രമം ലംഘിച്ച് മുന്‍കൂറായി വൈറ്റ്ഹൗസ് പ്രഖ്യാപനം നടത്തി. ഇതിനെ എതിര്‍ക്കാതെ പ്രതികരിക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തത്. കരാർ സംബന്ധിച്ച ആദ്യ പ്രഖ്യാപനവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വഴിയാണ് ഇന്ത്യയും ലോകവും അറിഞ്ഞത്. തുടർന്ന് പ്രധാനമന്ത്രിയടക്കം ഇന്ത്യൻ നേതൃത്വം അത് ശരിവയ്ക്കുകയായിരുന്നു.
യുഎസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉല്പന്നങ്ങളുടെ തീരുവ 18% ആയി പരിമിതപ്പെടുത്തിയതായി പ്രഖ്യാപനം പറയുന്നു. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 25% തീരുവയും റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25% പിഴത്തീരുവയും ചുമത്തിയിരുന്നിടത്താണ് ഇപ്പോഴത്തെ നിരക്ക്. എന്നാൽ, സംയുക്ത പ്രഖ്യാപനത്തെത്തുടർന്ന് ട്രംപ് ഒപ്പുവച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് റഷ്യൻ എണ്ണ ഇറക്കുമതി നിരീക്ഷണവിധേയം ആയിരിക്കുമെന്നും, ഇറക്കുമതി തുടർന്നാൽ പിഴത്തീരുവ തുടരുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തീരുവ പരസ്പരം ബാധകവുമല്ല. എല്ലാ യുഎസ് വ്യാവസായികോല്പന്നങ്ങളുടെയും ഏതാണ്ടെല്ലാ ഭക്ഷ്യ, കാർഷിക ഉല്പന്നങ്ങളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി, തീരുവ ഇല്ലാതെയായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.
സംയുക്ത പ്രസ്താവനയനുസരിച്ച് ഇന്ത്യ യുഎസിൽ നിന്നും അടുത്ത അഞ്ചുവർഷ കാലയളവിൽ 50,000 കോടി ഡോളറിന്റെ ഉല്പന്നങ്ങൾ ഇറക്കുമതി ചെയേണ്ടതുണ്ട്.
2024ലെ ഇന്ത്യയുടെ യുഎസുമായുള്ള വ്യാപാരമിച്ചം 4,570 കോടി ഡോളറായിരുന്നു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി മൂല്യം 8,740 കോടി ഡോളറിന്റേതായിരിക്കെ ആയിരുന്നു ഇത്. അതായത്, യുഎസിൽനിന്നുള്ള അക്കൊല്ലത്തെ ഇറക്കുമതി കേവലം 4,170 കോടി ഡോളറിന്റേത് മാത്രമായിരുന്നു. പുതിയ കരാറനുസരിച്ച് പ്രതിവർഷം യുഎസിൽനിന്നും 10,000 കോടി ഡോളറിന്റെ ഇറക്കുമതി നടത്തേണ്ടതുണ്ട്. ഇത് ഇന്ത്യയുടെ വിദേശ വിനിമയ ശേഖരത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചേക്കുമെന്ന് അഭിജ്ഞവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുഎസിൽനിന്നുള്ള ഭക്ഷ്യ, കാർഷിക ഉല്പന്നങ്ങളുടെ ഇറക്കുമതി ഇതിനകം വൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ കാർഷിക സമ്പദ്ഘടനയെ തകർച്ചയിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും കൃഷിമന്ത്രിയും നൽകുന്ന ഉറപ്പുകൾക്കപ്പുറം കാർഷികരംഗത്ത് വ്യാപാരക്കരാർ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചംവീശാൻ പര്യാപ്തമല്ല സംയുക്ത പ്രസ്താവന.
എണ്ണ ഇറക്കുമതി യുഎസ് നിരീക്ഷണത്തിലായിരിക്കുമെന്ന ട്രംപിന്റെ ഭീഷണി കേവലം ഒരു വ്യാപാരവിഷയമല്ല. മറിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. 

Exit mobile version