ഹൗസ് ബോട്ട്, ചെറുബോട്ട്, ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട്, സോളാര്‍ ബോട്ട് എന്നിങ്ങനെ ബോട്ടിന്റെ വകഭേദങ്ങള്‍ ഏറെയുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി “അൻസിക” യെന്ന കുട്ടിബോട്ടാണ് ഇപ്പോൾ കുമരകം പൊങ്ങലക്കരിയിലെ താരം. കുമരകം പൊങ്ങലക്കരി കപ്പടച്ചിറ ജോസ് (62) സ്വന്തമായി നിർമിച്ച ബോട്ടാണിത്. വെറും ഒരു ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് പേർക്കിരിക്കാവുന്ന യന്ത്രബോട്ട് തടിപ്പണിക്കാരനായ ജോസ് നിർമിച്ചത്.
ചുറ്റും വെള്ളം. ആകെയുള്ള പാലം തുരുമ്പെടുത്ത് നശിക്കാറായി. 130 ഓളം കുടുംബങ്ങളുടെ യാത്രാദുരിതം കണ്ടാണ് ജോസ് ബോട്ടെന്ന ആഗ്രഹം സാധിച്ചെടുത്തത്. മോട്ടോർ ബോട്ട് വാങ്ങാൻ ലക്ഷങ്ങൾ ചെലവ് വരുമെന്നതിനാൽ സ്വന്തമായി ബോട്ട് നിർമിക്കാമെന്ന തീരുമാനത്തിലെത്തി.
ബോട്ടിന്റെ ഫ്രെയിം നിർമിക്കുന്ന ജോലി ചെയ്തിട്ടുള്ള പരിചയമായിരുന്നു കൈമുതൽ. ആഞ്ഞിലിത്തടിയിൽ പ്ളൈവുഡ് അടിച്ച് ബോഡിയുണ്ടാക്കി. മോട്ടോറും സ്റ്റിയറിംഗും അടക്കം ഘടിപ്പിച്ചു. ഇപ്പോൾ കായലിലും തോട്ടിലും ചീറിപ്പായുകയാണ് അൻസിക.
സാമ്പത്തിക ബുദ്ധിമുട്ട് ഏറെയുള്ളതിനാൽ ബോട്ട് നിർമിക്കുന്നതിനോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. പക്ഷേ, ജോസ് തളർന്നില്ല. നാലു മാസത്തെ പ്രയത്നത്തിനൊടുവിൽ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോസ്. അൻസികയെപ്പറ്റി കേട്ടറിഞ്ഞ് എത്തിയ പലരും വിൽക്കുന്നോ എന്നു ചോദിച്ചു. അഡ്വാൻസ് തന്നാൽ മറ്റൊരു ബോട്ട് നിർമിച്ച് നൽകാമെന്നായിരുന്നു ജോസിന്റെ മറുപടി.
അത്യാവശ്യം റേഷൻ മേടിക്കാനും വീട്ടുകാരുമായി ചുറ്റുവട്ടത്തൊക്കെ കറങ്ങാനും ബോട്ട് സഹായകമായതായി ജോസ് പറയുന്നു. ബോട്ട് ചെറുതായതു കൊണ്ട് ഉപയോഗിക്കാനും എളുപ്പമാണ്. സുഭദ്രയാണ് ജോസിന്റെ ഭാര്യ മക്കൾ: ജോസ്ന, ജാേജി.
English summary;Jose’s ‘Ansika’ to in kumarakam lake
You may also like this video;