Site iconSite icon Janayugom Online

ജഡ്ജിമാരുടെ ബന്ധു പട്ടിക പുറത്തുവിട്ടു; ചരിത്രത്തില്‍ ആദ്യം

ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനം നടത്തുന്ന ജഡ്ജിമാരുടെ ബന്ധു വിശദാംശങ്ങള്‍ പുറത്ത് വിട്ട് സുപ്രീം കോടതി. വിരമിച്ച ജഡ്ജിമാരുടെയും സിറ്റിങ് ജഡ്ജിമാരുടെയും അടുത്ത ബന്ധുക്കളായ ജഡ്ജിമാരുടെ പട്ടികയാണ് ചരിത്രത്തില്‍ ആദ്യമായി പരമോന്നത കോടതി പുറത്ത് വിട്ടത്.
കഴിഞ്ഞമാസം ഇതു സംബന്ധിച്ച് ദി പ്രിന്റ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനം നടത്തുന്ന ജഡ്ജിമാരുടെ ബന്ധുക്കളായ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ കോടതി പുറത്ത് വിട്ടിരിക്കുന്നത്. സുപ്രീം കോടതി സിറ്റിങ് ജഡ്ജിമാരില്‍ 30 ശതമാനം പേരും മുന്‍ ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളാണെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2022 നവംബര്‍ ഒമ്പത് മുതല്‍ 2025 മേയ് അഞ്ചു വരെയുള്ള നിയമന വിവരമാണ് പുറത്തുവിട്ടത്. 221 പേരാണ് ഇക്കാലയളവില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ജഡ്ജിമാരുടെ പേരും മത, ജാതി വിഭാഗവും സിറ്റിങ് അല്ലെങ്കില്‍ വിരമിച്ച ജഡ്‌ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച ജഡ്ജിമാരുടെ പട്ടികയിലെ 14 പേര്‍ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിമാരുടെയോ, വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെയോ അടുത്ത ബന്ധുക്കളാണ്. പിതാവ്, മാതാവ്, ഭാര്യാപിതാവ്, ഭാര്യാമാതാവ്, സഹോദരി, സഹോദരന്‍, സഹോദര ഭാര്യ, ഭാര്യാ സഹോദരന്‍ എന്നീ ഗണത്തിലാണ് ഇവര്‍ ഉള്‍പ്പെടുക.
221 പേരില്‍ 34 വനിതകളാണ്. എട്ട് പേര്‍ പട്ടികജാതിക്കാരും ഏഴ് പേര്‍ പട്ടികവര്‍ഗത്തില്‍ നിന്നുമാണ്. പിന്നാക്കം 32, അതിപിന്നാക്കം ഏഴ്, 31 പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമാണ്. ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന പ്രക്രിയയുടെ മുഴുവന്‍ രേഖകളും നടപടിക്രമങ്ങളും കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്കാണ് വിവരം പ്രസിദ്ധീകരിച്ചതെന്നും വെബ്സൈറ്റില്‍ പറയുന്നു. ഹൈക്കോര്‍ട്ട് കൊളിജീയം, സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് എന്നിവയും ഇതോടൊപ്പം വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Exit mobile version